Image

കള്ളം മഷിവരയ്ക്കുന്ന കണ്ണുകൾ (കവിത: ആൻസി സാജൻ )

Published on 10 October, 2020
കള്ളം മഷിവരയ്ക്കുന്ന കണ്ണുകൾ (കവിത: ആൻസി സാജൻ )
കാലങ്ങൾക്കിപ്പുറം
അന്ന് നിന്ന മരച്ഛായയിൽ
ഒന്നിച്ചു വന്ന രണ്ടു പേർ ,
ഏറെ മാറിപ്പോയ്
നീയെന്നൊരാൾ
കണ്ടിട്ടറിഞ്ഞതേയില്ലെന്ന്
മറ്റേയാൾ 
ആദ്യത്തെയാൾ
ഉറ്റുനോക്കി
താൻ പകർന്ന
ചുംബനപ്പാടുകൾ
പതിഞ്ഞു കിടന്നത്
കണ്ടെടുത്തു
ഓർമ്മയില്ലേ
അന്ന് നമ്മൾ ....
എന്തിനാണിങ്ങനെ
നോക്കി നിൽക്കുന്നത്
എനിക്കതൊന്നു
 - മോർമ്മയില്ല
കണ്ണിനു ചോട്ടിൽ
കള്ളത്തരം മഷിവരയ്ക്കുന്നത്
കണ്ടു 
തിരിഞ്ഞു നടന്നയാൾ
ആശ്വസിച്ചു  ...
ഈ മരത്തിനും
അതിന്റെ നിഴലിനും
അറിയുമെല്ലാം ...
അതല്ലാതെ
ഓർമ്മകൾക്കെന്തു സുഗന്ധം ...??
Join WhatsApp News
സിന്ധു തോമസ് 2020-10-10 08:49:15
കവിത മനോഹരം. അഭിനന്ദനങ്ങൾ!!!
Renu Sreevatsan 2020-10-13 08:55:05
ഹോ.. സത്യം പോൽ മൂർച്ചയും നൈർമല്യവുമുള്ള വരികൾ...പൊതിഞ്ഞുവെച്ചൊരു കനൽ പോലെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക