Image

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അടുത്ത വര്‍ഷം തുറന്നു കൊടുക്കും.

Published on 24 October, 2020
തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്  അടുത്ത വര്‍ഷം  തുറന്നു കൊടുക്കും.
തൃശൂർ: മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായി പാർക്ക് . തൃശൂർ പുത്തൂരിൽ 350 ഏക്കറിൽ ഒരുക്കുന്നു.

ആകാശ് ഒരു സിംഹമാണ്. നിക്കു പുള്ളിപ്പുലിയും. രണ്ടുപേരും ഇപ്പോൾ തൃശൂർ മൃഗശാലയിലുണ്ട്. കൂടിന്റെ അസ്വാതന്ത്ര്യത്തിൽ നിന്ന് കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഓടിയിറങ്ങാൻ ഒരുങ്ങിയിരിക്കുകയാണ്. കൂടെ കിരൺ കടുവയും പോപ്പി ഹിപ്പോയും ടുട്ടു പശുവും മൃഗശാലയിലെ മറ്റു കൂട്ടുകാരുമുണ്ടാവും. തൃശൂർ പുത്തൂരിൽ 350 ഏക്കറിൽ ഒരുക്കുന്ന സുവോളജിക്കൽ പാർക്കിലേക്ക് ഡിസംബർ മുതൽ മൃഗശാലയിലെ ജീവികളെ മാറ്റിത്തുടങ്ങും. 300 കോടി രൂപ ചെലവഴിച്ചാണ് മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായി പാർക്ക് ഒരുക്കുന്നത്.
നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇവിടെ അധികമായുള്ള മൃഗങ്ങളെ മറ്റു സംസ്ഥാനങ്ങൾക്ക് കൈമാറി, അവിടെ നിന്ന് കൂടുതൽ ജീവജാലങ്ങളെ പാർക്കിലേക്ക് കൊണ്ടുവരും. ചില മൃഗങ്ങളെ മറ്റു രാജ്യങ്ങളിൽ നിന്നെത്തിക്കാനും ആലോചനയുണ്ട്. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ ഉഭയജീവികൾ ഉൾപ്പെടെ 64 ഇനത്തിലെ 511 ജീവികളാണ് ഇപ്പോൾ തൃശൂർ മൃഗശാലയിലുള്ളത്. ആറു മാസം കൊണ്ട് ഇവയെ സുവോളജിക്കൽ പാർക്കിലെത്തിക്കും. അടുത്ത വർഷം സുവോളജിക്കൽ പാർക്ക് ജനങ്ങൾക്ക് തുറന്നു കൊടുക്കും.
ലോക പ്രശസ്ത മൃഗശാല ഡിസൈനർ ജോൻ കോ ഇന്ത്യയിൽ ആദ്യമായി ഡിസൈൻ ചെയ്ത പാർക്കാണ് പുത്തൂരിലേത്. പ്രശസ്തമായ ബാലി സഫാരി ആന്റ് മറൈൻ പാർക്ക്, സിഡ്നി ടാറോംഗ മൃഗശാല തുടങ്ങിയവ ജോൻ കോ ആണ് ഡിസൈൻ ചെയ്തത്. ആസ്ട്രേലിയ, കാനഡ, ചൈന, ജർമനി, ഘാന, ഇൻഡോനേഷ്യ, യു. എ. ഇ തുടങ്ങി വിവിധ രാജ്യങ്ങളിലെ മൃഗശാലകൾ അദ്ദേഹം രൂപകൽപന ചെയ്തിട്ടുണ്ട്. ഭുവനേശ്വർ, കോയമ്പത്തൂർ മൃഗശാലകളുടെ മാസ്റ്റർപ്ളാനുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിട്ടുണ്ട്.
വന്യജീവികളെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുറസ്സായി പ്രദർശിപ്പിക്കാനുള്ള പ്രത്യേക വാസസ്ഥലങ്ങളാണ് പുതിയ പാർക്കിന്റെ പ്രത്യേകത. ഇത്തരത്തിൽ 23 വാസസ്ഥലങ്ങളുണ്ടാവും. ഇവയിൽ മൂന്ന് എണ്ണം വിവിധയിനം പക്ഷികൾക്കുള്ളതാണ്. വിശാലമായ പാർക്കിംഗ് സ്ഥലം, റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ, സർവീസ് റോഡുകൾ, ട്രാം റോഡുകൾ, സന്ദർശക പാതകൾ, ടോയിലറ്റ് ബ്ളോക്കുകൾ, ട്രാം സ്റ്റേഷനുകൾ, മൃഗങ്ങളെ വീക്ഷിക്കുവാനുള്ള സന്ദർശക ഗാലറികൾ, കഫറ്റീരിയ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സമുച്ചയം, ക്വാർട്ടേഴ്സുകൾ, വെറ്ററിനറി ആശുപത്രി സമുച്ചയം, മൃഗങ്ങൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന അധുനിക ഭക്ഷണശാലകൾ എന്നിവ പാർക്കിന്റെ ഭാഗമായുണ്ടാവും.
സന്ദർശകർക്ക് ട്രാമിൽ സഞ്ചരിച്ച് മൃഗങ്ങളെ കാണാം. ഇതിനായി നാല് ട്രാമുകൾ സജ്ജമാക്കും.തൃശൂർ വനം ഡിവിഷനിലെ പട്ടിക്കാട് റേഞ്ചിലെ 136.85 ഹെക്ടർ വനഭൂമി ഉൾപ്പെടുന്നതാണ് പുതിയ സുവോളജിക്കൽ പാർക്ക്. തൃശ്ശൂർ നഗരത്തിൽ 13 ഏക്കറിൽ പ്രവർത്തിക്കുന്ന ഇപ്പോഴത്തെ മൃഗശാലയുടെ പ്രധാന പോരായ്മ സ്ഥലപരിമിതിയായിരുന്നു. പുതിയ സുവോളജിക്കൽ പാർക്കിലൂടെ ഇതിന് പരിഹാരമാകും. 2016-17-ലെ പുതുക്കിയ ബഡ്ജറ്റിൽ അവതരിപ്പിച്ച തൃശൂർ സുവോളജിക്കൽ പാർക്ക് പദ്ധതി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പ്രാവർത്തികമാകുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക