Image

ഒരു കല്ല്യാണകിസ്സ‌ (ഷാഹിന ഫൈസൽ)

Published on 30 October, 2020
ഒരു കല്ല്യാണകിസ്സ‌ (ഷാഹിന ഫൈസൽ)
വർണവെളിച്ചം കൊണ്ട് അലങ്കൃതമായ പന്തലിനുള്ളിലെ കൈകൊട്ടിപ്പാട്ടിന് ഒത്ത് ചുവട് വെക്കുകയാണ് സമീറയും കൂട്ടുകാരും...

നാളെയാണ് സമീറയുടെ കല്യാണം.അതിന്റെ ആഘോഷമാണ് അവിടെ പാട്ടും കളിയും ആയി നടക്കുന്നത് ...

കൈയ്യിലെ മൈലാഞ്ചി ചോപ്പും നോക്കി നിൽക്കുന്ന അവളുടെ അടുത്തുവന്നു കൂട്ടുകാരി സറീന ചെവിയിൽ എന്തോ മന്ത്രിച്ചതും നാണം കൊണ്ട കവിൾതടം തട്ടം കൊണ്ടവൾ മറച്ചു പിടിച്ചു.

കല്ല്യാണപ്പാട്ടിന്റെ ഈരടികൾ എല്ലായിടത്തും നിറഞ്ഞു നില്ക്കുമ്പഴാണ് മ്മളെ മണവാട്ടിന്റെ അമ്മായിന്റെ കടന്നുവരവ്... മ്മളെ ഖദീജമ്മായി.

ഐശ്ശ് ... ഇതൊന്നും നമ്മക്ക് ശരിയാവൂല ട്ടോ...
ഒരു വശത്ത് മുഴുമനും പാട്ടും കൂത്തും മറുവശത്ത് ആണേൽ തൊപ്പീം വെള്ളക്കുപ്പായോം ഇട്ട കുറേ വെപ്പുകാരും വിളമ്പുകാരും...

കുടുംബക്കാരായ മ്മള് വെറുതേം തൊള്ളേം തൊറന്നിരിക്കാ...
ഇതൊരു രസോംല്ല ട്ടോ ഹമീദേ... കല്യാണം...

സമീറ ന്റെ വാപ്പയോടും സർവ്വോപരി തന്റെ കുഞ്ഞനിയോട്, ... അവൾ പരിഭവം പറഞ്ഞു.

എന്താ.... ഖൈജുത്താ... ങ്ങൾക്കിതൊന്നും ഇഷ്ടായില്ലേ....

ചോദ്യം ഹമീദിക്കാടെ അളിയന്റെ വകയാണ്.

ചോദ്യം വന്നിടത്തേക്ക് നോക്കി കൊണ്ട് അവർ മുഖം വക്രിച്ചു.

ഇതെന്തു കല്ല്യാണാ ടാ... ഇതൊരുമാതിരി ടീവി കണ്ടിരിക്ക്ണ മാതിരി എല്ലാരും കാണികളായിട്ട്...

അതിനൊക്കെ മ്മളെ പണ്ടത്തെ കല്ല്യാണം...

കൊട്ടും പാട്ടും കളിയും ചിരിയും മാത്രമല്ല... ഒരു പാട് കിസ്സേം ചൊല്ലി യിട്ടാ... രാവ് പുലരാ...

അത് നേരാ... ഓളെ കല്ല്യാണത്തിന്റെ കിസ്സ കേട്ടാൽ ഒറക്കം വരെ ഓടി ഒളിക്കും....

ഇതാരാ പ്പം നിക്ക്ട്ട് താങ്ങ്ണേ...?
തിരിഞ്ഞു നോക്കുമ്പോ.... ഹാ... ആരാ...???

വേറാര്   മ്മളെ കെട്ട്യോൻ തന്നെ കോയ...ഹംസകോയ...!
ഹോ... ഇങ്ങളെക്കൊണ്ട് ഞാൻ തോറ്റല്ലോ ... മൻഷനെ....!
എവ്ടെപ്പോയാലും നിക്ക് പാരയുമായി വരും...

അതിനിപ്പം ഞാനൊരു സത്യം പറഞ്ഞതല്ലേ... ഖൈജോ...
അന്റെ സംഭവബഹുലമായ കല്ല്യാണക്കഥ ഞാൻ മരിച്ചാലും മറക്കൂലെന്റെ കരളേ ...

ഇതൊക്കെ കേട്ട് ചിരിക്കാണ് ചുറ്റുമുള്ളോര് മുഴുവനും ...

ഐ.... ങ്ങള് മുണ്ടാണ്ട് പൊയ്ക്കോളി ഇവിട്ന്ന്.... പറഞ്ഞത് കേട്ടാതോന്നും.. ഇന്റെ മാത്രം കല്ല്യാണാന്ന്  നടന്നേന്ന് ...ഇങ്ങളെന്നെ കെട്ടിയിട്ടല്ലേ ...ഹല്ല പിന്നെ...!!

വല്ല്യമാമാ... ഇങ്ങള് പോവല്ലീം... ങ്ങള് പറഞ്ഞാണി ഖൈജുമ്മായിനെ കെട്ടിയ കഥ...!!!

അതും പറഞ്ഞ് മണവാട്ടി പെണ്ണ് ഓടി വന്ന് ...
ഒപ്പം ഓളെ കൂട്ടുകാരികളും ...

ഖൈജുമ്മായീനേം... വല്ല്യമാമ്മയേം പിടിച്ചിരുത്തി... ഒപ്പം എല്ലാരും വട്ടമിട്ടിരുന്നു.

ഖൈജോ... ഞാൻ പറയണോ കിസ്സ അതോ ഇജ് പറയ്ണോ...?

ഇങ്ങള് രണ്ടാളും കൂടീട്ടാണ്ട് പറഞ്ഞാ ജോറാകും -നേരത്തെ ചോദ്യം ചോയ്ച്ച അളിയനാണ് ...

കളറാക്കാൻ ദേ ... ഞങ്ങളുണ്ട് ട്ടാ ഇവിടെ... !!!

മണവാട്ടി പെണ്ണിന്റെ കൂട്ടുകാരാണ്...

എന്നാ നമ്മള്  തുടങ്ങാണ് ട്ടോ... ഖൈ ജോ...

ങ്ങള് തുടങ്ങീം.... ഞമ്മള് പോവാണ് ....

ഹേയ്.... അമ്മായി എവിടെ പോണ് ഇവിടെ കുത്തിരിക്കിം ...

കുട്ടികളെല്ലാരും കൂടി  ഖൈജുമ്മായി നെ അവിടെ പിടിച്ചിരുത്തി...

എന്നാ കേട്ടോളി കഥ തുടങ്ങ്ണത് പത്തു നാല്പത് കൊല്ലം മുമ്പാണ്...
ശെരിക്കും പറഞ്ഞാ നമ്മളെ നാട്ടിൽ കറണ്ട് എത്തി തുടങ്ങിയ  കാലത്ത് ...

ഞമ്മള് പെണ്ണുകാണാൻ പോയ കഥ കേൾക്കണോ ങ്ങക്ക്....
എന്നാ കേട്ടോളീ...

മൂന്നാൻ കുഞ്ഞാലസ്സൻ കാക്ക,,,
മ്മളെ ഇരുപത്തിരണ്ടാം വയസ്സില് പെണ്ണുകെട്ടിക്കാൻ നോക്കിയ കഥ...!

മ്മള്  നല്ല ചൊങ്കനായി... ബാപ്പാന്റെ കൂപ്പില് കണക്കെഴുത്തുമായി നടക്ക്ണ കാലത്താണ് ഒരു ദിവസം കുഞ്ഞാലസ്സൻ കാക്ക വന്ന് വിളിച്ചോണ്ട് പോവണേ...

എന്തിനാന്ന് ചോയ്ച്ചപ്പം
പെണ്ണ് കാണാനാണ് ന്ന് മാത്രം... പറഞ്ഞ്.

അങ്ങനെ നമ്മളെ ആദ്യ പെണ്ണ് കാണൽ ചടങ്ങ്.

കുറച്ചു ദൂരം ബസില് പോയിട്ട് കുറച്ചു ദൂരം നടക്കേം വേണം...

നടന്ന് നടന്ന് ചെന്നത് ഒരു കുഞ്ഞു വീട്ടിലേക്കാണ്...

വീടിന്റെ അപ്പുറത്തും ഇപ്പുറത്തും കുറേ പെണ്ണുങ്ങള് ജോറായിട്ട്. മ്മളെ നോക്കുന്നുണ്ട്...

അതോടെ നാണം വന്ന്  നമ്മക്ക് കണ്ണ് കാണാതായി.


കോലായിൽ കാലും നീട്ടി യിരിക്കണ ബാപ്പ ഞങ്ങളെ കണ്ട് സലാം ചൊല്ലി അകത്തു കേറ്റി...

കട്ടൻ ചായീം... പപ്പടം പൊരിച്ചതും മുന്നില് വെച്ച് തന്ന് പെണ്ണിന്റെ ഉമ്മ...

അത് കുടിക്കണോ... വേണ്ടയോന്ന് ചിന്തിച്ച് കുറച്ചു നേരം നിന്ന് .

അത് കണ്ട് മ്മളെ മൂന്നാൻ വാപ്പാനോട് പെണ്കുട്ടിനെ വിളിക്കാൻ പറഞ്ഞ്.

എന്നാൽ പെണ്ണ് ജീവണ്ടെങ്കിൽ മ്മളെ മുമ്പ് ക്ക് വരൂലാന്ന്...

പാവം ഉമ്മീം ബാപ്പീം പറഞ്ഞ് തളർന്ന്...
അവസാനം മ്മളെ മൂന്നാൻ തന്നെ അതിന് പരിഹാരം കണ്ടെത്തി...
ഇങ്ങട്ട് വരാത്ത ഓളെ അങ്ങോട്ട് പോയി കാണാ...

മ്മളേം വലിച്ച് മൂന്നാൻ അടുക്കളേല് ക്ക് ഓടിയപ്പോ... പെണ്ണ് വാതിലിനപ്പുറം മുറ്റത്തേക്കിറങ്ങി ഓടി.

അടുക്കളേല് ആണെങ്കി എട്ടു പത്ത് പെണ്ണുങ്ങള് മ്മളേം നോക്കി ചിരിക്കാ...

അവിടുന്നും മൂന്നാൻ വലിച്ച് മുറ്റത്തേക്ക്... ഇപ്പറം വരുമ്പോ പെണ്ണ് അപ്പുറത്തേക്ക്... അപ്പുറം വരുമ്പോ ഇപ്പുറത്തേക്ക്... ചുരുക്കി പറഞ്ഞാൽ ആ വീട് മൊത്തം മൂന്നാല് റൗണ്ട് ചുറ്റിച്ചിട്ടാ... മ്മളെ പെണ്ണിനെ കാണാനായേ....

ഇതൊക്കെ  കാണാനായ് പെരക്ക് ചുറ്റും എട്ട് പത്ത് പെണ്ണ് ങ്ങള് വേറേയും....  ഔ... ന്റെ ഒരവസ്ഥേ...

ന്നാലും കണ്ടമാത്രയിൽ ഓള് മ്മളെ ഖൽബിലെന്നെ കേറിക്കൂടി... ട്ടാ...

ല്ലേ... ഖൈജോ...!

അത് കേട്ടതും മ്മളെ ഖൈജമ്മായിന്റെ മുഖം നാണത്താൽ താഴ്ന്നു.

അപ്പോ... മൊഞ്ചത്തിക്കുട്ട്യോളെല്ലാം കൂടി താളത്തിൽ കൈ കൊട്ടി... പാടി


അല്ല മാമോ... അപ്പോ... ങ്ങളെ കല്ല്യാണോ...???

ചോദിച്ചവനെ മാമൻ അടിമുടിയൊന്നു നോക്കി.

ടാ ...നരുന്തു ചെക്കാ ... ഇജ് എത്രീ ലാ പഠിക്ക് ണേ...

അതുപിന്നെ.... പ്ലസ്... വ..ണ്ണി...ന് !!

ഹോ... എന്നിട്ട് അവന് അറിയേണ്ടത് കേട്ടില്ലെ... ന്റെ കല്ല്യാണക്കാര്യം...

ങ്ങള് ഹീറ്റാവല്ലി മാമാ... അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചല്ലേ...

ങ്... ഹാ... ഞാൻ പറയാം... ങ്ങള് സബൂറാക്ക് മക്കളേ...

പെണ്ണും കണ്ട് പൊരേല് എത്തിയപ്പം പെങ്ങമ്മാരെല്ലാം വയ്യെക്കൂടി ...
പെണ്ണ് കറത്തിട്ടാ... ചുണ്ട് ചോന്നി ട്ടാ... കയ്യില് കരിവളണ്ടോ... ന്ന്...
എന്തൊക്കെ അറിയണം ഈ പെണ്ണുങ്ങക്ക് ...

ഞമ്മളാണെ ഓളെ ഒരു നോക്ക് കണ്ട കഥ എങ്ങനാന്ന് നമ്മക്കല്ലേ... അറിയൂ...

ഏതായാലും രണ്ടാഴ്‌ച കഴിഞ്ഞ... മ്മളെ കല്ല്യാണം ന്ന് കാർന്നോരെല്ലാം കൂടി നിശ്ചയിച്ച് ...

അങ്ങനെ കല്ല്യാണ ദിനവും വന്നെത്തി....
പെണ്ണ് വീട് ദൂരത്തായോണ്ട് തലേന്ന് വൈകീട്ടെന്നെ എല്ലാരും നടന്നു പോയി....
ഹാ... രാത്രിയില് പെട്രോമാക്സും തൂക്കി പിടിച്ച് കല്ല്യാണപ്പാട്ടും പാടി മണവാളനും ചെങ്ങായിമാരും... പിന്നെ കുറച്ചു പെണ്ണുങ്ങളും ഉണ്ടാവും...
അങ്ങനെ ജോറായി പോകുന്ന നടത്തം....

പിറ്റേന്ന് നിക്കാഹും കഴിഞ്ഞ് മണവാട്ടിനേം തോഴിമാരേം കൊണ്ട് തിരിച്ചും യാത്ര...!

കൈകൊട്ടിപ്പാട്ടും കളിയുമായി ...

അതിനിടയിൽ ഒരു വട്ടമെങ്കിലും മ്മളെ പെണ്ണിനെ ഒന്നു കാണാനായി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള് വേറേ ....

അതൊക്കെ കഴിഞ്ഞ് ഖൈജൂ ന്റെ അട്ത്ത് ചെന്നാ ഓള്... കാട്ടുകോഴീനേ പോലെ ഏതേം മൂലേല് ഒളിക്കും...
അല്ലേല് അടുക്കളേല്...

അവിടൊക്കെ പെങ്ങന്മാരും കുട്ട്യോളും നിറഞ്ഞിരിക്ക് ണോണ്ട് ... പിറകേ പോകാനും പറ്റൂല...

അപ്പോ... ഫസ്റ്റ് നൈറ്റൊന്നും നടന്നില്ലേ...മാമോയ്....???

ആരാടാ.... ആ ചോദ്യം ചോയ്ച്ചേ ന്ന രീതീല്  മാമനൊരു നോട്ടം നോക്കി.

ചോദിച്ചവൻ തല താഴ്ത്തിയത് കൊണ്ട്  മാമൻ  ആളെ കണ്ടില്ല ..

എന്നാൽ അമ്മായി ഇരുന്നിടത്തു നിന്നും എരി പിരി കൊള്ള് ണ്ട്...

ഞാൻ അടുക്കളേൽക്ക് പോട്ടെ...നിക്ക് അവിടെ ശ്ശി പണിയുണ്ട്...
ഖൈജമ്മായി തടി കൈച്ചിലാക്കാൻ നോക്കിട്ട് പാവം ഒരു വഴീം കണ്ടില്ല ...

മാമനാണേൽ കഥ പറയാൻ തുടങ്ങി...
അങ്ങനെ കല്ല്യാണാരവങ്ങളൊക്കെ ഒഴിഞ്ഞ്... നേരം ഇരുട്ടി...

മ്മളെ ഖൽബാണെങ്കിൽ വെള്ളത്തീന്ന് കരക്ക്എടുത്തിട്ട മീനു പോലെ പെട.... പെടക്കാ...

അപ്പളാണ് മക്കളെ സംഭവബഹുലമായ... ആ സംഭവം...

എന്താ... മാമോ...എന്താ പറ്റിയത്...??

മുണ്ടാണ്ടിരി ഹംക്കേ... ഞാൻ പറയാ... ഇജ് തോക്കിൽ കേറി വെടി വെക്കല്ലേ...

പാവം... ചോദിച്ചവൻ കൈ കൊണ്ട് വാ പൊത്തിപ്പിടിച്ച് ഒന്നൂടി ചടഞ്ഞിരുന്നു.

മ്മളെ ഉമ്മകുളിപ്പിച്ച് സുന്ദരിയാക്കി മ്മളെ മുറിയിലേക്ക് പറഞ്ഞു വിട്ട മ്മളെ വീടരെ ... കാണാനില്ല ... !!!

അള്ളോ.... പുകിലായല്ലോ...!!!

എല്ലാരും വീട് മുഴുവനും തിരഞ്ഞ് നടന്നു. മ്മളെ  പെണ്ണിനെ മാത്രം ഏടേം കണ്ടില്ല ...

മ്മളെ അളിയന്മാരെല്ലാം ... മ്മളെ ഒരു മാതിരി നോട്ടം നോക്കാണ്  ...

പാവം മ്മള് എന്താക്കാനാണ് ... തലേം താഴ്ത്തി അങ്ങനെ നിന്നു.

ഹ ...ഛഛീഛീ...!!!  ഹ...ഛീ..

ന്ന് ശബ്ദം കേട്ടതും എല്ലാരും ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോ...

മ്മളെ പഹയത്തി ണ്ട് ന്റെ കട്ടിലിന്റെ ചോട്ടീന്ന് പതിയെ പൊന്ത്ണ് ...!!!

മ്മളെ ഉമ്മ ഉണ്ടായിപ്പോയി... ഇല്ലെങ്കിൽ കാണിച്ചു കൊടുക്കുമായിരുന്നു ഞാനോ ളേ ... 

എല്ലാരും ഒരു വളിച്ച ചിരിയും പാസാക്കി അവിടുന്ന് പോയപ്പോ... മ്മള് ഓടി ചെന്ന് വാതില് കുറ്റിയിട്ടു...

വേറൊന്നിനും അല്ലാട്ടോ..! ഇറങ്ങി ഓടിയാ... വീണ്ടും പണിയാകൂലേ...
അതാണ്...

ഏതായാലും ഓള് പേടിച്ച് പേടിച്ച് കട്ടിലിനരികെ നിന്നപ്പോ... നിക്കും പാവം തോന്നി...

പിന്നെ മ്മള് ഓളെ ...മ്മളെ വഴിക്ക് കൊണ്ടോരാൻ മൂന്നാഴ്ചയാ സമയട് ത്തേ...

കുറേ ദിവസം  രാത്രി മ്മളെ കട്ടിലിന് ചുറ്റും  ഓടിക്കലായിരുന്നു ഓളെ പണി തന്നെ...
ഓട്ടം പിന്നെ ഓളെ കാണാൻ പോയ അന്ന് പഠിച്ചോണ്ട് ... കുറച്ചെളുപ്പമുണ്ടായിരുന്നു ന്ന് മാത്രം..!

അങ്ങനെ ഇന്റെ വഴിക്ക് കൊണ്ടുവന്നോളാ... ന്റെ ഖൈജൂ...

ഇപ്പോ... ഞാനൊരു വഴിക്കായീന്ന് മാത്രം... !!!

അവിടമാകെ കൂട്ടച്ചിരി ഉയർന്നതും...

ഖൈജുമ്മായി എണീറ്റ് ചാടി തുള്ളി അകത്തേക്ക് പോയി...

പോകുന്ന പോക്കിൽ കോയാക്കാനോട് ഒരസ്സല് ഡയലോഗും
ഇതൊക്കെ കഴിഞ്ഞിട്ട് പൊരേക്ക് വരിങ്ങള് ... ങ്ങക്കുള്ളത് ഞാൻ വെച്ചിട്ടുണ്ടെന്ന്....

അള്ളാ.... പണി പാലും വെള്ളത്തിലോ...!

ന്റെ ഖൈജൂ... ഇജ് തൊടങ്ങി വെച്ചിട്ടല്ലേ ... മ്മള് പറഞ്ഞേ...

ഇജ് സീരിയസ്സാക്കല്ലീം ...... ഖൈജോ...
പാവം....മാമ്മൻ.... അമ്മായിന്റെ പിറകേ... ഓടിപ്പോയി...

മക്കളെ ... ങ്ങള് അർമാദിക്കി ... മ്മള് ഓളെയൊന്നു  സെറ്റാക്കട്ട് ട്ടോ...

പന്തലിൽ വീണ്ടും കളി ചിരി മേളമുയർന്നു.

                  --    ശുഭം --
ഒരു കല്ല്യാണകിസ്സ‌ (ഷാഹിന ഫൈസൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക