Image

നീലച്ചിറകുള്ള മൂക്കുത്തികള്‍ 39 - സന റബ്സ്

Published on 15 November, 2020
നീലച്ചിറകുള്ള മൂക്കുത്തികള്‍ 39 - സന റബ്സ്
തന്‍റെ വിരലുകള്‍ക്കിടയില്‍ ഞെരിയുന്ന ചെക്ക് ലീഫുകളിലേക്ക് തീ വമിക്കുന്ന കണ്ണുകളോടെ നോക്കി  തനൂജയിരുന്നു. അതെടുത്തുകൊണ്ട് ദാസിനോട് ഒരു സോറിയും പറഞ്ഞു രക്ഷപ്പെടുകയല്ലാതെ തന്റെ മുന്നില്‍ അപ്പോള്‍ വഴികളുണ്ടായില്ല. പക്ഷെ, റായ്... നിങ്ങള്‍ വിജയിച്ചുവെന്ന് കരുതേണ്ട.

ചിന്തകളുടെ അവസാനത്തെ വിളുമ്പില്‍ ആ ചുണ്ടില്‍ എപ്പോഴുമെന്നപോലെ ചിരി വിടര്‍ന്നു. തന്‍റെ മുറിയിലേക്ക് കയറിക്കൊണ്ട്‌ വയലിന്‍ എടുത്തു വായിക്കുമ്പോഴും ആ ചിരി കൂടുതല്‍ തെളിഞ്ഞതേയുള്ളൂ.

മകളുടെ വയലിന്‍ വായന കേട്ട് പ്രയാഗ മുറിക്കരികില്‍ വന്ന് എത്തിനോക്കി. വളരെ ദേഷ്യത്തോടെ  വീട്ടിലേക്ക് കയറിവന്നത് വയലിന്‍ വായിക്കാന്‍ ആയിരുന്നോ...

അതേസമയം ദാസ്‌ തന്റെ ഫ്ലാറ്റില്‍ ഉഴറുകയായിരുന്നു.  ഇവിടെനിന്നു കയറ്റിയയച്ച വജ്രം എവിടെയും എന്തിനു വേണ്ടിയും തുറക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല എന്ന വിവരം അയാള്‍ക്ക്‌ കിട്ടിയിരുന്നു. അത് ശരിയാണെങ്കില്‍ തന്റെ കമ്പനിയില്‍നിന്നും  അയക്കുമ്പോള്‍ത്തന്നെ പെട്ടികളില്‍ കൃത്രിമക്കല്ലുകള്‍ കയറിയിട്ടുണ്ട്. എങ്ങനെ?

പലരുടെയും മുഖം ആ മനസ്സില്‍ തെളിഞ്ഞു. തനൂജയെയും ദാസ്‌ സംശയിക്കാതിരുന്നില്ല. തനൂജയുടേയും ഷെയറുള്ള  കമ്പനിയെ നഷ്ടത്തില്‍ ആക്കാന്‍ അങ്ങനൊരു വിഡ്ഢിത്തരം അവളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമോ? ഇന്റര്‍നാഷണല്‍ ഡീലില്‍ കൃത്രിമത്വം കാണിച്ചാല്‍ അത് അവരുടെ വിശ്വാസ്യതയേയും തകര്‍ക്കുമെന്ന് അവള്‍ക്കറിയില്ലേ....

ദിവസങ്ങളായി ഉറങ്ങാത്ത ക്ഷീണം കണ്ണുകളില്‍ കനം തൂങ്ങി. എങ്കിലും പലവട്ടം അസ്വസ്ഥമായ മനസ്സോടെ അയാളാ രാത്രിയില്‍ ഉണര്‍ന്നു.

രാവിലെ നാരായണസാമി വാതിലില്‍ തട്ടി.

“ഞാനിന്നു വരുന്നില്ല, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ വിളിക്കൂ, സൈന്‍ ചെയ്യാന്‍ ഉണ്ടെങ്കില്‍ ഇങ്ങോട്ട് വരൂ”

“ഓക്കേ സാബ്... നിരഞ്ജന്‍സാര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ട്”

“ശരി, ഇങ്ങോട്ട് വരില്ലേ?”

“അതെ സാബ്, കാര്‍ അയച്ചിട്ടുണ്ട്”

മിലാനെ വിളിക്കാന്‍ പലവട്ടം ഫോണ്‍ എടുത്തെങ്കിലും ദാസ്‌ വിളിച്ചില്ല. താന്‍ അവിടെ പോയതല്ലേ.... അവള്‍ വിളിച്ചേയില്ലല്ലോ....

ഒരു മൂന്നാം വിവാഹം തനിക്കാവശ്യമുണ്ടോ.... പെടുന്നനെയാണ് അങ്ങനെയൊരു ചിന്ത അയാളിലേക്ക് കയറിവന്നത്.

ഇതുവരെ ചിന്തിക്കാത്ത ഒരു സ്പോട്ട് ആയിരുന്നു അത്. താന്‍ എന്തിനാണ് വീണ്ടുമൊരു വിവാഹം ആലോചിച്ചത്. എന്തായിരുന്നു അതുകൊണ്ട് തനിക്കുള്ള ബെനിഫിറ്റ്...

വിവാഹത്തിലൂടെയല്ലാതെ മിലാനെ നേടാന്‍ കഴിയില്ല എന്നൊരു ഘട്ടമായിരുന്നോ അത്....

അതോ.... സ്നേഹിച്ച പെണ്‍കുട്ടിയുമായി സ്വച്ഛമായൊരു ജീവിതം വല്ലാതെ  ആഗ്രഹിച്ചിരുന്നില്ലേ, ബുദ്ധിയും ടാലന്റും ഉള്ള അവള്‍ക്ക് തന്റെ സാമ്രാജ്യത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ കഴിയുമെന്ന് താന്‍ കണക്കുക്കൂട്ടിയില്ലേ...

ബിസിനസ്സില്‍ തനൂജ മിലാനെക്കാള്‍ മിടുക്കിയായിട്ടും എന്താണ് താന്‍ തനൂജയെ ആഗ്രഹിക്കാഞ്ഞത്...

മിലാന്‍..... ഒരു തണുത്ത കാറ്റ് അയാളെ തൊട്ടു തഴുകിയതുപോലെ തോന്നി. ദാസ്‌ കണ്ണുകള്‍ അടച്ചു.

മിലാനുമായുള്ള സ്നേഹത്തിന്റെ ആരംഭത്തില്‍ സ്വന്തം മുറിയിലേക്കുകടന്നു ചെന്നപ്പോള്‍ കിടക്കയിലേക്കും വിരിയിലേക്കും നോക്കിയ നിമിഷം അയാളുടെ ഓര്‍മ്മയിലേക്ക് വന്നു.

ഇവിടെ മിലാന്‍ വരേണ്ടതാണ്, ഈ കിടക്കയും മുറിയും അവളുടേതാണ്... ആ  മടിയില്‍ തലവെച്ചു ആകാശം നോക്കി കിടക്കേണ്ടതാണ് എന്ന് മനസ്സ് കുതിച്ചുപാഞ്ഞ  നിമിഷമായിരുന്നു ബാക്കിയുള്ള ജീവിതത്തിന്റെ ലക്‌ഷ്യം തന്നെ മാറ്റിക്കളഞ്ഞത്.

അവളോടുള്ള ലസ്റ്റ് ആണോ തന്നെ ഭ്രമിപ്പിച്ചത്...അതോ അടങ്ങാത്ത വേറെന്തോ ആണോ....

ഒബ്സഷനാണോ....വേണ്ടെന്നു തീരുമാനിക്കാനോ കൈവിട്ടുകളയാനോ കഴിയാത്ത എന്തോ ഒന്ന് തങ്ങളെ ബന്ധിപ്പിച്ചില്ലേ... 

അവളുടെ കാല്‍പ്പാടുകള്‍ പതിയേണ്ട ആ വീട്ടില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയത്....

മിത്ര വളരുന്നത്‌ ഒരിക്കലും കണ്ടിട്ടില്ലാത്ത താന്‍.... ഒരു കുഞ്ഞിനെപ്പോലും ആഗ്രഹിച്ചുപോയി...

സ്വകാര്യമായ സമ്മാനങ്ങളില്‍ ആ ആഗ്രഹം പരോക്ഷമായി പ്രക്ടിപ്പിക്കുകപോലും ചെയ്തിട്ടുണ്ട്. പാവക്കുട്ടികളെ ഗിഫ്റ്റ് ആയി കൊടുക്കുമ്പോള്‍ ഒരിക്കലും ആ കണ്ണുകളിലേക്കു നോക്കിയിട്ടില്ല. ദുര്‍ബലനായിപ്പോകുന്നത് സ്വയം നിയന്ത്രിച്ചു. വീണ്ടുമൊരു കുഞ്ഞിനുള്ള ആഗ്രഹം നടക്കുമോ എന്ന് ഉറപ്പില്ലാത്ത ഈ പ്രായത്തില്‍പോലും അവളുടെ ആഗ്രഹങ്ങളെ മാനിച്ചിട്ടേയുള്ളൂ.

സ്നേഹിക്കുന്ന സ്ത്രീയ്ക്ക് വേണ്ടി എന്തെല്ലാം ചെയ്യുന്നവനാണ് പുരുഷന്‍...

വീണ്ടുമൊരു കുഞ്ഞ്..... ആ ആഗ്രഹം ഉടനെ സാധിക്കണമെന്നില്ലെന്ന് മിലാന് തന്നോട് പറഞ്ഞിട്ടുണ്ടല്ലോ... സിനിമയും കരിയറും പീക്ക് പൊയന്റില്‍ നില്‍ക്കുമ്പോള്‍ അമ്മയായി വീട്ടിലേക്കൊതുങ്ങാന്‍ അല്പകാലത്തേക്ക് ആണെങ്കില്‍പ്പോലും  ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് താല്പര്യമില്ല. അതറിഞ്ഞിട്ടും അവളില്‍ നിന്നും പിന്മാറാന്‍ സാധിക്കാത്തത് തന്റെ ബലഹീനത തന്നെയല്ലേ...

തന്റെ സ്നേഹം അവള്‍ക്കണോ ബാധ്യത അതോ അവളും സ്നേഹവും തന്നെയാണോ കെട്ടിയിട്ടിരിക്കുന്നത്...

ദാസ്‌ ദീര്‍ഘമായി നിശ്വസിച്ചു.

തന്‍റെ തൊട്ടരികില്‍ ആരോ ഉണ്ടെന്ന തോന്നലില്‍ ദാസ്‌ കണ്ണുകള്‍ തുറന്നു.

ചിരിയോടെ നിരഞ്ജന്‍ ദാസിനെത്തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.

“എന്താണ് മിസ്റ്റര്‍ ഹോര്‍മോണ്‍  ഇത്രേം വലിയ ആലോചന? ബോംബ്‌ പൊട്ടിയാല്‍ അറിയില്ലല്ലോ....” നിരഞ്ജന്‍ കളിയാക്കിയപ്പോള്‍ ദാസിന്റെ മുഖത്ത്‌ അല്പം ചുവപ്പ് കലര്‍ന്നു.

“എന്തായാലും ബിസിനസല്ല ആലോചിച്ചത് എന്ന് വ്യക്തം....” നിരഞ്ജന്‍ അയാളുടെ അരികിലേക്ക് കസേര നീക്കിയിട്ടു.

“അതെന്താ....ആലോചിച്ച കാര്യങ്ങള്‍ മുഖത്ത് ഓടുന്നുണ്ടോ...” ദാസ്‌ അമര്‍ന്ന ചിരിയോടെ അയാളുടെ കൈ കവര്‍ന്നു.

“ഉണ്ടല്ലോ...ഈ കള്ളച്ചിരി എല്ലാം പറയുന്നുണ്ടല്ലോ...”

ദാസിന്‍റെ ഫോണ്‍ അടിച്ചു. അതിലേക്കു നോക്കിയപ്പോള്‍ നിയന്ത്രിച്ചിട്ടും ദാസ്‌ ചിരിച്ചുപോയി.

“ഓ... എന്നാല്‍ നടക്കട്ടെ, ഞാനിതാ അപ്പുറത്തെങ്ങാനും കാറ്റ് കൊള്ളാം. പഞ്ചാരയടി കഴിഞ്ഞാല്‍ ഭവാന്‍ അങ്ങോട്ട്‌ വരിക...” പ്രത്യേക താളത്തില്‍ പറഞ്ഞു നിരഞ്ജന്‍ നടന്നകന്നു.

“മിലാന്‍.... മൈ ഏയ്‌ന്ജല്‍.... നീ ഇത്രയും വൈകിയത് എന്താണ് വിളിക്കാന്‍....”

“ഒന്നുമില്ല. തിരക്കൊക്കെ കഴിയട്ടെ എന്ന് കരുതി.”

“എങ്കിലും....”

“വിദേത്...” മിലാന്‍ വിളിച്ചു. “കഴിവതും മുറിവുകളെ ഗൌനിക്കാത്ത ഒരാളാണ് ഞാന്‍.  മാരകമായ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുകയും ചെയ്യും.  ഒരു പക്ഷെ വളരെയധികം സമയംതന്നെ വേണ്ടി വരും... ചിലതൊന്നും ഉണങ്ങിയില്ല എന്നും വരും.” പതിഞ്ഞ സ്വരത്തിലായിരുന്നു മിലാന്‍ സംസാരിച്ചത്.

ദാസ്‌ ആദ്യം ഒന്നും പറഞ്ഞില്ല. അവള്‍ പറയുന്നതെല്ലാം കേട്ടുകൊണ്ടിരുന്നു.

“എങ്കിലും നിന്‍റെ സാമീപ്യം ഞാന്‍ വല്ലാതെ ആഗഹിച്ചു ഈ ദിവസങ്ങളില്‍... തീ വിഴുങ്ങിയ പോലുള്ള ദിവസങ്ങളാണ് കടന്നുപോയത്.”

“എന്നെക്കുറിച്ച് എന്താണ് വിദേത് ആലോചിച്ചത്? രാത്രി കാണാം എന്ന വാഗ്ദാനം കേട്ട് അതില്‍ മതിമറന്നു ഓടിവന്ന എന്റെ മുന്നിലേക്കാണ് ഓരാലിംഗനത്തിന്റെ ആലസ്യത്തില്‍നിന്നും കുതറിയോടിവന്നതുപോലെ അര്‍ദ്ധനഗ്നയായി അസമയത് വിദേതിന്റെ മുറിയില്‍നിന്നും അവളെ കണ്ടത്. പ്ലീസ് വിദേത്, നമുക്ക് ആ ടോപ്പിക്ക് സംസാരിക്കേണ്ട.”

നിമിഷങ്ങള്‍ മൌനം പുതച്ചു.

“നാലഞ്ചു ദിവസത്തിനുള്ളില്‍ ഞാന്‍ ഡല്‍ഹിയില്‍ വരുന്നുണ്ട്. ഒരു ഷൂട്ട്‌ ഉണ്ട്, അത് പറയാന്‍ കൂടിയാണ് വിളിച്ചത്.”

“ശരി, ലൊക്കേഷന്‍ അയക്കൂ, നമുക്കുകാണാം, സമയം ശരിയായി വന്നാല്‍ ഞാന്‍ ലൊക്കേഷനില്‍ വരാം, അല്ലെങ്കില്‍ നീ ഫ്ലാറ്റില്‍ വന്നാല്‍ മതി.”

സംസാരം അവസാനിപ്പിച്ചു ദാസ്‌ വന്നപ്പോള്‍ നിരഞ്ജന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. കമ്പനിയുടെ പ്രശ്നങ്ങള്‍ സംസാരിച്ചപ്പോഴേ നിരഞ്ജന്‍ ചിരിച്ചു.

“വജ്രത്തിന്റെ ഡീല്‍ എന്നല്ല താന്‍ അടിച്ചു പുറത്താക്കിയാല്‍പോലും തനൂജ തന്നെ വിട്ടുപോവില്ല. പണം കൊണ്ടായാലും മറ്റെന്ത് അര്‍ത്ഥങ്ങളില്‍ ആയാലും തന്നെ ചുറ്റിപ്പറക്കുന്ന പരുന്താണ് അവള്‍. അവളോട്‌ തനിക്കു സ്നേഹം തോന്നാന്‍ എത്ര ഡോളര്‍ വേണമെങ്കിലും അവള്‍ പറത്തിക്കളയും. തന്നെ കുരുക്കില്‍ ചാടിക്കാനും ആ കുരുക്ക് അഴിച്ചെടുക്കാനും ബുദ്ധിയും പണവും വേണ്ടത്ര ഉപയോഗിക്കും. അവള്‍ ഭ്രാന്തമായി തന്നെ സ്നേഹിക്കുന്നുണ്ട്.”

നിരഞ്ജന്‍ തുടര്‍ന്നു. “സ്നേഹം എന്ന് പറയാന്‍ കഴിയുമോ എന്നറിയില്ല. അവളുടെ ആഗ്രഹം അത്രയും തീവ്രമാണ്.”

“ഐ നെവെര്‍ മൈന്‍ഡ്..... അതുപോട്ടെ, താന്‍ എത്ര ദിവസം ഇവിടെയുണ്ട്?” ദാസ്‌ ആരാഞ്ഞു.

“ബെല്‍ജിയത്തില്‍നിന്നും കുറെ ക്ലയന്റ്സ് വരുന്നുണ്ട്. എന്റെ സെക്രട്ടറി നീലം അവരുമായി അടുത്ത ആഴ്ച ഇവിടെ എത്തും. അതിനു മുന്‍പ് ഇവിടെയുള്ള വര്‍ക്കുകള്‍ ശരിയാക്കണം. മാക്സിമം ഒരാഴ്ച ഇന്ത്യയില്‍ ഉണ്ടാകും.”

“ഓക്കേ, മിലാന്‍ ഉടനെ ഡല്‍ഹിയില്‍ വരുന്നുണ്ട്. കാണണം എന്നാണ് അവളിപ്പോള്‍ വിളിച്ചു പറഞ്ഞത്”

“കാണുമ്പോള്‍ തന്റെ പ്രതിസന്ധികള്‍ താന്‍ മിലാനുമായി തുറന്നു സംസാരിക്കണം. ചെറുതായാലും വലുതായാലും...
 മിലാന്‍ അറിയാത്ത കുറെ കാര്യങ്ങള്‍ തനൂജയുടെ വിഷയത്തില്‍ തന്നെ ഉണ്ട്. ട്രാന്‍സ്പരന്‍സി ഇനിമുതല്‍ വളരെ അത്യാവശ്യമാണ്.”

തിരക്കുപിടിച്ച രണ്ടുമൂന്നു ദിവസങ്ങള്‍ക്കുശേഷം മൌറീഷ്യസിലെ ഡോപ്ലര്‍ കമ്പനിയുടെ  എംഡി ദാസിനെ വിളിച്ചു.

“മിസ്റ്റര്‍ റായ്,  അയാം വെരി സോറി, ഇപ്പോഴത്തെ പ്രോഡക്റ്റ്കളില്‍ നല്ലൊരു പേര്‍സന്റ്റെജ് നിലവാരം വളരെ കുറഞ്ഞ കല്ലുകളാണ്. മെഷീനില്‍ വെക്കുമ്പോഴേ അവ പൊടിഞ്ഞു പോകുന്നു.”

ദാസിന്റെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു.

“എങ്ങനെ എന്നത് അന്വേഷിക്കാന്‍ വേണ്ടിയായിരുന്നു ആദ്യത്തെ പ്രോബ്ലം ഞങ്ങള്‍ കുറച്ചു സ്മൂത്ത്‌ ആയി കൈകാര്യം ചെയ്തത്. പക്ഷെ ഇപ്പോഴും അതുതന്നെ ആവര്‍ത്തിച്ച സ്ഥിതിക്ക് പ്രൊജക്റ്റ്‌ ക്യാന്‍സല്‍ ചെയ്യാന്‍ വീണ്ടും വൈകിക്കേണ്ട ആവശ്യമില്ല എന്ന് കരുതുന്നു. വി ആര്‍ എക്സ്ട്രീമിലി സോറി”

 ഒരു നിമിഷം കാത്തിട്ടു ഡോപ്ലര്‍ എംഡി ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.

ശ്രീപ്രിയയും ശരണും അടക്കമുള്ള ഉദ്യോഗസ്ഥ വൃന്ദം ക്യാബിനിലേക്ക് ഓടിക്കയറി വന്നു.

“സാബ്.....” നിലവിളിക്കുമ്പോലെ ആയിരുന്നു ശ്രീപ്രിയ ഓടിവന്നത്.

“ടിവിയില്‍ ന്യൂസ്‌......”

ദാസ്‌ നടുങ്ങിക്കൊണ്ട് എഴുന്നേറ്റു. “വാട്ട്‌....”

ആരോ ചാനല്‍ മാറ്റി. ‘വേള്‍ഡ് ബിസിനസ് ടിവി’ യില്‍ ദാസിനേയും ഡോപ്ലര്‍ കമ്പനിയുടെയും മൌറീഷ്യസ് എംഡി മേഹാല്‍ ബെനന്‍റെയും ചിത്രങ്ങളടക്കം വാര്‍ത്തകള്‍....

‘ഇന്ത്യന്‍ വജ്രവ്യാപാരി റായ് വിദേതന്‍ ദാസിന്റെ ചരക്കുകള്‍ മൌറീഷ്യസ് തുറമുഖത്തുനിന്നും ഇന്ത്യയിലേക്ക് മടക്കി അയക്കുന്നു. നിലവാരം കുറഞ്ഞ രത്നക്കല്ലുകള്‍ തുടര്‍ച്ചയായി താരാ കമ്പനി കയറ്റി അയച്ചതായും എന്നാല്‍ വ്യാപാരക്കരാരില്‍ ഒറിജിനല്‍ വജ്രങ്ങളുടെ വില കാണിച്ചു തിരിമറി നടന്നതായും കാണുകയാല്‍  മൌരീഷ്യസ്സില്‍ ചരക്കുകള്‍ ഇറക്കിയില്ല.”

ദാസ്‌ ഒരുനിമിഷം കൊണ്ട് വിയര്‍പ്പില്‍ മുങ്ങി.

തന്റെ ഓഫീസിന്റെ വിശാലമായ മുറ്റത്തേക്ക് മീഡിയ കുതിച്ചെത്തുന്നത് അയാള്‍ ഗ്ലാസിലൂടെ കണ്ടു.

ആ ഓഫീസിലെ എല്ലാ നിലകളിലും എല്ലാവരുടെയും മൊബൈല്‍ ഫോണുകളും ലാന്‍ഡ്‌ ലൈനുകളും ഒരുമിച്ചു അലറി.

          ..................   .......................  ...................  ..............

മയങ്ങാന്‍ കിടന്നതായിരുന്നു മിലാന്‍....വാതിലില്‍ ശക്തിയായി മുട്ടുന്നത് കേട്ട് അവള്‍ വാതില്‍ തുറന്നു.

“എന്താ അമ്മാ.... ഞാനൊന്നു കിടക്കെട്ടെ...” വാതിലിനടുത്ത് മിലാന്‍ കോട്ടുവായിട്ടു.

“മിലൂ.... നീ ന്യൂസ്‌ കണ്ടോ....”

“ഇല്ല, എന്ത് പറ്റി?”

ശാരിക മുന്നോട്ടു വന്നു ടിവി ഓണ്‍ ചെയ്തു.

ബ്രേക്കിംഗ് ന്യൂസ്‌ ടിവിയില്‍ മുഴങ്ങി. ‘ഇപ്പോള്‍ കിട്ടിയ വാര്‍ത്ത‍, താരാ കമ്പനിയുടെ ചരക്കുകളില്‍ കണക്കില്‍ പെടാത്ത സ്വര്‍ണ്ണം ഉള്ളതായി കണ്ടെത്തിയിരിക്കുന്നു. ഉത്‌പാദനക്ഷമതയില്ലാത്ത വജ്രത്തിന് പുറമേ മതിയായ രേഖകള്‍ ഇല്ലാതെയാണ് സ്വര്‍ണ്ണം തുറമുഖത്ത് എത്തിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ഇരു കമ്പനികള്‍ക്കുമുള്ള ബന്ധം അന്വേഷിക്കും.”

                     (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികള്‍ 39 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക