Image

ഗ്രീൻ ടീ അഥവാ പച്ചക്കൊടി (കഥ: പി രഘുനാഥ്)

Published on 24 October, 2020
ഗ്രീൻ ടീ അഥവാ പച്ചക്കൊടി (കഥ: പി രഘുനാഥ്)
തീറ്റയിലും കുടിയിലും രാജപ്പന്റെ വഴികാട്ടിയും ആശാനും മാതൃകാപുരുഷനുമായിരുന്നു ഡേവിസ്. ഷിവാസ് റീഗൽ, ജാക്ക് ഡാനിയേൽ, ജോണിവാക്കർ തുടങ്ങി മുന്തിയതും നാട്ടിൽ സുലഭമല്ലാത്തതുമായ സ്കോച്ച് വിസ്കികൾ രാജപ്പൻ കാണുന്നതും കുറേശ്ശേ രുചിച്ചു നോക്കുന്നതും ഡേവിസ് വഴിയാണ്. ചെറുപ്പം തൊട്ടേ രാജപ്പനും ഡേവിസും  കൂട്ടുകാരാണ്. ഒന്നാം ക്ലാസ്സ്‌ മുതൽ ഒന്നിച്ചു പഠിച്ചു വളർന്നുവന്നവർ. സർക്കാർ സ്കൂളിൽ തോൽപ്പിക്കൽ കുറവായതുകൊണ്ടും തോൽപ്പിക്കാൻ തുടങ്ങുമ്പോഴേക്കും പരിചയമുള്ള ടീച്ചർമാരെ മണിയടിച്ചുകൊണ്ടും ഡേവിസ് പത്താം ക്ലാസ്സ്‌ വരെ കിതച്ചെത്തി. പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഈ കളികളൊന്നും നടക്കില്ല എന്നതുകൊണ്ട് ഒറ്റത്തവണ പരീക്ഷ എഴുതി രണ്ടാമതൊന്നില്ല എന്ന് ഉറപ്പിച്ച് അവസാനിച്ചു പോന്നു.  അവസാന പരീക്ഷ എഴുതി പേപ്പർ ചുരുട്ടി കൂട്ടി കൊടുക്കും നേരം തോൽ‌വിയിൽ കുറഞ്ഞൊന്നും കിട്ടാൻ പോകുന്നില്ല എന്നറിയാമായിരുന്നതിനാൽ ഇനി എന്റെ പട്ടി വരും ഈ പടി ചവിട്ടാൻ എന്നും പറഞ്ഞാണ്  സ്കൂളിനോട് വിടപറഞ്ഞത്. വർഷോപ്പ്, പെയിന്റ് പണി, കിടക്ക കച്ചവടം തുടങ്ങി പത്താം ക്ലാസ്സ്‌ എത്തിയത് തന്നെ അധികയോഗ്യതയായി കണക്കാക്കുന്ന പ്രൊഫെഷണലുകളെലാം മാറി മാറി നടക്കും നേരവും അവനുള്ളിൽ ഗൾഫ് മോഹം മാത്രമായിരുന്നു. അതിനു കാരണമുണ്ട്. അതുവരെ ചങ്കായി നടന്ന ഒരു കൂട്ടുകാരൻ ഗൾഫിൽ പോകുകയും ഒരു വർഷം കഴിഞ്ഞു ലീവിന് വന്നപ്പോൾ ബാസാറിൽ കണ്ട പരിചയം കാണിക്കാതെ മുഖം തിരിച്ചു നടക്കുകയും ചെയ്തു. അവൻ പോയ വഴിയിൽ നിറയെ പെർഫ്യൂമിന്റെ  മണം ഒഴുകി നടന്നു. അവൻ വന്നപ്പോൾ വഴിയിൽ കണ്ട പിള്ളേർക്കെല്ലാം വാരി കോരി മിട്ടായി കൊടുത്തു. കുടിക്കുന്നവരെ വിളിച്ചു സ്കൂളിന്റെ വാഴത്തോപ്പിൽ കൊണ്ടു പോയി സൽക്കരിച്ചു. പണ്ടൊക്കെ ഗൾഫുകാർ വരുമ്പോൾ ഷർട്ടും ബനിയനും വാച്ചുമൊക്കെ കൊണ്ടു വന്നിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. എല്ലാവർക്കും സ്കോച്ച് വിസ്കി മതി. ഡേവിസിനു  മിട്ടായിയും ഇല്ല വിസ്‌ക്കിയും ഇല്ല. അതോടെ അവനുള്ളിലെ ഗൾഫ് മോഹത്തിന് വാശികൂടി. സന്ധ്യക്ക് ഷെയർ ഇട്ട് വെട്ടിരുമ്പ് റം വാഴത്തോപ്പിൽ ഇരുന്നു കുടിക്കും നേരം ഡേവിസ് തനിക്കുള്ളിലെ വാശിമൂത്ത ഗൾഫ്കാര്യം പറഞ്ഞപ്പോൾ രാജപ്പൻ അമ്പരക്കാതിരുന്നില്ല. കുമ്മായം അടിക്കുന്നവനും വർക്ഷോപ്പിൽ ഇരുമ്പ് അടിച്ചു പരത്തുന്നവനും ഗൾഫിൽ എന്ത് ചെയ്യാനാണ്? കുടിയുടെ രസം കളയാതിരിക്കാൻ ആ ചോദ്യത്തെ ഉള്ളിൽ ഇട്ട് തന്നെ ഞെരിച്ചു കൊന്നു.

എല്ലാ ഗൾഫ് മോഹികൾക്കും സംഭവിക്കുന്ന പോലെ തന്നെ ആദ്യതവണ ഒരു ഏജന്റിന്റെ തട്ടിപ്പിൽ പെട്ട് അമ്പതിനായിരം വെള്ളത്തിൽ ആയി എന്ന് കരുതിയതാണ്. ബോംബെയിൽ നിന്ന് നേരെ കോഴിക്കോട് ചെന്ന് ഏജന്റിന്റെ കഴുത്തിൽ കുത്തി പിടിച്ചപ്പോൾ പത്ത് വെള്ളത്തിൽ ലയിച്ചെങ്കിലും നാൽപ്പത് കയ്യോടെ കിട്ടി. അതുപോലും കിട്ടാത്തവരുടെ വിഷമത്തിനു മുന്നിൽ ശാന്തത കൈക്കൊണ്ടു. കുറെ നാളത്തേക്ക് ഗൾഫ് മോഹം മാറ്റി വെച്ചെങ്കിലും കയ്യിൽ നിന്നും പത്ത് പോയതിന്റെ ക്ഷീണവും വിഷമവും തേഞ്ഞു മാഞ്ഞലിഞ്ഞപ്പോൾ പിന്നെയും മിഠായിയും പെർഫ്യൂമും തലപൊക്കി വരാൻ തുടങ്ങി. ഒരിക്കലെങ്കിലും കടലിനു മുകളിലൂടെ പറക്കാതെ തനിക്ക് സ്വസ്ഥമായി ഉറങ്ങാൻ ആവില്ലെന്ന് അവനു ബോധ്യമായി. മറ്റാരും അറിയാതെ അവൻ രഹസ്യമായി തന്റെ ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു.

ഡേവിസിന്റെ മോഹവും വിഷമവും ശ്രമവും തിരിച്ചറിഞ്ഞ ദൈവം പുണ്യളനെപ്പോലുള്ള ഒരു ഏജന്റിനെ അവനരികിലേക്ക് വിട്ടു. അങ്ങനെ ഇക്കുറി ബോംബെ പോലും തൊടാതെ അവൻ കടലിനു മീതെ പറന്നു. ഒരു ഇംഗ്ലീഷ് കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി കിട്ടിയപ്പോഴാണ് നേരാം വണ്ണം പഠിക്കാത്തതിന്റെ  അതും സായിപ്പിന്റെ ഭാഷ പഠിക്കാത്തതിന്റെ ബുദ്ധിമുട്ടു എത്രമാത്രം ഗുരുതരമാണെന്ന് മനസ്സിലായത്. ഇംഗ്ലീഷുകാരനായ മാനേജർ തന്റെ അസിസ്റ്റന്റ് തന്റെ മാതൃഭാഷ ശരിക്കും അറിയാത്ത തങ്ങളുടെ തന്നെ പഴയ കോളനിയിൽനിന്നുള്ള ഒരാൾ ആയതുകൊണ്ട് മാത്രം ക്ഷമിച്ചുപോന്നു. അല്ലെങ്കിൽ തനിക്കു മുന്നിൽക്കിടന്നു വെള്ളം കുടിച്ചുവിയർക്കുന്ന ഡേവിസിനെ അന്ന് തന്നെ അവിടെനിന്ന് പാക്കപ്പ് പറഞ്ഞു കേറ്റിവിട്ടേനെ. ആരുടെയൊക്കെയോ കുരുത്തം ജന്മാന്തരം അതൊന്നും ഉണ്ടായില്ല. ഒരു വർഷത്തോളം സായിപ്പിന്റെ കീഴിൽ തട്ടും തടവും പഠിച്ചു. വ്യാകരണമൊന്നുമില്ലാത്ത, സംസാരത്തിൽ ശ്രദ്ധവെച്ചുള്ള, ആംഗ്യവിക്ഷേപങ്ങൾ കൂടിക്കലർന്ന, നിൽക്കക്കളിക്കുവേണ്ടിയുള്ള ഒരു ഭാഷരൂപം ഉണ്ടാക്കിയെടുത്തത് മുന്നോട്ടുള്ള ജീവിതചക്രം ഉന്തിത്തള്ളി കൊണ്ടുപോകാൻവേണ്ടിയായിരുന്നു.

ആദ്യത്തെ തവണ വന്നപ്പോൾ വലിയ ആഘോഷങ്ങളും ബഹളവും  ഉണ്ടായില്ല. സായിപ്പിന്റെ സോൾഘടിയായി മാറി രണ്ടുകാലിൽ ഉറച്ചു നില്ക്കാൻ തുടങ്ങിയപ്പോൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടു. അവധിക്ക് അടിച്ചുതകർക്കാൻ വരുമ്പോഴെക്കെ പലതരം കുപ്പികൾ ബാഗിൽ അടയിരുന്നു. നാട്ടിൽ എത്തിയാൽ സർവാണി സദ്യ പോലെയായി കാര്യങ്ങൾ. അടുപ്പമുള്ള ചങ്കുകൾക്ക് നല്ല സാധനം. അകന്നുനിന്നു പെരുമാറേണ്ടവർക്ക് നാട്ടുമര്യാദക്ക് എന്നവണ്ണം വിലകുറവിന്റെ ബ്രാൻഡുകൾ. പാസ്സ്പോർട്ടും വാറ്റ് 69 മൊക്കെ രാജപ്പൻ കാണാൻതുടങ്ങുന്നത് ഡാനിയേലിലൂടെയാണ് . ഡേവീസ് പച്ചതൊടാൻ തുടങ്ങിയിട്ടുണ്ടെന്നും അതുകൊണ്ടണ് ഈ മാറ്റങ്ങൾ എന്നും അറിഞ്ഞപ്പോൾ രണ്ടെണ്ണം വിട്ടിരിക്കുന്നതിനിടയിൽ രാജപ്പൻ ചോദിച്ചു:

"അല്ല, ഡെവീസേ  നിനക്കെന്താ പണി ഗൾഫിൽ .."
"ഡെവീസ്‌ അല്ല, ഡാനിയേൽ  ...ഡെവീസ്‌ എന്ന പേരൊക്കെ ഞാൻ എന്നേ മാറ്റിക്കളഞ്ഞു. അതിനു ഒരു കനം പോരാ. ബ്രിട്ടീഷ്‌ കമ്പനിയിൽ സ്റ്റോർ കീപ്പറായി പണിയെടുക്കുന്ന എനിക്ക് ഡാനിയേൽ എന്നാണ് കുടുതൽനല്ലത് എനിക്കുതോന്നി."

"ബ്രിട്ടീഷ് കമ്പനി എന്നൊക്കെ പറയുമ്പോ.. ഇംഗ്ലീഷ് പറയണ്ടേ..."

"പിന്നല്ലാതെ...ഞാൻ പഴയ ആ തൂറ്റ്ലാപ്പി ഡേവി അല്ല. ഇംഗ്ലീഷിൽ കുളിച്ചുകയറിയ പുതിയ ഡാനിയേൽ ആണ്."

ഒരുനിമിഷം രാജപ്പൻ വിസ്മയപ്പെട്ടു. പണ്ട് പഞ്ചായത്തു മേളക്ക് നാടകം കളിക്കാനായി അത്യാവശ്യം സാഹിത്യവാസനയുള്ള രാജപ്പൻ ഒരു നാടകം എഴുതി ഡേവീസിനെയും കൂട്ടുകാരെയുമൊക്കെ ചേർത്ത് റിഹേഴ്സൽ തുടങ്ങി. വെറുതെ നടക്കുമ്പോഴും നെഞ്ചുവിരിച്ചു മസിലു  പിടിച്ചു നടക്കുന്ന ഡേവീസിന് കനപ്പെട്ട കുറച്ചൊക്കെ ഇംഗ്ലീഷ് പറയുന്ന ഒരു കഥാപാത്രം തന്നെ കൊടുത്തു. ഒരു സീൻ അവസാനിക്കുന്നത് congrats, best of luck എന്ന് പറഞ്ഞായിരുന്നു. congrats ഒരു വിധം പറഞ്ഞൊപ്പിച്ചു. പക്ഷെ എത്ര തന്നെ ആയിട്ടും ബെസ്റ്റോപ് , ബെസ്റ്റോപ് എന്ന് പറയാനല്ലാതെ ലക്കിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. ആ ഒരു ഡയലോഗ് നേരാംവണ്ണം പറയാനൊക്കാത്തതുകൊണ്ട് ആ നാടകം തന്നെ വേണ്ടെന്നു വെച്ചു. അങ്ങനെയുള്ള ഡേവീസാണിപ്പോൾ ഡാനിയേലായി  ഇംഗ്ലീഷ് കമ്പനിയിൽ ഇംഗ്ലീഷും പറഞ്ഞു നടക്കുന്നത്. അന്നത്തെ തന്റെ നാടകം നിർത്തി കളയേണ്ടതോർത്ത വിഷമത്തിൽ രാജപ്പൻ ഒരു പെഗ് വാറ്റ് 69 വായിലേക്ക് കമഴ്ത്തി. ആ വിഷമം മനസിലായ മട്ടിൽ ഡേവീസ്  അടുത്ത ഒരു പെഗ് രാജപ്പന്റെ ഗ്ലാസിലേക്ക് ഒഴിച്ച് മണിമണിയായി പറഞ്ഞു.

"congrats രാജു, best of luck ..."

ഡേവിസിന്റെ ആംഗലേയ ഉച്ചാരണ ശുദ്ധി കേട്ടപ്പോൾ രാജപ്പൻ അവനെ നമിച്ചുപോയി. പക്ഷെ ഡേവിസ് വിട്ടില്ല. മമ്മൂട്ടി ഇംഗ്ലീഷിൽ ഡയലോഗ് പറയുന്നതുപോലെ തുടർച്ചയായി ഇംഗ്ലീഷിൽ സംസാരിച്ചുകൊണ്ടിരുന്നു. ഡിഗ്രിയും സെർട്ടിഫിക്കറ്റും പത്രാസുമുള്ള തന്നെക്കൊണ്ട് ഇത് പോലെ ഇംഗ്ലീഷ് പറയാനാവില്ലെന്നു ഉള്ളിൽ കിടക്കുന്ന വാറ്റ് സ്വതന്ത്രമായ മനസിനെക്കൊണ്ട് സത്യം പറയിച്ചു. അതാണല്ലോ മദ്യത്തിന്റെ മഹത്വം. ഡേവിസ് മറ്റൊരു പ്രഖ്യാപനം കൂടി നടത്തി.

"രാജു, നീ ഒരു ഫുൾ ലെങ്ത് ഇംഗ്ലീഷ് ഡ്രാമ തന്നെ റൈറ്റ് ചെയ്യ്. എബോവ് വൺ അവർ ...എനിക്കൊന്ന് സ്റ്റേജിൽ കയറി വിലസണം . അന്നത്തെ നിന്റെ വിഷമം തീർക്കണം..."

ആ സമയം പെരുത്ത് വന്ന ആരാധനയോടെ രാജപ്പൻ ഡേവിസിനെ  നോക്കിയിരുന്നു. പിന്നീട് ഇടയ്ക്കിടെ കള്ളു മൂക്കുമ്പോഴൊക്കെ ഡേവിസ് ഇക്കാര്യം രാജപ്പനെ ഓർമിപ്പിച്ചെങ്കിലും ഇംഗ്ലീഷിൽ ഒരു മണിക്കൂർ നാടകമൊന്നും എഴുതാൻ തന്നെക്കൊണ്ടാവില്ല എന്നതിനാൽ അപ്പോഴൊക്കെ കേൾക്കാത്ത മട്ടിൽ മൗനം പാലിച്ചിരുന്നു.
ഓരോവർഷം കഴിയുംതോറും ഡേവിസിന്റെ റേഞ്ച് കൂടിവന്നു. ഇപ്പോഴവൻ  കുവൈറ്റിലുള്ള ഒരു അറബിയുടെ വിശ്വസ്തനായ ഡ്രൈവർ കം പി എ ആണ്. പാസ്സ്പോർട്ടും വാറ്റ് 69 ഒക്കെ പഴം കഥകൾ. ആ ബ്രാൻഡുകളൊക്കെ പറയുമ്പോൾ പുച്ഛവും പരിഹാസവും ചുണ്ടിൽ പരന്നു. കാലം കടന്നു പോയതിനൊത്തു ഡേവിസും  വളർന്നു. ഡേവിസ് വളരുന്നുണ്ടെന്ന് രാജപ്പന് മനസ്സിലായത് അവൻ കൊണ്ടു വന്നിരുന്ന വിദേശ സ്കോച്ച് വിസ്കിയിലൂടെ ആയിരുന്നു. ജോണി വാക്കർ റെഡ് ബ്ലു ലേബൽ,  ഷിവാസ് റീഗൽ, ജാക്ക് ഡാനിയേൽ എന്നിവ പലവർഷം പഴക്കം ചെന്ന ലഹരി വീര്യങ്ങളുമായി അവരുടെ രാപ്പകലുകളിൽ നൃത്തം ചെയ്തു മാറി മറിഞ്ഞു. അപ്പോഴും ലോക്കലുകാരെ നിരാശപ്പെടുത്തതെ ആ ബ്രാന്റുകളിലും ഉദ്യോഗകയറ്റവും കാശ് കയറ്റവും പ്രതിഫലിച്ചു. പണവും പ്രതാപവും പൂശിവരുന്ന സെന്റും ഇട്ടു നടക്കുന്ന വസ്ത്രങ്ങളും കൊണ്ടുവരുന്ന കുപ്പികളും അതിനൊക്കെ ഉപരി അവ പൊട്ടിച്ചൊഴിച്ചു കുടിക്കുമ്പോഴുള്ള ഇംഗ്ലീഷ് സംസാരവും കൂടി രാജപ്പനെ ഡേവിസിന്റെ  ശിഷ്യനാക്കി മാറ്റി. ഡേവിസ് എന്ത് പറഞ്ഞാലും അതിലപ്പുറം മറ്റൊന്നും ഇല്ലെന്ന് രാജപ്പൻ ഉറപ്പിച്ചു. ഡേവിസ് ഈ കാലത്തിനിടയിൽ ചെന്ന് പറ്റാത്ത രാജ്യങ്ങൾ ഇല്ല. യൂറോപ് ഒഴികെ സഞ്ചരിച്ച രാജ്യങ്ങളിൽ നിന്നും തിരിച്ചു പോരുമ്പോഴൊക്കെ അവിടെയുള്ള വിശേഷപ്പെട്ട മദ്യങ്ങളൊക്കെ വാങ്ങി കൊണ്ടു പോരുമെന്ന് മാത്രമല്ല അതൊക്കെ മിക്കവാറും രാത്രികളിൽ അതിന്റെയൊക്കെ സവിശേഷതകളൊടെ പാനം ചെയ്തു പോരുകയും ചെയ്തു. ഓരോ മദ്യക്കുപ്പി തുറക്കുമ്പോഴും രാജകീയമായ അതിന്റെ പാരമ്പര്യവും എങ്ങനെയാണു അത് കുടിക്കേണ്ടതെന്നും തുടങ്ങി ഡേവിസ് പറഞ്ഞതൊക്കെ ഉള്ളതാണോ എന്നും പിറ്റേന്ന് കാലത്തു രഹസ്യമായി ഗൂഗിൾ നോക്കി രാജപ്പൻ തിട്ടപ്പെടുത്തി. കുടിക്കും നേരം ഡേവിസിന്റെ  മുന്നിൽ ഇരുന്നു നോക്കുന്നത് കണ്ടാൽ അവനെ അവിശ്വസിച്ചതിന്റെ പേരിൽ മദ്യസദസിലെ  പ്രൈംലിസ്റ്റിൽ നിന്നും തന്നെ തട്ടിയാലോ എന്ന് കരുതി അക്കാര്യം തികച്ചും ബുദ്ധിപൂർവം തനിക്കുള്ളിൽ തന്നെ മൂടിവെച്ചു. മദ്യപാനത്തിനുശേഷം കരളിനെ എങ്ങനെ കാത്തുരക്ഷിച്ചു പോരണമെന്നതിനെക്കുറിച്ചുവ്യക്തവും വൈദ്യശാസ്ത്രത്തിലധിഷ്ഠിതമായ മാർഗനിർദേശങ്ങളും ഓരോ കുടിക്കഴിയുമ്പോഴും ഡേവിസ് രാജപ്പന് ഉപദേശിച്ചുകൊടുക്കുമായിരുന്നു . അതിലെ മാസ്റ്റർപീസായിരുന്നു ഗ്രീൻ ടീ യുടെ ഉപയോഗം. വയറു നിറച്ച്  എത്ര കുടിച്ചാലും രാത്രി കിടക്കുന്നതിനു മുൻപേ ഒരു നാഴിക്കപ്പ് ഗ്രീൻ ടീ കുടിച്ചാൽ ലിവർ പൂർണ സുരക്ഷിതത്വത്തിൽ ചുരുണ്ടുകൂടി അവിടെ തന്നെ ഇരിക്കുമെന്നും ഡേവിസ് രാജപ്പനെ ബോധ്യപ്പെടുത്തി. അതിനു ഉപോൽബലകമായി അവർക്കു മുന്നിൽ ജീവിക്കുന്ന ഒരു അനുഭവസാക്ഷ്യവും ഉണ്ടായി. അവരുടെ തന്നെ മദ്യപാനവേളകളിൽ വന്നിരിക്കുകയും എന്നാൽ മദ്യം കൈക്കൊണ്ടു തൊടുകയും ചെയ്യാത്ത അവരുടെ മറ്റൊരു ചങ്ങാതിക്ക് ശോധന വളരെ കുറവായിരുന്നു. ആയുർവേദത്തിലും അലോപ്പതിയിലും ഹോമിയോവിലും അവൻ കഴിക്കാത്ത ശോധനസഹായികൾ ഇല്ല തന്നെ. അങ്ങനെയുള്ള അവനു ഡേവിസ് ഗൾഫിൽ നിന്ന് കൊണ്ടുവന്ന ഗ്രീൻ ടീയുടെ രണ്ടു ചെറിയ പൊതികൾ കൊടുത്ത് അന്ന് തന്നെ കഴിക്കാൻ നിർദേശ്ശിച്ചു. പിറ്റേന്ന് അവനെ കാണുന്നത് രാത്രിയിലാണ്. അവനു പ്രത്യേകിച്ച് പണിയില്ലാത്തത് നന്നായി.  കാരണം 'തൂറാത്തോൻ തൂറുമ്പോൾ തീട്ടംകൊണ്ട് ആറാട്ട്' എന്ന പോലെയായി കാര്യങ്ങൾ. പക്ഷെ രാത്രി കാണുമ്പോൾ വല്ലാത്ത ഒരു ഭാരം തന്നിൽ നിന്നും ഒഴിഞ്ഞുപോയ പോലെ അവൻ ആശ്വാസവാനായിരുന്നു. ഒരു കാലത്തും ആരെയും അംഗീകരിക്കാത്ത, ഓഷോയുടെയും ജെ കെ യുടെയും ജിബ്രാന്റെയും കസാൻസാക്കിസിന്റെയും പുസ്തകങ്ങൾ വായിച്ചു് സാധാരണ ലെവലിൽ നിന്നൊക്കെ മാറി ആര് എന്ത് ഉപദേശിച്ചാലും അതൊന്നും ചെവികൊള്ളാതെ കല്യാണം പോലും കഴിക്കാതെ ഒറ്റത്തടിയായി സ്വന്തം ആശയാദർശങ്ങളുടെ തടവറയിൽ കഴിയുന്ന ഒരു തടവുപുള്ളിയായിട്ടാണ് അവർ അവനെ കണ്ടിരുന്നത്. ഒരിക്കൽ അവന്റെ അപ്പന്റെ അപേക്ഷ പ്രകാരം ഡേവിസ് അവനെ കല്യാണം കഴിക്കാൻ ഉപദേശിക്കാൻ പോയ കാര്യം പ്രസിദ്ധമാണ്. പോയതിനേക്കാൾ വേഗത്തിൽ ഡേവിസ് തിരിച്ചെത്തി. ഇനിയും കുറച്ചുനേരം കൂടി അവനെ ഉപദേശിക്കാനിരുന്നാൽ താൻ കൂടി വിവാഹം വേണ്ടെന്നു വെച്ചേക്കുമെന്ന് ഭയന്നാണ് അന്ന് ഡേവിസ് അവനരികിൽ നിന്നും ഓടി രക്ഷപ്പെട്ടത്. അങ്ങനെയുള്ള ജിദ്ദു ഓഷോയാണ് ഡേവിസിനു മുന്നിൽ വയറു തടവി ആശ്വാസത്തോടെ നിൽക്കുന്നത്. മനസിലാവാത്ത ആത്മീയപുസ്തകങ്ങളുടെ വായന മൂലമാണ് അവനു ദഹനക്കേട് ഉണ്ടായതെന്നും അത് ഗ്രീൻ ടീ കൊണ്ടൊന്നും മാറില്ലെന്നുമാണ് രാജപ്പൻ കരുതിയത്. എന്നാൽ അതോടെ രാജപ്പൻ ഡേവിസിന്റെ മിടുക്കിനും കഴിവിനും മുന്നിൽ പൂർണമായും അടിയറവു പറഞ്ഞു. ഡേവിസിനും  ഉഷാറ് കൂടി. അവൻ ഗ്രീൻ ടീ മാഹാത്മ്യങ്ങൾ തുടർന്നു.

"വയറുനിറച്ചു എത്ര പെഗ് വേണമെങ്കിലും അടിച്ചോ. ഭക്ഷണം കഴിച്ചോ. ഒരു കുഴപ്പവുമില്ല. കിടക്കാൻ നേരം ഒരു കപ്പ് ഗ്രീൻ ടീ കുടിച്ചാ മതി. കമ്പ്ലീറ്റ് കൊഴുപ്പും അഴുക്കും ജിടി ഒഴുക്കി കളയും. ലിവറിനെ ഒന്ന് തൊടാൻ പോലും മദ്യത്തിനും ഭക്ഷണത്തിനും ആവില്ല. അതൊറപ്പാ .."

എന്നും വയറു നിറയെ തിന്നും കുടിച്ചും രാത്രി ഏറെ വൈകിയാലും ഡേവിസിനൊപ്പം ജിടി കുടിച്ചിട്ടേ രാജപ്പൻ പിരിയാറുള്ളൂ. സാഹചര്യത്തിന്റെ സമ്മർദ്ദം നിമിത്തം ചില രാത്രികളിൽ രാജപ്പനും ഡേവിസും വെവ്വേറെ കമ്പനികളിൽ ചെന്ന് പെടുമായിരുന്നു. അന്നൊക്കെ രാത്രികളിൽ ജിടി ഇല്ലാതെ രാജപ്പൻ കിടന്നുറങ്ങും. ഡേവിസാവട്ടെ  താൻ ജിടി കുടിക്കുന്നതിന്റെ ലൈവ് പരിപാടിയും അതിന്റെ പറഞ്ഞാൽ  മതിവരാത്ത മേന്മകളും ആ പാതിരാത്രി നേരത്തു ഒരു മടുപ്പുമില്ലാതെ രാവിക്കൊണ്ടേയിരിക്കും. കേട്ട് മടുത്തതാണെങ്കിലും അത് കേട്ടിരുന്നേ തീരു. അല്ലെങ്കിൽ അടുത്ത തവണ തനിക്കുള്ള കുപ്പിയുടെ എണ്ണം കുറഞ്ഞാലോ എന്നൊരു ആശങ്കയും അവനുള്ളിൽ പതുങ്ങി കിടന്നിരുന്നു. ജെ ഡി ക്കും എസ് ആറിനും മുന്നിൽ എത്ര വലിയ പ്രസംഗങ്ങളും എത്ര ചെറുതാണെന്ന് രാജപ്പനോളം അറിയുന്നവർ ആരുമുണ്ടായിരുന്നില്ല.

അങ്ങനെ ഒരു തുള്ളി അടിക്കാതെ രാജപ്പൻ കിടന്നുറങ്ങാൻ തുടങ്ങുന്ന ഒരു രാത്രി നേരം പന്ത്രണ്ടു മണിക്ക് ഫോൺ വന്നപ്പോൾ ഡേവിസിന്റെ ജിടി ചരിതം കേൾക്കാനായി തയ്യാറെടുത്ത് മടുപ്പേതും പുറമേ കാണിക്കാതെ ചെവിയോട് ചേർത്തു. അപ്പുറത്തു പക്ഷെ ഡേവിസ് ആയിരുന്നില്ല. സംഗതി വിഷയം ഡേവിസ് ആയിരുന്നെങ്കിലും.

"നീ എവിട്യ ?"

"വീട്ടില് .."

"ഉറങ്ങിയോ ?"

"കിടന്നതാ, എന്നാലും എഴുന്നേറ്റു , എന്തേ , ആരാ.."

"ഞാനാടാ ജോയി. ഡെന്നീസിന് പെട്ടെന്ന് ഒരു നെഞ്ച് വേദന. അവനെ ദയ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിട്ടുണ്ട്. അവന്‌ നിന്നെ കാണണം ന്ന് ..."

രാജപ്പന്റെ ചങ്കു മുതൽ അടിവയർ വരെ കാഞ്ഞു എരിഞ്ഞു തുള്ളി വെള്ളം ചേർക്കാതെ ഒരു ഗ്ലാസ് ലോക്കൽ റം ഇറങ്ങി പോയത് പോലെ തോന്നി.
"എന്തെങ്കിലും കൊഴപ്പം ഉണ്ടോ.?"

"കാണുമ്പോ കൊഴപ്പം ഒന്നൂല്യ. ഓപ്പറേഷൻ വേണന്ന്. അതിനു മുന്നേ നിന്നെ കാണണം ത്രേ . നീ വേഗം വാ..."

"ഓപ്പറേഷൻ വേണെങ്കി അത് ചെയ്തോ എന്നെ കാക്കണ്ട. ഞാൻ അവിടെ എത്താം. സമയം വൈകിക്കണ്ട."

ഫോൺ വെച്ച് രാജപ്പൻ ഓഷോമൂർത്തിയെ വിളിച്ചു. ഭാഗ്യത്തിന് അവൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ഏതോ കനപ്പെട്ട പുസ്തകം വായിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. ഓഷോന്റെ പിറകിൽ ഇരുന്നു ആശുപത്രിയിലേക്ക് പോകുമ്പോൾ രാജപ്പൻ ഷോക്കിൽ തന്നെ ആയിരുന്നു. എന്നാലും ഗ്രീൻ ടീ ചതിച്ചൂലോ അവനെ എന്ന് ഹോസ്പിറ്റലിൽ എത്തുവോളം ഓഷോയെ കേൾപ്പിച്ചും കേൾപ്പിക്കാതെയും രാജപ്പൻ പറഞ്ഞുകൊണ്ടിരുന്നു. ഇനി ജാക്ക് ഡാനിയേലും ഷിവാസ് റീഗലും ഓർമ്മയിൽ മാത്രം എന്ന്  ശബ്ദമില്ലാതെ കരയും വണ്ണം അവൻ പറയുന്നത് പുറത്തു വന്നിരുന്നില്ല . ഓഷോയാവട്ടെ ഇടയ്ക്കിടെ തന്റെ വയറു തലോടി ബൈക്കോടിച്ചുകൊണ്ടിരുന്നു.
ആശുപത്രിയിൽ നിരീക്ഷണശേഷം അടുത്ത കാര്യ പരിപാടികളിലേക്ക് കടക്കുകയായിരുന്നു. ഡേവിസ് രാജപ്പനെ കണ്ടപ്പോൾ ചിരിച്ചു ഉഷാറായി. ഒരു കുഴപ്പവും ഇല്ലാത്തപോലെ.

"ഗ്രീൻ ടീ ചതിച്ചൂലോടാ ..."

അങ്ങനെയാണ് അവന്‌ നാവിൽ വന്നത്. പക്ഷെ ഡേവിസിന്  കുലുക്കമൊന്നുമില്ല.

"ഗ്രീൻ ടീ നമ്മള് കുടിച്ചിരുന്നത് ലിവർ പ്രൊട്ടക്ഷന് വേണ്ടിയല്ലേ...ഹാർട് ആയിട്ട് അതിന് ഒരു ബന്ധവുമില്ല. നീ നോക്കിക്കോ ലിവർ ഇപ്പഴും പക്കാ ആയിരിക്കും. നിന്നോട് ഞാൻ വരാൻ പറഞ്ഞത് എന്റെ ഓപ്പറേഷൻ കഴിഞ്ഞു ബോധം വരുമ്പോളേക്കും ഡോക്ടറോട് നീ ചോദിച്ചു മനസിലാക്കണം ബ്ലോക്ക് നീക്കം ചെയ്തവർക്ക് ഏതു ബ്രാൻഡ് ആണ് നല്ലതെന്നും ഗ്രീൻ ടീ ലിവറിനെ രക്ഷിക്കുന്നപോലെ ഹാർട്ടിനെ രക്ഷിക്കാൻ മറ്റെന്തെങ്കിലും ടീ ഉണ്ടോ എന്നും...ഡോക്ടർക്ക് അറിയില്ലെങ്കിൽ പറയട്ടെ ഞാൻ ഗൾഫിന്നു കണ്ടുപിടിച്ചോള്ളം..."

സ്‌ട്രെച്ചറിൽ കിടക്കുന്ന ഡേവിസ് നീങ്ങി പോകുന്നത് നോക്കി രാജപ്പൻ ആശ്വാസത്തോടെ നിന്നു. ആ സമയം സ്വപ്നങ്ങളിൽ മാത്രമായി ഒതുങ്ങി കഴിഞ്ഞെന്നു കരുതിയ എസ്‌ ആറും ജെ ഡി യും തനിക്ക് അരികിലേക്ക് ആശുപത്രിയുടെ നീളൻ കോറിഡോറിലൂടെ വല്ലാത്ത ഒരു അടക്കത്തിലും ഒതുക്കത്തിലും നടന്നു വരുന്നത് രാജപ്പന് കാണാൻ കഴിയുന്നുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക