Image

കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പ്രതിഷേധം; നാളെ ഭാരത ബന്ദ്

Published on 24 September, 2020
കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പ്രതിഷേധം; നാളെ ഭാരത ബന്ദ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ രാജ്യ വ്യാപകമായി പ്രതിഷേധം കനയ്ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളില്‍ വിവിധ കര്‍ഷക സംഘടനകളാണ് ബന്ദ് അടക്കമുള്ള സമരമുറകളുമായി മുന്നോട്ട് വന്നിട്ടുള്ളത്


പഞ്ചാബിലടക്കം ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ ഇന്ന് ട്രെയിന്‍ തടയല്‍ അടക്കമുളള സമരപരിപാടികളിലേക്ക് കടക്കുകയാണ്. അതേസമയം കര്‍ണാടകത്തില്‍ നാളെ ഭാരത് ബന്ദ് ഉണ്ടാകില്ല. പകരം റോഡ് തടയല്‍ സമരമാണ് സംസ്ഥാനത്ത് നടക്കുക. സെപ്റ്റംബര്‍ 28ന് കര്‍ണാടകത്തില്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സംസ്ഥാന ബന്ദ് ആകും സംഘടിപ്പിക്കുക.


അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയുടെ (എ.ഐ.കെ.എസ്.സി.സി) കുടക്കീഴില്‍ 250 ഓളം കര്‍ഷകകാര്‍ഷിക തൊഴിലാളി സംഘടനകളാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 


സര്‍ക്കാര്‍ താങ്ങുവില ഉറപ്പാക്കാതിരിക്കുകയും സാധാരണക്കാരുടെ ഭക്ഷ്യ സുരക്ഷ മള്‍ട്ടി നാഷണല്‍ കമ്ബനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറുകയും ചെയ്യുകയാണെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വിഎം സിംഗ് പ്രതികരിച്ചു.


കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ കക്ഷികളും പ്രക്ഷോഭത്തിന് തുടക്കമിട്ട് കഴിഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയ വന്‍ പ്രതിഷേധങ്ങള്‍ അവഗണിച്ച്‌ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ രണ്ട് സുപ്രധാന കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസ്സാക്കിയെടുത്തത്. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക