Image

നീലച്ചിറകുള്ള മൂക്കുത്തികൾ 34- സന റബ്സ്

Published on 11 October, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ 34- സന റബ്സ്
2010 ജനുവരി മാസത്തിലെ ആദ്യ ഞായറാഴ്ച
“വിവാഹത്തിനു  മാസങ്ങളേയുള്ളൂ. ഏര്‍പ്പാടുകള്‍ ഒരുപാട് ചെയ്യാനുണ്ട്. മുംബൈയിലും ഡല്‍ഹിയിലും  വെഡിംഗ് റിസപ്ഷന്‍ ഉണ്ടാകും. മറ്റെവിടെയെങ്കിലും വേണമെന്നു  റായ് പറഞ്ഞിട്ടുണ്ടോ?” വിവാഹലിസ്റ്റുകള്‍ ഉണ്ടാക്കുകയായിരുന്നു സഞ്ജയ്‌ പ്രണോതി. മിലാന്റെയും ദാസിന്റെയും  വസ്ത്രങ്ങളുടെ കാര്യമൊഴികെ മറ്റെല്ലാം നോക്കേണ്ടതുണ്ട്. അയാള്‍ ഓരോ കാര്യവും ചോദിക്കുമ്പോള്‍ ദാസിന്റെ തിരക്കുകളും പ്ലാനും അനുസരിച്ച് ഓരോന്നും മിലാന്‍  ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു.

“ഫെബ്രുവരിയും മാര്‍ച്ചും ഐപിഎല്‍ കളിയാണ്. അവരുടെ കൂടെ നില്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് തീരുമാനങ്ങള്‍ ജനുവരിയില്‍ ഉറപ്പിക്കണം.” മിലാന്റെ അനേഷണങ്ങള്‍ക്ക് മറുപടിയായി ദാസ്‌ പറഞ്ഞു. “ഹണിമൂണ്‍ അടക്കം...”

ഹണിമൂണ്‍.... മിലാന്റെ ഉള്ളിലൂടെ കുറെയേറെ രാജ്യങ്ങള്‍ മിന്നിമാഞ്ഞുപോയി. “എവിടേയ്ക്ക്?”

“നിനക്കിഷ്ടമുള്ള എവിടേയ്ക്കും.... അതില്‍ അമേരിക്ക എന്തായാലും ഉണ്ട്. നമ്മുടെ ഹെലികോപ്റ്റര്‍ റൈഡ് ആള്‍സോ...”

“ഓഹോ.... അതുമാത്രമോ,  എങ്കില്‍ മറ്റുള്ള കൂട്ടുകാരികള്‍ക്കൊപ്പം പോയ സ്ഥലങ്ങളുടെ ലിസ്റ്റ് കൂടിയെടുത്താല്‍ എനിക്ക് എളുപ്പമായെനേം.”

“നീ ഫോണ്‍ വെച്ചിട്ടുപോ....” ദാസ്‌ അരിശത്തോടെ പറഞ്ഞു.

കളിയും കാര്യവുമായി ദിവസങ്ങള്‍ ഓടിമറഞ്ഞു. ഫെബ്രുവരിയിലെ പ്രീമിയര്‍ ലീഗ് മല്‍സരം തുടങ്ങി. മുംബൈ ഇന്ത്യന്‍സ് VS കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ് കളി തുടങ്ങുന്ന സമയം മുതല്‍ ദാസ്‌ വളരെ തിരക്കിലായി. മുംബൈ സ്റ്റേഡിയത്തിലും ഡൽഹിയിലും കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലും കളികൾ ഉണ്ടായിരുന്നു. 
മുംബൈ സ്റ്റേഡിയത്തിൽ കളി ഉണ്ടായാൽ തമ്മിൽ കാണണം എന്നൊരു ഐഡിയ ദാസ് മുൻപേ പറഞ്ഞിരുന്നു. 

‘തിരക്കിലാണ്, ഞാന്‍ തിരക്കാറുമ്പോള്‍ വിളിക്കും’ എന്ന സാന്ത്വനത്തില്‍ ഒരു മാസം മിലാന്‍ അയാളെ ബുദ്ധിമുട്ടിച്ചതേയില്ല. പിന്നീടുള്ള ദിവസങ്ങളില്‍  മിലാന്‍ പലപ്പോഴും വിളിച്ചിട്ടും ദാസിനെ കിട്ടാത്തതില്‍ അരിശം കയറിക്കയറി വരുന്നത് അവള്‍തന്നെ അറിയുന്നുണ്ടായിരുന്നു. പലപ്പോഴും ഫോണ്‍ എടുത്തത്‌ നാരായണസാമിയായിരുന്നു.

“എവിടെയാണ് വിദേത്? ഇത്രയും ദിവസമായിട്ടും ഞാന്‍ വിളിക്കുന്നത്‌ നിങ്ങള്‍ പറഞ്ഞില്ലേ?” മിലാന്റെ ശബ്ദത്തില്‍ പ്രകടമായ രോഷം കലര്‍ന്നിരുന്നു.

“മേം..., പറഞ്ഞതാണ്. സാബിനെ നേരിട്ടൊന്നു കിട്ടുന്നില്ല, അത്രയും തിരക്കുകള്‍ ആണ്.  കളി കഴിയാറായില്ലേ....  എപ്പോഴും ആള്‍ക്കൂട്ടത്തിലാണ്. വളരെ ലേറ്റായാണ് കിടക്കുന്നത്. ഇന്നലെ രാത്രി വന്നപ്പോള്‍ സാബിന്റെ കയ്യില്‍ ഫോണും ഇല്ലായിരുന്നു. തിരക്കിനിടയില്‍ അതെവിടെയോ മറന്നു. രാവിലെ തനൂജാമേഡമാണ് അത് എടുത്തു കൊടുത്തത്.”

“ഉം... എന്തായാലും നാളെ ഞാന്‍ സ്റ്റേഡിയത്തിൽ വരുന്നുണ്ട്. അതൊന്ന് ദയവു ചെയ്തു അറിയിച്ചേക്കണം.” രോഷത്തോടെ മിലാന്‍ പറഞ്ഞതുകേട്ട്‌ ക്ഷമാപണസ്വരത്തില്‍ സാമി വിളിച്ചു, “മേം... മന:പൂര്‍വ്വമല്ല മേം....”

ആ സ്വരത്തെ ഖണ്ഡിച്ചുകൊണ്ട് മിലാന്‍ ഫോണ്‍കട്ട്‌ചെയ്തു. നാരായണസ്വാമി സ്റ്റേഡിയത്തിലേക്ക് ഓടി. വാതില്‍ക്കല്‍ തനൂജയുടെ പിഎ നില്‍പ്പുണ്ട്. സാമിയുടെ വെപ്രാളം കണ്ടു  അയാള്‍ വഴിയൊഴിഞ്ഞു കൊടുത്തു. സ്റ്റേഡിയത്തിന്‍റെ അങ്ങേയറ്റത്ത്‌ ടീം അംഗങ്ങളുമായി വളരെ സീരിയസ് ആയി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്ന ദാസിനരികിലേക്ക് ഓടിയടുക്കുന്ന സാമിയുടെ അരികിലേക്ക് തനൂജ നടന്നടുത്തു. 
“എന്താ..?  എന്ത് പറ്റി..?” അവള്‍ ആരാഞ്ഞു.

“ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. വെരി അര്‍ജെന്റ്റ്... ഞാനൊന്നു കണ്ടിട്ട് വരാം....”

“എന്തിനാണെങ്കിലും  അല്പം വെയിറ്റ് ചെയ്താല്‍ നന്നായി. കാരണം അതിലെ ചില അംഗങ്ങള്‍ക്ക് ഇപ്പോള്‍ പുറത്തേക്കു പോകാനുള്ള വണ്ടി വരും. റായ് ലേറ്റായാല്‍ അവരും ലേറ്റാകും, നാളെ കളിയുള്ളതാണ്.”

അത് ശരിയാണ് . അയാള്‍ അല്പം മടിച്ചത് കണ്ട തനൂജ തലയിലെ ഹാറ്റ് ഒന്നൂടെ ശരിയാക്കി വെച്ചു. “സാമി അല്ലെങ്കില്‍ ആ കാര്യം എഴുതിത്തരൂ, ആ ഡിസ്കഷന്‍ കഴിഞ്ഞാല്‍ ഞാന്‍ കൊടുക്കാം...” വളരെ സ്വാഭാവികമായി തനൂജ പറഞ്ഞ നിര്‍ദേശം നന്നെന്ന് തോന്നിയ സാമി തന്റെ കയ്യിലെ ബുക്കില്‍നിന്നും  അന്നത്തെ തീയതിയിട്ട ഒരേട് ചീന്തിയെടുത്തു. അതിലിങ്ങനെ എഴുതി.

“സാബ്.., പ്രണോതിമേം വിളിച്ചിരുന്നു. നാളെ  കളികാണാന്‍ വരുമെന്ന് പറഞ്ഞു.”

പേപ്പര്‍ തനൂജയുടെ കയ്യിലേക്കുകൊടുത്തു സാമി തിരിഞ്ഞുനടന്നു. കോപത്തോടെ മിലാന്‍ പറഞ്ഞ വാക്കുകളായിരുന്നു നാരയണസാമിയുടെ  മനസ്സിലപ്പോള്‍ അലയടിച്ചത്. അയാള്‍ ദാസിന്‍റെ ഫോണിലേക്ക് ഈ വിവരം കാണിച്ച് മെസ്സേജയക്കുകയും  ചെയ്തിരുന്നു.

ഗൂഢമായൊരു ചിരിയോടെ തനൂജ ആ ചുരുള്‍ വിരലുകള്‍ക്കിടയില്‍ കശക്കി. ദൂരെ മാറിനിന്ന് അവള്‍ ദാസിനെ നോക്കി. അല്പം കഴിഞ്ഞ് എന്തിനോ മുഖമുയര്‍ത്തി നോക്കിയ ദാസ്‌ വെയിലത്തുനിന്നു  ചിലരോടൊക്കെ സംസാരിക്കുകയും ഓടിനടക്കുകയും ചെയ്യുന്ന തനൂജയെക്കണ്ട് ഒന്നുചിരിച്ചു തന്റെ ജോലികളിലേക്കു  ഊളിയിട്ടു.

നേര്‍ക്കുനേർ  വന്നപ്പോള്‍ തനൂജ ദാസിനുനേരെ  ആ ചുരുള്‍ നീട്ടി. “സാമി നല്‍കിയതാണ്, തിരക്കായതിനാല്‍ ഞാന്‍ വാങ്ങി.” ദാസ്‌ നന്ദിപറഞ്ഞു.

 മുറിയിലെത്തിയ ദാസ്‌ മിലാന്‍ വന്നാല്‍ താമസിക്കാനുള്ള കാര്യങ്ങള്‍ ഏര്‍പ്പാട് ചെയ്യാന്‍ സാമിയെ വിളിച്ചു.
“സാബ്, സാബിന്‍റെ മുറിയുടെ അരികില്‍ വേണമെന്ന് പ്രണോതിമേം പറഞ്ഞിരുന്നു. പക്ഷെ ഈ ഫ്ലോര്‍  ഫുള്‍ ആണ്. മുകള്‍ നിലയില്‍ കളിക്കാര്‍ക്കുള്ള റൂമുകള്‍ ആണ്. അവിടെ രണ്ടു റൂം മാത്രമേ ഒഴിവുള്ളൂ.”

“ആയിക്കോട്ടെ, ആ രണ്ടുമുറിയും എടുക്കൂ, എന്നിട്ട് വൈകുന്നേരം എന്റെ ലഗേജ് അങ്ങോട്ട്‌ എത്തിച്ചാല്‍ മതി”

“ഓക്കേ സാബ്, അപ്പോള്‍ ഈ മുറി?”

“ഈ മുറി വെക്കേറ്റ് ചെയ്യേണ്ട. പെട്ടെന്ന് ആരെങ്കിലും വന്നാല്‍ നമുക്ക് റൂം ഇല്ലാത്ത ടെന്‍ഷന്‍ വേണ്ടല്ലോ”

“ഗസ്റ്റിനുള്ള മുറികള്‍ വേറെ എടുത്തിട്ടിട്ടുണ്ടല്ലോ സാബ്..”

“ആവട്ടെടോ, ഇതും കൂടി ഇരിക്കട്ടെ...” ദാസ്‌ മുഖമുയര്‍ത്തി സാമിയെ നോക്കി ചിരിച്ചു.

“യെസ് സാബ്.... ഷുവര്‍....”

“ഞാന്‍ ഈ മുറിയില്‍തന്നെയാണെന്ന് മറ്റുള്ളവര്‍ അറിഞ്ഞാല്‍ മതി.” വാതിൽക്കൽ  എത്തിയ സാമിയെ ദാസ് ഓര്‍മ്മിപ്പിച്ചു. അയാള്‍ തലകുലുക്കി പുറത്തിറങ്ങിപ്പോയി.

“വളരെ തിരക്കിലാണ്, നിനക്ക് മുറി ബുക്ക്‌ ചെയ്തിട്ടുണ്ട്. റൂം നമ്പര്‍ സാമി വിളിച്ചു പറയും, അതിന്റെ അപ്പുറത്തെ മുറിയില്‍ ഞാന്‍ ഉണ്ട്. നാളെ രാത്രി വൈകിയാലും ഞാന്‍ വരും, സീ യൂ മൈ ഫെയറി ഏയ്ന്ജല്‍...” മെസ്സേജ് അയച്ചിട്ട് അയാള്‍ കിടക്കയിലേക്ക് കയറിക്കിടന്നു. വിളിക്കണമെന്നുണ്ട്. പക്ഷെ ദിവസങ്ങൾ നീണ്ട അലച്ചിലുകളും ക്ഷീണവും അയാളുടെ വിരലുകളെയും കണ്പീലികളെയും ഫോണില്‍ നിന്നും തള്ളി താഴെയിട്ടു.

മെസ്സേജ് കിട്ടിയ ഉടനെ മിലാന്‍ ദാസിനെ വിളിച്ചിരുന്നു. ഉറങ്ങിപ്പോയ റായ് വിദേതന്‍ കാള്‍ കണ്ടില്ല. രണ്ടാഴ്ചയോളമായി വെറും വോയിസ്‌ മെസ്സേജും ടെക്സ്റ്റ് മെസ്സേജും മാത്രം കിട്ടിയ മിലാന്‍ അക്ഷമയായിരുന്നു. ഒരുതവണ അവള്‍  വിളിച്ചപ്പോള്‍ ദാസിന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്തത് തനൂജയായിരുന്നു. 

പിറ്റേന്ന് ഉറക്കമുണര്‍ന്ന ദാസ്‌ തന്റെ സ്യൂട്ടിന്റെ സിറ്റിംഗ്റൂമില്‍  കുറെ പൂക്കള്‍ കണ്ടു. സ്യൂട്ടിന്റെ സിറ്റിംഗ് റൂമിന്റെ താക്കോല്‍ എപ്പോഴും സാമിയുടെ കയ്യില്‍ കാണും. അര്‍ജെന്റ്റ് മാറ്റര്‍ ഉണ്ടെങ്കില്‍ വാതിലില്‍ തട്ടി വിളിക്കാനുള്ള സ്വാതന്ത്ര്യം സാമിക്കുണ്ട്. ആരാണ് രാവിലെ പൂക്കളയച്ചത്. അതില്‍ ഒരു തുണ്ട് കടലാസ്സ്‌ ഒട്ടിച്ചുവെച്ചിരുന്നു.

“വാം വിഷെസ് ഡിയര്‍ റായ്.... ഹാവ് എ സ്പ്ലെന്‍ഡിട് ഡേ.... സ്നേഹത്തോടെ തനു....” കടലാസ് ചുരുള്‍ വായിച്ച ആ മുഖത്ത് ഒരു ചെറുചിരി മിന്നി. 
ഓ.... ഇന്ന് നമ്മുടെ മാച്ച് ആണല്ലോ, ആശംസകള്‍ തനൂജ അറിയിച്ചിരിക്കുന്നു.

സാമി കടന്നുവന്നു. “തനൂജാമേഡം നേരിട്ട് കൊണ്ടുവന്നപ്പോള്‍ ഞാന്‍ തുറന്നുകൊടുത്തു.”

“ഉം, നന്നായി.... എന്തെങ്കിലും സ്പെഷ്യല്‍ മെസ്സേജ് ഉണ്ടോ?”

“മിത്രമോളുടെ കാള്‍ ഉണ്ടാരുന്നു.  കളി കാണാന്‍ ഉണ്ടാകുമെന്നാണ് പറഞ്ഞത്.”

“ആവട്ടെ, റൂം ഉണ്ടല്ലോ അല്ലെ,”

“ഉണ്ട് സാബ്....”

“ഒക്കെ, അവളെ പ്രത്യേകം ശ്രദ്ധിക്കണം. അറിയാമല്ലോ”

“യെസ് സാബ്...അറിയാം...”

 അയാള്‍ മിലാനെ വിളിച്ചു. “തിരക്കോട് തിരക്ക്. അറിയില്ലേ, പിന്നെന്തിനാണ് വിളിച്ചു വശം കെടുത്തുന്നത്?”

“വോയിസ്‌ മെസ്സേജ് നല്‍കുന്ന നേരം മതിയല്ലോ വിളിക്കാന്‍...” അവള്‍ ഒന്ന് നിറുത്തി തുടര്‍ന്നു. “ഒരിക്കല്‍ വിളിച്ചപ്പോള്‍ തനൂജയുടെ കയ്യിലായിരുന്നു ഫോണ്‍. എങ്ങനെയാണ് പേര്‍സണല്‍ ഫോണ്‍ ഇങ്ങനെ മറ്റുള്ളവര്‍ക്ക്‌ കൊടുക്കുന്നത്?”

“മിലാന്‍, നീ കൊച്ചുകുട്ടിയെപ്പോലെ നില്‍ക്കരുത്. എനിക്കെന്തെല്ലാം പ്രഷര്‍ ഉണ്ടെന്നറിയാമോ.... ഓരോ മിനിട്ടിലും ലക്ഷങ്ങളും കോടികളും വേണ്ട വലിയൊരു പ്രോജെക്റ്റ് ആണീ കളി. അതിനിടയില്‍ ഹൈസ്കൂള്‍ കുട്ടിയെപ്പോലെ ഞാന്‍ നിനക്ക് വിളിച്ചുകൊണ്ടേയിരിക്കണം എന്ന് വന്നാല്‍....”

മിലാന്‍ സ്വരമടക്കി.

“എന്റെ ബിസിനസ് നമ്പര്‍ മാറ്റിയിട്ടിരിക്കുന്നത് പേര്‍സണല്‍  ഫോണിലാണ്. എല്ലാം ഡിലീറ്റ് ചെയ്തിട്ടാണ് വെച്ചിരിക്കുന്നത്. ആ ഫോണാവുമ്പോള്‍ എനിക്ക് ബിസിനസ് കാര്യങ്ങളും ചെയ്യാം. വലിയ ഫോണല്ലേ...”

മിലാന്‍ മൂളാതെ കേട്ടു.

“ഇതൊന്ന് കഴിയട്ടെ, മുംബൈയില്‍തന്നെയല്ലേ സ്റ്റേഡിയം...  നീ വൈകുന്നേരം വരുമല്ലോ, നമുക്ക് സംസാരിക്കാം. പോരെ”

മറുപടി കാക്കാതെ അയാള്‍ ഫോണ്‍ വെച്ചിരുന്നു. മുംബൈയില്‍തന്നെ ആയതിനാല്‍ മിലാന് കാറിൽ  വരാവുന്നതേയുള്ളൂ എന്നായിരുന്നു ദാസ്‌ ചിന്തിച്ചത്. മിലാന്‍ കരുതിയത്‌ അയാള്‍ അവളെ വിളിക്കാന്‍ ആളെ വിടുമെന്നും! പക്ഷെ അതെക്കുറിച്ച് ചോദിക്കാന്‍ ആയുമ്പോഴേക്കും ദാസ്‌ കാള്‍ കട്ട്‌ ചെയ്തു. വീണ്ടും വിളിക്കാന്‍ മിലാന്‍ മടിച്ചു. താൻ തനിയെ പോയാൽ അതുമതി അമ്മയ്ക്ക് ഓരോന്ന് പറയാനും ചിന്തിക്കാനും. 
കളിയില്‍ തനിക്ക് താല്പര്യമൊന്നുമില്ലെങ്കിലും ഒരുമിച്ചു കുറച്ചുനേരം ഉണ്ടാവാം എന്നു  കരുതിയാണ്  പോകാമെന്ന് വെച്ചത്. എങ്കിലും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.

 ആ മനസ്സങ്ങനെ ഇലയുതിരാന്‍ വെമ്പി നില്‍ക്കുന്ന തണ്ടുപോലെ ഊയലാടി. തയ്യാറാവാന്‍വേണ്ടി അവള്‍ കണ്ണാടിയിലേക്ക് നോക്കി. കണ്ണാടിയിലെ തന്‍റെരൂപത്തിന്റെ തൂവെള്ള പൈജാമയുടെ വെണ്മ അവളെ ഓരോര്‍മ്മയിലേക്ക് തള്ളിയിട്ടു. ഒരുനാള്‍ പെടുന്നനെ അവളുടെ ഫോണിലേക്ക് വന്നൊരു മെസ്സേജ്. “വെള്ളവസ്ത്രം ഉണ്ടെങ്കില്‍ അതൊന്നു ധരിക്കൂ മിലാന്‍,  വെയര്‍ വൈറ്റ് ഡ്രസ്സ്‌ ഇന്നെര്‍ ആന്‍ഡ്‌ ഔട്ടര്‍ മൈ ഡാര്‍ലിംഗ്, ഇഫ്‌ യു ഹാവ്.”

“പക്ഷെ നമ്മള്‍ ഇപ്പോള്‍ അകലെയല്ലേ... ഞാന്‍ ധരിച്ചിട്ടെന്താണിപ്പോള്‍..?” അവള്‍ ചിരിച്ചു.

“നോ...എനിക്ക് കാണാം...വെയര്‍ ഇറ്റ്‌ ആന്‍ഡ്‌ കാള്‍ മി.”

അന്നത്തെ ചെറുമന്ദഹാസം ഇപ്പോഴും അവളുടെ ചുണ്ടില്‍ വന്നു കൊത്തി.

കുറച്ചു ഖനീഭവിച്ച ഈ അന്തരീക്ഷം ഉരുക്കിയാലോ. ഒരു പ്ലസന്റ്റ് സര്‍പ്രൈസ് കൊടുത്തുകൊണ്ട് ആ മുന്നില്‍  അല്പം നേരത്തെ പ്രത്യക്ഷപ്പെട്ടാലോ... 
മിലാന്‍ കൂടുതൽ  ചിന്തിച്ചില്ല. 
രാത്രി എട്ടുമണിക്കാണ് മാച്ച് തുടങ്ങുന്നത്. സ്റ്റേഡിയത്തില്‍നിന്നും ദാസ്‌ മടങ്ങുമ്പോള്‍ എന്തായാലും പന്ത്രണ്ടുമണി കഴിയുമെന്നുറപ്പാണ്.

“ഹായ് ദീദീ..., ഹോട്ടല്‍ റിസപ്ഷനില്‍ കയറിയപ്പോഴേ മൈത്രേയി മിലാനെ കണ്ടു. പൂക്കളുടെ ഒരു ബൊക്കെയുമായി മൈത്രേയി ഓടിവന്നു.

“വാം വെല്‍ക്കം, അച്ഛന്‍ പറഞ്ഞിരുന്നു വരുമെന്ന്... ഞാന്‍ അതിനാല്‍ വെയിറ്റ് ചെയ്യുകയായിരുന്നു.” മിത്ര അവളെ കെട്ടിപ്പിടിച്ചു. മെലിഞ്ഞുനീണ്ട വെട്ടിയൊതുക്കിയ താടിയും മുടിയുമുള്ള ഒരു ചെറുപ്പക്കാരന്‍ മിത്രയുടെ അരികിലുണ്ടായിരുന്നു. എവിടെയോ കണ്ടതുപോലുള്ള മുഖം.

“ഇത് അലന്‍... അലന്‍ കിഷോര്‍... എന്റെ ഫ്രണ്ട് ആണ്.” അയാളുടെ കൈ പിടിച്ചു മിത്ര പരിചയപ്പെടുത്തി.   മിലാന് ഓര്‍മ്മ വന്നു. യെസ്, അലന്‍ കിഷോര്‍... ഗായകനാണ്. അവള്‍ പുഞ്ചിരിയോടെ ആ ചെറുപ്പക്കാരനെ നോക്കി.

“വെറും ഫ്രണ്ട് ആണോ അത്?” തന്റെ മുറിയിലെത്തിയപ്പോള്‍ മിലാന്‍ മൈത്രെയിയെ നോക്കി.

“സത്യത്തില്‍ ഹി ഈസ്‌ മൈ ബോയ്‌ഫ്രണ്ട്. മാച്ച് കാണാനുംകൂടി വന്നതാണ്‌.”

“അതായത് വേറെയും പ്രോഗ്രാം ഉണ്ടെന്ന് അല്ലെ?”

“യെസ് ദീദീ, അച്ഛനെ പരിചയപ്പെടുത്താന്‍ ഉദ്ദേശിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ ഇവന്‍ പോകും, അച്ഛനും ഫ്രീയാകുമായിരിക്കും. ഞങ്ങളുടെ കൂടെ ഒരു കാപ്പി കുടിക്കാന്‍ വരാമോ?” മൈത്രേയി ചോദിച്ചപ്പോള്‍ മിലാന് ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല.

താഴെ റെസ്റ്റോറന്റില്‍ മൈത്രേയിയുടെ കിലുകിലാരവത്തില്‍ അലനും ചേര്‍ന്നപ്പോള്‍ സമയം പറന്നുപോയി. മൂന്നുപേരുംകൂടിയുള്ള ഫോട്ടോ എടുക്കലും നീണ്ടുപോയി.

“ഞങ്ങള്‍ ഇപ്പോള്‍ പുറത്തുപോകും, അച്ഛന്‍ ചോദിച്ചാല്‍ ദീദി പറഞ്ഞാല്‍ മതി.” മിത്ര എഴുന്നേറ്റു മിലാനെ കെട്ടിപ്പിടിച്ചു കവിളില്‍ ചുംബിച്ചു.

“അയ്യോ... ഞാനെന്ത് പറയാനാണ്? മിത്രാ... പ്ലീസ് ലിസന്‍...” മിലാന്‍ വിളിച്ചു പറയുമ്പോഴേക്കും മിത്ര വാതില്‍ക്കലെത്തിയിരുന്നു. അലനും മൈത്രേയിയും  ഒരുമിച്ചു തിരിഞ്ഞുനോക്കി അവള്‍ക്കൊരു ഫ്ലയിംഗ് കിസ്സ്‌ എറിഞ്ഞുകൊടുത്തു. “നോ.......  ദീദീ...... ദീദി പറഞ്ഞാല്‍ മതി.”

ആണ്‍സുഹൃത്തുമായി മകള്‍ കറങ്ങാന്‍ പോയെന്ന് പറഞ്ഞാല്‍ വിദേതിന്റെ പ്രതികരണം എന്തായിരിക്കും. എന്തിനാണീ കുട്ടി ഈ വിഷമം പിടിച്ച ദൗത്യം എന്റെ തലയില്‍ ഇട്ടത്? നേരത്തെ വരേണ്ടായിരുന്നു.  മിലാന് ആകെ മുഷിച്ചില്‍ തോന്നി.

“മേം, സ്റ്റേഡിയത്തിലേക്ക് പോകുന്നില്ലേ?” സാമിയുടെ ശബ്ദമാണ് അവളെ ചിന്തയില്‍ നിന്നുണര്‍ത്തിയത്.

“ പോകാം.... വിദേത് അവിടെയുണ്ടല്ലോ അല്ലേ?”

“ഉണ്ട് മേം... ഞാന്‍ കൊണ്ടുവിടാം...”

സ്റ്റേഡിയത്തില്‍ എത്തിയപ്പോഴേ ആരവം കേട്ടു മിലാന്‍ മുകളിലേക്ക് നോക്കി. കളി തുടങ്ങിയിരുന്നു. ആളുകള്‍ക്കിടയിലൂടെ സാമി മുന്നോട്ടു നടന്നു. മിലാന്‍ വരുന്നതുകണ്ടു  ദാസ്‌ എഴുന്നേറ്റു  മിലാന്റെ അരികിലേക്കുവന്നു. ആളുകള്‍ തിരക്കുക്കൂട്ടി ഫോട്ടോ എടുക്കാന്‍ മത്സരിച്ചുകൊണ്ടിരുന്നു.

ഹാറ്റ്‌ വച്ചൊരു ശിരസ്സ്‌ തിരിഞ്ഞുനോക്കി ചിരിച്ചു. മിലാനും തനൂജയ്ക്ക്  പുഞ്ചിരി സമ്മാനിച്ചു.

“പിണക്കമെല്ലാം തീര്‍ന്നോ?’ ദാസിന്റെ ആദ്യ ചോദ്യം അതായിരുന്നു.

“ഇല്ലെങ്കില്‍...?”

“ഇന്ന് രാത്രി തീര്‍ത്തേക്കാം, പോരെ?” ദാസ്‌ അവളുടെ കൈകള്‍ കവർന്നുകൊണ്ട് അടുത്തേക്കിരുന്നു.

“ഞാന്‍ കുറച്ചു നേരത്തെ വന്നിരുന്നു.” മിലാന്‍ പറഞ്ഞു.

“എന്നിട്ടെവിടെപ്പോയി?”

“റായ്......” പുറകില്‍ നിന്നും വിളിയുയര്‍ന്നു.

“ഒരു മിനിട്ട് ബേബി....” പറഞ്ഞുകൊണ്ട് ദാസ്‌ തിടുക്കത്തില്‍ നടന്നുപോയി. മിലാന്‍ ഗ്രൌണ്ടിലേക്ക് നോക്കി. അരമണിക്കൂറോളം കഴിഞ്ഞുപോയി. 
“സോറി മിലാന്‍....” പോയ തിടുക്കത്തോടെ ദാസ്‌ ഓടിവന്നു അവള്‍ക്കരികിലിരുന്നു. “എന്നിട്ട്? നേരത്തെ വന്നിട്ട് എന്താ ഇത്രയും ലേറ്റ് ആയത് ഇവിടെയെത്താന്‍...വൈറ്റ് ഗൗണിൽ അസ്സലായിട്ടുണ്ട് നീ... "

“താങ്ക്യൂ.... " മിലാൻ ചിരിച്ചു.  "മിത്ര ഹോട്ടലില്‍ ഉണ്ടായിരുന്നു.”

“ഓ... അവള്‍ എന്നെ വിളിച്ചിരുന്നു. തിരികെ വിളിക്കാന്‍ മറന്നുപോയി.”

“മകളെ തിരികെ വിളിക്കാന്‍ മറന്നെന്ന്...അല്ലെ?”

“അതിനവിടെ സാമിയുണ്ട്. മറ്റ് സ്റ്റാഫും ഉണ്ട്. അവള്‍ക്ക് ഒരു കുറവും വരില്ല.”

“മിത്രയുടെ കൂടെ മറ്റൊരു ഫ്രണ്ട് ഉണ്ടായിരുന്നു.” മിലാന്‍ പറയുന്നതിനിടയില്‍ ഫോണ്‍ അടിച്ചതെല്ലാം അയാള്‍ കട്ട്‌ ചെയ്യുന്നുണ്ടായിരുന്നു.

“റായ്.... എക്സ്ക്യൂസ് മീ....” വീണ്ടും തനൂജ പുറകില്‍.

“സോറി മിലാന്‍....ഇപ്പോള്‍ വരാം... ഉടനെ...” ദാസ്‌ വീണ്ടും എഴുന്നേറ്റു പോയി.

ഇതിങ്ങനെ രണ്ടുമൂന്നുതവണ ആവര്‍ത്തിച്ചു. വീണ്ടും ദാസ്‌ ഓടിവന്നപ്പോള്‍ മിലാന്‍ പറഞ്ഞു. “ഇറ്റ്‌സ് ഓക്കേ വിദേത്... ഞാന്‍ മടങ്ങുന്നു. തിരക്ക് മനസ്സിലായി. നമുക്ക് ഹോട്ടലില്‍ കാണാം. വന്നാല്‍ വിളിച്ചാല്‍ മതി.”

യാത്ര പറഞ്ഞു മിലാന്‍ താഴേക്കിറങ്ങി. തിരമാലകൾപോലെ  ഓരോ കാര്യങ്ങള്‍ക്കായി എല്ലാവരും നിരന്നുനില്‍ക്കുമ്പോള്‍ അയാളുടെ മൂഡ്‌ നശിപ്പിക്കാന്‍ മിലാന്‍ മെനെക്കെട്ടില്ല. തിരികെ ഹോട്ടലിലേക്ക് കാര്‍ ഒഴുകുമ്പോള്‍  മിലാന്‍റെ മനസ്സ് ശാന്തമായിരുന്നു.

ദാസിന്‍റെ സ്യൂട്ടിനു  തൊട്ടരികില്‍തന്നെയായിരുന്നു മിലാന്റെ മുറി. റോയല്‍ സ്യൂട്ട് സെവെന്‍ ബി. എതിര്‍ദിശയില്‍ അല്‍പ്പം താഴെയായാണ് മൈത്രേയിയുടെ മുറി. അവള്‍ എത്തിയിരിക്കാന്‍ സാധ്യതയില്ലെന്ന് മിലാന്‍ ഓര്‍ത്തു.

മിലാന്‍ കുളിച്ചുതുവർത്തി വന്നു.   തൂവെള്ള സാരിയെടുത്ത് ഡ്രസ്സിംഗ് ടേബിളിലെ നെടുങ്കന്‍ കണ്ണാടിക്ക് മുന്നില്‍നിന്നു ദേഹത്തു വെച്ചു നോക്കി. വെള്ള എപ്പോഴും വിദേതിന് ഇഷ്ടമാണ്.    അവൾ ഭംഗിയോടെ സാരി ഞൊറിഞ്ഞുടുത്തു. സാരിയുടെ പല്ലുവിലും  മാറിലേക്കിടുന്ന കരയിലും  മാത്രമുള്ള ഓറഞ്ച് പൂക്കള്‍ മിലാനു  മനോഹരമായ വശ്യത നല്‍കി. മുടിയിലെ വെള്ളം കളയാൻ ഡ്രയർ എടുത്തെങ്കിലും  അതുവേണ്ടെന്നുവെച്ചു മിലാൻ തലമുടിയിലെ വെള്ളം ടവൽകൊണ്ട് നന്നായി തുടച്ചു കളഞ്ഞു.  എന്നിട്ടൊരു  ചുവന്ന പൊട്ടെടുത്തു നെറ്റിയില്‍ തൊട്ടു.  

സാരിയുടെ അറ്റത്ത്‌ വിരല്‍കൊണ്ട് ചെറിയ കുടുക്കുകള്‍ കെട്ടുകയും അഴിക്കുകയും ചെയ്തുകൊണ്ട് മിലാന്‍ മുറിയില്‍ നടന്നു. കുറെ കഴിഞ്ഞു മിലാന്‍ തന്റെ വാതില്‍ തുറന്നു ദാസിന്റെ വാതില്‍ക്കലേക്ക് നോക്കി. 

 ഭഞ്ജിക്കപ്പെടാന്‍ ഇഷ്ടമില്ലാത്ത നിശബ്ദതപോലെ വാതില്‍ അടഞ്ഞുതന്നെ കിടക്കുന്നു. 

 അരമണിക്കൂര്‍ക്കൂടി കാത്തിട്ടു മിലാന്‍ താഴെയുള്ള ദാസിന്റെ മുറിയിലേക്ക് പോയി. ഹാന്‍ഡില്‍ തിരിച്ചപ്പോള്‍ ക്ലിക്ക് ശബ്ദത്തോടെ വാതില്‍ തുറന്നു. സിറ്റിംഗ്റൂം തുറന്നുതന്നെ കിടന്നിരുന്നു. മിലാന്‍ സാരിയൊതുക്കി അകത്തേക്കുള്ള വാതില്‍ തള്ളിനോക്കി. ഇല്ല, പൂട്ടിയിരിക്കുന്നു. ഫോണില്‍ ഒന്നുകൂടി വിളിച്ചുനോക്കാം. 
മനോഹരമായ ഫ്ലവര്‍വേസില്‍ പൂക്കള്‍ നിറയെ തലയാട്ടുന്നു; തണ്ടില്‍ ഒട്ടിച്ച കടലാസ്ചുരുള്‍ മിലാന്‍ നിവര്‍ത്തി.

“വാം വിഷെസ് ഡിയര്‍ റായ്.... ഹാവ് എ സ്പ്ലെന്‍ഡിട് ഡേ.... സ്നേഹത്തോടെ തനു....”

തനൂജയുടെ ഗിഫ്റ്റ് ആണല്ലോ....മിലാന്‍ പതുക്കെ പൂക്കളില്‍ തലോടി. ഇത്രയും ഫ്രഷ്‌പൂക്കള്‍ എപ്പോള്‍ വെച്ചതായിരിക്കണം? ഒരു മണിക്കൂര്‍ പോലും പഴകാത്ത പൂക്കള്‍.

അവള്‍ ദാസിനെ വിളിച്ചു. നോ കവറേജ്! കുറച്ചുനേരംകൂടി ഇരുന്നിട്ട്  മിലാന്‍ തിരികെ തന്റെ മുറിയിലേക്ക് പോയി. വരുമ്പോള്‍ വിളിക്കട്ടെ....
അപ്പോഴാണ് മിലാൻ കരോലിന്റെ മെസേജ് വന്നു കിടക്കുന്നത് കണ്ടത്. 
ഫ്രീ ആയാൽ വിളിക്കാൻ പറഞ്ഞിരിക്കുന്നു കരോലിൻ. 
എന്തായാലും ഇനി രാവിലെ വിളിക്കാം. 

മാച്ച് കഴിഞ്ഞ് രാത്രി വൈകി ഹോട്ടലിലേക്കുള്ള യാത്രയില്‍ പതിവിന് വിപരീതമായി ദാസ്‌ പുറകിലെ സീറ്റിലേക്ക് കയറി കണ്ണുകളടച്ചു കിടന്നു. ഇനി ഒരാഴ്ചത്തേക്ക് കളിയില്ല. അല്പം വിശ്രമിക്കാതെ നിവൃത്തിയില്ല എന്നായിട്ടുണ്ട്.

വൈകിയുള്ള രാത്രികളും ക്ഷീണവും  സന്തതസഹചാരിയാവുന്നു. പല രാത്രികളും വൈകിക്കിടന്നു നേരത്തെ ഉണരുന്നു. 
ഇനിയും റൂമില്‍ എത്തിയാല്‍ ഉറങ്ങാന്‍ കഴിയുമോ... അവിടെ മിലാനുണ്ട്. എന്നും കാണുന്നവരാണെങ്കില്‍ ഈ രാത്രി ഉറങ്ങിയേക്കാം എന്ന് കരുതാമായിരുന്നു. പരിഭവത്തോടെയാണ് സ്റ്റേഡിയത്തില്‍നിന്നും അവള്‍ തിരികെ പോയത്.  എങ്കിലും താനൊന്ന് ചേര്‍ത്തുപിടിച്ചാല്‍ തീരുന്ന പരാതിയേ അവള്‍ക്കുള്ളൂ. ചുണ്ടില്‍ ചെറുചിരിയോടെ ദാസ്‌ നിവര്‍ന്നുകിടന്നു.

  നീണ്ട ഹോണ്‍ മുഴങ്ങുന്നത് കേട്ട് അയാള്‍ പുറത്തേക്കു നോക്കി. ട്രാഫിക് ബ്ലോക്കായിരിക്കുന്നു. നഗരത്തിലെ  പതിവുകാഴ്ച! ഇനിയും അരമണിക്കൂർ  ഡ്രൈവ്‌ ഉണ്ട് ഹോട്ടലില്‍ എത്താന്‍. മിലാനെ വിളിക്കുമ്പോള്‍ ലൈന്‍ കിട്ടുന്നുമില്ല.

 ദാസ്‌ എത്തുമ്പോള്‍ റിസപ്ഷനില്‍ സാമി ഉണ്ടായിരുന്നു. “മൈത്രേയിമോള്‍ പുറത്തേക്ക് പോയിരിക്കയാണ്‌. ഒരു ഫ്രണ്ട് ഉണ്ട് കൂടെ.”

“ഉം...സാമി കിടന്നോളൂ....” അയാള്‍ നടന്നു.    

“സാബ്, മൈത്രേയി മോള്‍ പറഞ്ഞത് മുകളിലെ മുറി മോള്‍ക്ക്‌ കൊടുക്കാനാണ്. മോള്‍ടെ ഫ്രണ്ട് വന്നതിനാല്‍ ഒരേ ഫ്ലോറില്‍ മുറി നല്‍കാന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് സാബിന്റെ മുറിയുടെ അപ്പുറത്താണ് കൊടുത്തിരിക്കുന്നത്‌.”

“ഉം.... ശരി. ഇത് പറയാന്‍ വെയിറ്റ് ചെയ്യേണ്ടായിരുന്നല്ലോ, മെസ്സേജ് നല്‍കിയിട്ട് ഉറങ്ങാമായിരുന്നു.” താഴെ മുറിയിലെത്തി  ദാസ്‌ മിലാന്റെ ഫോണിലേക്ക് ടെക്സ്റ്റ്‌ ചെയ്തു. “ഞാന്‍ താഴെ മുറിയിലുണ്ട്. സ്യൂട്ട് നമ്പര്‍ വണ്‍ എ, ഇങ്ങോട്ട് വരൂ...”

അല്പം കഴിഞ്ഞു മറുപടി വന്നു. “ആര്‍ യൂ ഷുവര്‍? അവിടെ ആളുണ്ടോ?”

“നോ....” മറുപടി ടൈപ്പ് ചെയ്തു ദാസ്‌ ഫോണ്‍ ബെഡ്ഡിലേക്കിട്ടു. വീണ്ടും അതെടുത്തു ഒരു മെസ്സേജൂകൂടി  അയച്ചു. 
അര മണിക്കൂര്‍ കഴിഞ്ഞു വന്നാല്‍ മതി. കുളിക്കട്ടെ...

ദാസ്‌ കുളികഴിഞ്ഞു വന്നു വാതിലിന്റെ ലോക്ക് നീക്കിയിട്ടു.  ഫോണ്‍ എടുത്തപ്പോള്‍  മെസ്സേജ് ഉണ്ട്. “വിദേത്... നമ്മുടെ മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്യണം. ഒരു സര്‍പ്രൈസ് ഉണ്ട്.”

“കം മൈ ഡിയര്‍ ഏയ്‌ന്‍ജല്‍.... നിന്‍റെ ഇഷ്ടം പോലെ....” അയാള്‍ ഒരിക്കല്‍ക്കൂടി അവളെ വിളിക്കാന്‍ ഡയല്‍ ചെയ്തു. എന്തോ കാള്‍ പോകുന്നില്ല. മെസ്സേജ് മാത്രം പോകുന്നു.

വീണ്ടും മിലാന്റെ നമ്പറില്‍നിന്നും സന്ദേശം വന്നു. “വാതില്‍ കുറ്റിയിടരുത്. വിദേത് പുറം തിരിഞ്ഞിരിക്കണം കട്ടിലില്‍, ഞാന്‍ പറയുമ്പോള്‍ കണ്ണ് തുറന്നാല്‍ മതി.”

ദാസിന് ചിരി വന്നു. എന്താണിവളുടെ സര്‍പ്രൈസ്... അയാള്‍ ഒന്നുകൂടി ശ്രമിച്ചപ്പോള്‍  റിംഗ് കേട്ടു.

“എന്താ നിന്റെ ഫാന്റസി?”

“ഞാന്‍ അങ്ങോട്ട്‌ വരികയാണ്.” മിലാന്‍റെ സ്വരം സ്വകാര്യംപോലെ കേട്ടു.

“എന്താ സ്വരം വല്ലാതെ....?”

“ഒന്നൂല്ല, ഒരു ഐസ്ക്രീം കഴിച്ചിരുന്നു ഉച്ചയ്ക്ക്. തിരികെ വന്നപ്പോള്‍ ഒരു കോള്‍ഡ്‌ പോലെ... ലൈറ്റ് ഓഫ്‌ ചെയ്തോ?”

“യെസ്....”

പത്തു മിനിറ്റോളം കാത്ത് അയാള്‍ കിടക്കയില്‍ ചെന്നിരുന്നു. മുറിയില്‍ വളരെ നേരിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ, വാതിലിന്‍റെ ഹാന്‍ഡില്‍ തിരിയുന്നത്  സ്പഷ്ടമായിരുന്നു. 
വസ്ത്രമുലയുന്ന സ്വരം. 
പിന്തിരിഞ്ഞിരിക്കുന്ന അയാളിലേക്ക് പെര്‍ഫ്യൂമിന്‍റെ ഗന്ധം വന്നു പൊതിഞ്ഞു. ദാസ്‌ കൈകള്‍ പുറകിലേക്ക് നീട്ടി. പതുപതുത്ത വിരലുകള്‍ നീണ്ടുവന്നു അയാളുടെ കണ്ണുകളെ മൂടി....മൂക്കിലൂടെ കവിളിലൂടെ, ചുണ്ടുകളിലൂടെ ആ വിരലുകള്‍ ഇഴഞ്ഞു. ഇടതൂര്‍ന്നമുടി മുഖത്തേക്ക് വീണു. വല്ലാത്തൊരു മദഗന്ധം ആ മുടിയിഴകള്‍ക്കുണ്ടായിരുന്നു.

‘മിലാന്‍...’ പതുക്കെ വിളിച്ചുകൊണ്ടു ദാസ്‌ തിരിയാന്‍ ശ്രമിച്ചു. മുടിയില്‍ നിന്നും വമിക്കുന്ന ഗന്ധം ആ വിരലുകള്‍ക്കും...

“മിലാന്‍... വാതിലടച്ചുവോ....?”

“ഇല്ല, അടയ്ക്കട്ടെ....” വളരെ പതിഞ്ഞസ്വരത്തില്‍ പറഞ്ഞു അവള്‍ കുറച്ചുനേരംകൂടി അനങ്ങാതെ അങ്ങനെതന്നെനിന്നു. എന്നിട്ട് തിരിഞ്ഞു നടന്നു. നേര്‍ത്ത വെളിച്ചത്തിലൂടെ തൂവെള്ള വസ്ത്രം വാതിലിന്നുനേരെ പോകുന്നത് അവ്യക്തമായാണ് അയാള്‍ കണ്ടത്. മുറിയിലെ വെളിച്ചം മുഴുവനുമണഞ്ഞു. തലയിലേക്ക് പെടുന്നനെ  ജെറ്റ്ലാഗ് വന്നതുപോലെ ചുറ്റുന്നു. 
 തന്നരികിലേക്ക് വന്നു   പുണരുന്ന ദേഹത്തെ  വീണ്ടും പൊതിഞ്ഞുപിടിക്കാനും  അടഞ്ഞുപോകുന്ന കണ്ണുകള്‍ വലിച്ചുതുറക്കാനും റായ് വിദേതന്‍ ഒരുശ്രമം കൂടി നടത്തി. അയാളുടെ മൂക്കില്‍നിന്ന് രോമകൂപങ്ങളിലേക്കും തലച്ചോറിലേക്കുംവരെ ആ മായാമാസ്മരഗന്ധം തുളഞ്ഞിറങ്ങി.

രാത്രി ഏകദേശം ഒരുമണിയോടടുപ്പിച്ചു മിലാന്‍റെ സ്യൂട്ടായ റോയല്‍ സെവെന്‍ ബിയുടെ അതേ ഫ്ലോറിലെ തന്റെ മുറിയിലേക്ക് മൈത്രേയി നടന്നടുത്തു. ദീദി ഉറങ്ങിക്കാണും എന്ന ധാരണയോടെ നടന്ന അവളുടെ മുന്നിലേക്ക്‌ മിലാന്‍ മുറി തുറന്നു.

“ഹായ് ദീദി, ഉറങ്ങിയില്ലേ? എന്തുപറ്റി?”

“ഒന്നുമില്ല, നീ വൈകിയോ?”

“യെസ്, അലനും ഞാനും പാര്‍ട്ടിയില്‍ ആയിരുന്നു. ഞാന്‍ ദീദിക്കും അച്ഛനും മെസ്സേജ് അയച്ചിരുന്നു. വെയിറ്റ് ചെയ്യേണ്ടാ എന്ന് പറഞ്ഞിരുന്നു. കണ്ടില്ലേ?”

“ഞാനൊന്ന് ഉറങ്ങിപ്പോയി, വിദേത് വരുമെന്ന് പറഞ്ഞിരുന്നു.”

“അച്ഛന്‍ വന്നില്ലേ? അച്ഛന്റെ കാര്‍ താഴെയുണ്ടല്ലോ.” മൈത്രേയി പറഞ്ഞതുകേട്ട് മിലാന് സംശയമായി.

“ഒഹ്, എങ്കില്‍ വന്നിരിക്കും. ഞാന്‍ ഉറങ്ങിപ്പോയിരുന്നു. നീ കിടന്നോ, നാളെ കാണാം.”

മൈത്രേയി കയറിപ്പോയപ്പോള്‍ മിലാന്‍ തിരികെ വന്നു ബെഡ്ഡില്‍ കിടന്ന ഫോണ്‍ എടുത്തുനോക്കി. ശരിയാണ്. മൈത്രേയിയുടെ മെസ്സേജ് ഉണ്ട്. ദാസിന്‍റെ മെസ്സേജും കണ്ടു മിലാന്‍ വേഗം തുറന്നു.

“ഹായ് മിലാന്‍, ഞാന്‍ ലേറ്റ് ആയി, വല്ലാത്ത ക്ഷീണം. ഗുഡ്നൈറ്റ്‌. നാളെ കാണാം...”

മിലാന്‍ വല്ലായ്മയോടെയും അത്ഭുതത്തോടെയും  ആ വാക്കുകളിലേക്ക് നോക്കി.

 വിളിക്കുകപോലും ചെയ്യാതെ...ഞാനിവിടെ അരികില്‍ ഉണ്ടായിട്ടും... അത്ര പെട്ടെന്ന് ഉറങ്ങിപ്പോകുന്നയാളല്ലല്ലോ വിദേത്. 
കല്യാണനിശ്ചയത്തിന്‍റെ തലേരാത്രി അവളുടെ മനസ്സില്‍ തെളിഞ്ഞു. അങ്ങനെ ക്ഷീണിക്കുന്ന ആളേയല്ല വിദേത്.

മുറിയില്‍ കയറി വാതിലടച്ചിട്ടും മിലാന്  അസ്വസ്ഥതയേറി. അവള്‍ ഫോണെടുത്തു ഡയല്‍ ചെയ്തു. സ്വിച്ച്ട് ഓഫ്‌! 
തന്റെ അരികിലേക്ക് വരുമെന്ന് പറഞ്ഞ ആളാണ്. ഇത്ര അടുത്തുണ്ടായിട്ടും ഒരുമിച്ചില്ലാതെ....

മിലാന് വല്ലാത്തൊരു സങ്കടം തൊണ്ടക്കുഴിയില്‍ വന്നുമുട്ടി. എത്രയോ ദിവസമായി കാണാന്‍ ആഗ്രഹിക്കുന്നു. വിവാഹനിശ്ചയത്തിന്റെ തലേരാത്രി പിന്നീടുള്ള രാത്രികളുടെ ഉറക്കം കെടുത്തിയിരുന്നു. കണ്ണടച്ചാല്‍ ആ കരലവലയത്തില്‍ ആണ്ടുപോകുംപോലെ ഉത്സവമാണ് മനസ്സില്‍. വിദേതിനേക്കാള്‍ ആര്‍ത്തിയോടെ ആഴത്തോടെ ആ സാമീപ്യം താനാണിപ്പോള്‍ കൂടുതല്‍ കൊതിക്കുന്നത്.

രഥോത്സവങ്ങളുടെ ആരവത്തോടെ ആയിരം നിറങ്ങളാല്‍ തന്റെ ദേഹത്തും മനസ്സിലും അന്ന് വിദേത് പെയ്തിറങ്ങുകയായിരുന്നു. ഇനിയാ ജീവിതത്തില്‍ മറ്റൊരു സ്ത്രീയും കടന്നുവരാതെ മറ്റൊന്നിലേക്കും പിടിവിട്ടുപോകാതെ  തളച്ചിടാന്‍ തോന്നുന്ന സ്നേഹക്കടലില്‍ ആയിരുന്നു താനന്ന് നീന്തിയത്‌. ആഴം തൊടാനാവാതെ ആണ്ടുപോയത്.

ഇന്നും അങ്ങനെയൊരു സാമീപ്യം എത്രമാത്രം വിഭ്രമിപ്പിച്ചില്ല! വിദേതിന്റെ  കണ്ണുകളിലും ആ ദാഹം താന്‍ കണ്ടതാണ് സ്റ്റേഡിയത്തില്‍ വെച്ച്.

നേരം പുലരുംവരെ ക്ഷമിക്കാന്‍ അവള്‍ക്കായില്ല. വയ്യെങ്കില്‍ ശരി, ഇന്നെന്റെ നെഞ്ചില്‍ തലവെച്ചു നിനക്ക് വിശ്രമിക്കാമല്ലോ. അല്ലാതെ നീ ഒറ്റയ്ക്ക് ഉറങ്ങേണ്ടവനല്ലല്ലോ പ്രിയനേ...

കണ്ണാടിയില്‍നോക്കി തന്റെ ചുവന്ന പൊട്ടിന്റെ വട്ടം ഒന്നുകൂടി ശരിയാക്കി മിലാന്‍ റൂമില്‍നിന്നും പുറത്തിറങ്ങി. തൊട്ടടുത്ത മുറി ദാസ്‌ മിത്രയ്ക്ക് കൊടുത്തിരിക്കാം അല്ലെങ്കിൽ അലനു വിശ്രമിക്കാൻ ഒഴിവാക്കികൊടുത്തിരിക്കാം എന്നവള്‍ക്ക് തോന്നി. താഴെ നോക്കാം.

സമയം രാത്രി രണ്ടുമണിയോടടുക്കുകയായിരുന്നു  ലിഫ്റ്റില്‍ കയറുമ്പോള്‍. താഴെ റായ് വിദേതന്‍ ദാസിന്‍റെ വാതിലില്‍ തട്ടി മിലാന്‍ പ്രണോതി കാത്തുനിന്നു. 
പതിനഞ്ചു മിനിട്ട് കാത്തു നിന്നിട്ടും വാതില്‍ തുറന്നില്ല! വിദേത് അവിടെത്തന്നെയുണ്ടെന്ന് മിലാനുറപ്പായിരുന്നു.

പിന്നെന്തു പറ്റി? ഉറങ്ങിപ്പോയിക്കാണുമോ? സംശയിച്ചുകൊണ്ട് വീണ്ടുമാ വാതിലില്‍ അവള്‍ തട്ടി. അതോ, ഡ്രിങ്ക്സ് എന്തെങ്കിലും കഴിച്ചു വല്ലാതെ ഓവര്‍ ആയോ..? എങ്കില്‍ ഉറങ്ങട്ടെ... രാവിലെ കാണാം.

തിരിഞ്ഞു നടക്കാനൊരുങ്ങിയ മിലാന്‍ ഒന്നുനിന്നു.

അവിടെ ഏതോ ഒരു ഫ്ലവര്‍ബോന്ഗിറ്റില്‍നിന്നും ചാടിവീണ  കുറച്ചു പൂക്കളും ഇലകളും വാതില്‍ ചേര്‍ത്തടച്ചപ്പോള്‍ ചതഞ്ഞരഞ്ഞു കിടക്കുന്നു! 
അല്പം മുന്‍പ് അകത്തെ മുറിയില്‍ കണ്ട പൂക്കളില്‍നിന്നൊരു തണ്ട് താഴെ വീണിരിക്കുന്നു. 
ശ്രദ്ധിക്കാതെ വാതില്‍ വലിച്ചടച്ചതിനാല്‍ പൂക്കള്‍ ഞെരിഞ്ഞമര്‍ന്നിരുന്നു. മിലാന്‍ ആ പൂവിതളുകള്‍ വാതിലിനടയില്‍നിന്നും വലിച്ചെടുത്തു.

കൂട്ടത്തില്‍ ഗിഫ്റ്റ് പാക്കറ്റിന്റെ മുകളില്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറില്‍ വിദേതിന്റെ കൈയ്യക്ഷരം മഷി പടര്‍ന്നുകിടന്നത് കണ്ടു  മിലാന്‍ കുനിഞ്ഞെടുത്തു. ചുരുള്‍നിവര്‍ന്ന വാക്കുകള്‍ സാഗരമായി  മിലാനു  മുന്നില്‍ ഇരമ്പി. 

"നിനക്കായി ഈ നിമിഷങ്ങളില്‍...”

വാതിലിന്‍റെ ഹാന്‍ഡിലില്‍ വീണ്ടും മിലാന്‍ കൈകള്‍ വെച്ചു. അപ്പോഴാണ്‌ അവളാ ബോര്‍ഡ് കണ്ടത്.
 തൂങ്ങിയാടുന്ന DNB ബോര്‍ഡ്!
 ടു നോട്ട് ഡിസ്റ്റെര്‍ബ്!!

മിലാന്റെയുള്ളില്‍ ഒരഗ്നിപര്‍വതം അത്യുഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ചു. തിളച്ചുമറിയുന്ന ലാവ അവളുടെ പാദങ്ങളെ തൊട്ടു.
ആരാണ് മുറിയില്‍….
ഞാനിവിടെ അപ്പുറത്ത് ഉള്ളപ്പോള്‍ ആരെയാണ് വിദേത് വിളിച്ചു മുറിക്കുള്ളില്‍ കയറ്റിയത്...
വാതിലില്‍ ആഞ്ഞടിക്കാനായി മിലാന്‍ കൈകളുയര്‍ത്തി. ഒറ്റനിമിഷം കൊണ്ടവള്‍ വിയര്‍ത്തുകുളിച്ചിരുന്നു.
ഞൊടിയിലാണ് ആ വിചാരമുണ്ടായത്‌. 
അരുത് മിലാന്‍...... 
ഇവിടെയൊരു സീന്‍ ഉണ്ടാക്കരുത്. ഉണ്ടാവരുത്.... മിലാന്‍ പ്രണോതി ഈ നിമിഷത്തില്‍ താഴാന്‍ പാടില്ല. അരുത്... ആരെങ്കിലും മുറിയില്‍ വിദേതിന്‍റെകൂടെ ഉണ്ടാവണം എന്നില്ലല്ലോ...
ചങ്കില്‍കുത്തുന്ന വേദന വന്നു  പുറത്തേക്ക് ചാടാന്‍ ഉഴറുന്നുണ്ട്. പക്ഷെ സത്യമറിയാതെ എടുത്തുചാടിക്കൂടാ...
തീയിൽച്ചവിട്ടി മിലാൻ പിടഞ്ഞുകൊണ്ടു തിരിഞ്ഞുനടന്നു. 

എന്താണിപ്പോള്‍ ചെയ്യുക? അമ്മയെ വിളിച്ചാലോ... മിലാന്‍ ആ ആലോചനയില്‍ ശാരികയെ വിളിക്കാന്‍ ആഞ്ഞു. മറ്റൊരു ആലോചനയില്‍ അവളത് വേണ്ടെന്നുവെച്ചു. വീണ്ടും മുറിയില്‍ വട്ടം ചുറ്റിയ അവള്‍ക്ക് അച്ഛനെ ഓര്‍മ്മവന്നു. ഡയല്‍ ചെയ്തു അൽപനേരം നിന്നു. എങ്കിലും  മിലാന്‍ സഞ്ജയിനെ വിളിച്ചില്ല.

കരഞ്ഞും ദ്വേഷിച്ചും ഒടുവില്‍ വാഷ്‌റൂമില്‍ കയറി ഉടുത്ത വസ്ത്രങ്ങളോടെ മിലാന്‍ നനഞ്ഞുകുതിര്‍ന്നു. തലച്ചോറില്‍നിന്നും ഹൃദയത്തില്‍നിന്നും  കണ്ണില്‍നിന്നും ലാവ മല്‍സരിച്ചു പൊങ്ങി. കണ്ണുനീരായിരുന്നില്ല ഒഴുകിയിറങ്ങിയത്. പ്രാണന്‍ കൊടുത്ത് കെട്ടിപ്പൊക്കിയ വിശ്വാസത്തിന്റെ ഏടുകളില്‍നിന്നും കടുംരക്തം കിനിഞ്ഞിറങ്ങുകയായിരുന്നു.
ബാത്ത്റൂമിലെ ചുമര്‍ചാരി എത്രയോ നേരം മിലാനിരുന്നു. അവള്‍ പതുക്കെ എഴുന്നേറ്റ് മുറിയിലേക്ക് വന്നു. 
എന്തിനാണിങ്ങനെ താന്‍ വിഷമിച്ചത്? ഇത്രയും തിരക്കുകള്‍ക്കിടയില്‍ ആര്‍ക്കെങ്കിലും കൊടുത്ത ഏതെങ്കിലും സമ്മാനമോ പൂക്കളോ ആയിക്കൂടെ... അല്ലെങ്കില്‍ത്തന്നെ വിദേത് ആ മുറിയില്‍ ഉണ്ടെന്ന് ഉറപ്പില്ലല്ലോ…
അവളുടെ പുരികങ്ങള്‍ തമ്മില്‍ത്തല്ലി. അതെ, വിദേത് ആ മുറിയില്‍ ഉണ്ടാവണമെന്നില്ല. ആരെങ്കിലും ആവാമല്ലോ.
ആശ്വസിക്കാന്‍ കഴിയുന്നില്ലെങ്കിലും മിലാന്റെ മനസ്സില്‍ വന്ന ചിന്തയെ അവള്‍ തള്ളിക്കളഞ്ഞില്ല. വിദേത് എവിടെയെന്ന് ആദ്യം അറിയട്ടെ. 
അനുമാനങ്ങള്‍ക്കിവിടെ പ്രസക്തിയില്ല.
മുഖം അമര്‍ത്തിത്തുടച്ചുകൊണ്ട് മിലാന്‍ സാരി ഒന്നുകൂടി ഉടുത്തു. എന്തൊക്കെയാണ് താന്‍ ചിന്തിച്ചുക്കൂട്ടിയത്? എന്തിനാണിങ്ങനെ  വിഷമിച്ചത്? സംശയിച്ചത്…?
ദാസിന്‍റെ വാതില്‍ തുറക്കുന്നതും  കാത്തു അവിടെത്തന്നെ നില്‍ക്കാനായിരുന്നു മിലാന്‍ തീരുമാനിച്ചത്.  സംശയങ്ങള്‍ ബാക്കിവെച്ചുകൊണ്ട്  സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കേണ്ട എന്നുതന്നെ അവള്‍ ഉറച്ചു. തന്‍റെ ജീവിതത്തിലേക്ക് വരാന്‍ പോകുന്ന മനുഷ്യന്‍ തന്നോട് നീതി പുലര്‍ത്തുന്നുണ്ടോ എന്നെങ്കിലും ഉറപ്പാക്കണമല്ലോ.
ആ ഗിഫ്റ്റുകടലാസിലെ അക്ഷരങ്ങള്‍ മാത്രമല്ലായിരുന്നു അവളെക്കൊണ്ട് ആ തീരുമാനം എടുപ്പിച്ചത്. 
തനൂജാതിവാരി അതേ ഹോട്ടലില്‍തന്നെ ഉണ്ടെന്ന അറിവ്; 
അതും അയാളുടെ സ്യൂട്ടിനടുത്തുതന്നെ താമസിക്കുന്നു എന്ന അറിവ്!
 തനൂജയുമായി വെറും ബിസിനസ് മാത്രമെങ്കില്‍ രാവിലെ വിദേത് വാതില്‍ തുറക്കുന്നത് തന്‍റെ ജീവിതത്തിലേക്കുതന്നെ എന്ന് മിലാന് സംശയമേതുമുണ്ടായിരുന്നില്ല. 
അല്ലെങ്കില്‍...അല്ലെങ്കില്‍...

“എന്താണിവിടെ നില്‍ക്കുന്നത് മേം....?” 
ചോദ്യം വന്ന വഴിയിലേക്ക് മിലാന്‍ നോക്കി. മിലാന്റെ മുഖത്തേക്ക് നോക്കിയ സാമിയുടെ ഉള്ളിലൊരു നടുക്കമുണ്ടായി. 
ആകെ പാറിപ്പറന്ന വേഷം..... ചുവന്ന മുഖം.....

“ഒന്നുമില്ല, നിങ്ങളുടെ സാബ് ഉണര്‍ന്നോ എന്നറിഞ്ഞില്ല. അതിനാലാണ്.”
“ഫസ്റ്റ് റൂമിന്‍റെ താക്കോല്‍ എന്റെ കയ്യിലുണ്ട് മേം.... വരൂ” പറഞ്ഞിട്ട് സാമി കീയെടുത്തു വാതില്‍ തുറന്നു. മിലാന്‍ വെളിയില്‍തന്നെ നിന്നതേയുള്ളൂ. “വരൂ മേം... സാബിനെ വിളിക്കാം... വാതിലില്‍ തട്ടിയാല്‍ മതി.”
“വേണ്ട, നിങ്ങള്‍ വിളിച്ചുണര്‍ത്തിയാല്‍ മതി. ഉണര്‍ന്നാല്‍ ഞാന്‍ വന്നിരുന്നെന്ന് പറഞ്ഞാല്‍  മാത്രം മതി.” പുറത്തുതന്നെനിന്ന് മിലാന്‍ പറഞ്ഞു. 
നേരം പുലർന്നു വരുന്നേയുണ്ടായിരുന്നുള്ളൂ. മുറിയിലെ പഴയ പൂക്കളും തലേന്ന് ഉപയോഗിച്ച ആഹാരസാധനങ്ങളുടെ ബാക്കിയും ന്യൂസ്‌പേപ്പറുകളും സാമി മാറ്റിവെക്കുന്നത് നോക്കി അല്‍പസമയംനിന്ന മിലാന്‍ തിരിഞ്ഞുനടന്നു.
 നടന്നുപോകുന്ന മിലാനെയൊന്നുകൂടിനോക്കി സാമി പുറത്തേക്കിറങ്ങി. അയാള്‍ ദാസിന്റെ മുറിയിലെ ഫോണിലേക്ക് വിളിച്ചു.

നിറുത്താതെ മുഴങ്ങുന്ന ബെല്ല് കേട്ടാണ് റായ് വിദേതന്‍ കണ്ണുതുറന്നത്. കനമുള്ള എന്തോ ശിരസ്സില്‍ തൂങ്ങിനിൽക്കുംപോലെ അയാള്‍ക്ക്‌ തലവേദനിച്ചു. 
പണിപ്പെട്ട് കണ്ണുകള്‍ വലിച്ചുതുറന്ന് ദാസ്‌ ഫോണെടുത്തു.
“യെസ്....”
“സാബ്....ഗുഡ്മോര്‍ണിംഗ്....”
“യാ.... പറയൂ....”
“പ്രണോതി മേം റൂമിന് വെളിയില്‍ നില്‍ക്കുന്നു. ഞാന്‍ വരുമ്പോഴേ നില്‍ക്കുന്നുണ്ടായിരുന്നു.”

പ്രണോതി.... പ്രണോതീ... പ്രണോതിമേം..... 
മുറിയുടെ വെളിയില്‍.... 
സാമിയുടെ സ്വരം വളരെ വളരെ അകലെനിന്ന്….

“ആര്... ആരെന്നാ പറഞ്ഞത്.....” അയാള്‍ക്ക്‌ മനസ്സിലായില്ല.
“സാബ്..., മിലാന്‍..... മിലാന്‍ പ്രണോതി....”
ഓര്‍ക്കാപ്പുറത്ത് ശിരസ്സിനു  വെട്ടേറ്റപോലെ ദാസ്‌ പിടഞ്ഞുപോയി. 
ഫോണ്‍ ക്രാഡിലില്‍വീണ ശബ്ദം കേട്ട് നാരായണസാമിയും വല്ലാതായി.
മിലാന്‍... മിലാന്‍ പുറത്ത്...
അയാള്‍ തിരിഞ്ഞു പുതപ്പ് വലിച്ചെടുത്തു. 
തൂവെള്ള ഗൌണിന്‍റെ ഇഴകള്‍ അയാളുടെ കയ്യിലേക്ക് വഴുതിവീണു.  തന്‍റെ കിടക്കയില്‍ സ്ഥാനം തെറ്റിയ വസ്ത്രങ്ങളോടെ അഴിഞ്ഞുലഞ്ഞ മുടിയോടെ തനൂജാതിവാരി ഗാഢമായി ഉറങ്ങുന്നു!
വാട്ട്‌ ദി ഹെല്‍........ 
ദാസ്‌ തലകുടഞ്ഞു. 
വാട്ട്‌....!! വാട്ടീസ് ദിസ്….!!!

മറ്റൊരു വാനത്തില്‍നിന്ന്  കനമില്ലാതെ കറങ്ങിത്തിരിഞ്ഞ അയാളുടെ ശരീരം വാനഗോളത്തിന്‍റെ വേറൊരു ചുഴിയിലേക്ക്  മലച്ചുവീണു. ശതകോടി ഉഷ്ണതന്മാത്രകളില്‍ പിടഞ്ഞുചാടി വീണ്ടും അത് ഭൂമിയിലേക്ക്‌ പതിക്കാന്‍ തുടങ്ങി.
സൂര്യന്‍ ഒന്നല്ലായിരുന്നു. സഹസ്രസൂര്യന്മാര്‍ ഒരുമിച്ച് ജ്വലിച്ചുപഴുപ്പിച്ച തലച്ചോറ് ഒരുകിയൊലിച്ചു താഴേക്ക് പതിച്ചു.
ദാസ്‌ വീണ്ടും വീണ്ടും  തലകുടഞ്ഞു. ശിരസ്സില്‍നിന്നും നെറ്റിയിലേക്ക്  വീഴാന്‍ ഭയന്ന് ആ  മുടിയിഴകള്‍ വിറങ്ങലിച്ചുനിന്നു.

                                  (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ 34- സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക