Image

രാജ്യത്ത് കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുന്നു

Published on 23 September, 2020
രാജ്യത്ത് കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുന്നു

ന്യൂഡല്‍ഹി: കൊവിഡിനെതിരെ ഭാരത് ബയോടെക്കും ഐ.സി.എം.ആറും ചേര്‍ന്ന് വികസിപ്പിച്ച പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത മാസം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാക്കാനായി ഭാരത് ബയോടെക് ഒക്ടോബര്‍ 15നാണ് മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുക.


25000 മുതല്‍ 30000 പേരില്‍ വരെ വാക്‌സിന്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം മുന്നേറുകയാണ്. ആദ്യ ഘട്ട പരീക്ഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കു സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


 വന്‍തോതില്‍ ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങുന്നതിനു മുന്നോടിയായി കമ്ബനിയുടെ നിയന്ത്രണത്തില്‍ ഹൈദരാബാദിലുള്ള രണ്ട് ലാബുകളില്‍ വാക്‌സിന്‍ ഉത്പാദനം ആരംഭിച്ചു. ബയോസേഫ്റ്റി ലെവല്‍ 3 നിലവാരമുള്ളതാണ് ഈ രണ്ട് ലാബുകളും. രണ്ട് കേന്ദ്രങ്ങളിലും 10 കോടി മുതല്‍ 20 കോടി വരെ ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്.


നാലോ അഞ്ചോ രാജ്യങ്ങളിലായി വന്‍തോതില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിവര്‍ഷം 100 കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ഭാരത് ബയോടെക് ലക്ഷ്യമിടുന്നത്. കൊവിഡ് മഹാമാരി ഏറ്റവും മോശമായി ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. യു.എസ് മാത്രമാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്.


 ഭാരത് ബയോടെക് വാക്‌സിനു പുറമെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിനും രാജ്യത്ത് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നുണ്ട്. സ്വകാര്യ വാക്‌സിന്‍ കമ്ബനിയായ സൈഡസ് കാഡില വികസിപ്പിച്ച വാക്‌സിനും പരീക്ഷണഘട്ടത്തിലാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക