Image

കൈലാസത്തിൻ്റെ വടക്കൻ കാഴ്ച്ച ( മഹാകൈലാസ യാത്ര ഭാഗം-3: റാണി ബി മേനോൻ)

Published on 22 October, 2020
കൈലാസത്തിൻ്റെ വടക്കൻ കാഴ്ച്ച  ( മഹാകൈലാസ യാത്ര ഭാഗം-3: റാണി ബി മേനോൻ)
തക്ല കോട്ട് എന്ന റ്റിബറ്റൻ പട്ടണം:
ഉരുണ്ടു പിരണ്ട് താഴെയെത്തിയപ്പോൾ ഒരു വാഹനം കാത്തു നിൽക്കുന്നുണ്ട്.
ഒരു പുല്ലു പോലും മുളയ്ക്കാത്ത ബ്രൗൺ നിറമുള്ള തരിശുഭൂമിയിലൂടെ വണ്ടിയോടി!
കുറച്ചു ദൂരം ചെന്നപ്പോൾ കടുംമഞ്ഞയായ് പൂത്ത കടുകുപാടങ്ങൾ അങ്ങകലെ!
വീണ്ടും തരിശ്..... ഒടുവിൽ തക്ലകോട്ടിൽ ഞങ്ങൾക്കായി താമസമൊരുക്കിയ ഹോട്ടലിലെത്തി.
ഒരു സോ...സോ ഹോട്ടലാണ്. ചീനിഭായ് യുടെ ആദ്യ വിരുന്ന് ചൗമീൻ, വലിയ നൂലൻ പുഴുക്കളെ പോലെ. തീർത്ഥയാത്രയായതിനാൽ ഭക്ഷണം സസ്യം മാത്രം!

ഭക്ഷണം കഴിഞ്ഞ് പാസ്പോർട്ടിൽ സ്റ്റാമ്പടിയ്ക്കാൻ ആളു വന്നു. ചൈനീസ് കറൻസി കൊണ്ടുവരാത്തവർക്ക് അവിടെ ലോക്കൽ അറേഞ്ച്മെൻ്റ് ഉണ്ട്.
എൻ്റെ ഓർഗനൈസേഷൻ്റെ പേരു കണ്ട സ്റ്റാമ്പടിച്ചേട്ടൻ എന്നെ മാറ്റി നിർത്തി കുഞ്ഞു വരയൻകണ്ണിലൂടെ തൂഷിച്ചു നോക്കുന്നു!
"എന്താ സേട്ടാ, ഞാമ്പാവല്ലേ" എന്ന സുരാജ് വെഞ്ഞാറമൂടൻ ലുക്ക് ഞാൻ തിരിച്ചു കൊടുത്തു.
സേട്ടന് അത് ബോദ്ധ്യായീന്ന് തോന്നുന്നു. എന്നെ കൈലാസപരിക്രമത്തിനനുവദിച്ച് സ്റ്റാമ്പടിച്ചു തന്നു. ഇല്ലെങ്കിൽ ഏതോ ഒരു ജന്തു ചന്തയ്ക്കു പോയ പോലെ ആയിപ്പോകുമായിരുന്നു എൻ്റെ കൈലാസയാത്ര!
എൻ്റെ സ്ഥാപനത്തെ കുറിച്ച് അഭിമാനം തോന്നി. ആ കുഞ്ഞു നഗരത്തിലെ കുഞ്ഞുസേട്ടനും സംഭവം അറിയാം!
വൗ!

ദാർച്ചിൻ:
ഇനിയങ്ങോട്ട് 36 പേരുടെ സംഘം രണ്ടായി പിരിയും, പകുതിപ്പേർ കൈലാസ പരിക്രമത്തിന് ദാർച്ചിനിലേയ്ക്ക്, മറുപാതി മാനസസരോവരക്കരയിലേയ്ക്ക്!
വെളുത്ത പക്ഷമായിരുന്നു. ഗുരുപൂർണ്ണിമയായതിനാൽ എല്ലാവർക്കും അന്നേ ദിവസം മാനസസരോവരക്കര തന്നെ വേണം!
അന്ന് അപ്സരസ്സുകളും, ദേവകളും നീരാടാൻ വരുമത്രെ മാനസസരോവരത്തിൽ. ഒടുവിൽ രണ്ടു ഗ്രൂപ്പും രാജിയായി. ഞങ്ങളുടെ ഗ്രൂപ്പ് ആദ്യം കൈലാസപരിക്രമം തീർത്ത് ഗുരുപൂർണ്ണിമയ്ക്ക് മാനസസരോവരക്കരയിൽ എന്ന് തീരുമാനമായി.
ദാർച്ചിനിലെ ഹോട്ടൽ കുറച്ചു കൂടി ഭേദമായിരുന്നു. അതിൻ്റെ മുറ്റത്തിങ്ങി നിന്നാൽ കൈലാസപർവ്വതത്തിൻ്റെ വിദൂര ദൃശ്യം കാണം. പരിക്രമം ചെയ്യാൻ കഴിയാത്ത ഭക്തർ അവിടെ നിന്ന് വണങ്ങി തിരിച്ചു പോകുന്ന പതിവും കണ്ടു!
വിശ്വാസം മനുഷ്യനെ കൊണ്ട് എന്തു തന്നെ ചെയ്യിക്കില്ലെന്നു പറയൂ !

രാക്ഷസ് താൽ:
ദാർച്ചിനിലേയ്ക്കുള്ള മാർഗ്ഗത്തിൽ രാക്ഷസ്താൽ കാണാം. നീലം കലക്കിയൊഴിച്ച നിറം.
ഇന്നത്തെ ഇന്ത്യ ഉൾപ്പെടുന്ന ഉപഭൂഖണ്ഡം, ഭൂഫലകങ്ങളുടെ കൂട്ടിയിടിയിൽ രൂപപ്പെട്ടതാണെന്നും, ഏറ്റവും പ്രായം കുറഞ്ഞ പർവ്വതനിരകളിലൊന്നാണെന്നും കേട്ടിരിയ്ക്കുമല്ലോ അല്ലേ?
ഏതാണ്ട് എഴുപത് ലക്ഷം വർഷങ്ങൾക്ക് മുൻപാണണത്രെ ഈ കൂട്ടിയിടി നടന്നത്. അന്ന് ഈ ഭൂഭാഗത്തുണ്ടായിരുന്നത് ടെത്തിസ് കടലായിരുന്നത്രെ!
ഇടിയുടെ ആഘാതത്താൽ സെഡിമെൻ്ററി/മെറ്റ മോർഫിക് പാറകൾ ഉയർന്ന് രൂപം കൊണ്ടതാണ് ഈ മലമടക്കുകൾ എന്നു പറയപ്പെടുന്നു. ലക്ഷക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള ജലജീവികളുടെ  ഫോസിലുകൾ ഈ സിദ്ധാന്തത്തിന് സാക്ഷ്യം പറയുന്നുണ്ട്. ചെറുതും വലുതുമായ ഏതാണ്ട് നാനൂറോളം ജലാശയങ്ങൾ ഹിമാലയത്തിലുണ്ട്. അധികവും ഉപ്പുരസമുള്ള ജലമുള്ളവയാണ്.

രാക്ഷസ്താലിനു നടുക്ക്, മനുഷ്യൻ്റെയും മൃഗങ്ങളുടെയും അസ്ഥികളുണ്ടെന്നും, വെള്ളം വിഷമയമാണെന്നും, കുടിയ്ക്കരുതെന്നും കേട്ടിരുന്നു.
ആഴ്സനിക്കിൻ്റെ അളവ് ISO Norms അനുസരിച്ച്, കുടിവെള്ളത്തിൽ 0.03 മൈക്രോഗ്രാമിന് (Per ml) താഴെയായിരിയ്ക്കണം എന്നും, ഒട്ടും റിലാക്സേഷൻ ഇല്ലാത്ത Norm ആണെന്നുമാണ് ഓർമ്മ. രാക്ഷസ്താൾ ലെ ജലത്തിൽ 5 മൈക്രോഗ്രാമിനു മുകളിലായിരുന്നു ആഴ്സനിക് എന്നോർക്കുന്നു.

രാക്ഷസ് താൽ, പാർവ്വതികുണ്ഡ്, മാനസസരോവരം ഇവിടെ നിന്നെല്ലാം വെള്ളം ശേഖരിച്ചു കൊണ്ടുവന്ന് trace level metallic impurities ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കിയിരുന്നു. തൊഴിൽപരമായ കു(രസ)തന്ത്രം കൂടാതെ, രാക്ഷസ്താല് നെ കുറിച്ചു കേട്ട കഥകളും അതിന് കാരണമായിരുന്നു.
കൈലാസ പർവ്വതത്തെ, ശ്രീലങ്കയ്ക്ക് കൊണ്ടുവരാൻ പട നയിച്ചു പോയ രാവണൻ്റെ പട അതിൽ മുങ്ങിപ്പോയെന്നും, രാക്ഷസ്താലിന് അങ്ങിനെയാണാ പേരു വന്നതെന്നും കഥയുണ്ട്!

കൈലാസപരിക്രമം:
പിറ്റേന്ന് രാവിലെ യമദ്വാർ വരെ വണ്ടിയിൽ. അവിടെ നിന്ന് നട നടയോ നടനട!
യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയില്ലെങ്കിൽ അത് ശരിയ്ക്കും യമലോക യാത്ര തന്നെ!
ഞങ്ങൾ ആറു പേർക്ക് ഒരു പോർട്ടർ എന്നാണ് ഏർപ്പാട്. വൈജയന്തിയും ഞാനും നടക്കാൻ തീരുമാനിച്ചു. യാക്ക് എന്ന ജീവിയുടെ പുറത്തു കയറിയും ചിലർ പരിക്രമം ചെയ്യാറുണ്ട്!
അതാെരു പരാക്രമം തന്നെയാണ് ശിവനേ! മനുഷ്യൻ്റെ ഭക്തിയെ കുറിച്ച് യാതൊരു ധാരണയും, അത് ലവലേശം ആവശ്യവും ഇല്ലാത്ത ആ നാലുകാൽ ജീവിയേക്കാൾ സ്വന്തം രണ്ടു കാലിൽ വിശ്വാസമർപ്പിയ്ക്കുന്നതു തന്നെ കാമ്യം!

കുറച്ചു നടന്നപ്പോൾ തന്നെ ഞാനെൻ്റെ തനി സ്വഭാവം പുറത്തെടുത്തു. എല്ലാവരേക്കാളും പിറകിൽ അരിച്ചരിച്ച് നടപ്പു തുടങ്ങി. ആ തണുപ്പിലും ഏകാന്തതയിലും അത്തരം നടപ്പ് അപകടമാണ്. എവിടെയെങ്കിലും വീണുപോയാൽ ആരും തിരഞ്ഞു വരില്ല. വരാനാവാഞ്ഞാണ്. ഇത്തരം ടെറയ്ൻകളിൽ യാത്ര ചെയ്യുമ്പോൾ ഓരോരുത്തരും അവനവൻ്റെ മാത്രം ഉത്തരവാദിത്വമാണ്. ഒരു തരത്തിലുള്ള സഹായവും ആരിൽ നിന്നും പ്രതീക്ഷിയ്ക്കരുത്. അവനവനെ കാക്കുക എന്നതാണ് മറ്റുള്ളവർക്കു വേണ്ടി നിങ്ങൾക്ക് ചെയ്യാവുന്ന മഹത്തായ സഹായം. പക്ഷെ അവിടെയും എനിയ്ക്ക് താങ്ങായി അഞ്ചു പേർ നിന്നു.
നമുക്ക് കൂട്ടായി, കൂടപ്പിറപ്പുകളെപ്പോലെ വേണ്ട സമയങ്ങളിൽ, വേണ്ടിടങ്ങളിലവതരിയ്ക്കാൻ ചിലരെ ഒരുക്കി നിർത്തുന്നതാരാണ്?അറിയില്ല!
പക്ഷെ എല്ലായ്പ്പോഴും അങ്ങിനാരെങ്കിലും എവിടെ നിന്നെങ്കിലും എത്തിയിട്ടുണ്ട്. വേറേ ഏതോ നാടുകളിൽ, വേറെ ഏതോ ഭാഷ പറയുന്നിടങ്ങളിൽ, വേറെ ഏതോ അമ്മമാരുടെ ഉദരങ്ങളിൽ പിറന്ന ഉണ്ണികൾ....

അങ്ങിനാണ് എനിയ്ക്ക് അരുൺ സ്വാമി, ദേവീന്ദർ, ഗിരീഷ് ദിവാൻ, ഡോ.നാഗനാഥ് ദോയ്ജദ് എന്നീ മഹാരാഷ്ട്രക്കാർ.
നടപ്പിൽ, എല്ലായ്പ്പോഴും വളരെ പിന്നിലാവുന്ന എന്നെ കാത്ത് അതിവേഗക്കാരായ ഈ നാലു പേരിലാരെങ്കിലും വഴിയോരത്തെവിടെയെങ്കിലും കുത്തിയിരിയ്ക്കും. എന്റെ തലവട്ടം വഴിയുടെ അറ്റത്തു കണ്ടാൽ എഴുന്നേറ്റ് നടന്നു പോകും.
ആകെ അൻപതിൽ താഴെ ആളുകൾ മാത്രം നടക്കുന്ന കഠിനമായ ആ വഴികളിൽ ആ കരുതലെത്ര വലുതെന്നു പറയാൻ വയ്യ. അഥവാ കുഴഞ്ഞു വീണുപോയാൽ ഉപേക്ഷിച്ചു പോവാനാേ, ബേസ് ക്യാംപിൽ വിവരം കൊടുക്കാനുമേ ആവൂ. ആ കാഠിന്യമറിയുമ്പോഴേ ഈ കരുതലിന്റെ വിലയറിയൂ.
ഇന്നും ഊഷ്മളമായി തുടരുന്ന ആ സൗഹൃദത്തിനിപ്പോൾ പതിനഞ്ച് വയസ്സായി.

കൈലാസത്തിൻ്റെ പടിഞ്ഞാറൻ മുഖം ദൃശ്യമായി. അങ്ങകലെ, "ങ്ഹാ! നീ വന്നോ" എന്ന പോൽ നോക്കി മഞ്ഞിൽ മാഞ്ഞു. വീണ്ടും നടപ്പ്. ഇടയിലെ നീർച്ചോലകൾ എന്നെ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാണ്. രണ്ടു കാരണങ്ങളുണ്ടതിന്. ഉരുളൻ കല്ലുകളിൽ ബാലൻസ് ചെയ്തു വേണം അപ്പുറം കടക്കാൻ. അതിനിടയിൽ വീഴുകയോ, ഐസുപോലെ തണുത്ത വെള്ളം കയറി സോക്സ് നനയുകയോ ചെയ്താൽ പിന്നെ കാലു മരവിച്ച് ഒരു പടുതിയാവും. ഒടുവിൽ ഉച്ചയോടെ ഒരുവിധം ഡെറാഫുക്ക് എന്ന ക്യാംപിൽ എത്തിപ്പെട്ടു. ചെന്നപാടെ ഒരു കട്ടിലിൽ രജായിക്കുള്ളിൽ അഭയം തേടി. ഒന്നു മയങ്ങിയെന്നു തോന്നുന്നു. കണ്ണുതുറന്ന് ജനലിലൂടെ നോക്കുമ്പോൾ അതാ..... അതാ..... ചിരപരിചിതമായ കൈലാസത്തിൻ്റെ വടക്കൻ മുഖം!
ഉഫ്!! ഒറ്റച്ചാട്ടത്തിന് പുറത്തു കടന്ന് കൺനിറയെ കണ്ടു. ശരിയ്ക്ക് കരച്ചിൽ വന്നു എനിയ്ക്കാദ്യം! വെയിലിൽ തിളങ്ങുന്ന കറുത്ത കൽക്കെട്ട്! കയർ വരിഞ്ഞതുപോലെ വരകൾ, അതിൽ പൊടിമഞ്ഞ്......
കൂട്ടുകാർ കുറച്ചുകൂടി അടുത്തേയ്ക്ക് കയറിപ്പോയി. ഞാൻ അതിനു ശ്രമിച്ചില്ല!കാരണം, പിറ്റേന്നാണ് ഈ ട്രക്കിംഗിലെ ഏറ്റവും കടുത്ത പരീക്ഷണം. പതിനാറായിരം അടിയിൽ നിന്നും 18500 അടി വരെ കയറി 16500 അടി ഉയരെയുള്ള അടുത്ത ക്യാംപിലേയ്ക്ക് ഇറങ്ങിയെത്തണം. ഉള്ള ഊർജ്ജമെല്ലാം അതിനായി കരുതി വയ്ക്കാൻ തീരുമാനിച്ച് കണ്ണിമയ്ക്കാതെ കൈലാസത്തെ കണ്ടു! കയറു വരകൾ ഉണ്ടായതായി പറയുന്ന കഥയോർത്തു!

കൈലാസത്തിലെ കരിങ്കല്ലിൽ കയർ വരകൾ വന്ന കഥ:
ശിവഭക്തയായ അമ്മയ്ക്ക് കൈലാസനാഥനെ കാണണമെന്ന് മോഹമുദിച്ചപ്പോൾ, കൈലാസ പർവ്വതത്തെ, ശ്രീലങ്കയ്ക്ക് കൊണ്ടുവരാൻ രാവണൻ പട നയിച്ചു പോയത്രെ! പടയെല്ലാം പോയിട്ടും, കൂസാതെ
ടിയാൻ കൈലാസത്തെ കയറിട്ടു കെട്ടി വലിച്ചു പോലും!
ആ സമയത്ത്, അവിടെയാകട്ടെ, കുടുംബ കലഹം നടക്കുകയായിരുന്നുവെന്ന് കഥ! രാവണൻ്റെ കയറു വലിയിൽ ഉലഞ്ഞ കൈലാസപ്പുറത്ത് ഭഗവാനെ ഏതോ പെണ്ണു കേസിൽ പിടിച്ച പാറൂട്ടി തല്ലാൻ ചട്ടുകവുമായി പുരയ്ക്കു ചുറ്റും ഓടിയ്ക്കുമ്പോഴായിരുന്നു, ടി സംഭവം നടന്നത് എന്നും പറയപ്പെടുന്നു!
മലയുലഞ്ഞതും, പാറു പേടിച്ച് ചട്ടുകം താഴെയിട്ട്
"ഹെൻ്റെ സിവേട്ടാ, നമ്മൾ സത്തുപോവുമോ സേട്ടാ" എന്ന് ശിവൂനെ കെട്ടിപ്പിടിച്ചതായും, ആ കേസ് തൊമ്മി തൽക്കാലം അവധിയ്ക്ക് വച്ചതായും കഥ തുടരുന്നു.
തൽക്കാലം വിചാരണയിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിൽ ശിവേട്ടൻ,
"നീയിവിടിരി ഞാനൊന്നു നോക്കിയേച്ചും വരാം"
എന്ന് പുറപ്പെട്ടത്രെ!
"സൂക്ഷിച്ചു പോണേ ചേട്ടാ, എത്തി നോക്കി താഴെ വീണു ചത്താൽ എൻ്റെ മംഗല്യഭാഗ്യം പോവുമേ" എന്നു പാറു!
കൂട്ടത്തിൽ,
"വീണ് കാലൊടിച്ചു വന്നാ, അവിടെ കെടക്കത്തേ ഉള്ളൂ" എന്നും കൂട്ടി ചേർത്തു.

ഏതായാലും എത്തിനോക്കിയ ശിവേട്ടൻ കണ്ടത് കയറ് വലിച്ച് പണ്ട് ദേവകൾ പാൽക്കടൽ കടഞ്ഞ പോലെ എടുത്തു കുത്തി നിൽക്കുന്ന രാവൺജിയെ ആണ് ! ഇനിയിതെന്തു പണ്ടാരം, പണ്ട് ലവൾ കൊങ്ങയ്ക്ക് പിടിച്ചതുകൊണ്ട് ഇപ്പോഴും ജീവനോടുണ്ട്!
"പാറൂ ഐ ലബ്യൂ ഡാ" ന്ന് മനസ്സിൽ പറഞ്ഞ് ശിവു രാവൺജിയോട് വിളിച്ചു ചോദിച്ചു.
"എടാ കുവ്വേ! നീയാരുവാ, നിനക്കെന്നാ, എന്റെ പറമ്പിൽ കാര്യം?"
രാവൺ: "ഞാൻ നിങ്ങളെ എൻ്റെ നാട്ടിലേയ്ക്ക് കൊണ്ടുപോവാൻ വന്നതാ!"
"വേം, കൂടും കുടുക്കയുമെടുത്ത് എറങ്ങിക്കേ!"
ശി: "നീയാളു കൊള്ളാവല്ലോടാ ചെറുക്കാ, എവിടാ നിൻ്റെ വീട്?"
രാ: ഇച്ചിരി ദൂരെയാ, അങ്ങ്, സമുദ്രത്തിൻ്റെ നടുക്കാ!" "എൻ്റെ അമ്മയ്ക്ക് നിങ്ങളെ ഒന്നു കാണണമെന്ന്"
ശി: "ശ്ശെടാ പാടേ! അതിന് നീ എൻ്റെ കെടപ്പാടം പൊളിയ്ക്കാതെ, നിൻ്റെ തള്ളേം കൂട്ടീട്ട് ഇങ്ങാട് കേറി വാഡേയ്"
രാ: "എൻ്റമ്മയെ തള്ളേന്നൊക്കെ വിളിച്ചാലുണ്ടല്ലോ......"
"നിങ്ങളെ ഞാൻ...."
വീണ്ടും കറക്കു തുടങ്ങീ രാവൺ.
ശി: "ഡാ! നിർത്തടാ ശവ്യേ!''
"നിൻ്റെ അമ്മയല്ല, അപ്പൂപ്പൻ പറഞ്ഞാ ഞാനിവിടുന്നിറങ്ങുന്ന പ്രശ്നമില്ല!"
"പക്ഷെ, നീയീ പണി ചെയ്തോണ്ട് എനിയ്ക്കൊരു ഗുണമുണ്ടായി. ഓള് ഒരു കേസുപിടിച്ച് നുമ്മളെ മക്കാറാക്കി, ചളമാക്കി ഇരിയ്ക്കാരുന്നു! ഇതോണ്ട്, പേടിച്ച് ലവള് നമ്മെ ഒന്ന് കെട്ടിപ്പുടിച്ചാച്ച്! ഇനി ഞാനാ കേസ്, അവളെ സുയിപ്പിച്ച് ഒന്ന് പിൻവലിപ്പിച്ചേച്ചു വരട്ട്! തൽക്കാലം വേണോങ്കി ഒരു വരം പിടിച്ചോ" എന്നൊരു വരാ എട്ത്ത് പൂശി!
ഇനി നിന്നിട്ടു കാര്യമില്ലെന്നു മനസ്സിലായ രാവൺ ഭയ്യ, കിട്ടീതാദായം എന്ന്, അതും വാങ്ങി സ്ഥലം കാലിയാക്കി!
അതേതാണ്ടാണ് അങ്ങേര് പിന്നീട് സീതേച്ചിയെ പിടിച്ചോണ്ടു വന്നപ്പോ,
'അടിയൻ ലച്ചിപ്പോം' എന്ന് ചാടി വീണ് ഓൾടെ കെട്ട്യോൻ രാമങ്കുട്ടി കുറെ കുട്ടിക്കുരങ്ങന്മാരേം കൂട്ടി വന്നപ്പോ എടുത്ത് പൂശീത് !
ന്നട്ടോ, ലാസ്റ്റ് ഫൈനല് ഓളെ രാമേട്ടൻ ഉപേക്ഷിയ്ക്കേം ചെയ്ത്! പുല്ല്! വേണ്ടാർന്നു അല്ലേ?!

തുടരും
കൈലാസത്തിൻ്റെ വടക്കൻ കാഴ്ച്ച  ( മഹാകൈലാസ യാത്ര ഭാഗം-3: റാണി ബി മേനോൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക