Image

ഒരു പേരിലെന്തോ ഇരിക്കുന്നു (സദാശിവന്‍കുഞ്ഞി)

Published on 07 October, 2020
ഒരു പേരിലെന്തോ ഇരിക്കുന്നു (സദാശിവന്‍കുഞ്ഞി)
ഒരു കുഞ്ഞിക്കാൽ കാണുന്നതിന് മുൻപേ എല്ലാവർക്കും ഒരാഗ്രഹം കാണും ..... കുഞ്ഞിന് ആരും ഇന്നുവരെ ഇട്ടിട്ടില്ലാത്ത , ആരും കേൾക്കാത്ത ഒരു പേരിടണം .. എൻ്റെ മകന്റെ പേര് ഇവനോടുകൂടി അവസാനിക്കണം എന്ന് വിചാരിക്കുന്നവരാണ് മാതാപിതാക്കൾ .

എനിക്ക് പേരിട്ടത് എൻ്റെ വല്യമ്മാവൻ ആണ് . അമ്മാവൻ കടപ്പാട്ടൂരപ്പന്റെ തികഞ്ഞ ഭക്തൻ ആയിരുന്നു .ശിവന്റെ ഏതെങ്കിലും പേര്  പെങ്ങളുടെ മകന് ചാർത്തണം എന്ന തീരുമാനം ഞാൻ അമ്മയുടെ വയറ്റിലായിരുന്നപ്പോഴേ അമ്മാവൻ തീരുമാനിച്ചിരുന്നു . അതിനായി ശിവന്റെ പര്യായങ്ങൾ അടങ്ങിയ ഒരു പുസ്തകം വാങ്ങി . എനിക്ക് ആദ്യമിട്ട പേര് 'കടപ്പാട്ടൂരപ്പൻ കുഞ്ഞി'  എന്നായിരുന്നു . കടപ്പാട്ടൂരപ്പന്റെ വലിയ ഭക്തൻ ആയിരുന്നു അമ്മാവൻ.
ചില  ബസ്സുകൾക്കൊക്കെ ഇടുന്ന പേര്  വേണ്ട എന്ന് അച്ഛൻ പറഞ്ഞു . നീലകണ്ഠൻ എന്ന് ഉറപ്പിച്ചു .  അന്ന് ആ പേര് തൊട്ടടുത്ത ചായക്കടയിൽ ചായ അടിക്കുന്ന ആളിന്റെ പേരാണെന്ന കാരണത്താൽ അതും കമ്മിറ്റി തള്ളി . ഒടുവിൽ 'സദാശിവൻ'  എന്ന പേരാണ്  വെറ്റില എന്റെ ചെവിടോടു ചേർത്ത് അമ്മാവൻ മൂന്ന് പ്രാവശ്യം ചൊല്ലിയത് .

സ്വന്തം പേരിൽ ഏത് മെയിൽ ഐഡിയും  കിട്ടും എന്ന ഗുണമുണ്ട് ഈ പേരിന് . എന്റെ പേര് കേട്ട് പെണ്ണ് കാണാൻ ചെല്ലണ്ട എന്ന് പെണ്ണിന്റെ വീട്ടുകാർ ഒരിക്കൽ പറഞ്ഞു . സദാശിവൻ എന്നാൽ വയസ്സായ ആളിൻറെ പോലെ തോന്നുമെന്ന്‌ . പെൺകുട്ടിക്ക് എന്നെ അറിയാവുന്നത് കൊണ്ട് അന്ന് രക്ഷപ്പെട്ടു .സദാ , സദു , ശിവൻ , സദാശിവൻ എന്നൊക്കെ എന്നെ വിളിക്കുന്നവരുണ്ട് .
അച്ഛനും അമ്മയും മരിച്ചതിനുശേഷം ഒരു ജ്യോത്സ്യനെ കണ്ടപ്പോൾ അയാൾ പറഞ്ഞു . ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിൽ മാതാപിതാക്കൾ ഒത്തിരി പ്രാർത്ഥിച്ചു അല്ലെ എന്ന് . പാർക്കിൻസൺ വന്ന് 'അമ്മ വേദനിച്ചപ്പോഴും ശ്വാസം മുട്ടി അച്ഛൻ വിഷമിച്ചപ്പോഴും "എന്റെ ശിവനെ " എന്ന് വിളിച്ച് കരഞ്ഞതാണെന്ന് അയാൾക്കറിയില്ലല്ലോ .'കടപ്പാട്ടൂരപ്പൻ എന്നൊക്കെ ആയിരുന്നെങ്കിൽ അച്ഛൻ ഓക്സിജൻ കിട്ടാതെ പണ്ടേ മരിച്ചേനെ .

പണ്ടൊക്കെ മിക്ക പേരുകളും അർത്ഥമുള്ള പേരുകളായിരുന്നു . അരവിന്ദാക്ഷൻ , മീനാക്ഷി , പങ്കജാക്ഷി , അംബുജാക്ഷി , അംബുജാക്ഷൻ, വനജാക്ഷി  ഇങ്ങനെ കണ്ണ് സംബന്ധിയായ പേരുകൾ . പേരിടുന്നവർ ഒരിക്കലും ശ്രദ്ധിച്ചിട്ടാവില്ല ഇവർക്ക് പേരിട്ടത്  . എന്നെ പഠിപ്പിച്ചിരുന്ന അംബുജാക്ഷി ടീച്ചർ പ്രകടമായ കോങ്കണ്ണിന്റെ ഉടമ ആയിരുന്നു . സുന്ദരൻ എന്ന എൻ്റെ കൂട്ടുകാരനെ കണ്ടാൽ ആരാണോ ഇവന് പേരിട്ടത് എന്ന് തോന്നിപ്പോകും .

മാക്കോത , ചിരുത , പള്ളിപ്പാടി , മുതലായവ താഴ്ന്ന ജാതിക്കാരുടെ പേരുകളാണ് . വീടിനടുത്തുള്ള ജോയ് എന്ന പേരുള്ള ചേട്ടന് ഒരിക്കലും  സന്തോഷം  ഇല്ല.  . സുഭാഷ് ആരോടും മിണ്ടാത്ത പ്രകൃതം .

പ്രിയപ്പെട്ട   മറ്റൊരു പെൺകുട്ടിക്ക് 'മേരി ' എന്ന പേരാണ് . ഞാൻ എന്നും അവൾ പോകുമ്പോൾ ഹിന്ദി അർത്ഥം പടിക്കുമായിരുന്നു . "മേരി എന്റെ , "മേരി എന്റെ" എന്ന് . ഒരിക്കൽ അവളുടെ അപ്പൻ ദേവസ്സി ചേട്ടൻ പറഞ്ഞു . അവളുടെ കല്യാണ നിശ്ചയമായെന്ന് . അന്ന് മുതൽ ഹിന്ദി പഠനം അവസാനിപ്പിച്ചു . മേരി എൻ്റെ അല്ലെന്ന് അന്നാണ് മനസ്സിലായത് .

അച്ഛന്റെ പേരിന്റെ ആദ്യത്തെ അക്ഷരവും , അമ്മയുടെ പേരിന്റെ ആദ്യത്തെ അക്ഷരവും ചേർത്ത് പേരിടുന്ന ഒരു സമ്പ്രദായം പിന്നീടാണ് വന്നത് . സരസ്വതിക്കും മോഹനനും ജനിച്ചവൻ എന്ന രീതിയിൽ സമോജ് എന്നിടും . ഉല്ലാസും മാനസിയും ആയാൽ ഉമ എന്നായാലും കുഴപ്പമില്ല . വിജയനും രതിക്കും ആണെങ്കിലാണ് കുഴപ്പം . കൃഷ്ണനും മിന്നുവിനും ആയാലും കുഴപ്പം തന്നെ .
പണ്ടൊക്കെ വിശേഷദിവസങ്ങളിൽ ജനിക്കുന്ന കുട്ടിക്ക് ആ ദിവസത്തിന്റെ ഓർമ്മക്കായി പേരിടും . കേരളപ്പിറവി ദിനത്തിൽ ഉണ്ടായ ചേച്ചിക്ക് കേരളം എന്ന പേര് കൊള്ളാം .

കൂട്ടുകാരന്റെ പൂച്ചയുടെ പേര് "നോട്ട" . അവൻ നോട്ട് നിരോധിച്ച ദിവസം ഉണ്ടായതാണ് .

ഒരിക്കൽ ഒരു ചേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും  ബസ്സിൽ കയറി സ്റ്റോപ്പെത്തിയപ്പോൾ ഭാര്യ ഇറങ്ങാൻ മറന്നു . ചേട്ടനോട് ഭാര്യയുടെ പേര് ചോദിച്ചു വിളിക്കാൻ കണ്ടക്ടർ പറയുന്നുണ്ട് . കൊന്നാൽ ചേട്ടൻ ഭാര്യയെ വിളിക്കില്ല . കാരണം ഭാര്യയുടെ പേര് 'ഷക്കീല' എന്നായിരുന്നത്രെ . 
ധീര എന്ന ഒരു വക്കീൽ ചേച്ചി രാത്രി പേടികൊണ്ട് ലൈറ്റ് ഇട്ടാണ് ഉറങ്ങുന്നത് .ഇനി ആരും ഈ പേരിടരുത് എന്ന വാശിയിൽ അടുത്ത സുഹൃത്ത് മകനിട്ട പേര് "ആനന്ദ് ദേവദത്ത് നാരായൺ കൃഷ്ണ ".

അപ്പന് ഇത് തൻ്റെ തന്നെ എന്നുറപ്പിക്കാൻ അപ്പൻറെ പേരിനൊപ്പം ഒരു സൺ കൂടെ ചേർക്കും . ഉദാഹരണത്തിന് അപ്പന്റെ പേര് ജോയ് ആയാൽ ജോയ്‌സൺ . രാം അയാൾ രാംസൺ ഡേവിസ് ഡേവിസൺ എന്നൊക്കെ .

സംഗീതം ഇഷ്ടപ്പെടുന്നവർ ഇടുന്ന പേരുകളാണ് പല്ലവി , കല്യാണി , സരിഗ , നിസരി . കദന കുതൂഹലം എന്ന ഒരു രാഗമുണ്ട് . ഈ രാഗം വളരെ ഇഷ്ടപ്പെട്ടിരുന്ന ഭാഗവതർ മകനിട്ട പേരാണ് "കദൻ കുതൂഹൽ കുമാർ " .
മലയാളത്തിൽ  പ്രചുരപ്രചാരത്തിൽ ഇരിക്കുന്ന രണ്ട് അശ്‌ളീല പദങ്ങളുടെ ആദ്യാക്ഷരമുള്ള ലോകോത്തര ബ്രാൻഡ് ടീഷർട്ട് ഇട്ടാണ് ഞാൻ ഇതെഴുതുന്നത്. PUMA . പേരിന്റെ കഥ എഴുതിയപ്പോൾ ഇത് കയറിവന്നത് തികച്ചും യാദൃശ്ചികം .
Join WhatsApp News
vincent emmanuel 2020-10-08 00:14:57
I know this writer. creative write up.Please continue to write sivan. This is entertaining for sure.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക