Image

കരയുന്ന കണ്ണാടികൾ (കവിത: അർച്ചന ഇന്ദിര ശങ്കർ)

Published on 28 October, 2020
കരയുന്ന കണ്ണാടികൾ (കവിത: അർച്ചന ഇന്ദിര ശങ്കർ)
കരയുന്ന കണ്ണാടികൾ
നല്ല ചിരിയുള്ള വെയിലിലും
പേമാരിപോലെയാർത്തു 
കരയുന്ന കണ്ണാടികൾ

നോവിന്റെ കണ്ണാടികൾ
ആനന്ദത്തിരകളിൽ സ്നാനം കഴിക്കുന്ന
പെരുമ്പാറ ശില പോലെ
കരയുന്ന കണ്ണാടികൾ

ഏകാന്ത കണ്ണാടികൾ,
വിഫലമായ് ആൾക്കൂട്ടമിടയിലും
തോൾചേർന്നു നില്ക്കുവാൻ
തോഴരെ തിരയുന്ന കണ്ണാടികൾ

കാവലായ് കണ്ണാടികൾ,
അസത്യവയലുകളിൽ സത്യം വിതച്ച്
വിള കാക്കുന്ന കണ്ണാടികൾ
കരയുന്ന കണ്ണാടികൾ

ഭ്രാന്തുള്ള കണ്ണാടികൾ
ചങ്ങലക്കണ്ണികളിൽ താരങ്ങളെണ്ണുന്ന 
ഭ്രാന്തെന്ന വിളികളിലൊളിവീട് തേടിയ
നട്ടഭ്രാന്തുള്ള കണ്ണാടികൾ
കരയുന്ന കണ്ണാടികൾ

നേരുള്ള കണ്ണാടികൾ 
നാട്യങ്ങൾ വാഴുമരങ്ങിൻ മൂലയിൽ
നാട്യമറിയാതുഴലുന്ന കണ്ണാടികൾ
നേര് ചൊല്ലുന്ന കണ്ണാടികൾ

കരയുന്ന കണ്ണാടികൾ
ചില്ലുടയുന്ന കണ്ണാടികൾ
ചിതറുന്ന കണ്ണാടികൾ
പൊള്ളുമഗ്നിയെരിയുന്ന കണ്ണാടികൾ

നേർ ചൊന്ന കണ്ണാടിയെറിഞ്ഞുടച്ചു
കുത്തിയിറങ്ങും ചീളുകൾ തൂത്തൊഴിച്ചു
കരിംതുണി കെട്ടിയാ 
നേരിന്റെ കണ്ണിനെ
കരിമ്പടം മൂടി മറച്ചൊതുക്കി

പിന്നെയും
കരയുന്ന കണ്ണാടികൾ
ഇരുളിലും വെട്ടത്തിൻ നാളങ്ങളുള്ളിൽ 
ഒളിപ്പിച്ചു തേങ്ങുന്ന കണ്ണാടികൾ
കരയുന്ന കണ്ണാടികൾ 
 
Join WhatsApp News
രാജു തോമസ് 2020-10-30 23:28:43
നന്നായിട്ടുണ്ട്, ശരിക്കും. സന്തോഷം. ഇവിടെ കാവ്യഭാവന വിലസുകയാണ്--പദവൈഭവത്തോടെ, പൊലിമയോടെ. ഈമലയായാളിയിൽ വന്ന അർച്ചനയുടെ കവിതകളിൽ എനിക്കു ബോധിച്ചത് ഇതാണ്. ഇതിന്റെ ഒരു ബലം ആലാപനീയതയാണ്. ചൊല്ലുമ്പോൾ രസമുണ്ട്, നല്ല രസം. എന്നാൽ, ചിലേടത്ത് കരടുണ്ട്. (എഴുതിത്തിരുത്തിത്തിരുത്തി ശരിയായി എന്നാവുമ്പോൾ പല രീതികളിൽ വായിച്ചുനോക്കിവേണം മിനുക്കുപണി.)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക