Image

നീലച്ചിറകുള്ള മൂക്കുത്തികള്‍ 32 - സന റബ്സ്

Published on 27 September, 2020
നീലച്ചിറകുള്ള മൂക്കുത്തികള്‍ 32 - സന റബ്സ്
താഴത്തെ വലിയ ഹാളിലേക്കെത്തിയിരുന്നു എല്ലാവരും.
മൈത്രെയിയാണ് ദാസിനെയും മിലാനെയും കൈപിടിച്ച്‌ ഇരുത്തിയത്. സ്വര്‍ണ്ണത്തട്ടില്‍നിന്നും അല്പം മഞ്ഞള്‍ തൊട്ടെടുത്തു താരാദേവി മിലാന്റെയും ദാസിന്റെയും  ഇരു കവിളിലും തേച്ചുകൊടുത്തു. പൂജാതാലങ്ങളായി മുന്നോട്ട്പോയ പൂജാരികളും വീട്ടുകാരും താഴെ ചമ്രം പടിഞ്ഞിരുന്നു. പുറകിലായി മറ്റെല്ലാ അതിഥികളും ഇരുന്നു. ഹാളിന്റെ ഏതു ഭാഗത്തിരുന്നാലും മിലാനെയും ദാസിനെയും ഏവര്‍ക്കും കാണാമായിരുന്നു.

വലംപിരി ശംഖില്‍ തീര്‍ത്ഥം ഒഴുക്കിയിട്ട് മൈത്രേയി ശംഖ് ഊതുമ്പോള്‍ കൂടിനിന്നവര്‍ കുരവയിട്ടു പുഷ്പവൃഷ്ടി നടത്തി. പൂജയ്ക്ക് ശേഷം താരാദേവി കാണികളുടെ നേരെ തിരിഞ്ഞു കൈകള്‍ കൂപ്പി.

“നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം ഇത് എന്റെ മകന്‍ റായ് വിദേതന്‍ ദാസിന്റെ വിവാഹച്ചടങ്ങുകളുടെ  ആരംഭം ആണെന്ന്. രണ്ടു പതിറ്റാണ്ടുകള്‍ക്കും അപ്പുറത്ത് ഇതേ വീട്ടില്‍ വെച്ച് തന്നെയാണ് വിദേതിന്റെ ആദ്യവിവാഹം കഴിഞ്ഞത്. ഞങ്ങളുടെ കുടുംബത്തിലെ കുട്ടിയായിരുന്ന മേനകയുമായി. മേനകയും ആ ബന്ധത്തില്‍ അവര്‍ക്കുണ്ടായ മകളും ഇപ്പോഴിവിടെയുണ്ട്.” അവര്‍ അരികില്‍ നിന്ന മൈത്രെയിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് തുടര്‍ന്നു.

“ഒരുപക്ഷെ മുൻഭര്‍ത്താവിന്റെ വിവാഹത്തില്‍ തന്റെ മകളുമായി പങ്കെടുക്കാന്‍ അവസരം കിട്ടിയ അപൂര്‍വ വ്യക്തിയാണ് കവിയും നാച്ചുറലിസ്റ്റ്മായ മേനകാആര്യവര്ധനന്‍.  എന്‍റെ മകന്‍റെ വധുവാകാന്‍ പോകുന്ന മിലാന്‍ പ്രണോതിയുടെയും വിദേതിന്‍റെയും വിവാഹചടങ്ങുകള്‍ക്ക് മുഖ്യസാരഥ്യം വഹിക്കുന്നത് മേനകയാണ്. അല്പം വ്യത്യസ്തമായി നിങ്ങള്ക്ക് തോന്നുമെന്ന് എനിക്കറിയാം. മാറ്റങ്ങളാണല്ലോ നമ്മള്‍ സ്വാഗതം ചെയ്യേണ്ടത്.” അല്പം നാടകീയമായി താരാദേവി പറഞ്ഞുനിറുത്തി. 

ഒരു നിമിഷം ഹാളില്‍ കടുത്ത നിശബ്‌ദത വീണു. പിന്നീടതൊരു നീണ്ട കരഘോഷത്തിനു വഴിമാറി.   

സ്വസ്തിക് അടയാളമുള്ള വെള്ളിത്തട്ടിലായി മഞ്ഞള്‍പ്പൊടിയും ചന്ദനവും കുങ്കുമവും വിളക്കും എന്നുവേണ്ട വിശേഷാവസരങ്ങളില്‍ ഒരുക്കുന്ന  എല്ലാം തയ്യാറാക്കിയിരുന്നു. പൂക്കളും സിന്ദൂരവും ഒരുക്കിയതില്‍ അഞ്ചു വൃക്ഷങ്ങളുടെ ഇലകളും മരത്തിന്‍റെ ചെറിയ ഭാഗങ്ങളും കൂടാതെ അമൂല്യരത്നങ്ങളായ മാണിക്യം, പവിഴം, ഇന്ദ്രനീലം , വജ്രം, മരതകം എന്നിവ ജ്വലിച്ചു. വലിയ വെള്ളിത്തളികയിൽ മുത്തുകൾ നിറയെ തിളങ്ങി. അഞ്ചു നിറങ്ങളുടെ സമന്വയമായി അഞ്ചു വര്‍ണ്ണങ്ങളിലുള്ള പട്ടുതുണികളും താലങ്ങളെ അലങ്കരിച്ചു.  പഞ്ചനിറങ്ങളിലുള്ള രണ്ഗോലി പൊടികളുടെ  നടുവിലായി ഓം ചിഹ്നവും സ്വസ്തിക് ചിഹ്നവും വരച്ച ചെറിയ സെറാമിക് പാത്രങ്ങളുടെ കൂര്‍ത്ത മുനകളില്‍ വജ്രത്തരികള്‍ തിളങ്ങി. നെയ്യൊഴിച്ചുണ്ടാക്കിയ പലതരം “ബോഗ്’ പലഹാരങ്ങളും തട്ടില്‍ സ്ഥാനം പിടിച്ചിരുന്നു. മധുരപലഹാരങ്ങളുടെ വലിയൊരു ശ്രേണിതന്നെ ഒപ്പത്തിനൊപ്പം മത്സരിച്ചു.

 മേനക മുന്നോട്ടു വന്നു താലത്തില്‍നിന്നും കുങ്കുമം എടുത്തു മിലാന്റെ നെറ്റിയില്‍ തൊട്ടു. ദാസിനും അവര്‍ തിലകം ചാര്‍ത്തി. ശേഷം ഓരോരുത്തരും മുന്നോട്ടുവന്നു അവരുടെ ആശിര്‍വാദങ്ങള്‍ നല്‍കി മധുരം കൊടുത്തു.

 “നാളെ പുലര്‍ച്ചവരെ നമ്മെ ഇങ്ങനെ ഇരുത്തുമോ?” അരികിലേക്ക് ചാഞ്ഞ ദാസിനോട് മിലാന്‍ അടക്കിയ ശബ്ദത്തില്‍ ചോദിച്ചു.

“ഏയ്‌... നമുക്കിപ്പോ എണീക്കാം.... ഇനി ദുര്‍ഗയുടെ മുന്നില്‍ നൃത്തവും മറ്റും ആയിരിക്കും.”

“ദീര്‍ഘസുമംഗലിയായിരിക്കട്ടെ.... റായ്... നല്ലൊരു ജീവിതം നേരുന്നു. ഷാല്‍ ഐ...?” നീട്ടിപ്പിടിച്ച താലവുമായി തനൂജ തൊട്ടരികില്‍...

അപ്പുറത്തായി അമ്മയും കരോലിനും തന്റെ കൂട്ടുകാരും ഇങ്ങോട്ടുതന്നെ നോക്കിനില്‍ക്കുന്നത് മിലാന്‍ കണ്ടു.

“ഷുവര്‍...” ദാസ് ചിരിയോടെ തന്‍റെ നെറ്റി മുന്നോട്ടു നീട്ടി.  മിലാനെ ആദ്യം ആശീര്‍വദിക്കാതെ ദാസിനെയാണ് തനൂജ തിലകം ചാര്‍ത്തിയത്. തന്റെ നടുവിരലാല്‍ തൊട്ടെടുത്ത മഞ്ഞള്‍ മിലാന്റെ കവിള്‍ത്തടത്തിലേക്ക് നീട്ടുമ്പോഴും തനൂജയുടെ ചുണ്ടില്‍ ചിരി മാഞ്ഞില്ല.

 ആഘോഷത്തിരക്കിലേക്ക് അതിഥികള്‍ മാറിയപ്പോൾ മിലാനും ദാസും എഴുന്നേറ്റു. നിരഞ്ജന്‍ അരികിലേക്ക് വന്നു ദാസിന്റെ ചെവിയില്‍ എന്തോ പറഞ്ഞു. “മിലാന്‍, കുറെ ബിസിനസ് കൂട്ടുകാര്‍ വന്നിട്ടുണ്ട്. ഇന്ന് രാത്രിയില്‍ എത്തുന്നവരും ഉണ്ട്. ഞങ്ങള്‍ ഇപ്പോള്‍ വരാം...ബോറടിക്കില്ലല്ലോ..” ക്ഷമാപണസ്വരത്തില്‍ നിരഞ്ജന്‍ മിലാനോട് പറഞ്ഞു.

“ഏയ്‌... ഇല്ല, പൊയ്ക്കോള്ളൂ....” മിലാന്‍ നിറചിരിയോടെ പറഞ്ഞു. അല്പം നടന്നു മുന്നോട്ടുപോയ ദാസ്‌ തിരികെ വീണ്ടും വന്നു. 
“ഫോണ്‍ എടുക്കണം വിളിച്ചാല്‍...ഞാന്‍ ഉടനെ വരും....” അവള്‍ തലകുലുക്കി.

മിലാനുമായി സംസാരിക്കാന്‍ തിരക്കുകൂട്ടുന്നവരായിരുന്നു ബന്ധുക്കളില്‍ അധികവും... ഇതിനിടയില്‍ കരോലിന്‍ വന്നപ്പോള്‍ മിലാന്‍ ചോദിച്ചു.

“പുറത്തുള്ള ഹോട്ടലില്‍നിന്നും കരോലിന് അതിരാവിലെ ഇങ്ങോട്ടെത്താന്‍ കഴിയുമോ? ഇവിടെ താമസിച്ചുകൂടെ കാ?”

“അത് വേണ്ട മേം... ചടങ്ങുകള്‍ തുടങ്ങുവാന്‍ എന്തായാലും പുലരുമല്ലോ.. അപ്പോഴേക്കും ഞാനെത്താം. അല്പം പ്രാക്ടീസ് ഉണ്ടെനിക്ക്. ഒരു പരസ്യചിത്രം ചെയ്യാനുണ്ട്.”

“ഓക്കേ...എങ്കില്‍ ആയിക്കൊള്ളൂ... ഞാനെന്നാല്‍ മുറിയിലേക്ക് ചെല്ലട്ടെ. അല്പം കിടക്കട്ടെ....” അപ്പോഴേക്കും നര്‍ത്തകരുടെ നടനം തുടങ്ങിയിരുന്നു. അല്‍പനേരം അതിലെല്ലാം കൂടിയ മിലാന്‍ പതുക്കെ രംഗത്തുനിന്നും പിന്‍വാങ്ങി മുകളിലെ തന്റെ മുറിയിലേക്ക് പോയി. വിദേത് തിരികെയെത്തുമ്പോഴേക്കും കുറച്ചെങ്കിലും  ഉറങ്ങിയാല്‍ കൊള്ളാമെന്നു അവള്‍ക്കുണ്ടായിരുന്നു. അമ്മയോട് പറഞ്ഞിട്ടാണ് അവള്‍ പോയത്. സമയമപ്പോള്‍ ഏകദേശം ഒമ്പതുമണിയോടടുത്തിരുന്നു.

എന്തോ വീഴുന്ന ശബ്ദം കേട്ടാണ് മിലാന്‍ കണ്ണ് തുറന്നത്. അവള്‍ വേഗം ലൈറ്റ് തെളിയിച്ചു സമയം നോക്കി. പന്ത്രണ്ട്മണിയോടടുക്കുന്നു. ആരോ വാതിലിൽ തട്ടുന്നു. തുറന്ന വാതിലിനപ്പുറത്ത്‌ ദാസ് നിന്നിരുന്നു.
 “എന്താ ഒരു ശബ്ദം കേട്ടത്?” മിലാന്‍ ചോദിച്ചു.

“ഞാന്‍ കേട്ടില്ലല്ലോ...നിന്നെ ഒരുപാട് വിളിച്ചല്ലോ ഫോണില്‍. എടുക്കാതായപ്പോഴാണ് വാതിലില്‍ തട്ടിയത്.”

“എല്ലാവരും പോയോ? എന്താ ഇത്ര വൈകിയത്?”

“നീ വാ....” അയാള്‍ മുന്നോട്ടു നടന്നു.

മുറിയിലെത്തിയ ദാസ്‌ മിലാനെ അഭിമുഖമായി പിടിച്ചിരുത്തി. “പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടായിരുന്നു. അന്നത്തെ ഷൂട്ടിംഗ് ഓര്‍മ്മയില്ലേ? അന്ന് അമ്മയുടെ മൂക്കുത്തിയുടെ സെയിം മോഡല്‍ മൂക്കുത്തി ധരിച്ച ആരെയെങ്കിലും നീ കണ്ടതായി ഓര്‍ക്കുന്നുണ്ടോ?”

മിലാന്‍ വിസ്മയത്തോടെ അയാളെനോക്കി. എന്തൊരു ചോദ്യമാണിത്....

ദാസ്‌ എഴുന്നേറ്റു ഷെല്‍ഫില്‍നിന്നും മൂക്കുത്തിയെടുത്തു മിലാനെ കാണിച്ചു. “ഇതാ.... നമ്മുടെ പുറത്തെ സ്വിമ്മിംഗ് പൂളില്‍നിന്നും കിട്ടിയതാണ്. അന്ന് വന്ന ആരെങ്കിലും ഇത്തരമൊന്ന് ധരിച്ചിരുന്നോ....”

“എന്റെ ഓര്‍മ്മയില്‍ അങ്ങനെയൊരാള്‍ ഇല്ലല്ലോ വിദേത്...” നിഷേധാര്‍ത്ഥത്തില്‍ മിലാന്‍ തലവെട്ടിച്ചു.

“ഓക്കേ.... ശരി ...അത് പോട്ടെ...ചൊദിച്ചെന്നേയുള്ളൂ...”

“എന്താണീ നിസ്സാരകാര്യം ആലോചിക്കാന്‍....”

“അതെ....നിസ്സാരമാണ്.... പക്ഷെ സെയിം മൂക്കുത്തിയല്ലേ? അല്പം വലിപ്പക്കൂടുതല്‍ ഉണ്ടെന്നെയുള്ളൂ. അതുകൊണ്ടുള്ള ക്യൂരിയോസിറ്റി... നീയും അറിഞ്ഞിരിക്കട്ടെ എന്ന് കരുതി.”

മിലാന്‍ ദാസിനെ  സൂക്ഷിച്ചുനോക്കി. “വിദേത്.... വിദേതിന് മറ്റെന്തെങ്കിലും ടെന്‍ഷനുണ്ടോ....”

“വൈ....” അയാള്‍ മുഖമുയര്‍ത്തി.

“അല്ല... എന്തോ പിരിമുറുക്കം മുഖത്ത്.... അതാണ്‌....”

“ഏയ്‌....ഒന്നുമില്ല.... എല്ലാം നന്നായിരിക്കുന്നു. എന്നാല്‍ നമുക്കല്‍പ്പം ഉറങ്ങാം... അതിരാവിലെ ആ പൂജാമണ്ഡപത്തില്‍ പോയി ഇരിക്കണ്ടേ... ഇല്ലേല്‍ അമ്മ വല്ലാതാകും....”

“എന്നാല്‍ ശരി.... ഉറങ്ങൂ അല്‍പനേരം....” മിലാന്‍ എഴുന്നേറ്റു.

“നീ ഇവിടെയല്ലേ ഉറങ്ങുന്നത്?”

“ഏയ്‌...വേണ്ട വേണ്ട... എന്നിട്ട് വേണം രാവിലെ എന്നെ മുറിയില്‍ കാണാതെ ആകെ ബഹളമാകാന്‍.....”

“അത് സാരമില്ല.... അവര് ബഹളം ഉണ്ടാക്കട്ടെ....” ദാസ്‌ എഴുന്നേറ്റു അവളുടെ അരികിലേക്ക് വന്നു. “വാ... നമുക്കിന്നു നമ്മുടെ വനഗൃഹത്തില്‍ ഉറങ്ങാം. ഇനിയൊരു ചാൻസ് ഇതുപോലെ ഈ വീട്ടില്‍ കിട്ടാന്‍ വിവാഹംവരെ കാത്തിരിക്കേണ്ടേ....” 

“അല്‍പസമയം മാത്രമേ നമുക്ക് ഉറങ്ങാനുള്ളൂ വിദേത്... ഉറക്കം തൂങ്ങുന്ന മിഴികളുമായി എങ്ങനെയാണ് നാളെ പരിപാടിയില്‍ ചെന്നിരിക്കുക?”

“പൂജയെല്ലാം കഴിഞ്ഞു എല്ലാ ദൈവങ്ങളെയും പ്രീതിപ്പെടുത്തി അവിടം ശാന്തമാവാന്‍ മിനിമം സമയം  ആകും കുട്ടീ... എനിക്കറിയാത്തതല്ലല്ലോ അമ്മയുടെ ഈ വീട്ടിലെ പൂജകള്‍! ഞാന്‍ പറഞ്ഞിട്ടുണ്ട് നമ്മുടെ മുഹൂര്‍ത്തമാകുമ്പോള്‍ വിളിച്ചാല്‍ മതിയെന്ന്... നിന്റെ അമ്മയെ ഞാന്‍ വിളിച്ചു പറയാം...” ദാസ്‌ ഫോണ്‍ കയ്യിലെടുത്തു.

“മൈ ഗോഡ്! ചതിക്കല്ലേ.....” മിലാന്‍ ആ ഫോണ്‍ ചാടിയെടുത്തു.

“നീ ഇങ്ങനെ പേടിച്ചാല്‍ എങ്ങനെയാണ് മിലാന്‍...”

“പേടിയല്ലിത് മൈ ഡിയര്‍.... ബഹുമാനം കൊടുക്കുന്നതാണ്. നമ്മുടെ മാതാപിതാക്കളല്ലേ, അവരിലൂടെയല്ലേ നമ്മള്‍ ജീവിക്കുന്നത്.... അതാണ്...” മിലാന്‍ അയാളുടെ തൊട്ടരികിലെത്തി ആ നെഞ്ചിലേക്ക് ചാഞ്ഞു ദാസിനെ വട്ടം ചുറ്റിപ്പിടിച്ചു.

“ഓഹോ... മിസ്‌ മുംബൈയ്ക്ക് ഇത്തരം ശീലങ്ങളൊക്കെ ഉണ്ടല്ലേ...?” ദാസ്‌ വിസ്മയം ഭാവിച്ചു.

“പിന്നില്ലാതെ.... അല്ലേല്‍ എന്റെ കാസനോവ ചിലപ്പോള്‍ ഈ രാത്രിയില്‍ തുറന്നിട്ട വല്ല ബോഗോ ജിലേബിയോ ലഡ്ഡുവോ തേടി പോയി പിന്നീട് ചിറകനക്കാന്‍ വയ്യാതെ മധുരത്തില്‍ വീണ്‌പോയാലോ...” മിലാന്‍ വെള്ളിവെളിച്ചം ചിതറുംപോലെ ചിരിച്ചത് ദാസ്‌ ഇമവെട്ടാതെ നോക്കി.

“ഈ വയറല്പം പുറത്തേക്കു തള്ളി കേട്ടോ... പ്രശസ്ത സിനിമാനടി മിലാന്‍ പ്രണോതിയുടെ ഭര്‍ത്താവാണ്. മറക്കേണ്ട...” ദാസിന്റെ വയര്‍  മിലാന്‍ അകത്തേക്ക് അമര്‍ത്തി.

“ഉം...ഉം... അയാള്‍ തന്റെ മേല്‍ച്ചുണ്ടും മീശയും കടിച്ചുകൊണ്ട് അവളെനോക്കി തലയാട്ടി.

നോട്ടത്തിനവസാനം അയാളാ മുഖം കൈകളിലെടുത്തു. “ഈ അരുമയായ മുഖം കൈകളില്‍ ഇങ്ങനെ കോരിയെടുക്കുന്ന ദിവസങ്ങള്‍ എത്രവട്ടം ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട് എന്നറിയാമോ...” ദാസിന്റെ  സ്വരം വളരെ വളരെ താഴ്ന്നിരുന്നു.

“ഉം....” മിലാന്‍ മൂളി. “വരൂ... നമുക്ക് നമ്മുടെ നീന്തല്‍ക്കുളത്തിനരികില്‍ പോകാം... ഇവിടെനിന്നും നമ്മുടെ മാന്ത്രികലോകത്തേക്ക്...” മിലാന്റെ ശബ്ദവും വളരെ നേർത്തിരുന്നു.

 സ്വപ്നസഞ്ചാരങ്ങളില്‍ മാത്രം കാണുന്ന വിസ്മയങ്ങള്‍ നിറച്ച നിലവറയിലേക്ക് ദാസിന്റെ കൈകള്‍ പിടിച്ചു മിലാന്‍ ഇറങ്ങിപ്പോയി. ചന്ദ്രനും താരങ്ങളും മിഴി ചിമ്മുന്ന കേളീഗൃഹം ആ രണ്ട് മനസ്സുകളേയും ശരീരങ്ങളെയും ആയിരം കൈകളോടെ വരവേറ്റു.

മൂന്നരയ്ക്ക് അലാറം വെച്ചിരുന്നെങ്കിലും ഏകദേശം മൂന്നിനോടടുപ്പിച്ചാണ് ദാസും മിലാനും ഉറങ്ങിയത്. അലാറം മുഴങ്ങിയപ്പോള്‍ ആദ്യം ഉണര്‍ന്നത് ദാസായിരുന്നു. തന്‍റെ ജലഗോപുരത്തില്‍ ഒരു മത്സ്യകന്യകയെപ്പോലെ ഉറങ്ങിക്കിടന്ന മിലാനെ അയാള്‍ അരുമയോടെ തഴുകി. “എഴുന്നേല്‍ക്ക് മിലാന്‍.... പുലരാറായി...”

മിലാന്‍ ഉറക്കത്തില്‍ത്തന്നെ പതുക്കെ മൂളി. ദാസ്‌ പുതപ്പ് വലിച്ചെടുത്തു. കഷ്ടിച്ച് നഗ്നത മറയ്ക്കാനുള്ള ഒരല്പം ഭാഗമേ മിലാന്റെ കയ്യില്‍ കിട്ടിയുള്ളൂ. “എന്തായിത് വിദേത്...”

“എഴുന്നേല്‍ക്കുന്നോ അതോ ഇങ്ങനെ ഈ രൂപത്തില്‍ എല്ലാവരും കാണണോ...”

“അല്പം കൂടി വിദേത്.... കണ്ണ് തുറക്കാന്‍ ആവുന്നില്ല....” മിലാന്‍ കൊഞ്ചിക്കൊണ്ട് അയാളുടെ മുഖം തന്റെ മുടികൊണ്ട്‌ മൂടിക്കളഞ്ഞു. അരമണിക്കൂറോളം അവരങ്ങനെ പുണര്‍ന്നുകിടന്നു ഉറങ്ങിപ്പോയി.

മിലാന്റെ ഫോണും ദാസിന്റെ ഫോണും മൂളിയത് ഒരേ നേരത്തായിരുന്നു. മിലാന്‍ കാള്‍എടുത്തു. “എവിടെ നീ... എഴുന്നേല്‍ക്കുന്നില്ലേ...” ശാരികയുടെ ശബ്ദം ഫോണിലൂടെ പുറത്തേക്കും കേള്‍ക്കാമായിരുന്നു.

“വരുന്നമ്മാ ... എഴുന്നേറ്റു.” അവള്‍ കൈകുത്തി എഴുന്നേറ്റിരുന്നു.

“നിന്റെ അമ്മയ്ക്ക് ഉറക്കമില്ലേ മിലാന്‍?”

“എന്റെ അമ്മയുടെ കാള്‍ മാത്രമല്ലല്ലോ ഇപ്പോള്‍ വന്നത്. എഴുപത് കഴിഞ്ഞ അമ്മയാണല്ലോ മകനെ ഇപ്പോള്‍ വിളിച്ചത്?” തന്‍റെ അമ്മയെ മാത്രം അങ്ങനെ കളിയാക്കേണ്ട എന്നൊരു ധ്വനിയുണ്ടായിരുന്നു അതില്‍.

“ഓ.... സമ്മതിച്ചു.... മറ്റൊന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നു മിലാന്‍... ഇന്നത്തെ നിശ്ചയമുഹൂര്‍ത്തത്തില്‍ അമ്മ നിനക്ക് ഈ പരമ്പരയുടെ അവകാശം കൈമാറാന്‍ സാധ്യതയുണ്ട്. വലിയ ഉറപ്പുനല്‍കാന്‍ ഈ കാര്യത്തില്‍ വയ്യെങ്കിലും എന്റെയൊരു ഊഹമാണ് അത്.”

“എന്തവകാശം....” മിലാന്‍ അയാളെ നോക്കി.

“എന്‍റെ അച്ഛന്റെ കുടുംബം കാലങ്ങളായി കൈമാറി വരുന്ന ആ സ്പെഷ്യല്‍ ആഭരണം. അമ്മയുടെ കൈവശമുള്ള ആ തുണ്ട് പൊന്ന്!! നീലക്കല്ലുള്ള ആ മൂക്കുത്തി ഈ മുഖത്ത് തിളങ്ങുന്നത് എനിക്ക് കാണണം. അതും ധരിച്ചു ഈ സാമ്രാജ്യത്തിന്റെ മഹാറാണിയായി നീയുണ്ടാവണം എന്നും. അമ്മയത് മേനകയ്ക്ക് കൊടുത്തില്ല. റോസ്‌ലിന് ആ വക കാര്യങ്ങളില്‍ ശ്രദ്ധപോലും ഉണ്ടായില്ല. അതിന്റെ അവകാശി നീയാണ് യഥാര്‍ത്ഥത്തില്‍. ഇനിയുള്ള എന്റെ എല്ലാ ലോകങ്ങളുടെയും അധിപ നീയാണ്. ഞാന്‍ നീയുള്ളത്ര കാലം ഇനിയീ ഭൂമിയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ... എന്‍റെ മകളെക്കൂടി നോക്കേണ്ട ചുമതല നിനക്കായിരിക്കും മിലാന്‍...”

മിലാന്‍ അയാളുടെ ചുണ്ടുകളില്‍ വിരല്‍ ചേര്‍ത്തു. “ഇപ്പോള്‍ ഇതാണോ പറയേണ്ടത്?”

“രാത്രി പറയാന്‍ ഓര്‍ത്തതാണ്. നിന്‍റെ മൂഡ്‌ സ്പോയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചില്ല.”

“കൂടുതല്‍ സെന്റിമെന്റ്സ്  അതിനോട് കാണിക്കണോ? അമ്മയുടെ അധികാരചിഹ്നം ആയിരിക്കുമത്... ആ മൂക്കുത്തി..."

“ആണല്ലോ... അതുകൊണ്ടാണ് അമ്മ അതിന്റെ അവകാശിയെ തെരയുന്നത്...”

മിലാന്‍ ഉരുണ്ട് അയാളുടെ കണ്ണുകള്‍ക്കടുത്ത് വന്നു ആ നെഞ്ചിലേക്ക് കൈകള്‍ ചേര്‍ത്തു. “എന്തൊക്കെ അധികാരം കിട്ടിയാലും ഇനിയൊന്നും കിട്ടിയില്ലെങ്കിലും ദാ ഈ പ്രപഞ്ചം എനിക്കുള്ളതാണെന്ന് നല്ല നിശ്ചയമുണ്ട്. അതുകൊണ്ട് യാതൊരു വേവലാതിയും എനിക്കില്ല വിദേത്....”

“അച്ഛന്റെ മരണശേഷം ഈ ബിസിനസ് ഇത്തരത്തില്‍ ഉയര്‍ന്നത് പതിറ്റാണ്ടുകളായി ഞാനൊഴുക്കിയ വിയര്‍പ്പുകൊണ്ടാണ്. പേര്‍സണല്‍ ജീവിതത്തെ സീരിയസ്സായി കണ്ടിരുന്നില്ല എന്നത് എനിക്കുമറിയാം. എന്നാല്‍ നമ്മുടെ കാര്യത്തില്‍ ഞാന്‍ വളരെ വളരെ സീരിയസ്സാണെന്ന് നിനക്കറിയാമല്ലോ. ഇത്രയും വലിയ ബിസിനസ് ഒറ്റയ്ക്ക് നടത്താന്‍ മൈത്രേയിക്ക് കഴിയില്ല, ഭാവിയില്‍ അവളിലിനി എത്ര പക്വത എത്തിച്ചേര്ന്നാലും. പക്ഷെ നീയങ്ങനെയല്ല. നിനക്ക് കഴിവുണ്ട്, ഈ കാര്യത്തില്‍ എന്റെ കണക്കുക്കൂട്ടല്‍ തെറ്റിയിട്ടില്ല.”

“ശരി... ഇപ്പോള്‍ ഇറങ്ങിയാലോ...കണക്കൊക്കെ നമുക്ക് വെളിച്ചത്ത് കൂട്ടിയാല്‍ പോരെ?”

തങ്ങളുടെ ‘മാജിക് പൂളി’ല്‍നിന്നും പുറത്തിറങ്ങും മുന്‍പേ തങ്ങള്‍ ഉറങ്ങിയ മുറിയുടെ താക്കോല്‍ വീണ്ടും മിലാനെ ഏല്‍പ്പിക്കാന്‍ ദാസ്‌ മറന്നില്ല.

“മറ്റൊന്ന് കൂടി പറയട്ടെ..., ദാസ്‌ അവളുടെ കൈകളില്‍ പിടിച്ചു.

“ജീവിതമാണ്. നേരത്തെ പറഞ്ഞതാണ്. ഞാനുള്ള കാലം നമുക്കുള്ളതാണ്. പക്ഷെ ഞാനില്ലാത്ത കാലവും നിനക്ക് ജീവിതമുണ്ടാകണം. ഞാനില്ലാത്ത കാലം നിനക്കുള്ളതാണ്. അന്നും നീ, റായ് വിദേതന്‍ ദാസിന്‍റെ ഈ റാണി ആഭിജാത്യത്തോടെ ജീവിക്കണം. സ്വയം ജീവിതം കണ്ടെത്തണം.”

മിലാന്‍ വല്ലാത്ത ഭാവത്തില്‍ ദാസിനെ ചുഴിഞ്ഞുനോക്കി. “വിദേതിനോട് ഇന്നലെയും ഞാന്‍ ചോദിച്ചതാണ്. ആര്‍ യൂ ഓക്കേ? എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടോ? വിദേത് ഇന്നിപ്പോൾ മരിക്കാന്‍ പോകുന്ന പോലെയാണല്ലോ വില്‍പത്രം വായിക്കുന്നത്.” മിലാന് ദേഷ്യം വന്നെന്ന് അയാള്‍ക്ക്‌ മനസ്സിലായി.

“അതുകൊണ്ടല്ല മൈ ഗേള്‍... എന്‍റെ മനസ്സിലുള്ളത് ഞാന്‍ പിന്നെ ആരോടാണ് പറയേണ്ടത്?”

“ഇതാണോ ഇപ്പൊ മനസ്സില്‍? വേഷം മാറി താഴേക്ക്‌ വരുന്നുണ്ടോ? ഞാന്‍ പോകുന്നു. താഴേക്ക്‌ വാ വേഗം... അല്ലേല്‍ രണ്ട് അമ്മമാരും ചൂട്ടും കത്തിച്ചു കയറി വരും. അറിയാമല്ലോ ശാരികാഭഗത് വന്നാലുള്ള പുകില്‍....”

“അയ്യയ്യോ.... ഭവതി സ്ഥലം വിടൂ വേഗം....” ദാസ്‌ കൃത്രിമഭയം കാണിച്ചു മിലാനെ വാതില്‍വരെ അനുഗമിച്ചു.

മിലാന്‍ ഇടനാഴിയിലേക്ക്‌ ഇറങ്ങുന്നത് കണ്ടുകൊണ്ടാണ് ദാസ്‌ വാതിലടച്ചത്. തന്റെ മുറിയിലേക്ക് പോകുന്ന വഴിയിലെ ഇരുളില്‍  ആരൊക്കെയോ നില്‍ക്കുന്നതും സംസാരിക്കുന്നതും മിലാന്‍ അവ്യക്തമായി കണ്ടു. അല്‍പമകലെ കര്ട്ടനപ്പുറത്തു  ആരോ അടക്കി സംസാരിക്കുന്നത് കേട്ട അവള്‍ ഒന്ന് നിന്നു ശ്രദ്ധിച്ചു. ആരാണീ സമയത്ത് രഹസ്യമായി സംസാരിക്കുന്നത്... അവള്‍ പതുക്കെ മുന്നോട്ട് അടിവെച്ചു. താഴെ എല്ലാവരും പൂജയുടെ ഹാളില്‍ ആയിരിക്കുമല്ലോ... കർട്ടനപ്പുറത്തെ നിഴല്‍ നിശ്ചലമായി. മിലാന്‍ കര്‍ട്ടന്‍ നീക്കാന്‍ കൈകള്‍ നീട്ടി.

പെട്ടെന്ന് അവളുടെ ചുമലില്‍ ആരോ തൊട്ടു. മിലാന്‍ ഞെട്ടിത്തിരിഞ്ഞു.

താരാദേവി തൂക്കുവിളക്കുമായി അവളുടെ മുന്നില്‍! “എന്താ മോളെ... നീ തയ്യാറായില്ലെ..?” അവരുടെ കണ്ണുകള്‍ പ്രകാശിക്കുന്നുണ്ടായിരുന്നു.

“അത്... അമ്മെ, അവിടെ ആരെന്നറിയാന്‍ നോക്കിയതാണ്.”

“ഞാന്‍ നോക്കാം... അത് ജോലിക്കാരായിരിക്കും... മോള് റെഡിയാവൂ... അമ്മ നോക്കാം....”

മിലാന്‍ തലയാട്ടി. തിരിഞ്ഞുതിരിഞ്ഞുനോക്കിയാണ് മിലാന്‍  മുറിയിലേക്ക് നടന്നത്. മുറിയില്‍ കയറി വാതില്‍ അടയ്ക്കുമ്പോള്‍ തൂക്കുവെളിച്ചം ആ തിരശീലയ്ക്കപ്പുറം മറയുന്നത് മിലാന്‍ കണ്ടു.

അവള്‍ക്കല്‍പ്പം ജാള്യം തോന്നാതിരുന്നില്ല. താന്‍ വിദേതിന്റെ അടുത്തുനിന്നും ഇറങ്ങി വരുന്നത് അമ്മ കണ്ടിരിക്കുമോ...

                                (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികള്‍ 32 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക