Image

ഉമയും സുധയും (പെണ്‍ നിലാവ്1-രാജി പ്രസാദ് )

രാജി പ്രസാദ് Published on 17 October, 2020
ഉമയും സുധയും (പെണ്‍ നിലാവ്1-രാജി പ്രസാദ് )
ഉമയും സുധയും നിശബ്ദരായി സ്‌കൂളിലേക്ക് നടക്കുന്ന ചില ദിവസങ്ങളുണ്ട്. കണ്ണുകള്‍ നിര്‍ജ്ജീവമായിരിക്കും; അവ എന്തോ പരതും പോലെ ചുറ്റും നോക്കിക്കൊണ്ടേയിരിക്കും.
പേനയില്‍ മഷി നിറയ്ക്കാന്‍ മറക്കും, ഗൃഹപാഠം എഴുതാതെ ,കണക്കു സാറിന്റെ രോഷം കൈവെള്ളയില്‍ നിര്‍വ്വികാരമായ് ഏറ്റുവാങ്ങും.
വിശപ്പും ദാഹവും മറന്ന് അവര്‍ വല്ലാത്തൊരു തീച്ചൂടില്‍ വെന്തുകൊണ്ടേയിരിക്കും.

ഉമയും സുധയും നിശബ്ദരാവുമ്പോള്‍
അവരുടെ ഓരം ചേര്‍ന്നു നടക്കുന്ന ഞാനും
മൗനത്തിന്റെ കിളിക്കൂട്ടില്‍ അടയ്ക്കപ്പെട്ടതു
പോലെയാവും. പറയാന്‍ കാത്തു വെച്ച കൗതുക കഥകള്‍ പിന്നെ എപ്പോഴെങ്കിലും
പറയാനായ് മാറ്റിവെയ്ക്കും. ചിരിപ്പൂവുകളെ
വിരിയാന്‍ അനുവദിക്കാതെ മനസ്സിന്റെ ഉള്ളറയിലേക്ക് താഴ്ത്തിവെയ്ക്കും.ഉമയും സുധയും രണ്ടേ രണ്ടു വാക്കുകള്‍
കൊണ്ട് ,കനത്ത മൂടല്‍മഞ്ഞില്‍, പരസ്പരം
കൈകള്‍ കൊരുത്ത് നടക്കുന്നതുപോലെയെനിക്കനുഭപ്പെടും.
 
അച്ഛന്‍ വന്നു.. എന്ന രണ്ടു വാക്കില്‍ അവരുടെ ഉള്ളില്‍ മുളളിട്ടു കുത്തുന്ന വേദന ഞാനനുഭവിച്ചു. അവര്‍ പരസ്പരം ആശ്വസിപ്പിക്കാനെന്നോണം  കെട്ടിപ്പുണര്‍ന്ന്
നിശബ്ദം കരയുമ്പോള്‍ , അവര്‍ രണ്ടാളുണ്ടായതെത്ര നന്നായി എന്നോര്‍ത്ത്
ഞാന്‍ ആശ്വസിക്കുകയും അവരെയോര്‍ത്തു
കണ്ണീര്‍ വാര്‍ക്കുകയും ചെയ്തു.ഉമയും സുധയും അമ്മയില്ലാത്ത നൊമ്പരങ്ങളായിരുന്നു. കുഞ്ഞു പ്രായത്തിന്റെ തിരിച്ചറിവില്ലായ്മയില്‍ത്തന്നെ
അവര്‍ ആശ്രിതരായി കഴിഞ്ഞിരുന്നു.
'
 കൊടും തണുപ്പിലും വെളുപ്പിനെ എണീറ്റ്,
ഒരു നേര്‍ത്ത പരുത്തി ഉടുപ്പിനുള്ളില്‍ കിടുകിടെ വിറച്ച് അവര്‍
തങ്ങളോളം വലിപ്പമുള്ള ഈര്‍ക്കിലിച്ചൂലുകൊണ്ട് മുറ്റം മുഴുവന്‍
തൂത്തു  വൃത്തിയാക്കി.. കിണറ്റിലെ വെള്ളം വറ്റുമ്പോള്‍  പറമ്പിന്റെ ഏറ്റവുംതാഴെയുള്ള ഓലിയില്‍ നിന്ന് വെള്ളം
കോരി ചുമന്ന് കൊണ്ടുവന്ന് വാര്‍പ്പില്‍
നിറച്ചു.

ഉമയും സുധയും കേട്ട ശകാരങ്ങള്‍ക്ക് കണക്കെഴുതി വെയ്ക്കാന്‍ പേരമ്മയുടെ വീട്ടില്‍ അവരെ സ്‌നേഹിക്കുന്നവരാരും
ഉണ്ടായിരുന്നില്ല.  ചെയ്തു തീര്‍ക്കാനാവാത്ത ജോലികള്‍ക്കിടയില്‍ ആഹാരം കഴിക്കാന്‍ സമയം കിട്ടാതെ അവര്‍ വെറും വയറോടെ
സ്‌കൂളില്‍ പോയി. അപ്പോള്‍ പോലും
യാതനകള്‍ മറന്ന് പൊട്ടിച്ചിരിച്ചു,,  
ഒറ്റക്കാലില്‍ ചാടി കക്കുകളിച്ചു... കൈത്തോടിന്റെ തണുപ്പില്‍ മുങ്ങിക്കിടന്ന് വിഷാദങ്ങളെ ഒഴുക്കിക്കളഞ്ഞു.

ഉമയും സുധയും മൗനത്തിലാണ്ടു പോകുന്നതും, ഞെട്ടിത്തെറിക്കുന്നതും,
അവരുടെ ശ്വാസം നിലയ്ക്കുമ്പോലെ
ഭയക്കുന്നതും അവരുടെ അച്ഛന്‍ വരുമ്പോള്‍
മാത്രമായിരുന്നു.  അയാളുടെ  ചോരച്ചുവപ്പു
നിറമുള്ള കണ്ണുകളും രൂക്ഷമായ നോട്ടവും,,
നേരിടാനാവാത്തതായിരുന്നു.

ഉമയും സുധയും ഒരിക്കല്‍ പറഞ്ഞു.
അച്ഛന് ഭ്രാന്താണ്.അച്ഛന്റെ കൈക്കുള്ളില്‍
പിടഞ്ഞാണ് അമ്മ മരിച്ചത്. അമ്മയുടെ
കഴുത്ത് പിരിഞ്ഞ് ഒരു വശത്തേയ്ക്കു കിടന്നു.   അമ്മ മരിച്ചതറിയാതെ അഛന്‍ അമ്മ ആഹാരം ഉണ്ടാക്കാത്തതിന്
വഴക്കു പറഞ്ഞു കൊണ്ടിരുന്നു.

ഉമയും സുധയും അതു നേരില്‍ വീണ്ടും കണ്ടതുപോലെ നടുക്കത്തോടെയിരുന്നു. ആ ഓര്‍മ്മകള്‍ പോലും അവരെ കടുത്ത
നൊമ്പരത്തിലാഴ്ത്തി.അയാള്‍ ജയിലിലും മനോരോഗാശുപത്രിയിലും മാറി മാറിക്കിടന്നു.  ഇപ്പോള്‍ എവിടെ നിന്നു വരുന്നു? ജയിലില്‍ നിന്നോ അതോ ഭ്രാന്താശു
പത്രിയില്‍ നിന്നോ?
അയാളോടാരും ചോദിച്ചില്ല. അയാളൊന്നും
പറഞ്ഞതുമില്ല.  ഒരിക്കല്‍  ഞാന്‍ തനിച്ച് ഓലിയില്‍ നിന്ന് വെള്ളമെടുക്കാന്‍ പോകുന്ന വഴിയില്‍ ,  പ്ലാവിന്‍ ചുവട്ടില്‍
അയാള്‍ ബീഡി പുകച്ചിരിക്കുന്നതു കണ്ട്
  ഭയന്നോടിയത് ഒരു നടുക്കത്തോടെയാണ് ഇന്നും ഓര്‍മ്മിക്കുന്നത്.
 കൈയ്യിലെ ചെറിയ  മണ്‍കുടം
എവിടെയോ വലിച്ചെറിഞ്ഞ് പ്രാണഭയത്തോടെ തിരിഞ്ഞോടി.
അയാളുടെ കൈയ്യില്‍ കിട്ടിയാല്‍ കഴുത്തു
ഞെരിച്ചു കൊല്ലുമെന്നായിരുന്നു ധരിച്ചു വെച്ചിരുന്നത്.
 മുറ്റത്തു നിന്നിരുന്ന അച്ഛനെ കെട്ടിപ്പിടിച്ച് വാക്കുകള്‍ വിറച്ചു തുള്ളി ഒരു വിധം പറഞ്ഞൊപ്പിച്ചു,അവിടെ പ്രാന്തന്‍ ദിവാകരന്‍....
അച്ഛന്‍ തലയില്‍ തടവി ആശ്വസിപ്പിച്ചു.
പേടിക്കണ്ട അവനിപ്പോള്‍ ഭ്രാന്തില്ല.
ആരെയും ഒന്നും ചെയ്യില്ല.

ഉമയും സുധയും , അവരുടെ അച്ഛന്റെ
ഭ്രാന്തു മാറിയെന്ന് വിശ്വസിക്കാന്‍
കൂട്ടാക്കിയില്ല. അയാള്‍ ഭ്രാന്തനാണെന്ന്
അവര്‍ ഉറപ്പിച്ചു പറഞ്ഞു. അടുത്തു ചെന്നാല്‍
കഴുത്തു ഞെരിച്ചു കൊല്ലുമെന്നും .
പിന്നെയും അയാള്‍ തിരിച്ചു പോയി.
ആ തിരിച്ചു പോക്കില്‍ എത്ര ആശ്വസിച്ചു
എന്നത് ഉമയുടേയും സുധയുടേയും മുഖത്തു നിന്നു വായിച്ചെടുക്കാമായിരുന്നു.ഉമയും സുധയും സന്തോഷത്തോടെ വീട്ടുപണികളും ഇടവേളയിലെ പഠിത്തവു
മായി പഴയതുപോലെ , ശകാരങ്ങളെ
ചിരി കൊണ്ട് നേരിട്ടു കൊണ്ടിരിന്നു.
അച്ഛന്‍ വരാത്തതിന്റെ  ആനന്ദം നിഗൂഢ
മായി അവര്‍ ആഘോഷിക്കുന്നു
എന്നെനിക്കു തോന്നിയിരുന്നു.
അവരുടെ ആഹ്ലാദം എന്റെയും കൂടിയായി
രുന്നല്ലോ.
ദു,:സ്വപനങ്ങള്‍ ഒഴിഞ്ഞ് സ്വസ്ഥമായി
അവര്‍ ഉറങ്ങിത്തുടങ്ങിയ നാളുകളി ലൊന്നില്‍ ആ കത്തു വന്നു.

മനോരോഗാശുപത്രിയില്‍ നിന്നായിരുന്നു
ആ കത്ത്.
ദിവാകരന്‍ ആത്മഹത്യ ചെയ്തു.
തൂങ്ങി മരണമായിരുന്നു.
ഉമയും സുധയും ഏറെ സന്തോഷിക്കു
മെന്നു കരുതിയ എനിക്കു തെറ്റുപറ്റി.
വിങ്ങിവിങ്ങി കരയുകയായിരുന്നു
അവര്‍.
ഏറെ ഭയക്കുന്ന ഒരാളുടെ വിയോഗവും
വേദനയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ
നിമിഷമായിരുന്നു അത്.

ചോരക്കണ്ണുകളുള്ള   ദിവാകരനെഓര്‍ത്ത്
എന്റെ കണ്ണും  നനഞ്ഞു.

ഉമയും സുധയും തൊണ്ടയിടര്‍ച്ചയോടെ
പറയുന്നുണ്ടായിരുന്നു;  എന്തൊക്കെയാണെങ്കിലും  ഞങ്ങളുടെ
അഛനല്ലേ ... എന്ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക