Image

നീലച്ചിറകുള്ള മൂക്കുത്തികൾ -- 40 - സന റബ്സ്

Published on 22 November, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ -- 40  - സന റബ്സ്
റായ് വിദേതന്‍ ദാസിന്‍റെ അഭിമുഖമോ വിശദീകരണമോ ഒരൊറ്റ മാധ്യമത്തിനും ലഭിച്ചില്ല. മാനേജര്‍മാരുടെ മറുപടിയില്‍ തൃപ്തരാകാതെ അവരെല്ലാം പലയിടങ്ങളിലായി തമ്പടിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

അടുത്ത ഫ്ലൈറ്റില്‍ മൌറീഷ്യസിലേക്ക് തിരിച്ച ദാസിനെ ഡോപ്ലര്‍ എംഡി നേരിട്ടെത്തിയാണ് എയര്‍പോര്‍ട്ടില്‍ നിന്നും സ്വീകരിച്ചത്.

മീറ്റിങ്ങില്‍ ദാസിന്റെ മുഖം കനത്തിരുന്നു. “സംഭവിച്ചത് ദൌര്‍ഭാഗ്യകരം തന്നെ മേഹാല്‍ ബെന്‍, പക്ഷെ എന്നോടൊന്നു ചോദിച്ചിട്ട് ഈ വാര്‍ത്ത പുറത്തു വിട്ടാല്‍ മതിയായിരുന്നു. അത്രയെങ്കിലും കമിറ്റ്മെന്‍റ് നിങ്ങള്‍ ചെയ്യേണ്ടതായിരുന്നുല്ലേ?”

“വെല്‍ മിസ്റ്റര്‍ റായ്, എന്റെ കമ്പനിയെക്കൂടി കുഴിയിലേക്കിറക്കുന്ന  ഈ വാര്‍ത്ത‍ ഞാന്‍ തന്നെ മീഡിയയില്‍ കൊടുക്കുമെന്ന് തോന്നിയോ?”

“ഡോണ്ട് മേക് മി ഫൂള്‍!”

“നോ റായ്, അഞ്ഞൂറിലേറെ തൊഴിലാളികള്‍ ഈ കമ്പനിയില്‍മാത്രമായി ജോലി ചെയ്യുന്നുണ്ട്. അവരുടെയൊക്കെ വാട്ട്സപ്പിലോ ഫേസ്ബുക്കിലോ നിങ്ങളുടെ വജ്രത്തിന്റെ ഫോട്ടോഷെയര്‍ നടന്നോ എന്നറിയില്ല. എങ്കില്‍ പോലും അതൊന്നും മീഡിയയിലേക്ക് എത്താന്‍ മാത്രം വളര്‍ത്തുകയില്ല.  സ്ട്രിക്ട് ആയി ഇവിടെ തൊഴിലാളികള്‍ക്ക് നിയമങ്ങള്‍ ഉണ്ട്. ഇത്രയും വലിയ അബദ്ധം തൊഴിലാളികളുടെ ഭാഗത്ത്‌ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.”

ഈ രണ്ടു ദിവസത്തിനുള്ളില്‍ ഷെയര്‍മാര്‍ക്കറ്റില്‍ താരാകമ്പനിയുടെ സെന്‍സക്സ് പോയിന്റ്‌ കുത്തനെ ഇടിഞ്ഞിരുന്നു. റായ് വിദേതന്‍ മറുപടി പറയാന്‍ മുന്നില്‍ വരാത്തത് പലതരം വ്യാഖ്യാനങ്ങള്‍ക്കും വഴി വെച്ചു.

ഡോപ്ലര്‍ കമ്പനിയുമായി വീണ്ടും കരാര്‍ ഒപ്പിടാന്‍ ദാസ്‌ ശ്രമിച്ചെങ്കിലും അടുത്ത മീറ്റിംഗില്‍ ആവാമെന്ന അവരുടെ നിലപാടിനെ തുടര്‍ന്ന് അതും മാറ്റിവെയ്ക്കേണ്ടിവന്നു.

തിരിച്ചു ഡല്‍ഹിയില്‍ എത്തിയെങ്കിലും ആരവങ്ങള്‍ ഒതുങ്ങിയില്ല.
 ഷെയര്‍ ഹോള്‍ഡ്‌ഴ്സിന്റെ അടിയന്തിര കോണ്‍ഫെറന്‍സ് വിളിക്കാന്‍ നിര്‍ദേശം പോയി.

“എങ്ങനെ ഇതെല്ലാം സംഭവിച്ചു എന്നാണ് നീ കണ്ടെത്തിയത്?” താരാദേവി മകന്റെ മുന്നില്‍ നിന്നു.

സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് രണ്ടു വാഹനങ്ങള്‍ വീട്ടിലേക്ക് വരുന്നത് അയാള്‍ കണ്ടത്. തനൂജയായിരുന്നു കാറില്‍നിന്നിറങ്ങിയത്.

ദാസും താരാദേവിയും പരസ്പരം നോക്കി.

“നീ വിളിച്ചിരുന്നോ?” അവര്‍ ചോദിച്ചു.

“ഇല്ല, മീറ്റിംഗ് ഉണ്ട് ഇന്ന്, ഡല്‍ഹി ഓഫീസില്‍...”

“ശരി, നിങ്ങള്‍ സംസാരിക്കൂ.... ഞാന്‍ ഇതില്‍ ഇടപെടുന്നില്ല.” താരാദേവി അകത്തേക്ക് പോയി.

“റായ്.... പേര്‍സണല്‍ ആയി ഒരു ഇന്ഫോര്‍മേഷന്‍ നല്‍കാനാണ് ഞാന്‍ നേരിട്ട് വന്നത്” ദാസിനു അഭിമുഖമായി ഇരുന്നുകൊണ്ട് തനൂജ തുടങ്ങി.

“ഈ രണ്ടുമാസമായി നമ്മുടെ ഷിപ്പില്‍ കയറ്റി അയക്കുന്ന പ്രോഡക്റ്റ്ന്റെ ചുമതല മുഴുവനും നീറ്റാ ഗ്രൂപ്പിന് ആണ്. ഞാന്‍ ആ വഴിക്ക് അന്വേഷണം നടത്തിയിരുന്നു. വളരെ സീക്രട്ട് ആയാണ് നടത്തിയത്. നീറ്റാ കമ്പനിയുടെ സ്റ്റോര്‍ റൂമില്‍ ഒറിജിനല്‍ വജ്രങ്ങള്‍ ഉണ്ട്.”

“ഉം....”

“കയറ്റി അയക്കാനുള്ള ചരക്കായല്ല അവര്‍ സൂക്ഷിച്ചിരിക്കുന്നത്. മുന്‍പേ         അയക്കേണ്ടവയായിരുന്നു അത്.”

ദാസിന്റെ കണ്ണുകളില്‍ ഞരമ്പുകള്‍ തുടിക്കുന്നത് തനൂജ കണ്ടു.

“ഞാന്‍ വെറുതെ പറയുകയല്ല, വീഡിയോ ഉണ്ട്. നീറ്റാ ഗ്രൂപ്പ്‌ നമ്മുടെ പാര്‍ട്ണര്‍ ആണെന് അറിയാം, അവര്‍ക്ക് ഈ വിഷയത്തില്‍ ബെനിഫിറ്റുണ്ടാവില്ല എന്നും അറിയാം, പക്ഷെ എന്തൊക്കെയോ അടിയൊഴുക്കുകള്‍ ഉണ്ട്. മീറ്റിംഗ് തുടങ്ങും മുന്നേ ഇതെല്ലാം അറിയിക്കണം എന്ന് തോന്നി.”

“വാര്‍ത്ത‍ എങ്ങനെയാണ് ഉടനടി ടിവിയില്‍ വന്നത് തനൂജ?” അവളുടെ കണ്ണുകളിലെ നേരിയ ചലനം പോലും നിരീക്ഷിച്ചായിരുന്നു ദാസ്‌ ചോദിച്ചത്.

“നോ ഐഡിയ റായ്.... അറിഞ്ഞിരുന്നെങ്കില്‍ നമുക്കത് മുന്‍പേ തടയാമയിരുന്നല്ലോ.... അതാണ് പറഞ്ഞത്. എന്തൊക്കെയോ ചേരാത്ത പോലെ....”

തനൂജ പോയിട്ടും ദാസ്‌ ആ വാക്കുകള്‍ ഓര്‍ത്തു.

അതേ... അടിയൊഴുക്കുകള്‍ ഉണ്ട്. ഉടനെ അത് അനാവൃതമാക്കണം.

“എന്താണ് നീ തീരുമാനിച്ചത്?” താരാദേവി കടന്നു വന്നു.

“വെറുതെ കഥയുമായി വന്നതാണ്‌ അമ്മാ, ഇവള്‍ തന്നെ  അറേഞ്ച് ചെയ്തു കൊണ്ടുപോയി വെച്ച് വീഡിയോ എടുത്തു വന്നതായിരിക്കും.”

അവര്‍ ചിരിച്ചു. “വിഷപ്പാമ്പാണല്ലോ വിദേത് അവള്‍...”

“ഉം...... സാരമില്ല,  വലിയൊരു കാടാവുമ്പോള്‍ വിഷജന്തുക്കള്‍ വേണമല്ലോ....” അയാള്‍ കൈകള്‍ കൂട്ടിത്തിരുമ്മി അകത്തേക്ക് നടന്നു.

“എന്നിട്ടും അവളെ നീ വെച്ച് പൊറുപ്പിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു വിദേത്....” താരാദേവി വിളിച്ചു പറഞ്ഞത് കേട്ട് ദാസ്‌ തിരിഞ്ഞു.

നെറ്റിയിലേക്ക് വീണ മുടിയിഴകളെ തലയൊന്നു വെട്ടിച്ചു മുകളിലേക്ക് ഒതുക്കി അയാള്‍ ചിരിച്ചു.

“അമ്മാ, ഒറ്റയടിക്ക് അവളെ കളയാന്‍ ഒന്നാലോചിക്കണം. ഷി ഹാസ്‌ മണി, അവള്‍ എത്ര കോടിയാണ് ബിസിനസ്സില്‍ ഇറക്കിയിരിക്കുന്നത്. അടിയന്തിരമായി ചില ക്യാഷ്ഡീല്‍ വന്നാല്‍ ഉടനെ എടുത്തു മറിക്കാന്‍ പ്രാപ്തിയുള്ള ഒന്ന് രണ്ടു പേര് നമ്മുടെ കമ്പനിയില്‍ വേണ്ടേ.... പിണക്കിയാല്‍ ഈ പണമെല്ലാം പിന്‍വലിച്ചു അവള്‍ മറ്റൊരു കമ്പനിയിലേക്ക് ചേക്കേറും. എന്നിട്ട് അവിടെയിരുന്നു നമുക്കെതിരെ കളിക്കും. അതിലും നല്ലത് നമ്മുടെ കുളത്തില്‍ തന്നെ അവളെ നീന്താന്‍ വിടുന്നതല്ലേ?”

“അവസാനം എല്ലാം കൂടി അവള്‍ കലക്കാതിരുന്നാല്‍ മതി.” താരാദേവി അതൃപ്തിയോടെ പറഞ്ഞു. “എന്തായാലും എല്ലാം ഒന്നുകൂടി ചെക്ക് ചെയ്യുക”

“അവള്‍ കലക്കട്ടെ....ഏതുവരെ പോകുമെന്ന് നോക്കാം....”ദാസ്‌ വീണ്ടും ചിരിച്ചു.

“ഡല്‍ഹിയിലെ ഫ്ലാറ്റില്‍ അവള്‍ വരാറുണ്ടോ?”

“അവള്‍ക്ക് നമ്മുടെ വിഐപി ഏരിയയിൽ  തന്നെ ഫ്ലാറ്റ് ഉണ്ട്. പക്ഷെ എന്റെ ഫ്ലാറ്റില്‍ വരാറില്ല. അവളുടെ ഫ്ലാറ്റിലും അവള്‍ പോകാറില്ല എന്നാണ് അറിഞ്ഞത്. പക്ഷെ അത്യാവശ്യഅസോസിയേഷന്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. സോഷ്യല്‍ ബട്ടര്‍ഫ്ലൈ ആണല്ലോ...”

മീറ്റിംഗിനായി കാറില്‍ കയറിയിരുന്നപ്പോള്‍ ദാസ്‌ മിലാനെ വിളിച്ചു. കാര്യങ്ങള്‍ ചുരുക്കി സംസാരിച്ചു ഒടുവില്‍ അയാള്‍ ചോദിച്ചു.

“എപ്പോഴാണ് ഷൂട്ടിംഗ് ഉണ്ടെന്നു പറഞ്ഞത്?”

“നാളെയാണ് വിദേത്, ഞാന്‍ വിളിക്കാം...” മിലാന്‍ പറഞ്ഞു.

“എനിക്ക് സമയം കഷ്ടിയായിരിക്കും. നീ ഫ്ലാറ്റില്‍ വന്നാല്‍ മതി. ലേറ്റ് ആയാല്‍ ഒറ്റയ്ക്ക് വരേണ്ട. വിളിക്കണം.” അയാള്‍ ഫോണ്‍ വെച്ചപ്പോള്‍ നാരായണസാമി ദാസിനെ നോക്കി. അയാള്‍ക്ക്‌ എന്തോ പറയാനുണ്ടായിരുന്നു.

“എന്താ സാമി പറഞ്ഞോളൂ...”

“നമ്മുടെ ഫ്ലാറ്റ്ന്റെ അപ്പുറത്തുള്ള മൂന്നു എക്സിക്യൂട്ടിവ് ഫ്ലാറ്റുകള്‍ വില്‍ക്കാനുണ്ട്. ലക്ഷ്വറി ഫ്ലാറ്റുകള്‍ ആണ്.”

“സൊ...?”

“നമുക്ക് വാങ്ങിയാലോ...?”

“ഫോര്‍ വാട്ട്‌?  നമ്മുടെ രണ്ടു  ഫ്ലാറ്റില്‍ തന്നെ ആളില്ലല്ലോ. താന്‍ ഒരെണ്ണം ഉപയോഗിക്കുന്നു. ഞാന്‍ എപ്പോഴെങ്കിലുമാണവിടെ ഉള്ളത് തന്നെ...”

“അതല്ല സാബ്... തനൂജ അത് വാങ്ങാന്‍ ഉദ്ദേശിക്കുന്നു എന്നൊരു വിവരമുണ്ട്”

“ഓഹോ.... എങ്കില്‍ അവള്‍ വാങ്ങട്ടെ....”

“നമുക്ക് വാങ്ങിയാല്‍ അതായിരുന്നു സേഫ്....” സാമിയുടെ ശബ്ദം വളരെ പതിഞ്ഞിരുന്നു.

ദാസ്‌ അല്പം ഉച്ചത്തില്‍ ചിരിച്ചു. അയാള്‍ സാമിയുടെ നേരെ തിരിഞ്ഞിരുന്നു.

“എന്താടോ തനിക്കീയിടെ ഒരു ഭയം ഉണ്ടല്ലോ...”

“അതല്ല സാബ്, തനൂജ ഇപ്പോള്‍ കൂടുതല്‍ അപകടകാരിയാകുന്നു. തൊട്ടടുത്ത ഫ്ലാറ്റിലേക്ക് അവള്‍ വരുമ്പോള്‍ സാബ് കുറേക്കൂടി സൂക്ഷിക്കണം. അന്നു  ഒരേ ഹോട്ടലിന്റെ  മുറികളില്‍ ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നിട്ടും....” സാമി അർധോക്തിയില്‍ നിറുത്തി ദാസിനെ നോക്കി.

“ഉം.....” ദാസ്‌ അമര്‍ത്തി മൂളി.

...........................................................................................................................................

രാത്രിയില്‍ ദാസിന്റെ ഫ്ലാറ്റിലേക്കുള്ള യാത്രയില്‍ ആയിരുന്നു മിലാന്‍...

മിലാന്‍ തന്നെയാണ് ഡ്രൈവ് ചെയ്തത്. പുറകിലെ കാറില്‍ അവളുടെ ഡ്രൈവറും രണ്ടു സെക്യൂരിറ്റിയും മിലാനെ പിന്തുടര്‍ന്നു.

സെക്യൂരിറ്റി സഞ്ജയ്‌ ഏര്‍പ്പാടാക്കിയതായിരുന്നു. പേര്‍സണല്‍ ആവശ്യങ്ങളുടെ യാത്രയാണെങ്കിലും അവള്‍ നിശ്ചിത ദൂരത്തില്‍ നിരീക്ഷിക്കപ്പെട്ടു.

മൊബൈല്‍ ഫോണിലേക്ക് തുരുതുരാ വരുന്ന വൈബ്രേഷന്‍സ് കുറച്ചു നേരമായി മിലാനെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു. ട്രാഫിക് അല്പം കുറവായ റോഡില്‍ എത്തിയപ്പോള്‍ മിലാന്‍ കാര്‍ സൈഡിലേക്ക് ഒതുക്കി ഫോണ്‍ എടുത്തുനോക്കി.

മൂന്നാല് വീഡിയോ വന്നു കിടക്കുന്നു.

പിന്നീട് നോക്കാമെന്നു  കരുതിയെങ്കിലും മെയിൽ അറ്റാച്ഡ് കണ്ടപ്പോൾ അർജെന്റ് ആകുമോ എന്ന  സംശയം വന്നു. 

 മിലാന്‍ ഒരെണ്ണം പ്ലേ ചെയ്തു. 
ഒരു വലിയ ഹോട്ടലിന്റെ റിസപ്ഷന്‍ കാണുന്നു. ഒരു പെണ്‍കുട്ടി തന്റെ ബാഗുമായി ലിഫ്റ്റില്‍ കയറുന്നു. അധികം വെളിച്ചമില്ലാതെ തുടങ്ങിയ വീഡിയോ തെളിച്ചത്തോടെ പെണ്‍കുട്ടിയുടെ മുഖത്തെ ഫോക്കസ് ചെയ്തു.

കരോലിന്‍ നീറ്റാ...

മിലാന്‍ ഉദ്വാഗത്തോടെ സൂക്ഷിച്ചു നോക്കി. നീണ്ട കോരിഡോര്‍ താണ്ടി അവള്‍ മുറിയിലേക്ക് പോകുന്നു. വാതില്‍ തുറന്നു കൊടുത്തു സ്റ്റാഫ്  പിന്‍വാങ്ങുന്നു. അകത്തേക്ക് കയറിയ സമയം വീഡിയോയില്‍ ഉണ്ട്.
രാത്രി പതിനൊന്നു മണി കഴിഞ്ഞു നാല്പത്തിയെട്ട് മിനിട്ട്.

അല്പം കഴിഞ്ഞു ഒരു പുരുഷന്‍ അതേ ലിഫ്റ്റില്‍ കയറുന്നു. ദാസിന്‍റെ ഛായതോന്നിച്ച അയാളും കരോളിന്‍ പോയ വഴിയേ അതേ മുറിയിലേക്ക് കയറിപ്പോകുന്നു.

വിദേത്....മിലാന്‍ ഉമിനീര് വിഴുങ്ങി. 
സമയം പന്ത്രണ്ട് കഴിഞ്ഞു എഴു മിനിട്ട്!

കുറച്ച് കഴിഞ്ഞു  പെണ്‍കുട്ടി നിശാവസ്ത്രത്തോടെ വാതില്‍ തുറക്കുന്നു. മുറിയുടെ വെളിയിലേക്കിറങ്ങി ആകെയൊന്നു നിരീക്ഷിച്ചു അകത്തേക്ക് നോക്കുന്നു. ദാസ്‌ ഇറങ്ങി വരുന്നു. രാത്രിയിലെ  വേഷം തന്നെ. എന്തോ സംസാരിച്ചു രണ്ടുപേരും അകത്തേക്ക് കയറിപ്പോകുന്നു. 
സമയം പുലര്‍ച്ചെ ആറു പത്ത്!

കുറച്ചു കഴിഞ്ഞു വസ്ത്രം മാറി ധരിച്ച കരോളിന്‍ വാതില്‍ തുറന്നു പുറത്തേക്കു വരുന്നു. ബാഗ്‌ ഉണ്ട് കൈയില്‍. കൂടെ ഇറങ്ങിവന്ന ദാസ്‌ ചിരിയോടെ കൈവീശി യാത്രയാക്കുന്നു.

മിലാന്‍ നിശ്ചേഷ്ടയായിപ്പോയി!

അവള്‍ ഒന്നുകൂടി ആ വീഡിയോ പ്ലേ ചെയ്തു. യെസ്.... കരോലിനും വിദേതും തന്നെയാണ്.

മിലാന്‍ വിറയാര്‍ന്ന വിരലുകളോടെ അടുത്ത വീഡിയോ തുറന്നു. 

നനഞ്ഞു കുതിര്‍ന്ന കരോലിനെ താങ്ങിയെടുത്തുകൊണ്ട് ഏതോ പടികള്‍ ഇറങ്ങി വരുന്ന വിദേത്... അപ്പുറത്ത് സ്വിമ്മിംഗ് പൂള്‍ ആണ്. താഴെ കിടത്തി അയാള്‍ അവളുടെ മുഖത്തേക്ക് ചായുന്നു.

ഛെ.........

ക്രമാതീതമായുയുരന്ന ശ്വാസമിടിപ്പില്‍ മിലാന്റെ നെഞ്ചകം വിറകൊണ്ടു.

സെക്യൂരിറ്റി ഗാര്‍ഡുകള്‍ കാര്‍ നിറുത്തി മിലാന്റെ കാറിനരികിലേക്ക് വന്നു. “മേം... എന്ത് പറ്റി?”

ഞെട്ടിക്കൊണ്ടു മിലാന്‍ മുഖമുയര്‍ത്തി. മറുപടി പറയാന്‍ വളരെ താമസിച്ചു.

“ങ.... ഒന്നുമില്ല, തലവേദനിക്കുന്നു. നിങ്ങള്‍ ഡ്രൈവ് ചെയ്യൂ....” മിലാന്‍ ഇറങ്ങി ബാക്സീറ്റില്‍ കയറി. അവള്‍ക്കു തലചുറ്റുന്നുണ്ടായിരുന്നു. ഭൂമി മുഴവനും അതിവേഗം കറങ്ങുന്നു.

എന്തൊക്കെയാണീ കണ്ടത്.... എന്താണിതെല്ലാം.... കരോലിന്‍..... അവള്‍.... സോള്‍മേറ്റ് പോലെ താന്‍ കണ്ടവള്‍.....

വണ്ടി ഓടിക്കൊണ്ടിരുന്നു. മിലാന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഹൌ ഡെയര്‍ യൂ കരോലിന്‍.....
ഹൌ ഡെയര്‍ യൂ.....

അമേരിക്കയില്‍നിന്നും കൊടുത്തുവിട്ട ഗിഫ്റ്റ് കാണാതായി എന്ന് പറഞ്ഞ നിമിഷം മിലാന്‍ ഓര്‍ത്തു. അത് കളഞ്ഞതുപോയതല്ല അല്ലേ....

അമേരിക്കയിലേക്ക്  ഫോണ്‍ ചെയ്യുമ്പോഴൊക്കെ ദാസിന്റെ കൂടെ വീഡിയോയില്‍ സംസാരിച്ചിരുന്ന  കരോലിന്‍ അവളുടെ മനസ്സില്‍ നിറഞ്ഞു.

അവിടെയും നിങ്ങള്‍ ഒരുമിച്ചായിരുന്നു അല്ലേ.....

മിലൻറെ തലച്ചോർ ചുടലപ്പറമ്പായി.

താന്‍ എന്തൊരു വിഡ്ഢി..... എങ്കിലും വിദേത്.... അയാള്‍ തന്നെ വീണ്ടും വീണ്ടും....

അടുത്ത നിമിഷം ആ മിഴികളില്‍ നിശ്ചയദാര്‍ഢ്യം തെളിഞ്ഞു. ഇല്ല വിദേത്... ഇത്തവണ നിങ്ങൾക്ക് എന്നില്‍നിന്നും യാതൊന്നും പറഞ്ഞു രക്ഷപ്പെടാന്‍ കഴിയില്ല. നിങ്ങള്‍ ഇതിനെല്ലാം എനിക്കുത്തരം നല്‍കിയേ പറ്റൂ....

ആ സ്വിമ്മിംഗ് പൂള്‍....അത് വിദേതിന്റെ വീട്ടിലെ സ്വിമ്മിംഗ്  പൂള്‍ അല്ലേ....അതേ...സ്വന്തം വീട്ടില്‍ വെച്ച് പോലും....എന്തൊരു ധൈര്യമാണ്  വിദേത് നിങ്ങൾക്ക് !

കാണട്ടെ, എന്റെ മുന്നില്‍ ഇപ്പോഴും ആ ധൈര്യം ഞാന്‍ കാണട്ടെ.... മിലാന്‍ കവിളുകള്‍ അമര്‍ത്തിത്തുടച്ചു.

മിലാന്‍റെ കാര്‍ ദാസിന്റെ വീട്ടുവാതില്‍ക്കല്‍ എത്തിയപ്പോള്‍ അവിടെ കരോളിന്റെ കാര്‍ ഉണ്ടായിരുന്നു. തനൂജ പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം തേടി കരോലിനെ ദാസ്‌ വിളിപ്പിച്ചിരിക്കയായിരുന്നു.

ഷോക്കിംഗ് ന്യൂസ്‌ കേട്ടത് ഉള്‍ക്കൊള്ളാനാവാതെ കരോളിന്‍ മിഴിച്ചു നിന്നു.

“റായ്സര്‍, നമ്മുടെ കയ്യില്‍ വജ്രം ഉണ്ട്. അതൊരിക്കലും ഇങ്ങനൊരു ചതിക്കോ മറ്റെന്തെങ്കിലും തിരിമറിക്കോ ഉള്ളതല്ല. സര്‍ ഇങ്ങനെ അവിശ്വസിച്ചാല്‍....” നിരാശയും ക്രോധവുമെല്ലാം കരോളിന്റെ മിഴികളില്‍ ഓളം വെട്ടി.

“എനിക്കറിയാം ബിസിനസ് തകര്‍ക്കാനുള്ള ചരടുവലികള്‍ പലയിടത്തും തുടങ്ങിക്കഴിഞ്ഞു എന്ന്. അതാരെന്നു കണ്ടുപിടിക്കും വരേയ്ക്കുമേ ഈ ഹൈഡ് ആന്‍ഡ്‌ സീക്ക് നടക്കുകയുള്ളൂ, ഞാന്‍ വിശ്വസിച്ചവര്‍ ഇതിലുണ്ടോ ഇല്ലയോ എന്ന് എനിക്കുറപ്പാക്കേണ്ട  ചുമതലയുണ്ട്. യു കാന്‍ ഗോ...”

വാതില്‍ തള്ളിത്തുറന്നു മിലാന്‍ പ്രണോതി അകത്തേക്ക് വന്നു. രണ്ടുപേരെയും ഒരുനിമിഷം മാറിമാറി നോക്കി മിലാന്‍ തല വെട്ടിച്ചു.

“ഒഹ്, ക്യാരിഓണ്‍, ഞാന്‍ വന്ന സമയം ശരിയായില്ലെന്ന് തോന്നുന്നു. ക്യാരി ഓണ്‍....”

ദാസും കരോളിനും ഒരുമിച്ച് ഇരിപ്പിടങ്ങളില്‍നിന്നും എഴുന്നേറ്റു.

“മിലാന്‍.... വെല്‍ക്കം.... എന്താ നിന്നുകളഞ്ഞത്...”

“എങ്ങോട്ടാണ് വെല്‍ക്കം പറയുന്നത് നിങ്ങള്‍.... നിങ്ങളുടെ ആട്ടം കണ്ടു കയ്യടിക്കാനാണോ... വെരി സോറി, ഒട്ടും താല്പര്യമില്ല.”

അവളൊന്നു നിറുത്തി. തറഞ്ഞു നില്‍ക്കുന്ന ആ രണ്ടു മുഖത്തേക്കും അവള്‍ മാറി മാറി നോക്കി.

“നന്നായി നിങ്ങള്‍ രണ്ടുപേരുടെയും അഭിനയം.” 

മിലാന്‍ കരോളിനു നേരെ വിരല്‍ ചൂണ്ടി. “നിന്നെ ഞാനെന്റെ ആത്മാവ് കൊണ്ടാണ് സ്നേഹിച്ചത്. നീ എന്നെ ചതിക്കുമെന്ന് സ്വപനത്തില്‍ പോലും ഞാന്‍ കരുതിയില്ല. അത്രയും നിന്നെ ഞാന്‍ വിശ്വസിച്ചുപോയി....”

ചൂടുള്ള കണ്ണുകള്‍ മിലാന്റെ സ്വരത്തെയും തടസ്സപ്പെടുത്തി.

“ദാ, നിങ്ങളുടെ ലീലാവിലാസങ്ങള്‍ മുഴുവനും നിറഞ്ഞ നിമിഷങ്ങള്‍....രണ്ടു പേരും സമയമെടുത്തു കണ്ടു എന്ജോയ്‌ ചെയ്തിട്ടു പോയാല്‍ മതി. അല്ലെങ്കില്‍ പോകണമെന്നും ഇല്ല. എന്ജോയ്‌ യുവര്‍ ലൈഫ്....”

തന്‍റെ കയ്യിലെ പെന്‍ഡ്രൈവ് അവള്‍ ദാസിനു നേരെ എറിഞ്ഞു. നിയന്ത്രിച്ചിട്ടും നില്‍ക്കാത്ത മിഴികളെ തോല്‍പ്പിച്ചുകൊണ്ട് മിലാന്‍ തിരിഞ്ഞുനടന്നു.

വാതിലിനരികില്‍ എത്തിയ മിലാന്‍  ദാസിനെ നോക്കി. വാക്കുകള്‍   തീയായി ആളി.

“നിങ്ങള്‍ക്ക് മനസ്സുകൊണ്ട് സ്നേഹിക്കാന്‍ കഴിവില്ല... നിങ്ങളുടെ സ്നേഹം ശാരീരികം മാത്രമാണ്.. നിങ്ങളും തെരുവില്‍ ശരീരം വില്‍ക്കുന്ന പെണ്ണുങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. അവര്‍ ശരീരം വില്‍ക്കുന്നത് ഒരുപക്ഷെ വിശന്നിട്ടോ ജീവിക്കാനോ ആകാം.. നിങ്ങളോ?” അയാളുടെ തൊട്ടരികിലേക്ക് നടന്നടുത്തു മുഖമുയര്‍ത്തി ആ കണ്ണുകളില്‍ സൂക്ഷിച്ചുനോക്കി മിലാന്‍ മുരണ്ടു.

“ദയവു ചെയ്തു എന്റെ മുന്നില്‍ ഇനിയും  നിങ്ങള്‍ വരരുത്. നിങ്ങളെ സ്നേഹിച്ച തെറ്റ് ഞാനിവിടെ തിരുത്തുന്നു. ഇനിയെന്‍റെ ജീവിതത്തില്‍ നിങ്ങളില്ല.”

പകച്ചുപോയ കരോളിനെ തീ പാറുന്ന മിഴികളോടെ നോക്കി മിലാന്‍ വാതില്‍ കടന്നു. അവള്‍ക്കു പിന്നില്‍ ആ വാതില്‍ ഇടിമുഴക്കം പോലെ അടഞ്ഞു.

കണ്ണുകളില്‍ ദേഷ്യവും അപമാനവും പകയും നിസ്സഹായതയും പിന്നേയും തിരിച്ചറിയാനാകാത്ത വികാരങ്ങളും  സ്ഫോടനം നടത്തവേ റായ് വിദേതന്‍ ദാസിന്‍റെ ഞരമ്പുകള്‍ രക്തം കുതിച്ചൊഴുകി  വലിഞ്ഞുമുറുകി.

                               (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 40  - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക