Image

സ്‌നേഹത്തിന്റെ വര്‍ണ്ണഭേദങ്ങളാണ് നീനാ പനയ്ക്കലിന്റെ കളേഴ്‌സ് ഓഫ് ലവ്: ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദി

പി.ഡി ജോര്‍ജ് നടവയല്‍ Published on 13 October, 2020
സ്‌നേഹത്തിന്റെ വര്‍ണ്ണഭേദങ്ങളാണ് നീനാ പനയ്ക്കലിന്റെ കളേഴ്‌സ് ഓഫ് ലവ്: ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദി
ഫിലഡല്‍ഫിയ: നീനാ പനയ്ക്കലിന്റെ "കളേഴ്‌സ് ഓഫ് ലവ്' എന്ന നോവലിനെ ആസ്പദമാക്കി ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദി ആസ്വാദനസമ്മേളനം നടത്തി. സ്‌നേഹത്തിന്റെ വര്‍ണ്ണ ഭേദങ്ങള്‍ ആവിഷ്ക്കരിച്ച "കളേഴ്‌സ് ഓഫ് ലവ്, പ്രതിപാദ്യം കൊണ്ടും ലളിത ഭാഷാശൈലി കൊണ്ടും അമേരിക്കയിലെ മലയാള സാഹിത്യത്തില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത സ്ഥാനം അലങ്കരിക്കുന്നൂഎന്ന് പ്രശസ്ത നിരൂപകന്‍ പ്രൊഫാര്‍ കോശി തലയ്ക്കല്‍ പ്രസ്താവിച്ചു. "കളേഴ്‌സ് ഓഫ് ലവ്" അമേരിക്കന്‍ കുടുംബങ്ങളിലെ ആധുനിക സമസ്യകളെ വിവൃതമാക്കുന്നൂ എന്ന് എഴുത്തുകാരന്‍ അശോകന്‍ വേങ്ങശ്ശേരി അഭിപ്രായപ്പെട്ടു. വര്‍ണ്ണനാഭംഗിയാല്‍ കഥാകൗതുകത്തിന്റെ നിറക്കൂട്ടുകള്‍ മിഴിവായ് തുടിക്കുന്ന കൃതിയാണ് "കളേഴ്‌സ് ഓഫ് ലവ്" എന്ന് ചെറുകഥാകാരി ലൈലാ അലക്‌സ് പറഞ്ഞു. വിവാഹപ്രായ മാമൂലുകളെ കീഴ്‌മേല്‍ മറിക്കുന്ന സന്ദര്‍ഭങ്ങളെ ആവിഷ്ക്കരിക്കുവാനും "കളേഴ്‌സ് ഓഫ് ലവ്' ധൈര്യപ്പെടുന്നുണ്ട്. കളേഴ്‌സ് ഓഫ് ലവ് എന്ന നോവലിന്റെ കഥാ സംഗ്രഹം ജോര്‍ജ് ഓലിക്കല്‍ അവതരിപ്പിച്ചു. പനയ്ക്കലിന്റെ 'കളേഴ്‌സ് ഓഫ് ലവ്' എന്ന നോവല്‍ കനപ്പെട്ട രചനയാണെന്ന് നിാംശയം പറയാനാവുമെന്ന് ജോര്‍ജ് ഓലിക്കല്‍ വ്യക്തമാക്കി. സ്ത്രീത്വത്തിന്റെ അമൂല്യ ഭാവമായ മാതൃത്വത്തിന്റെ സങ്കീര്‍ണ്ണതലങ്ങളെ കേന്ദ്രീകരിച്ചാണ് "കളേഴ്‌സ് ഓഫ് ലവ്' ചലച്ചിത്രകാവ്യം പോലെയും മ്യൂറല്‍ ചിത്രങ്ങള്‍  പോലെയും അനുവാചക ശ്രദ്ധയെ ആവഹിക്കുന്നത് എന്ന് ജോര്‍ജ് നടവയല്‍ ചൂണ്ടിക്കാണിച്ചു. അമേരിക്കന്‍ ജീവിതത്തിന്റെ അടിയൊഴുക്കുകളെ വീക്ഷിക്കുന്ന ഒരു സാമൂഹ്യ മന:ശാസ്ത്ര പഠിതാവിന്റെ വിശകലന പടുത്വം നീനാപനയ്ക്കലിന്റെ "കളേഴ്‌സ് ഓഫ് ലവില്‍' തുളുമ്പി ത്രസിക്കുന്നു. അയത്‌ന ലളിതമായി വായിച്ചു പോകാനാകുന്ന ശൈലിയാണ് നീനാ പനയ്ക്കലിന്റെ നോവലിന്റെ സവിശേഷത എന്ന് രാജു പടയാറ്റില്‍ നിരീക്ഷിച്ചു. സ്‌നേഹമൂല്യങ്ങളുടെ അപ്രതിരോധ്യതയാണ് "കളേഴ്‌സ് ഓഫ് ലവ്' എന്ന കൃതിയുടെ അന്തര്‍ധാര എന്ന് ജോര്‍ജ് കുട്ടി ലൂക്കോസ് പറഞ്ഞു. സാമൂഹ്യ വിമര്‍ശനത്തെ അരോചകമാകാതെ നോവലിലൂടെ നീന സാധിക്കുന്നൂ എന്ന് ഫീലിപ്പോസ് ചെറിയാന്‍ വ്യക്തമാക്കി.

തന്റെ ജീവിതവട്ടങ്ങളില്‍, വിശിഷ്യാ ഔദ്യോഗിക രംഗങ്ങളില്‍ കണ്ടു മുട്ടിയതോ കേട്ടറിഞ്ഞതോ ആയ വസ്തുതകള്‍ രചനാനേരങ്ങളെ പുഷ്ക്കലമാക്കിയിട്ടുണ്ട് എന്ന് നോവലിസ്റ്റ് നീനാ പനയ്ക്കല്‍ മറുപടി പ്രസംഗത്തില്‍ പ്രസ്താവിച്ചു.

"കളേഴ്‌സ് ഓഫ് ലവ്' കഥാനാളി: മുപ്പത്തൊന്നു വയസുകാരിയും അതിസുന്ദരിയുമായ കോടീശ്വരി സ്‌റ്റെഫനിയെ വിവാഹം ചെയ്യുന്ന പതിനെട്ടുകാരനായ റോബര്‍ട്ട്.  തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലെന്നറിഞ്ഞ ആ ദമ്പതികള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ യുവതിയായ ഡോണയുടെ സഹായം തേടുന്നു. റോബര്‍ട്ടിന്റെ വെളുത്ത ഇരട്ടക്കുട്ടികള്‍ക്ക് ഡോണ "വാടക മാതാവാ'കുന്നു. റോബര്‍ട്ടിന് , ഡോണയുമായി അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ സ്‌റ്റെഫനി സംശയിക്കുന്നു. ഇരട്ടക്കുട്ടികളുമായി സ്‌റ്റെഫനി സ്ഥലം വിടുന്നു. തന്റെ ഗര്‍ഭാശത്തില്‍ പിറന്ന കുഞ്ഞുങ്ങളെ  ഒരു നോക്കു കണാന്‍ പോലും കഴിയാഞ്ഞതില്‍  ഡോണ ദുഖിക്കുന്നു. തന്റെ സംശയം അടിസ്ഥാനരഹിതമായിരുന്നൂ എന്ന് പില്‍ക്കാലത്ത് സ്‌റ്റെഫനി തിരിച്ചറിയുന്നു. കുറ്റബോധത്തോടെ സ്‌റ്റെഫനി ഇരട്ടക്കുട്ടികളുമായി ഡോണയെ കാണാനെത്തുന്നു.

സ്കൂള്‍ ബുള്ളിയിങ്ങ്, ആണ്‍ പെണ്‍ വിവാഹ പ്രായാന്തര തിരസ്കാരം,  ഓട്ടിസം, വാടക ഗര്‍ഭപാത്രം, ഫെര്‍ട്ടിലിറ്റി ക്‌ളിനിക്ക്, വര്‍ണ്ണ വര്‍ഗ്ഗ വിവേചനങ്ങള്‍ എന്നിങ്ങനെ  പ്രീ ഡിജിറ്റല്‍ കാലഘട്ടത്തിലെ അമേരിക്കന്‍ സാമൂഹ്യ പരിപ്രേക്ഷ്യങ്ങള്‍ നീന നോവലിന്റെ കഥാരേഖയില്‍ കോര്‍ത്തിടുന്നുണ്ട്.
ഫിലഡല്‍ഫിയാ മലയാള സാഹിത്യ വേദി പ്രസിഡന്റ് പ്രൊഫസ്സര്‍ കോശി തലയ്ക്കല്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ജോര്‍ജ് നടവയല്‍ സ്വാഗതവും ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന്‍ നന്ദിയും പറഞ്ഞു.

നീനാ പനയ്ക്കല്‍: തിരുവനന്തപുരത്ത് പേട്ടയില്‍ ജനിച്ച നീനാ പനയ്ക്കല്‍ തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നും ബിരുദം നേടി. കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി ചെയ്തിരുന്നു.. 1981ല്‍ അമേരിക്കയില്‍ വന്നു. ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഫിലഡല്‍ഫിയയിലെ റിസേര്‍ച്ച് വിഭാഗത്തില്‍ പാര്‍ട് ടൈം സീനിയര്‍ റിസേര്‍ച്ച് ഓഫീസറായി ജോലി ചെയ്തു. ആദ്യത്തെ നോവലായ "സ്വപ്നാടനം'- "സമ്മര്‍ ഇന്‍ അമേരിക്കാ' എന്നപേരില്‍ കൈരളി ടി വി, സീരിയല്‍ ആക്കി. "ഇലത്തുമ്പിലെ തുഷാരബിന്ദുവായി', "മല്ലിക', 'നിറമിഴികള്‍ നീല മിഴികള്‍' എന്നീ നോവലുകളും, "സന്മനസ്സുള്ളവര്‍ക്ക് സമാധാനം', "ഒരു വിഷാദ ഗാനം പോലെ', 'മഴയുടെ സംഗീതം' എന്നീ ചെറുകഥാ സമാഹാരങ്ങളും നീനാ പനയ്ക്കല്‍ രചിച്ചിട്ടുണ്ട്.
Join WhatsApp News
Shaji- Philedelphia 2020-10-13 10:46:29
ഫോട്ടോ എടുക്കുന്നവരുടെ ശ്രദ്ധക്ക്! ആരുടെയെങ്കിലും ഫോട്ടോ എടുക്കുന്നതിനു മുമ്പ് അവരോടു ഒന്ന് പറയണം. വാ പൊളിച്ചിരിക്കുന്ന ഫോട്ടോ കാഴ്ച്ച ബ്ലങ്കാവിൽ എടുക്കുന്നതുപോലെ മനുഷരുടെ ഫോട്ടോ എടുക്കരുത്. മീൻ മുള്ള് തൊണ്ണയിൽ ഉടക്കിയതുപോലെയും ആട് പ്ലാവില കടിക്കാൻ മോന്ത നീട്ടുന്നതുപോലെയും ഒക്കെ ഉള്ള ഫോട്ടോ വേണോ ഫോട്ടോഗ്രാഫറെ!
Christopher Philadelphia 2020-10-13 18:08:54
ഭയങ്കര കണ്ടു പിടുത്തം ; വായി നോക്കതെ , പുസ്തകം വായിക്കിനെടാ വിവരം കെടാതെ , ഷാജഹാനേ, ഔറങസീബെ. നീ എവിടത്തുകാരനാണ്? സിബിച്ചാ..
Sudhir Panikkaveetil 2020-10-13 20:15:48
നീന ചേച്ചി, ആശംസകൾ അഭിനന്ദനങ്ങൾ !
Elcy Yohannan Sankarathil 2020-10-13 21:19:24
I have read 'the colors of love', very interesting, apt to the modern trend, it is going to be common in the society, for a childless couple Dona has done a great service,Neena has foreseen the future of the modern world, and has depicted a beautiful novel, it is a good modern novel, koodos dear Neena!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക