Image

നീലച്ചിറകുള്ള മൂക്കുത്തികൾ - 33 - സന റബ്സ്

Published on 04 October, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ - 33 - സന റബ്സ്
മന്ത്രോച്ചാരണങ്ങളുടെ ശീലുകള്‍  ആ കൊട്ടാരത്തില്‍ പ്രതിദ്ധ്വനിച്ചു. രണ്ടുകുടുംബവും ദാസിന്റെയും മിലാന്റെയും അരികില്‍ മുഖാമുഖമിരുന്നു.

“ഒറിയാ ബ്രാഹ്മണപരമ്പരയിലെ മഹാബ് കുടുംബത്തിലെ ചിരന്‍മിനെഹാര്‍ ദാസ് എന്നവരുടെയും താരാരുദ്രാണി ദേവിയുടെയും പുത്രനായ ചിരഞ്ജീവി റായ് വിദേതന്‍ ദാസിന് പാലിയന്കോട് അയ്യര്‍ പരമ്പരയിലെ മഹിഷ്പതി വീട്ടില്‍ സഞ്ജയ്‌ പ്രണോതിയുടെയും ശാരികാഭഗത്തിന്‍റെയും മകള്‍ സൌഭാഗ്യവതി മിലാന്‍ പ്രണോതിയുമായുള്ള വിവാഹത്തിന് സമ്മതമാണോ...?”

ശാരികയുടെ ജ്യേഷ്ടന്‍ ശരത്ചന്ദ്രനായിരുന്നു എഴുന്നേറ്റുനിന്നു സമ്മതം ചോദിച്ചത്. സഞ്ജയ്‌ പ്രണോതിയും മകളെത്തന്നെ നോക്കി ശരത്തിന്റെ അരികില്‍നിന്നു. താരാദേവിയും ആര്യവർദ്ധനനും അവര്‍ ഇരുന്നിരുന്ന സ്ഥലത്തുനിന്നും എഴുന്നേറ്റു പറഞ്ഞു.
“സമ്മതമാണ്.”
രണ്ടുവട്ടം കൂടി വധുവിന്റെ വീട്ടുകാര്‍ സമ്മതം ചോദിച്ചു. ശരത്ചന്ദ്രന്‍ മുന്നോട്ടു വന്നു  പത്രികയെടുത്തു എല്ലാവരെയും നോക്കി വണങ്ങി നിശ്ചയതാംബൂലം കൈമാറി.
ആര്യവർദ്ധന്‍ മുഹൂര്‍ത്തം ഉറക്കെ വായിച്ചു. “രണ്ടായിരത്തിപ്പത്താം ആണ്ടില്‍ ഏപ്രില്‍ മാസത്തിലെ പത്തൊമ്പതാമത്തെ ദിവസം  അതായതു മകയിരം പഞ്ചമി നാളില്‍ രോഹിണി നക്ഷത്രത്തില്‍ രാവിലെ ഒമ്പതുമുപ്പതിന് ചിരന്‍മിനെഹാര്‍ ദാസ് എന്നവരുടെയും താരാരുദ്രാണി ദേവിയുടെയും പുത്രനായ ചിരഞ്ജീവി റായ് വിദേതന്‍ ദാസും മഹിഷ്പതി വീട്ടില്‍ സഞ്ജയ്‌ പ്രണോതിയുടെയും ശാരികാഭഗത്തിന്‍റെയും മകള്‍ സൌഭാഗ്യവതി മിലാന്‍ പ്രണോതിയുമായുള്ള വിവാഹം നിശ്ചയിച്ചു തീരുമാനിച്ചു.....”
വിവരണം നീണ്ടുപോയി...

താരാദേവിയും ശാരികയും നടന്നുവന്നു ഇരുവരുടെയും അരികില്‍നിന്നു. മക്കള്‍ക്ക്‌ കൊടുക്കാനുള്ള മോതിരം അവരുടെ കൈകളില്‍ ഉണ്ടായിരുന്നു. സുതാര്യമായ തന്റെ മുഖാവരണത്തിലൂടെ  മിലാന്‍ ദാസിനെ നോക്കി. 
ദാസ്‌ മുഖമുയർത്താതെ കണ്ണുകള്‍ മാത്രം ഉയര്‍ത്തി മിലാനെത്തന്നെ നോക്കുകയായിരുന്നു.

തീജ്വാലയുടെ സൌന്ദര്യമായിരുന്നു മിലാന്! അല്പംമുൻപേ  സൂര്യൻ ഉണരുംമുൻപേ    തന്റെ കരവലയത്തില്‍ ഒതുങ്ങിക്കിടന്നവള്‍ ഈ അപ്സരസ് തന്നെയോ എന്ന് റായ് വിദേതന്‍ദാസിന് ഒരുനിമിഷം ചാഞ്ചല്യമുണ്ടായി. അതിസുന്ദരമായ ആ പുരികക്കൊടികളുടെ വളവും മിഴിവും ആ കണ്ണുകളുടെ പ്രകാശവും  അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഉന്മാദിയാക്കിയോ എന്ന് ദാസിനുതന്നെ നിശ്ചയമുണ്ടായില്ല.
മിലാന്‍ അയാളുടെ നേരെ വിരലുകള്‍ നീട്ടി. ദാസ്‌ ഉടനെ തലകുടഞ്ഞു ചിരിച്ചു. അവളുടെ അരികിലേക്ക് ഒന്നാഞ്ഞിരുന്നു കുസൃതിയോടെ അയാള്‍ ചോദിച്ചു.
"അപ്പോള്‍ സമ്മതം തന്നെയല്ലേ…”
“കളിക്കാതെ വേഗം മോതിരമിട്ടോ.... ഇല്ലേല്‍ ആളുകള്‍ വേറെ ക്യൂവിലുണ്ട്.” മിലാന്‍  അമര്‍ന്ന സ്വരത്തില്‍ പറഞ്ഞു.
“ഓഹോ, എങ്കില്‍ എനിക്കും ഇവിടെത്തന്നെ ആളുകളുണ്ട്. വിളിക്കട്ടെ?”
ആളുകള്‍ക്ക് മുന്നില്‍ ഭാവം കാണിക്കാതെ മിലാന്‍ അയാളെ നോക്കി ചിരിച്ചു. ദാസിന്റെ മുഖത്തേക്ക് രക്തം ഇരച്ചുകയറിവരുന്നത് മിലാന് കാണാമായിരുന്നു. ചുവന്നു തുടുത്ത കവിളുകളോടെ അയാള്‍ ചിരിച്ചു. ഏറെ നാളത്തെ സ്വപ്നം പൂവണിഞ്ഞതിന്റെ സുഗന്ധം നിറഞ്ഞ ചിരിയായിരുന്നു അത്. മോതിരം കൈമാറുമ്പോള്‍ ശാരിക ആശ്വാസത്തോടെ കണ്ണുകളടച്ചു.
“ചടങ്ങുകള്‍ കഴിഞ്ഞില്ല, ഒന്നുകൂടി ബാക്കിയുണ്ട്.” ചിരിയോടെ  താരാദേവി സദസ്സിനുനേരെ തിരിഞ്ഞു.
“വര്‍ഷങ്ങള്‍ക്ക്മുന്‍പ് വിദേതിന്റെ അച്ഛന്റെ ഭാര്യയായി  ഈ വീട്ടിലേക്ക് വന്നപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛനുമമ്മയും എന്നെ സ്വീകരിക്കാനായി ഈ വീട്ടില്‍ ഉണ്ടായിരുന്നു. കാലം കുറെ കഴിഞ്ഞുപോയി. അന്ന് ഈ വീടിന്റെ താക്കോല്‍ക്കൂട്ടം കൈമാറുന്നതിനു പകരമായി അമ്മ എനിക്ക് നല്‍കിയത് അവരുടെ മൂക്കുത്തിയായിരുന്നു.” താരാദേവി വിരല്‍കൊണ്ട് തന്റെ വൈരമൂക്കുത്തിയില്‍ തഴുകി.
“ഒരു ചെറിയ മൂക്കുത്തിക്ക് എന്താണ് പ്രത്യേകത എന്ന അത്ഭുതം എനിക്കുണ്ടായി. വിദേതിന്‍റെ അച്ഛന്‍റെ അച്ഛന്‍  ബിസിനസ് തുടങ്ങിയ കാലത്തേയുള്ള ഇന്‍വെസ്റ്റ്‌മെന്റ് ഒരു മൂക്കുത്തിയായിരുന്നു. അവിടെ നിന്നാണ് താരാ ഡയമണ്ട് ഇന്നത്തെ ബിസിനസ് സ്ഥാപനമായി വളര്‍ന്നത്‌. അതുകൊണ്ട് ഈ ചെറിയ കല്ലാണ് ഈ കുടുംബത്തിന്റെ അധികാരവും ആഭിജാത്യവും പരമ്പരയും.”
അവര്‍ മുന്നോട്ട് വന്നു മേനകയുടെ കൈകള്‍ പിടിച്ചു. “എന്റെ സഹോദരന്റെ മകളായ മേനകയുമായിട്ടായിരുന്നു വിദേതിന്റെ ആദ്യവിവാഹം എന്നറിയാമല്ലോ, ഈ വീട്ടില്‍ എപ്പോഴുമുള്ള സാനിധ്യമായിരുന്നു മേനക. അതുകൊണ്ട് എന്റെ കൈകളില്‍ നിന്നും യാതൊന്നും കൈമാറി വാങ്ങാന്‍ എന്റെയീ മകള്‍ തയ്യാറായില്ല. അവളിവിടെ തീര്‍ത്ഥം പോലെ ഒഴുകിനടന്നു ഈ വീടിനെ മുഴുവന്‍ വിശുദ്ധമാക്കി.”

സദസ്സ് വളരെ നിശ്ശബ്ദമായിരുന്നു. എല്ലാവരുടെയും കണ്ണുകള്‍ മേനകയില്‍ വന്നുവീണു. ഒരു ദീര്‍ഘനിശ്വാസത്തോടെ താരാദേവിയും കുറച്ചു സമയം മൌനം ഭജിച്ചു.
“ഇന്നിപ്പോള്‍ ഈ ചടങ്ങില്‍ എന്റെ മകന്റെ വധുവായി വരുന്ന ഈ കുട്ടിക്ക് ഞാനെന്റെ പരമ്പര നല്‍കുകയാണ്. ഇനിയിത് കൈമാറിയെ പറ്റൂ... കാരണം കാലം വളരെ വേഗത്തിലോടുന്നു. ഇപ്പോള്‍പോലും വളരെ വൈകി.”
മിലാന്‍ എഴുന്നേറ്റുനിന്നിരുന്നു. താരാദേവി തന്‍റെ മൂക്കുത്തി അഴിച്ചെടുത്തു മേനകയുടെ കൈയ്യിലിരുന്ന പാൽഗ്ലാസ്സിലേക്കിട്ടു. മേനക മൂക്കുത്തി  തുടച്ചെടുത്തു ചെറിയ ജ്വല്ലറിബോക്സിലേക്ക് മാറ്റി.
“ഇതാ, നീയാണ് ഇത് നല്‍കേണ്ടത്.” അമ്മ പെട്ടെന്ന് തന്റെ നേരെ ആഭരണപ്പെട്ടി  നീട്ടിയപ്പോള്‍ ദാസ്‌ പകച്ചു. “ഞാനോ?”
“അതേ, നീയാണല്ലോ ഈ പരമ്പരയുടെ യഥാര്‍ത്ഥ അവകാശി. നീയാണ് അവള്‍ക്കിത് നല്‍കേണ്ടത്”
താരാദേവിയുടെ ഉറച്ച മിഴികളില്‍ പലതുമുണ്ടായിരുന്നു. നീയാണ് ഈ പരമ്പരയുടെ വിശുദ്ധി അവളിലേക്ക്‌ ഇനി നല്‍കേണ്ടത്. കടിഞ്ഞാണില്ലാതെ പോയ കഴിഞ്ഞ അമ്പതുവര്‍ഷങ്ങള്‍ പോലെയല്ല ഇനിയീ നിമിഷം മുതല്‍ നീ ജീവിക്കേണ്ടത്. 
ഇതാ ഇവിടെ നിന്റെ ജീവിതത്തിന്റെ വഴിത്തിരിവാണ്. 
ഇവിടെ മുതല്‍ നീ പുതിയ മനുഷ്യനാണ്.
കണ്ണുകളുടെ സംവാദം പൂര്‍ത്തിയായ നിമിഷം ദാസ്‌ അമ്മയുടെ മുഖത്തുനിന്നും  മിഴികള്‍ വലിച്ചെടുത്തു. അയാൾ  മൂക്കുത്തി വാങ്ങി.
മിലാന്റെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍ പൂക്കുന്നുണ്ടായിരുന്നു. അതേ സ്ഫുലിംഗങ്ങൾ  ദാസിന്‍റെ ചുറ്റിലും ആളി. 
അതെ; ഈ നിമിഷം പുതിയതാണ്. ഇതേവരെ അനുഭവിച്ചിട്ടില്ലാത്ത പ്രത്യേകതയുള്ള നിമിഷമാണിത്. ശരീരവും മനസ്സും ഒന്നായി ഒരു തൂവല്‍പോലെ ഭാരമില്ലാതായിരിക്കുന്നു. 
ഏതൊരു രാജ്യത്തെ സുഖവാസത്തിനും നല്‍കാന്‍ കഴിയാത്ത എന്തോ ഒന്ന് തന്നിലേക്ക് ആവേശിച്ചതായി അയാള്‍ക്ക്‌ തോന്നി.
മിലാന്‍ രണ്ടുകൈകളും നീട്ടി ദാസില്‍നിന്നും ആ മൂക്കുത്തി ഏറ്റുവാങ്ങി.

ഒറ്റപ്പെട്ട ഒരു കയ്യടി ശബ്ദമാണ് ആദ്യം വന്നത്. പിന്നീടത്‌ വലിയൊരു ആരവമായി മാറി.
ചടങ്ങുകള്‍ക്ക് ശേഷം ആഹാരം കഴിക്കാനും കലാപരിപാടികള്‍ കാണാനുമായി ആളുകള്‍ പലയിടത്തും കൂട്ടംകൂടി. “മേം. ചടങ്ങുകള്‍ കഴിയുവാന്‍ കാത്തതാണ്. എനിക്ക് പരസ്യത്തിന്റെ ഷൂട്ട്‌ ഉണ്ട്. ഞാന്‍ ഇറങ്ങിയാലോ...” കരോലിന്‍ മിലാന്റെ അരികിലെത്തി. തന്റെ ആകര്‍ഷകമായ ഹാറ്റ്‌ തലയില്‍ ഉറപ്പിച്ചുകൊണ്ട്‌ തനൂജ അവരുടെ അരികിലേക്ക് വന്നു. “ഞാനും ഇറങ്ങുകയാണ് മിലാന്‍. അല്പം തിരക്കുകള്‍ എനിക്കുമുണ്ട്.”
“നിങ്ങള്‍ എല്ലാവരും ഇങ്ങനെ ഓടിപ്പോയാലോ... തനൂജ അല്പം കൂടി ഇരിക്കൂ, നമുക്ക് ലഞ്ച് ഒരുമിച്ചു കഴിക്കാം.” മിലാന്‍ ക്ഷണിച്ചു.
“ഒഹ്, മിലാന്‍, ലഞ്ച് കഴിക്കാന്‍ ഇനിയും സമയമുണ്ടല്ലോ... വളരെയധികം തിരക്കില്‍ നിന്നാണ് ഓടിവന്നത്. പോയിട്ട് ഒരുപാടു ജോലിയുണ്ട്. എന്തായാലും ഇനിയും വരണമല്ലോ. വിവാഹത്തിന്....” വളരെ സ്നേഹത്തോടെയായിരുന്നു തനൂജയുടെ ഇടപെടലുകള്‍...
തനൂജയെ യാത്രയാക്കുവാന്‍ മിലാന്‍ വാതില്‍വരെ അനുഗമിച്ചു. കരോലിന്‍ മുകളിലേക്ക് പോകുന്നത് അതിനിടയില്‍ മിലാന്‍ കണ്ടിരുന്നു. അവള്‍ താഴേക്ക്‌ വന്നാല്‍ യാത്രയാക്കാം എന്ന് കരുതി എല്ലാവരോടും സംസാരിച്ചുകൊണ്ട് മിലാന്‍ അവിടെത്തന്നെ നിന്നു. ഓരോരോ ആളുകള്‍ കുശലം പറയാനായി അടുത്തേക്ക് വന്നു.
സുഹൃത്തുക്കളെയും ബന്ധുക്കളെയും യാത്രയാക്കിക്കഴിഞ്ഞപ്പോള്‍ എല്ലാവരും ക്ഷീണിതരായിരുന്നു. വൈകുന്നേരമായപ്പോള്‍ സഞ്ജയ്‌ ദാസിനരികിലേക്ക് നടന്നു.
“റായ്... ഞങ്ങള്‍  ഇറങ്ങാമെന്ന് കരുതുന്നു. രാത്രി എട്ടുമണിക്കാണ് ഫ്ലൈറ്റ് ബുക്ക്‌ ചെയ്തിരിക്കുന്നത്.”
“യെസ്... എന്നോട് മിലാന്‍ പറഞ്ഞിരുന്നു. മിലാന്‍ എവിടെ?”
“മുകളിലുണ്ടാകും... തയ്യാറാവുന്നു എന്ന് തോന്നുന്നു.”
“ഞാനിനി നമ്മുടെ പ്രീമിയര്‍ ലീഗിന്റെ തിരക്കിലാവും. അറിയാമല്ലോ.”
“അറിയാം. ലീഗ് കഴിഞ്ഞിട്ട് വിവാഹത്തീയതി നിശ്ചയിച്ചത് അതുകൊണ്ടാണല്ലോ…”
ദാസ്‌ മുകളിലേക്ക് കയറിപ്പോയി. പോകുന്നതിനു മുന്‍പ് മിലാനെ ഒന്നുകൂടി കാണണം. ദാസ്‌ മുറിയിലെത്തിയപ്പോള്‍ മിലാന്‍ കണ്ണാടിക്കു മുന്നിലായിരുന്നു. അലങ്കാരങ്ങള്‍ അഴിച്ചുവെച്ച് സുതാര്യമായ വെളുത്ത വസ്ത്രമാണ് അവള്‍ ധരിച്ചിരുന്നത്. നീണ്ട വടിവൊത്ത മൂക്കില്‍ നനുത്ത ശലഭംപോലെ മൂക്കുത്തി പറ്റിപ്പിടിച്ചിരിക്കുന്നു.
“ഇപ്പോഴേ കൈക്കലാക്കിയോ എല്ലാം...” ദാസ്‌ മിലാനെ വട്ടം ചുറ്റിപ്പിടിച്ചു.
“ഇപ്പോഴേ മൂക്കിലാക്കി എന്നാണ് പറയേണ്ടത്.”
അയാള്‍ നെറ്റി അവളുടെ നെറ്റിയില്‍ മുട്ടിച്ചു. രണ്ടു നാസികാഗ്രങ്ങളും തമ്മിലുരസി.
“ഇന്ന് പോയിട്ട് നീ എന്ന് വരും?”
“എങ്ങോട്ട്?”
“ഇങ്ങോട്ട്…”
“ഏപ്രില്‍ പത്തൊമ്പത്.... അന്നല്ലേ വരേണ്ടത്?”
“ഓഹോ...അപ്പോള്‍ അതിന് മുന്പേയില്ല?”
“മുന്‍പ് വരണോ? എങ്കില്‍ നാളത്തെ ഡേറ്റ് നിശ്ചയിക്കാരുന്നില്ലേ..” മിലാന്‍ ചിരിച്ചു.
“അത് വേണോ... ഇത്രേം ആളുകളെ അറിയിച്ച സ്ഥിതിക്ക്....” അയാളുടെ വിരലുകള്‍ അവളുടെ നഗ്നമായ കൈത്തണ്ടയില്‍ മുറുകി.
“നോക്ക് വിദേത്, പോകാന്‍ നേരമായി.”
“ഓ...ശരി; ഒന്ന് തൊട്ടാല്‍ അപ്പൊൾ  പറയും, നേരമായി, അമ്മയുണ്ട്‌, അമ്മാമ്മയുണ്ട്‌...നാലുനൂറ്റാണ്ടു  മുന്‍പ് മണ്ണടിഞ്ഞ പ്രേതമുണ്ട് എന്നൊക്കെ...” ദാസ്‌ പിന്നോക്കം നീങ്ങി കട്ടിലിലേക്കിരുന്നു.
മിലാന് ചിരി വന്നു. “അല്ലാതെപിന്നെ, എട്ടുമണിക്ക് ഫ്ലൈറ്റ്, ആറിനെങ്കിലും എല്ലാവരും ഇറങ്ങേണ്ടേ? ലേറ്റ് ആയാല്‍ എത്രപേരുടെ ടിക്കറ്റ്‌ ക്യാന്‍സല്‍ ആകുമെന്നറിയില്ലേ.”
“ടൈം മേനേജെമെന്റ്റ് എന്നൊരു ക്വാളിറ്റി ഉണ്ട്. നീ അത്യാവശ്യം പഠിക്കേണ്ട ഒന്നാണത്.”
“എനിക്കറിയാം…”
“എന്തറിയാം...അത് ചെയ്യാതെ സമയത്തെ കുറ്റം പറഞ്ഞു ആണുങ്ങള്‍ക്ക് വേണ്ടത് കൊടുക്കാതെ വിടുകയല്ല വേണ്ടത്. എല്ലാ സ്ത്രീകളും പറയുന്ന കാര്യമാണ് സമയമില്ലെന്ന്... ഓഫീസും ബിസിനസ്സും വീട്ടുകാര്യങ്ങളും എല്ലാം നോക്കി സ്വന്തം പാര്‍ട്ടണറുടെ കാര്യങ്ങള്‍ക്കൂടി നോക്കുമ്പോഴാണ് സ്ത്രീ പെര്‍ഫെക്റ്റ്‌ ആവുക. ഇതൊന്നുമില്ലത്തവരും നേരം വെറുതെ കളയുന്നവരും ഉണ്ട്; ഇണയെ പരിഗണിക്കാത്തവരായി. ആ കാറ്റഗറി വേറെ.”
“ആഹാ... എന്താണിപ്പോ ഇങ്ങനെ ഗൗരവം? എന്താണിപ്പോ വേണ്ടത്?”
“ഒന്നും വേണ്ട, നീ തയ്യാറായിക്കോ...” ദാസ്‌ ഗൗരവത്തില്‍തന്നെ എഴുന്നേറ്റു. “നിനക്ക് നേരമില്ലല്ലോ... നേരമുള്ളവര്‍ ഉണ്ടോന്നു നോക്കട്ടെ…”
മിലാന്‍ അയാളുടെ നെഞ്ചിലേക്ക് കൈകള്‍ അമര്‍ത്തി മുന്നോട്ട് പോകുന്നത് തടഞ്ഞു. ദാസ് കൂട്ടാക്കിയില്ല. “നേരമുള്ളവര്‍ ഉണ്ടോന്നു നോക്കാനാണോ...” മിലാന്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.
“യെസ്...അതെ...വിട്…”
“എന്നാലിവിടെ ഒരാള്‍ക്ക്‌ നേരമുണ്ട്....”
ദാസ്‌ തിരിഞ്ഞു. ചുണ്ടില്‍ വിടരാന്‍ മടിച്ച ചിരി തത്തിക്കളിച്ചു.. കട്ടിലില്‍ ഇരുന്നിട്ട് അയാള്‍ അവളെ അരികിലെക്കിരുത്തി. “സെക്സിനോട് അമിതമായി താല്‍പര്യമുള്ളവനാണ് ഞാനെന് നിനക്ക് തോന്നിയിട്ടില്ലേ..”
മിലാന്‍ ഒന്ന് സംശയിച്ചു. അമിതമായി എന്ന് പറയാനാകുമോ... നാച്ചുറലിനപ്പുറം ഇണയോടുള്ള സ്നേഹം  പ്രകടിപ്പിക്കാന്‍ മടി കാണിക്കുന്നില്ല എന്നല്ലേയുള്ളൂ.
“വിദേത് വളരെ റോമാന്റിക് ആണെന്ന് അറിയാം. മധുരമായി അതെല്ലാം പറയാനുമറിയാം. അല്ലാതെ ലസ്റ്റ് നിയന്ത്രിക്കാനാവാത്ത ഒരാളാണെന്ന് തോന്നിയിട്ടില്ല.”
“ഗുഡ്, ലസ്റ്റ് അത്യാവശ്യം ഉള്ള ഒരാളാണ് ഞാന്‍, പലപ്പോഴും ഹൈപീക്കില്‍ നില്‍ക്കുമ്പോള്‍ അത് നിയന്ത്രിക്കാനും അറിയാം. നിയന്ത്രിക്കേണ്ട ആവശ്യമില്ലെന്ന് തോന്നിയാലും അതിനുള്ള സാഹചര്യം ഉണ്ടാക്കാന്‍ വിഷമമില്ലെന്നു കണ്ടാലും ആ സാഹചര്യം യൂസ് ചെയ്യാനും മുതിരാറുണ്ട്‌. ഇതുവരെ…”
മിലാന്‍ തലയാട്ടി. പതുക്കെ ആ മുഖത്തേയ്ക്ക് കണ്ണുകളുയര്‍ത്തി. “ഇനിയും അങ്ങനെയാണോ?”
“ഞാന്‍ മുന്‍പേ പറഞ്ഞിട്ടുണ്ട് മിലാന്‍, തുറന്നു പറയുന്നതിനാല്‍ എന്നെ വുമണയ്സര്‍ ആയി കണക്കാക്കരുത്”
“ഇല്ലയില്ല, എനിക്ക് അത്തരം ധാരണകള്‍ ഇല്ല, ഐ നോ യൂ...” മിലാന്‍ തന്റെ വെള്ളവസ്ത്രത്തിന്‍റെ അരികുകളിലെ  എംബ്രോയിഡറിനൂലുകളില്‍ തെരുപ്പിടിച്ചു.
“പിന്നെ നിന്റെയടുത്ത് ഞാന്‍ റിസേര്‍വ്ഡാകേണ്ട കാര്യമില്ലല്ലോ...മാത്രമല്ല ഫിസിക്കല്‍ ആകര്‍ഷണത്തിനുപരി യൂ ആര്‍ മൈ ഡ്രീം ഗേള്‍... നിന്നെ ആദ്യമായി സ്ക്രീനില്‍ കണ്ടത് ഒരു മോഡലിംഗ് സ്റ്റേജില്‍ വെച്ചായിരുന്നു. അതുവരെ എന്റെ ജീവതത്തില്‍ വന്നുപോയ  പെണ്‍കുട്ടികളെപ്പോലെയല്ല നിന്നെ കണ്ടപ്പോള്‍ തോന്നിയത്. പ്രതേകിച്ചു നിന്‍റെ നോട്ടം…”
അയാളുടെ നോട്ടം വസ്ത്രത്തില്‍ ചുഴറ്റിക്കൊണ്ടിരുന്ന അവളുടെ വിരലിലേക്ക് നീണ്ടു.
“നീ അപ്സെറ്റ് ആയല്ലേ…”
“ഏയ്‌...” മിലാന്‍ വിരലുകള്‍ വലിച്ചെടുത്തു.
ദാസ്‌ വീണ്ടും ചിരിച്ചു. അവള്‍ ആ നെഞ്ചിലേക്ക് ചേര്‍ന്നിരുന്നു. “ഏയ്‌...ഇല്ലയില്ല. അപ്സെറ്റ് ആയില്ല. വിദേതിന് സൈക്കൊളജി അറിയാമോ?”
“എന്തിനു സൈക്കൊളജി അറിയണം? ഇതൊരു കോമണ്‍സെന്‍സിന്‍റെ ഭാഗമല്ലേ..”
അല്‍പനേരംകൂടി അവരങ്ങനെയിരുന്നു. “ശരി മിലാന്‍ നീ തയ്യാറാവൂ. ഞാനും വരാം എയര്‍പോട്ടില്‍…”
“അതുവേണ്ട, എല്ലാവരുടെയും മുന്നില്‍ വെച്ച് യാതൊരു  പ്രൈവസിയുമില്ലാതെ ഒഫീഷ്യല്‍ യാത്രപറച്ചില്‍ വേണ്ട വിദേത്…”
“എന്നാല്‍ ആവട്ടെ, വളരെ പ്രൈവസിയോടെ നമുക്കിപ്പോള്‍ യാത്ര പറയാം.” അയാളുടെ ചുണ്ടുകളിലേക്ക്‌ അവളുടെ ചുണ്ടുകൾ നനവോടെ അലിഞ്ഞുചേർന്നു . ആ മെഴുകുപ്രതിമയെ ആവരണം ചെയ്തിരുന്ന വെളുത്ത വസ്ത്രങ്ങള്‍ മേഘങ്ങളായി ഒഴുകിനീങ്ങി. 
തന്‍റെ ശരീരഭാഷ മാറിയാല്‍പ്പോലും അങ്ങോട്ടേക്ക്  നോട്ടമെത്തുന്ന  മനസ്സിലാക്കാന്‍ കഴിവുള്ള ഒരു വിദേതിനെ മിലാന്‍ ആദ്യമായി അറിയുകയായിരുന്നു.
മിലാനെയും കുടുംബത്തെയും യാത്രയയക്കാന്‍ താരാദേവിയും മൈത്രേയിയും മേനകയുമടങ്ങുന്നവര്‍ എയര്‍പോർട്ടിലേക്ക് പോയി. ഗേറ്റ് കടന്നു വാഹനങ്ങള്‍ പോയപ്പോള്‍ നിരന്ജനും ദാസും അകത്തേക്ക് കയറിവന്നു.
“അപ്പോള്‍ എല്ലാം ശുഭമായി.  അപ്പോള്‍ ഞാനും ഇറങ്ങുകയാണ്. ചെന്നെയിലേക്ക് പോകണം, ബിസിനസ്സ് മീറ്റിംഗ് ഉണ്ട് നാളെ…”
അവര്‍ സംസാരിച്ചുകൊണ്ടിരുപ്പോള്‍ ഫോണ്‍ റിംഗ് ചെയ്യുന്നതായി കേട്ടു. “ആരുടെ ഫോണ്‍ ആണ്? ഗസ്റ്റ് ആരെങ്കിലും മറന്നുവോ?”
രണ്ടുപേരും ബെല്ല് കേട്ട സ്ഥലം തെരഞ്ഞു നീങ്ങി. ഉടനെ ദാസിന്റെ ഫോണ്‍ മുഴങ്ങി.
ദാസ്‌ സ്ക്രീനിലേക്ക് നോക്കി. ഋഷിഭട്ട്നാഗര്‍...
“യെസ്....”
മറുതലയ്ക്കല്‍ നിന്നും കേള്‍ക്കുന്ന കാര്യങ്ങള്‍ക്കനുസരിച്ച്‌ ദാസിന്‍റെ നെറ്റിയില്‍ ചുളിവുകള്‍ വീണു.
“എന്താ..”
“ഇവടെത്തെ പരിപാടിക്ക് കരോലിന്‍ വന്നിരുന്നല്ലോ, പുറപ്പെടുകയാണ് ഉടനെ എന്ന് പറഞ്ഞതിനു ശേഷം കരോലിന്റെ ഫോണ്‍ കിട്ടുന്നില്ലെന്ന്. അവളുടെ ഡാഡിയാണ് വിളിച്ചത്”
“എപ്പോഴാണ് ലാസ്റ്റ് കാള്‍ കിട്ടിയത് അവര്‍ക്ക്?”
“ഉച്ചയ്ക്ക് മുന്‍പേ എന്ന്, എന്നോടും കരോലിന്‍ യാത്ര പറഞ്ഞിരുന്നു. ഒരു ആഡ് ഉണ്ടെന്നും ഷൂട്ട്‌ ഉണ്ടെന്നും ലഞ്ചിന് നില്‍ക്കാന്‍ സമയമില്ലെന്നും പറഞ്ഞിരുന്നു. പക്ഷെ ലൊക്കേഷനില്‍ എത്തിയിട്ടുമില്ല”
നിരഞ്ജന്‍ കരോളിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. റിംഗ് ഉണ്ട്. തങ്ങള്‍ അകത്തേക്ക് കയറിയപ്പോള്‍ കേട്ട ഫോണും ഇപ്പോഴും അടിക്കുന്നു.
നിരഞ്ജന്‍ കാള്‍ കട്ട്‌ ചെയ്തു. അകത്തു കേട്ടുകൊണ്ടിരുന്ന റിംഗ് നിലച്ചു.

ദാസും നിരന്ജനും മുഖത്തോടുമുഖം നോക്കി. രണ്ടുപേരും അകത്തേക്ക് ഓടിക്കയറി. ഹാളില്‍ ചടങ്ങുകള്‍ നടന്നിരുന്ന സ്ഥലത്തായി താഴെയായി ഇരിപ്പിടത്തിനരികില്‍ പൂക്കളുടെ കൂട്ടത്തില്‍ ഒരു മൊബൈല്‍ കിടക്കുന്നു.
“ഇവിടെ മറന്നു പോയതാണോ....” നിരഞ്ജന്‍ ദാസിനെ നോക്കി. 
എവിടെയോ ഒരു കൊള്ളിയാന്‍ മിന്നുന്നു.
“സാധ്യതയില്ല..... കം....” രണ്ടുപേരും ആ ബംഗ്ലാവിന്റെ രണ്ടിടങ്ങളിലേക്ക് ഓടിക്കയറി. നീണ്ട ഇടനാഴികളും വരാന്തകളും മുറികളും കഴിഞ്ഞു വീണ്ടുമവര്‍ മുഖാമുഖം നിന്നു.
“എവിടെ വിദേത്....കാണുന്നില്ലല്ലോ…”
“അതെ, കാണുന്നില്ല...” ദാസിന്റെ വാക്കുകള്‍ വിറച്ചു.
“ഇങ്ങനെ നോക്കിയിട്ട് കാര്യമില്ല. സിസിക്യാമറ നോക്കാം…”
കരോലിന്‍ മിലാനോട് യാത്ര പറഞ്ഞു മുകളിലേക്ക് പോകുന്നത് അവര്‍ കണ്ടു. ശേഷം മുകളിലെ യാതൊരു ദൃശ്യവും ഇല്ല. പുറത്തേക്ക് പോകുന്ന ആളുകളുടെ കൂട്ടത്തില്‍ ഒരിടത്തും കരോലിനെ കണ്ടില്ല.
എങ്കില്‍ കരോലിന്‍ വന്ന വണ്ടിയെവിടെ?
നിരഞ്ജന്‍ ഭട്ട്നാഗരെ വിളിച്ചു. ദാസിന്റെ വാഹനത്തില്‍ കരോലിനെ കൊണ്ടുവിടാമെന്നു പറഞ്ഞിരുന്നതിനാല്‍ കരോലിന്റെ ഡ്രൈവര്‍ മുന്‍പേ പോയെന്ന വിവരം കിട്ടി.
“നോ...ഞാനീ തിരക്കില്‍  കരോലിനോട്  അങ്ങനെ പറഞ്ഞിട്ടില്ല.” ദാസ്‌ നിഷേധിച്ചു.
“എങ്കില്‍ മിലാനെ വിളിച്ചാലോ... മിലാനോട് എന്തെങ്കിലും പറഞ്ഞിരുന്നോ എന്നറിയാമല്ലോ…”

മിലാനെ വിളിക്കാന്‍ നിരഞ്ജന്‍ ആഞ്ഞു. ദാസ്‌ ആ കൈകളില്‍ പിടിച്ചു. “വെയിറ്റ് നിരഞ്ജന്‍... അവള്‍ ഒന്നും അറിഞ്ഞിട്ടിലെങ്കിലോ... ഇപ്പോള്‍ ചോദിക്കേണ്ട. വാ നമുക്ക് നോക്കാം…”
വീണ്ടുമവര്‍ ആ ബംഗ്ലാവിന്റെ പല ഭാഗങ്ങളിലേക്കും നീങ്ങി.  ഇല്ല; ജോലിക്കാരെല്ലാം താഴെയാണ്. ഹാളിലെ രണ്ടുഭാഗത്തെ പകുക്കുന്ന ഗോവണിയിലൂടെ ദാസ്‌ മുകളിലേക്ക് പാഞ്ഞുകയറി. നിരഞ്ജന്‍ പുറകെ വന്നു ദാസിനെ പിടിച്ചു.
“എന്താ ഉറപ്പ് ഈ വീട്ടില്‍ ഉണ്ടാകുമെന്ന്?”
“ അറിയില്ല.. വാ...നോക്കാം...” പല്ലുകള്‍ക്കിടയിലൂടെ വാക്കുകള്‍ ഞെരിഞ്ഞുവീണു.
“ഇവിടെ നമ്മളിങ്ങനെ ഓടിയിട്ട് എന്താണ് കാര്യം? പുറത്തുവെച്ചു വല്ല അപകടവും നടന്നിരിക്കാം, അല്ലെങ്കില്‍ സ്വന്തം മുറിയില്‍ ഉറങ്ങിപ്പോയിരിക്കാം, കരോലിന്റെ പേര്‍സണല്‍ കാര്യത്തിനുവേണ്ടി പോയിരിക്കാം, ഫോണ്‍ എടുക്കാന്‍ മറന്നുകാണും.” നിരഞ്ജന്‍ പല സാധ്യതകളും പറഞ്ഞു.
“എങ്കില്‍ വീഡിയോയില്‍ കരോലിന്‍ ഇവിടെനിന്ന് പോകുന്നത് കാണുന്നില്ലല്ലോ, ഒഫ്കോഴ്സ് ഇനി ഇവിടുന്നു പോയെന്നിരിക്കട്ടെ, ഈ സാദ്ധ്യതകള്‍ ഉണ്ടെങ്കിലും അത് മറ്റെന്തെങ്കിലും വഴിയില്‍ കരോലിന്‍ തന്റെ കൂടെയുള്ളവരെ അറിയിക്കാതിരിക്കുമോ... അപകടം നടന്നിരിക്കാനാണ് കൂടുതല്‍ ചാന്‍സ്”
“എങ്ങനെ....?”
“അറിയില്ല... പോലീസില്‍ നമ്മളായിട്ട് അറിയിക്കേണ്ട. അവരുടെ ഫാമിലി അത് ചെയ്യും. പക്ഷെ.....”
“കരോലിന്റെ ഫോണ്‍ തുറന്നു നോക്കിയാലോ? എന്തെങ്കിലും ക്ലൂ കിട്ടിയാല്‍…”
നിരഞ്ജന്‍ കരോളിന്റെ ഫോണ്‍ തുറന്നു നോക്കാന്‍ ശ്രമിച്ചു. പക്ഷെ അത് ഫേസ് ലോക്ക് ആയിരുന്നു. ഫോണിലെ സിം കാര്‍ഡ്‌ എടുത്തു മറ്റൊരു ഫോണിലിട്ടു. അപ്പോഴും സിം സെക്യൂരിറ്റി കോഡ് ചോദിച്ചു. ദാസ്‌ നിരാശയോടെ തല വെട്ടിച്ചു.

മുകളിലെ ഇടനാഴിയിലെ കൈവരിയില്‍ പിടിച്ചുനിന്നാണ് അവര്‍ സംസാരിച്ചത്. താഴെ ഹാളില്‍ ജോലിക്കാര്‍ നടക്കുന്നുണ്ട്. ദാസും നിരന്ജനും താഴേക്ക്‌ നോക്കി. എന്തോ ഓര്‍ത്തുകൊണ്ട്‌  ദാസ്‌ നിരഞ്ജന്റെ കയ്യില്‍ പിടിച്ചു. “വരൂ, ക്വിക്...” ബംഗ്ളാവിനു  പുറത്തുള്ള സ്വിമ്മിംഗ് പൂളിലേക്കാണ് ദാസ്‌ ഓടിയത്. 
“എന്താ ഇവിടെ?”
“അന്നത്തെ ഷൂട്ട്‌ കഴിഞ്ഞപ്പോള്‍ സ്വിമ്മിംഗ് പൂളില്‍നിന്നും ഒരു മൂക്കുത്തി കിട്ടിയിരുന്നു.” ദാസ്‌ ആ കാര്യങ്ങള്‍ ചുരുക്കി പറഞ്ഞു.  “നമുക്ക് ഇവിടെയൊന്നു നോക്കാം....”

സ്വിമ്മിംഗ്പൂളിലെ വെള്ളം നിശ്ചലമായിരുന്നു. രണ്ടു ദിവസമായി ആളുകള്‍ ഉപയോഗിച്ചതിനാലാവാം അല്പം കലങ്ങിയ രീതിയിലായിരുന്നു വെള്ളം. ലൈറ്റുകള്‍ എല്ലാം തെളിച്ചുകൊണ്ട്‌ അവര്‍ അവിടെയെല്ലാം പരതി. പൂളില്‍നിന്നും അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ കോറിഡോറും അരിച്ചുപെറുക്കി. പൂളിലേക്ക്  ഇറങ്ങിവരാനുള്ള കോണിപ്പടികള്‍ നനഞ്ഞു കിടന്നിരുന്നു. നനഞ്ഞ പടികളില്‍ ചവിട്ടികൊണ്ട് ദാസ്‌ ഒരുനിമിഷം നിന്നു. 
ആരോ ശ്വാസമെടുക്കുന്ന ശബ്ദം പോലെ തോന്നിയോ.... ദാസ്‌ തിരിഞ്ഞു നിരന്ജനെ നോക്കി. അയാള്‍ പൂളിന് അങ്ങേത്തലക്കലാണ്. ദാസ്‌ പടികള്‍ കയറി. പടികള്‍ ചെന്നവസാനിക്കുന്ന മുറിയില്‍ മുന്‍പ് നോക്കിയതാനെങ്കിലും അയാള്‍ സംശയത്തോടെ കര്‍ട്ടനുകള്‍ വലിച്ചുമാറ്റി.

“ഓ മൈ ഗോഡ്! ദാസ് നടുങ്ങിക്കൊണ്ട് മുന്നോട്ടാഞ്ഞു. കര്‍ട്ടനുകള്‍ക്കിടയില്‍ കരോളിന്‍ മോഹലാസ്യപ്പെട്ടു കിടന്നിരുന്നു!!
അര്‍ദ്ധബോധത്തില്‍ അവളുടെ ചുണ്ടുകള്‍ എന്തൊക്കെയോ അസ്പഷ്ടമായി പുലമ്പി. ദാസ്‌ അവളെ  പേരുവിളിച്ചുകൊണ്ട് താങ്ങിയെടുത്തു. അയാള്‍ ആ പടികള്‍ ഇറങ്ങുമ്പോള്‍ നിരന്ജനെ ഉറക്കെ വിളിച്ചു. “നിരഞ്ജന്‍....”

കരോലിനെ താങ്ങിയെടുത്തുകൊണ്ട് പടികളിറങ്ങിവരുന്ന ദാസിനെ കണ്ട് നിരഞ്ജന്‍ അമ്പരന്നുപോയി. മൈ ഗുഡ്നെസ്സ്...!!!

നിരഞ്ജന്‍ വേഗം ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ വരുമ്പോഴും കരോലിന്‍ അര്‍ദ്ധമയക്കത്തില്‍ തന്നെയായിരുന്നു. അല്പം കഴിഞ്ഞു തളര്‍ച്ചയോടെ കരോലിന്‍ കണ്ണ് തുറന്നു. അരികില്‍ വല്ലാത്ത വേപഥുവോടെ നില്‍ക്കുന്ന രണ്ടുപേരെ മങ്ങിയ കാഴ്ചയിലും കരോലിന്‍ തിരിച്ചറിഞ്ഞു. ഡോക്ടര്‍ പോയതിനുശേഷവും ഒന്നും അവരാരും കരോലിനോട് ചോദിച്ചില്ല. എന്തൊരു ചുറുചുറുക്കോടെ മിലാന്‍റെ അരികിലും ഈ വീട്ടിലും ഓടിനടന്ന പെണ്‍കുട്ടിയാണ്, എന്താണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം? കരോലിന് ആരെങ്കിലും ശത്രുക്കളുണ്ടോ..
നൊടിയിടയില്‍ താനും കരോളിനും കൊല്‍ക്കത്തയിലെ ഹോട്ടലില്‍ ഒരേ മുറിയില്‍ തങ്ങാനിടയായ സംഭവം ദാസിന്റെ മനസ്സില്‍ മിന്നിമാഞ്ഞുപോയി.  അതെ...അതെ.. സമാനമായ എന്തോ ആണിവിടെ നടന്നത്. ബട്ട്‌.... എന്റെ വീട്ടില്‍ത്തന്നെ എനിക്ക് ശത്രുക്കളുണ്ടെന്നോ...

“റായ് സര്‍....” കരോലിന്‍റെ ക്ഷീണിച്ച സ്വരം... “എനിക്കെന്താണ് പറ്റിയത്?”
“അതാണ്‌ ഞങ്ങള്‍ക്കും അറിയേണ്ടത്. എന്താണ് കരോലിന് പറ്റിയത്? താന്‍ പോകുന്നു എന്ന് യാത്ര പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ആഫ്ടര്‍ ദാറ്റ്?” ഉദ്വോഗത്തോടെ ദാസ്‌ തിരക്കി.
“അതെ. എന്റെ ബാഗില്‍ നോക്കിയപ്പോള്‍ ഫോണ്‍ കണ്ടില്ല, ഞാന്‍ തിരയുന്നതുകണ്ട് മിലാന്റെ അമ്മ ശാരികയാന്റി പറഞ്ഞു താഴെ എന്റെ കയ്യില്‍ അല്പംമുന്നേ ഫോണ്‍ കണ്ടിരുന്നു എന്ന്. മുറിയില്‍ മിലാനുമായി സംസാരിച്ചപ്പോള്‍ അവിടെ എവിടെയെങ്കിലും മറന്നോ എന്നൊരു സംശയം വന്നു. എനിക്കും ഡൌട്ട് ആയി, അത് ഫോണ്‍ മറന്നതില്‍ അല്ല, ഞാന്‍ അങ്ങനെ ഫോണ്‍ മറക്കുന്ന ആളല്ല, പിന്നെങ്ങനെ അത് മിസ്സ്‌ ആയെന്ന്.....അതാണ് മുകളിലേക്ക് വീണ്ടും പോയത്.”

“എന്നിട്ട്...”

“മുറിയിലെത്തിയപ്പോള്‍ മേനകാമേമിന്‍റെ കൂടെ കണ്ടിരുന്ന ഒരു ആന്റി ഒരു കപ്പ് കാരറ്റ് ഹല്‍വയുമായി വന്നു. എന്റെ ഫാവെറിറ്റാന് ക്യാരറ്റ് ഹല്‍വ. ഞാനല്പം എടുത്തുകഴിച്ചു. ഫോണ്‍ അവിടെ എവിടെയോ റിംഗ് ചെയ്യുന്ന ശബ്ദംകേട്ട് ഞാന്‍ വീണ്ടും സെര്‍ച്ച്‌ ചെയ്തുകൊണ്ടിരുന്നതുവരെയേ  ഓര്‍മ്മയുള്ളൂ....” കരോലിന്റെ മുഖത്ത് ക്ഷീണഭാവം ഉണ്ടായിരുന്നെങ്കിലും  കണ്ണുകള്‍ രൂക്ഷമായിരുന്നു.

അവള്‍ നിരന്ജനെയും ദാസിനെയും മാറിമാറി നോക്കി. “സത്യത്തില്‍ എനിക്കെന്താണ് സംഭവിച്ചത്?” ചോദ്യവും മുനയുള്ളതായിരുന്നു.

“ഒഹ്, കരോലിന്‍, ഞങ്ങള്‍ക്കും ഒന്നും അറിയില്ല, തന്റെ ഡാഡിയാണ് അരമണിക്കൂർ  മുന്‍പേ എന്നെ വിളിച്ചത്.” ദാസ്‌ നടന്നത് ചുരുക്കി വിവരിച്ചു.

“എങ്ങനെയാണ് റായ്സര്‍ സാറിന്റെ വീട്ടില്‍ വെച്ച് എനിക്കിങ്ങനെയൊരു അപകടമുണ്ടാവുന്നത്? എനിക്ക് മാത്രം? ഞാന്‍ കഴിച്ച ഫുഡ്‌ ആണ് എന്നെ മയക്കികിടത്തിയതെങ്കില്‍ ആ മുറിയില്‍ അതിന്റെ ബാക്കി കാണും, ഇവിടെ എല്ലാവരും കഴിച്ച ഫുഡല്ലേ അത്?”

“കാ..... ഇപ്പോള്‍ താന്‍ ഡാഡിയെ വിളിച്ചു താന്‍ സേഫ് ആണെന് പറയൂ. ബാക്കി പിന്നീട്...” കരോളിന്‍ അതുപോലെ ചെയ്തു. 

തീക്കട്ടയില്‍ ഉറുമ്പരിച്ചിരിക്കുന്നു! ദാസിന്റെ തലച്ചോറ് പുകയുന്നുണ്ടായിരുന്നു.

“തന്റെ ആയ എവിടെ? താന്‍ ഒറ്റയ്ക്കാണോ യാത്ര ചെയ്യാറ്?” നിരഞ്ജന്‍ ചോദിച്ചു.

“അല്ല, ഇങ്ങോട്ടായതിനാല്‍ ഞാന്‍ തനിയെ വന്നു. ഡ്രൈവര്‍ മാത്രമേ ഉണ്ടായുള്ളൂ, വേഗം പോകുമല്ലോ എന്നോര്‍ത്താണ് അങ്ങനെ വന്നത്.”

“ഞാന്‍ കൊണ്ടുവിടാം ഹോട്ടലില്‍ കരോലിന്‍...” ദാസ്‌ പറഞ്ഞു.

“റായ്സാറിന് അന്നത്തെ കാര്യങ്ങള്‍ ഓര്‍മ്മയില്ലേ, നമ്മുടെ ആ രാത്രി? അവിടെയുള്ള ആളുകളുടെ പ്രസന്‍സ് ഇവിടെയുമുണ്ടായിരുന്നു.” കാറില്‍ പോകുമ്പോള്‍ കരോലിന്‍ ഓര്‍മ്മിപ്പിച്ചു.

“അതെ കരോലിന്‍, പക്ഷെ ഇത് എന്റെ വീട്ടില്‍ വെച്ച് തനിക്കീ അപകടം എങ്ങനെ വന്നു? യാദൃച്ഛികമല്ല ഇതൊരിക്കലും.”

കരോലിനും അതറിയാമായിരുന്നു. ക്യാരറ്റ് ഹല്‍വ തനിക്കുമാത്രമായി വന്നതാണ്. തന്റെ മൊബൈല്‍ കാണാതായത് ആസൂത്രിതമാണ്. എങ്ങനെ താന്‍ സ്വിമ്മിംഗ് പൂളില്‍ എത്തി....

“തനിക്കു ഞാന്‍ സിസിടിവിയിലെ വീഡിയോ അയച്ചുതരാം. മേനകയുടെ കൂടെ കണ്ടെന്നു പറഞ്ഞ ആളെ കണ്ടാല്‍ പറയണം.”

തിരികെ ദാസ്‌ വീട്ടിലെത്തുമ്പോള്‍ നിരഞ്ജന്‍ കാത്തിരിക്കയായിരുന്നു. “കരോലിന്‍ കഴിച്ചെന്നു പറയുന്ന ഹല്‍വ നമ്മുടെ മെനുവില്‍ ഉള്ളതാണ്. പക്ഷെ അവള്‍ കഴിച്ചതിന്റെ ബാക്കി ആ മുറിയില്‍ കാണുന്നില്ല, മാത്രല്ല നമ്മുടെ മെനുവിലെ ഹല്‍വ വളരെ ഫ്രെഷുമാണ്. നമ്മുടെതന്നെ മെനു എടുത്തത് സംശയം വരാതിരിക്കാനായിരിക്കും വിദേത്.”

“എന്തൊരു അപമാനമാണ് നിരഞ്ജന്‍, ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? നമ്മള്‍ കണ്ടെത്താന്‍ വൈകിയിരുന്നെങ്കില്‍ ഇവിടെ മറ്റുള്ളവരെല്ലാം അറിയുമായിരുന്നു. നോക്കുക്കുത്തിയായി  മാറിയേനേം ഞാന്‍, മിലാന്‍ ഇതെല്ലാം  എങ്ങനെ കാണുമെന്ന് യാതൊരു ധാരണയുമില്ല. സംശയമുദിക്കുന്ന കണ്ണുകളെ നേരിടാനാവാതെ ഞാന്‍ കുറ്റവാളിയായി തലകുനിച്ചു നില്‍ക്കേണ്ടിവരുമായിരുന്നില്ലേ”

“ആരോ തന്റെ പുറകെയുണ്ട്‌ വിദേത്, അന്നത്തെ ഹോട്ടലിലെ സംഭവങ്ങള്‍ മറക്കരുത്. ആ പെന്‍ഡ്രൈവ് എന്റെ ഭാര്യയുടെ കയ്യിലുണ്ട്.  അവള്‍ക്കെന്തോ വേറെ പ്ലാനുണ്ട്, അതറിയുംവരെ നമുക്ക് കാത്തിരിക്കാം. ഞാനതില്‍ കൂടുതല്‍ താല്പര്യം കാണിച്ചു എന്തോ ദുരൂഹത ഉണ്ടെന്ന് തോന്നിക്കേണ്ടന്നു കരുതിയാണ് എപ്പോഴും ചോദിക്കാത്തത്.”
“തനൂജ?”
“എനിക്കും സംശയം ഇല്ലാതില്ല. പക്ഷെ തെളിവുകള്‍ ഇല്ലാതെ നമ്മളെങ്ങനെ.... മാത്രമല്ല യാതൊരു നീരസവും കാണിക്കാതെയാണ് തനൂജ ഇപ്പോഴെല്ലാം ഇടപെടുന്നത്”
“അതെ, ഐപിഎല്ലിന്റെ കാര്യങ്ങള്‍ക്കായി ആത്മാര്‍ഥമായി ഓടിനടക്കുന്നു. പല ബിസിനസ് മീറ്റിങ്ങുകളും ഞാനില്ലെങ്കിലും മാനേജ് ചെയ്യുന്നു. അങ്ങനെയൊരാളെ എങ്ങനെ ഞാന്‍...” ദാസ്‌ വാചകം മുഴുവനാക്കിയില്ല.
“കരോളിനെ ടാര്‍ഗറ്റ് ചെയ്തിരിക്കുന്നതാണ് എനിക്ക് മനസ്സിലാവാത്തത്. ആരായാലും നിങ്ങള്‍ക്കൊരു പൊതുശത്രുവുണ്ട്. സൂക്ഷിക്കണം.”
“എന്താണിവിടെ ഉണ്ടായത്? നീ ഉടനെ പുറത്തുപോയല്ലോ?” താരാദേവി മുന്നോട്ടു വന്നു ദാസിനരികില്‍ ഇരുന്നു. അവര്‍ വേഷം മാറി വളരെ മൃദുവായ ഒരു ഗൌണ്‍ ധരിച്ചിരുന്നു. കാലല്‍പം നീട്ടിവെച്ചു അമ്മയിരുന്നപ്പോള്‍ ആ കാല്‍പാദങ്ങളില്‍ നീര് വെച്ചിരിക്കുന്നത് ദാസ് കണ്ടു.
“ഒന്നുമില്ലമ്മേ, അമ്മയുടെ കാലില്‍ നീരുണ്ടല്ലോ, എന്തിനാണ് വിശ്രമിക്കാതെ ഇങ്ങനെ നടന്നുകൊണ്ടിരിക്കുന്നത്?”
“ഈ വീട്ടില്‍ എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു സുദിനം വരുന്നത്. ഞാനിങ്ങനെ ഒടിഞ്ഞുതൂങ്ങി ഇരിക്കാനാണോ നീ പറയുന്നേ. ഈ വിവാഹം വരേയ്ക്കും തന്നെ ഞാന്‍ ഉണ്ടാവുമെന്ന് ഉറപ്പുണ്ടോ? മിത്രയുടെ വിവാഹം വല്ലാത്തൊരു ആഗ്രഹമാണ്”
അവര്‍ ദാസിനെയും നിരന്ജനെയും ഒന്നുകൂടി നോക്കി. “നീ ഇന്ന് രാത്രി പോകുമെന്ന് പറഞ്ഞിട്ട്?”
“ആ, അതുപിന്നെ... വല്ലാത്ത ക്ഷീണം തോന്നി. അതുകൊണ്ട് ഫ്ലൈറ്റ് ക്യാന്‍സല്‍ ചെയ്തു.” നിരഞ്ജന്‍ അവരെ പാളി നോക്കി.
“ഓഹോ... അല്ലാതെ കരോലിന്‍ ഇവിടുത്തെ സ്വിമ്മിംഗ് പൂളില്‍ ബോധമറ്റു വീണതുകൊണ്ടല്ല.”
റായ് വിദേതന്‍ ദാസും നിരഞ്ജൻ റെഡ്ഢിയും  അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.
“ഇതില്‍ മാഷിനോട്ടമൊന്നും ഇല്ല കുട്ടികളെ, ഇവിടെ എത്ര ജോലിക്കാരുണ്ട്. പോരാത്തതിന് ദാ നിന്റെ കയ്യിലില്ലാത്ത ക്യാമറ എന്റെ കയ്യിലുണ്ട്.” താരാദേവി തന്റെ മൊബൈല്‍ എടുത്തു അവരെ കാണിച്ചു. ഓരോ മുറിയിലെയും സ്പെഷ്യല്‍ ക്യാമറ അവരുടെ ഫോണിലേക്ക് ബന്ധിപ്പിച്ചിരുന്നു. “ഇത് സേഫ്റ്റിക്ക് വേണ്ടി ചെയ്യുന്നതാണ്‌. പലപ്പോഴും ഞാനീ വലിയ വീട്ടില്‍ ഒറ്റയ്ക്കാണല്ലോ…”
“എങ്കില്‍ അമ്മാ, കരോലിന്‍ മുകളില്‍ പോയതിനുശേഷം എന്തുണ്ടായി. എവിടെ കാണട്ടെ...” നിരഞ്ജന്‍ വേഗം മൊബൈല്‍ വാങ്ങി സേര്‍ച്ച്‌ ചെയ്യാന്‍ ഓങ്ങി.
“അതില്ലല്ലോ. ഇവിടെത്തെ ക്യാമറയും എന്റെ ഫോണിലേക്കുള്ള കണക്ഷനും നിശ്ചിത സമയത്തേക്ക് ഓഫ്‌ ആക്കിയിരിക്കയാണ്.  മുകളിൽ നടന്നതും താഴെ സ്വിമ്മിംഗ് പൂളിൽ കരോലിൻ എത്തിയതും ഒന്നും അതിൽ ഇല്ല. ഇങ്ങോട്ടുമടങ്ങും വഴിയില്‍ മൊബൈല്‍ എടുത്തപ്പോഴാണ് വീഡിയോ അലാറം മുഴങ്ങിയത്. സാധാരണയായി പുറത്തെ മുറികളില്‍ ആരെങ്കിലും കയറിയാലോ അസമയത് ഗേറ്റിനരികില്‍ ആരെങ്കിലും വന്നാലോ വാഹനവെളിച്ചം അടിച്ചാലോ ആണീ അലാറം മുഴങ്ങുക. അതുകൊണ്ട് ഉടനെ തുറന്നു നോക്കിയപ്പോള്‍ നിങ്ങള്‍ എന്തോ പാഞ്ഞു നടന്നു തേടുന്നത് കണ്ടു. ബാക്കിയും കണ്ടു. പക്ഷെ കരോളിന്‍ മുകളിലേക്ക് കയറുന്നത് വരെയേ ഇതില്‍ ചിത്രങ്ങള്‍ ഉള്ളൂ, ശേഷം എല്ലാം പോയിരിക്കുന്നു.”

അവര്‍ വിദേതിനുനേരെ തിരിഞ്ഞു. “പറഞ്ഞിട്ടില്ലേ ഞാന്‍, നിന്റെ വീട്ടില്‍ കയറി നിനക്കെതിരെ നടക്കുന്നത് കാര്യങ്ങള്‍ നിസ്സാരമല്ല എന്നറിയുക. നീ ഈ കാര്യങ്ങള്‍ മിലാനോട് പറഞ്ഞിരുന്നോ?”
“ഇല്ല…”
“ഉം.... മൂളിക്കൊണ്ട് അവര്‍ എഴുന്നേറ്റു. “ഈ വീട്ടില്‍ ഞാനറിയാതെ ഒന്നും നടക്കാറില്ല വിദേത്, ഇന്നലെ രാത്രി ഫുള്‍ ടാങ്ക് വെള്ളം നമ്മുടെ ഏഴ് ടാങ്കിലും നിറച്ചിരുന്നു. കിടക്കും മുന്‍പേ, പക്ഷെ പാതിരാവില്‍ വെള്ളമില്ല എന്ന് പറഞ്ഞു ദിവാകരന്‍ വീണ്ടും  വെള്ളം നിറച്ചു. ആശ്ചര്യം നിറഞ്ഞ ഒരു കാര്യമായിരുന്നു അത്. ഇന്ന് രാവിലെ വീണ്ടുമവന്‍ വന്നെന്നോട്‌ പറഞ്ഞു വെള്ളമില്ല എന്ന്. ഇത്രയും കുറച്ചാളുകള്‍ ഈ വെള്ളം മുഴുവൻ  ഇന്നലെ രാത്രി ഉപയോഗിച്ച് തീര്‍ത്തതാണോ?”

“പൈപ്പ് എവിടെയെങ്കിലും ലീക്ക് ആയതായിരിക്കാം....” നിരഞ്ജന്‍ അത് പറഞ്ഞപ്പോള്‍ അവര്‍ കയ്യെടുത്ത് വിലക്കി. പതുക്കെ നിഷേധാര്‍ത്ഥത്തില്‍ തലകുലുക്കിക്കൊണ്ട് അവര്‍ എഴുന്നേറ്റു നടന്നു.
" കരോലിന് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ എന്താകുമായിരുന്നു ഇവിടെ?  ഒന്നുകിൽ ഇതൊരു ട്രയൽ ആണ്.  ഒരു പക്ഷേ ഈ പരിപാടി ആസൂത്രണം ചെയ്തവർക്ക് വീട്ടിൽ ആളുകൾ എപ്പോഴും ഉള്ളതിനാൽ പ്ലാൻ ചെയ്ത മുഴുവൻ കാര്യങ്ങളും നടപ്പിലാക്കാൻ കഴിഞ്ഞില്ലായിരിക്കാം. എങ്കിലും എന്ത് മാത്രം ധൈര്യവും ബുദ്ധിയും ഉപയോഗിച്ചിരിക്കും ഇങ്ങനെ ഒരു സംഭവം നടക്കാൻ....."
“നിങ്ങള്‍ എന്തായാലും ഉറങ്ങൂ...സ്വസ്ഥമായ തലച്ചോറിലെ പുതിയ കാര്യങ്ങള്‍ ഉരുത്തിരിയുകയുള്ളൂ. ഉറങ്ങൂ പോയി…”
താരാദേവി പതുക്കെ നടന്നുപോയി. അവരുടെ മനസ്സും പറഞ്ഞുകൊണ്ടേയിരുന്നു. 
താരാ... നീയറിയാതെ നിന്റെയീ വീട്ടില്‍ എന്തോ നടന്നിരിക്കുന്നു. മംഗളകര്‍മ്മത്തിനിടക്ക് വലിയൊരു അപകടം ആരോ നിറച്ചുവെച്ചിരുന്നു. 
താരാ... നീയത് അറിയാതെ പോകരുത്.
            
                       ********            
കരോലിൻ വല്ലാതെ അസ്വസ്ഥയായിരുന്നു. 
അവൾ ദാസ് അയച്ചു കൊടുത്ത വീഡിയോ സസൂക്ഷ്മം പരിശോധിച്ചു.  തന്നെ സഹായിക്കാൻ നിരഞ്ജൻ സാറിന് കഴിയുമല്ലോ എന്ന്‌ ഓർത്തയുടനെ നിരഞ്ജനെ വിളിക്കുകയും ചെയ്തു. 
"ആഹാരത്തിനു സമയമാകും മുൻപേ കരോലിൻ യാത്ര പറഞ്ഞല്ലോ. താൻ കഴിച്ച ക്യാരറ്റ് ഹൽവയുടെ എന്തെങ്കിലും തരികൾ തന്റെ വസ്ത്രത്തിലോ മറ്റോ പറ്റിപ്പിടിച്ചിട്ടുണ്ടോ? " നിരഞ്ജൻ അന്വേഷിച്ചു. 
"ഇല്ല സർ, സ്വിമ്മിംഗ് പൂളിൽ വീണതിനാൽ അതെല്ലാം കഴുകി പോയി. എന്തുകൊണ്ടായിരിക്കും അവരെന്നെ വെള്ളത്തിൽ കൊണ്ടിട്ടത്?  എന്നിട്ടു വീണ്ടും അവിടെനിന്നും എടുത്തു റൂമിൽ കിടത്തിയത്? 
"തന്നെ അപായപ്പെടുത്താൻ തീർച്ചയായും ഉദ്ദേശിച്ചിരിക്കില്ല കരോലിൻ. പക്ഷേ അതുവഴി മറ്റെന്തെങ്കിലും പ്ലാൻ ഉണ്ടായിരിക്കാം... തനിക്ക് ആരെയാണ് സംശയം? "
കരോലിൻ ചിരിച്ചു. "എനിക്ക് അപകടം ഉണ്ടായ സമയത്തെല്ലാം അവിടെ റായ് സർ ഉണ്ടായിരുന്നു. അതുപോലെ തനൂജയും ഉണ്ടായിരുന്നു. ഇന്നലെ എല്ലാവരും ഉള്ളപ്പോൾ എന്നെ ടാർഗറ്റ് ചെയ്തെങ്കിൽ ശത്രു നിസ്സാരനല്ല. "

തനൂജയാണെങ്കിൽ എന്തായിരിക്കും ഇതിനുപിന്നിൽ? "

"അത് ആലോചിക്കണം നിരഞ്ജൻ സർ. തെളിവുകൾ ലഭിക്കാതെ നമ്മൾ എടുത്തു ചാടിയിട്ടു കാര്യമില്ല. "

"എനി വേ, ടേക്ക് കെയർ കരോലിൻ. കൂടുതൽ കൂടുതൽ ശ്രദ്ധിക്കണം. ബോഡി ഗാർഡ് ഇല്ലാതെ എവിടെയും പോകരുത്. " നിരഞ്ജൻ ഓർമ്മിപ്പിച്ചു. 

"എന്നെ അപായപ്പെടുത്തിയവരെ ഞാൻ വെറുതെ വിടുമോ സർ? " കരോലിൻ ചിരിച്ചത് നിരഞ്ജൻ വ്യക്തമായി കേട്ടു. 

അയാൾ അപ്പോൾ തന്നെ ദാസിനെ വിളിച്ചു. 
"തനിക്കൊരു കാര്യമറിയാമോ?  എന്റെ സെക്രട്ടറി നീലം ഉപയോഗിച്ച ഷൂവിൽ വളരെ സ്പെഷ്യൽ ഗിഫ്റ്റ് ഉണ്ട് തനിക്കുള്ളത്"

"എന്ത് ഗിഫ്റ്റ്...?" ദാസിന് മനസ്സിലായില്ല. 

"ആ ഷൂ തനിക്ക് സമ്മാനിച്ചപ്പോഴേ എന്തെങ്കിലും അതിനുപുറകിൽ കാണുമെന്നു തോന്നിയിരുന്നു. പക്ഷേ തന്റെ ഭാഗ്യം കൊണ്ടോ തനൂജയുടെ നിർഭാഗ്യം കൊണ്ടോ അത് ഉപയോഗിക്കാൻ  യോഗം നീലത്തിനായിരുന്നു. വളരെ ശക്തിയായി സിഗ്നൽ നൽകാൻ കഴിവുള്ള ക്യാമറയാണ് ഷൂവിനടിയിൽ ഒളിപ്പിച്ചിട്ടുള്ളത്. തന്റെ മൂവ്മെന്റ് ആൻഡ് ബിസിനസ് സംഭാഷണങ്ങൾ  അല്ലെങ്കിൽ പേർസണൽ കാര്യങ്ങൾ എന്നിവ അറിയാനുള്ള ലേറ്റസ്റ്റ് മോഡൽ  ചീറ്റിംഗ് ആരുന്നു തനൂജ ആസൂത്രണം ചെയ്തത്. എന്താണ് തനിക്ക് പറയാനുള്ളത്? "

ദാസിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു. പല്ലുകൾ കടിച്ചുപിടിച്ചുകൊണ്ടു അയാൾ നിശ്ശബ്ദനായി ഇരുന്നു.

നിരഞ്ജൻ തുടർന്നു "ഏറ്റവും അടുത്ത മുഹൂർത്തത്തിൽ അവളെ തളച്ചേ മതിയാകൂ. ഇല്ലെങ്കിൽ ആ വടയക്ഷി തന്നെ നശിപ്പിക്കും."

"ഉം....... " ഗംഭീരസ്വരത്തിൽ ദാസ് മൂളി. 
  
                                                (തുടരും )
നീലച്ചിറകുള്ള മൂക്കുത്തികൾ - 33 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക