Image

വാക്സിൻ വിതരണം എപ്പോൾ, എങ്ങനെ?; ആറു മാസത്തിനുള്ളിൽ കൊറോണ വീണ്ടും വരില്ല

Published on 21 November, 2020
വാക്സിൻ വിതരണം എപ്പോൾ, എങ്ങനെ?; ആറു  മാസത്തിനുള്ളിൽ കൊറോണ വീണ്ടും വരില്ല
ഫൈ‌സറിന്റെയും മോഡേർനയുടെയും കോവിഡ് വാക്സിനുകൾ 95 ശതമാനം ഫലപ്രദമാണെന്ന് ട്രയലുകളിൽ തെളിഞ്ഞതോടെ എല്ലാവരും പ്രതീക്ഷയിലാണ്. ഇരു കമ്പനികളും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്ന് അടിയന്തരമായ ഉപയോഗത്തിന് അനുമതി തേടാനുള്ള ഒരുക്കത്തിലാണ്. എന്നാൽ, ജനങ്ങൾക്ക് വാക്സിൻ എപ്പോൾ ലഭിക്കുമെന്നോ എങ്ങനെ വിതരണം  ചെയ്യപ്പെടുമെന്നോ പ്രഖ്യാപിച്ചിട്ടില്ല.

സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രെവെൻഷനിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് അമേരിക്കയിലെ തന്നെ രോഗബാധിതരാകാൻ സാധ്യത കൂടുതലുള്ള വിഭാഗത്തിനായിരിക്കും ആദ്യ ഡോസ് ലഭ്യമാവുക.  ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും, മറ്റുരോഗാവസ്ഥയിൽ കഴിയുന്നതുമൂലം കോവിഡ് ബാധിക്കാൻ സാധ്യതയുള്ളവർക്കും, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, നഴ്സിംഗ് ഹോം, ജയിൽ, എന്നിങ്ങനെ കൂട്ടമായി ഒരിടത്ത് താമസിക്കുന്നവർക്കും വാക്സിൻ നൽകും. അമേരിക്കൻ ജനസംഖ്യയുടെ 15 ശതമാനം ഇതിൽപ്പെടും.  അടുത്ത ഘട്ടത്തിൽ അധ്യാപകർ, സ്‌കൂളിലെ സ്റ്റാഫുകൾ, ശിശു ക്ഷേമ പ്രവർത്തകർ, പൊതു ഗതാഗതങ്ങളിലെ ജോലിക്കാർ, എന്നിങ്ങനെയുള്ളവർക്ക് വാക്സിൻ എത്തിക്കും. അതായത് ജനസംഖ്യയുടെ  30 -35 ശതമാനം.
മൂന്നാം ഘട്ടത്തിൽ ചെറുപ്പക്കാർക്കും കുട്ടികൾക്കും ഹോട്ടലുകളിലും ബാങ്കുകളിലും ജിമ്മിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവർക്ക് വാക്സിൻ നൽകും. ഇത് 40 മുതൽ 45 ശതമാനം വരും.

മൂന്ന് ഘട്ടങ്ങളിലും വാക്സിൻ ലഭിക്കാത്ത അമേരിക്കക്കാർക്ക് നാലാം ഘട്ടത്തിൽ ഡോസ് ലഭ്യമാക്കും.

മൂന്നാഴ്ച ഇടവിട്ട് രണ്ടു ഡോസുകളാണ് കോവിഡിനെ പ്രതിരോധിക്കാൻ എടുക്കേണ്ടത്. ഗവൺമെന്റുമായി ഫൈസർ കമ്പനി ഏർപ്പെടുത്തിയ 1.95 ബില്യണിന്റെ കരാറിന്റെ അടിസ്ഥാനത്തിൽ അമേരിക്കക്കാർക്ക് വാക്സിൻ സൗജന്യമായിരിക്കും. ആദ്യഡോസിന് 19.5 ഡോളറാണ് കമ്പനി പറയുന്ന വില. മോഡർനയുടേത് 1.5 ബില്യണിന്റെ കരാറാണ്.  100 മില്യൺ ഡോസുകൾ സൗജന്യമായി ഇവർ നൽകും. 25 ഡോളറാണ് മോഡർന ഒരു ഡോസിന് വിലയിട്ടിരിക്കുന്നത്. 

ആറു  മാസത്തിനുള്ളിൽ കൊറോണ വീണ്ടും വരില്ല 

കൊറോണ ഭേദമായവരിൽ ആറുമാസത്തിനുള്ളിൽ വീണ്ടും രോഗം വരാനുള്ള സാധ്യത കുറവെന്ന്  പഠനം. ബ്രിട്ടനിലെ  12,000ത്തിലധികം  ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തി ആയിരുന്നു പഠനം. 1246 പേരിൽ മൂന്ന് പേർക്ക് മാത്രമാണ് കോവിഡ് ആന്റിബോഡികൾ വികസിതമായ ശേഷവും കോവിഡ് പോസിറ്റീവായത് ,  ഇവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. 
ആന്റിബോഡികൾ ഇല്ലാത്ത 11,052   മെഡിക്കൽ ജീവനക്കാരിൽ 89 പേർക്ക് ലക്ഷണങ്ങളോട് കൂടിയ  രോഗബാധയും  79 പേർക്ക് ലക്ഷണങ്ങൾ ഇല്ലാത്ത രോഗബാധയും ഉണ്ടായി. 

സമഗ്രമായ അവലോകനം നടത്താത്ത ഈ പഠനം ഏപ്രിൽ -നവംബർ വരെയുള്ള മുപ്പത് ആഴ്ചക്കാലയളവിലാണ് നടന്നത്. "കുറഞ്ഞ കാലയളവാണെങ്കിലും ഒരിക്കൽ രോഗം വന്നവർക്ക് ആറ് മാസം വരെയെങ്കിലും വീണ്ടും രോഗം വരാൻ സാധ്യത കുറവാണെന്നത് ആശ്വാസകരമാണ്." പഠനത്തിന് നേതൃത്വം നൽകിയ ഓക്സ്ഫോർഡ് പ്രൊഫസർ  ഡേവിഡ് എയർ പറഞ്ഞു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക