Image

മഴത്തുള്ളികളില്‍ ലയിച്ചവര്‍ (കവിത- അനിത അമ്മാനത്ത് )

അനിത അമ്മാനത്ത് Published on 19 October, 2020
മഴത്തുള്ളികളില്‍ ലയിച്ചവര്‍ (കവിത- അനിത അമ്മാനത്ത് )
മഴത്തുള്ളികള്‍ ഇറ്റിറ്റു 
വീഴുമ്പോള്‍ നേര്‍ത്ത 
അലനുരയാം കാറ്റിനൊപ്പം 
തണുത്തുറഞ്ഞ കൈത്തണ്ടില്‍ 
അന്ന് വീശിയ പ്രണയത്തിന്റെ 
മന്ദമാരുതന്‍ ഇന്നും 
ഒരു ചെറു പുഞ്ചിരിയായ് ചുണ്ടില്‍ 
മറയാതെ മറഞ്ഞ് ഒരു 
നുള്ള് സിന്ദൂരം പോലെ  
പ്രാണനില്‍ പകുത്ത് 
അവശേഷിച്ചിരിപ്പുണ്ട് .

കാലമേറെ മാറിയെങ്കിലും 
ജരാനരകള്‍ ഏല്‍ക്കാത്ത,
മനസിന്റെ യൗവന കോണില്‍ 
പഴയ പ്രണയ നങ്കൂരത്തിലെ  
നിറമാര്‍ന്ന വസന്തത്തിലെ 
പ്രേയസിയെ ഒരു നോക്ക് 
കാണാന്‍ അലഞ്ഞൊടുവില്‍ 
കാത്തിരിപ്പിന്റെ വിരാമ 
നിമിഷത്തിന് അത്യന്തം 
അക്ഷമ ബാധിച്ചിരിക്കുന്നു .

കാലം തെറ്റിയ മഴയില്‍ 
എന്നിലേക്ക് ഓടിയണച്ച് 
എത്തിയ പ്രണയദിനങ്ങളിലെ
ഓര്‍മകളില്‍ വഞ്ചി 
ആടിയുലയുമ്പോള്‍ 
ഏതോ നാളില്‍ അവള്‍ 
അന്ത്യ സമ്മാനമായ് 
എനിക്കായ് അവശേഷിപ്പിച്ച 
കൈയ്യക്ഷരത്തിന്റെ എഴുത്തു 
പെട്ടി ചാരെ എത്തി.

യാത്രാ മംഗളമൊഴിയില്ലാതെ 
പുറത്ത് പെയ്യുന്ന ചാറ്റല്‍
മഴയേക്കാള്‍ നീറിയ 
ചിത്തത്തോടെ ഹൃത്തില്‍ 
പെരുമ്പറ നാദവുമായി 
ആ വൃദ്ധസദനത്തിന്‍ 
വരാന്തയില്‍ അയാളും 
മഴയോട് ചേര്‍ന്നു.
ഓര്‍മ്മതന്‍ എഴുത്തക്ഷരങ്ങളും 
മഴത്തുള്ളികളില്‍ അലിഞ്ഞു 
ചേരുന്ന ഒരു സാരംഗി പോലെ
മണ്ണില്‍ പ്രണയാര്‍ദ്രമായ് ലയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക