Image

വെയിലു ചാഞ്ഞ വഴിയിലൂടെ... (കഥ: രമണി അമ്മാൾ)

Published on 24 November, 2020
വെയിലു  ചാഞ്ഞ  വഴിയിലൂടെ... (കഥ: രമണി അമ്മാൾ)
അങ്ങു ദൂരെയുളള വളവു തിരിഞ്ഞ് ബസ്സു വരുന്നതുപോലേ...
അതോ വല്ല പാണ്ടിലോറിയുമായിരിക്കുമോ..!
എത്ര നേരമായെന്നോ, ഈ നില്പു നില്ക്കാൻ തുടങ്ങീട്ട്..
ഇളംവെയിലാണെങ്കിലും നേരെ   മുഖത്തോട്ടാണടിക്കുന്നത്....
     
കടകളൊക്കെ തുറക്കാൻ തുടങ്ങി...
എട്ടരയ്ക്കുളള ബസ്സു കിട്ടുമെന്നാ വിചാരിച്ചത്..
മെയിൻ റോഡിലേക്കു കയറാൻ
തുടങ്ങിയപ്പോഴേക്കും  ബസ്സങ്ങു വിട്ടുപോയി...
അരമണിക്കൂർ ഇടവിട്ടിടവിട്ടേ  മെഡിക്കൽ കോളേജു വഴി പോകുന്ന ബസ്സുളളത്രേ..

ഞാൻ താമസിക്കുന്നത് 'മൂഴിക്കൽ' എന്നു പറയുന്ന സ്ഥലത്താ.....
ഇവിടുന്നു കുറച്ചു 
ദൂരം പോകണം...
ഓട്ടോറിക്ഷയും, കാറും, സ്ക്കൂട്ടറുമൊക്കയേ അതുവഴിപോകൂ ..
സോപ്പുകമ്പനീടെ മുന്നിൽക്കുടിയുള്ള ടാറിടാത്ത 
റോഡ് അവസാനിക്കുന്നതങ്ങു  
പുഴക്കരേലാണ്...
പുഴയിൽ വെളളക്കൂടുതലുണ്ടെങ്കിൽ
ആളുകളെ അക്കരയ്ക്കുകൊണ്ടു
പോകാൻ കടത്തുവളളം കാത്തുകിടക്കും...
വെളളം കുറഞ്ഞു തുടങ്ങിയാൽ, തോണീടെ അടിവശം തറയിൽ ഇടിക്കാൻ തുടങ്ങിയാൽ, തോണീമില്ല, കടത്തുമില്ല..
മുട്ടറ്റം വരെ ഉടുതുണി പൊക്കിപ്പിടിച്ചോണ്ട് അക്കര കടക്കണം..
പുഴയുടെ അക്കരെയുളള ലോകം ഞാൻ കണ്ടിട്ടില്ല...
അവിടുന്നു പഠിക്കാൻ വരുന്ന 
കുട്യോള് എന്റെ സ്കൂളിലുണ്ട്..

എന്റെ വീട്ടിലേക്ക് അത്രടംവരെയൊന്നും
പോകേണ്ടാ....
പുഴയിലേക്കിറങ്ങുന്ന വഴിതുടങ്ങുന്നിടത്തൂന്നു വലതോട്ട്
നല്ല വീതിയുളള വയൽ വരമ്പുണ്ട്.....
അതിലൂടെ കുറച്ചങ്ങ്
നടക്കുമ്പോൾ  ഒരു ചെറിയ തോടും കൂടി കുറുകെ കടന്നാൽ മതി.. തെങ്ങുംതടികൾ മുറിച്ചു ചേർത്തിട്ട കുഞ്ഞു പാലം...
അതിലൂടെ സൈക്കിള് ഉന്തിക്കൊണ്ടു പോകാൻ പറ്റും.
തോട് ഒഴുകിപ്പോകുന്നതു പുഴയിലേക്കാണ്..
തടിപ്പാലമിറങ്ങി നേരേ ഇടത്തോട്ടു നോക്കിയാൽ എന്റെ വീടു കാണാം..
പക്ഷേ, വീതികുറഞ്ഞ  വരമ്പത്തൂടെയാണു വീട്ടിലേക്കു പോകേണ്ടത്.. മഴക്കാലമായാൽ കുറച്ചു
കഷ്ടപ്പാടൊക്കെയാണ്..

        രാവിലെ നടന്നും ഓടിയുമൊക്കെയാണ്
ബസ്സുകേറാനെത്തിയത്..
ഓട്ടോയിലൊന്നും കേറാനുളള കാശില്ലായിരുന്നു...
കൃത്യം, മെഡിക്കൽ കോളേജുവരെ എത്താനുള്ള ബസ്സ് കൂലിമാത്രമേ എന്റെ  കയ്യിലുളളൂ ..
തിരിച്ചു 
പോരാനുളളതും, 
പാലും ബിസ്ക്കറ്റുമൊക്കെ വാങ്ങാനുളളതും ആശുപത്രീൽ ചെല്ലുമ്പോൾ  അമ്മ തന്നുവിടാറാ പതിവ്..
ഞാൻ പഠിക്കുന്ന സ്കൂൾ ഈ ബസ്സ്സ്റ്റോപ്പിന്റെ അടുത്തു തന്നെയാണ്..
സ്കൂൾ വാനിലാ  ഞങ്ങളു സ്കൂളിൽ വരുന്നെ..
സ്കൂളിൽ ബല്ലടിക്കുന്ന ശബ്ദമാണ് കേൾക്കുന്നത്.... 
എന്റെ ക്ളാസിൽ പഠിക്കുന്ന ലേഖേം,  രമേം, ഇപ്പഴങ്ങോട്ടു നടന്നുപോയതേയുളളു.
അവരു ചോദിച്ചു.
 " നീയിനി എന്നാണു  ക്ളാസിൽ വരുന്നതെന്ന് "
"അച്ഛൻ ആശുപത്രീന്നു വന്നിട്ട്..?"
ഞാൻ പറഞ്ഞു...
ഒരു മാസത്തിലേറെയായി, അച്ഛൻ മെഡിക്കൽ കോളേജ് ആശുപത്രീലാ...
ഓപ്പറേഷനൊക്കെ കഴിഞ്ഞു..
എഴുന്നേറ്റു നടക്കാനൊന്നും 
ആയിട്ടില്ല..
അമ്മ, അച്ഛന്റടുത്തുതന്നെ
യാണ്.....ഏല്പിച്ചിട്ടൊന്നു വീടുവരെ വന്നിട്ടുപോകാൻ,
ഞങ്ങളുടെ ബന്ധുക്കളൊക്കെ അങ്ങു ദൂരെയാ...
നേരത്തോടുനേരം
ട്രെയിനിൽ, ഇരുന്നും കിടന്നുമൊക്കെ യാത്ര ചെയ്താലേ അവിടുന്നിങ്ങോട്ട്
വരാനും പോവാനും  പറ്റൂ..
അച്ഛന്റെ അസുഖ വിവരമറിഞ്ഞ് ആരൊക്കെയോ അവിടുന്നു വന്നിട്ടുണ്ടായിരുന്നു.

എനിക്കു താഴെ രണ്ടു പേരു കൂടിയുണ്ട്..
അനിയത്തിമാരാ..
നേരെ താഴെയുളളത് എന്നേക്കാളും അഞ്ചു വയസിനെളേതാ..
ഇളയ കുഞ്ഞിന് ഒരു വയസ്സാവുന്നേയുളളു....
പാവം......മ്മ...മ്മാന്ന് എപ്പോഴും ..കരഞ്ഞു വിളിച്ചോണ്ടിരിക്കുമായിരുന്നു.
അമ്മപ്പാലു കുടിക്കാൻ.. 
ഇപ്പോഴിപ്പോൾ വലിയ കരച്ചിലില്ല...

അച്ഛൻ അന്നും പതിവുപോലെ ജോലിക്കു പോയതാ....സൈക്കിളില്...
ഒരു കമ്പനിയിലാ അച്ഛനു ജോലി....
വൈകുന്നേരം വരുമ്പോൾ മിക്കവാറും ശകലം  കളളും കുടിച്ചോണ്ടേ വരൂ....
കുളിച്ചുവന്നു 
ഭക്ഷണോം കഴിച്ച്, ഞങ്ങളെയൊക്കെയൊന്നു വിളിച്ചു കൊഞ്ചിച്ച്, ഉമ്മയുമൊക്കെത്തന്ന് പോയിക്കിടന്നങ്ങുറങ്ങും.
ഒരു ശല്യോമില്ല...

അന്ന്, ആരൊക്കെയോ മൂന്നാലു പേരു
താങ്ങിപ്പിടിച്ചാണ് അച്ഛനെ കൊണ്ടുവന്നത്..
സൈക്കിളു കടേലൊരിടത്തു വച്ചിട്ട്..
"കമ്പനീന്നിറങ്ങി എന്തോ സാധനം വാങ്ങാൻ കടയിൽ കേറി....പതിവു കടയാ...നിന്ന നിൽപ്പിൽ തലകറങ്ങുന്നപോലെ തോന്നീന്ന്.... വീഴാമ്പോയപ്പോൾ ആരോ താങ്ങിപ്പിടിച്ചിരുത്തി... മുഖത്ത് വെളളം കുടയുകേം കുടിപ്പിക്കേമൊക്കെ ചെയ്തപ്പോൾ കറക്കമങ്ങു മാറിപോലും..  ആശുപത്രീലോട്ടു കൊണ്ടുപോകാൻ സമ്മതിച്ചില്ല, വീട്ടിൽ കൊണ്ടുവിട്ടാൽ മതീന്ന് നിർബന്ധം പിടിച്ചെന്ന്.. " 
"എനിക്കിപ്പം ഒരു കുഴപ്പോമില്ല" 
അച്ഛൻ ഞങ്ങളെ സമാധാനിപ്പിച്ചു.. 
പക്ഷേ..
നേരമങ്ങോട്ടിരുട്ടിത്തുടങ്ങിയപ്പോൾ അച്ഛനു ശ്വാസംമുട്ടലും ചുമയും കലശലായി ..
ഒന്നുരണ്ടു തവണ രക്തവും ചർദ്ദിച്ചു..  
ഞങ്ങളു പേടിച്ചു വിളിച്ചുകൂവി..
അയൽപക്കക്കാരൊക്കെ
വന്ന് അപ്പോൾത്തന്നെ അച്ഛനെ
എടുത്തോണ്ട്  ആശുപത്രിയിലേക്കോടി...  ആർത്തുവിളിച്ചു കരഞ്ഞ് അമ്മ പുറകേയും. 
അന്നേരം, അനിയത്തിക്കുഞ്ഞ് എന്റെ 
മടിയിലും മറ്റവൾ
എന്നെ, ചാരിയും
ഇരിക്കുകയായിരുന്നു...

വീടിനു മുന്നിലെ വയലിലെ ഇരുട്ടിലേക്ക്, അച്ഛനെ കൊണ്ടുപോയ വഴിയിലേക്ക്, ഞങ്ങൾ നോക്കിയിരുന്നു...
മിന്നാമിന്നിക്കൂട്ടം അങ്ങോട്ടുമിങ്ങോട്ടും പറന്നുനടക്കുന്നുണ്ടായിരു
ന്നു..
അടുത്ത വീട്ടിലെ ഒരമ്മച്ചി
ഞങ്ങൾക്കു കൂട്ടു കിടന്നു..
ഇപ്പോഴും അവരു വരുന്നുണ്ട്..
പിറ്റേന്നാണറിഞ്ഞത്, 
ഞാനീ ബസ്സുകാത്തുനിന്ന സ്ഥലത്തിനടുത്തുളള ആശുപത്രീന്നു അച്ഛനെ 
നേരെ മെഡിക്കൽ കോളേജാശുപത്രിയിലേക്കു കൊണ്ടുപൊയെന്ന്..
അത്രയ്ക്കും കഷ്ടമായിരുന്നത്രേ ആരോഗ്യ നില...
ഉടനടി ഓപ്പറേഷൻ നടന്നു..
അല്പം സീരിയസ്സാണെന്ന് 
അമ്മച്ചി ആരോടോ
അടക്കം പറയുന്നതു ഞാൻ കേട്ടു....

മുകളിൽ ആകാശവും
താഴെ ഭൂമിയും..
ഞങ്ങളുടെ അവസ്ഥ അങ്ങിനെയായിരുന്നു..
അടുത്തുളളവർ വല്ലതുമൊക്കെ കഴിക്കാൻ കൊണ്ടുത്തരും.. 
ഞാനന്നുമുതൽ
സ്കൂളിൽ പോയിട്ടില്ല. അനിയത്തിക്കുട്ടി അംഗൻവാടിയിലും.. 

ബസ്സിൽ ആളു തീരെക്കുറവാണു കോട്ടോ..
സൈഡു സീറ്റുതന്നെ ഇരിക്കാൻ കിട്ടി..
കാഴ്ചകൾ കണ്ടങ്ങനെ, കറ്റുകൊണ്ടങ്ങനെ...
ബസ്സു കാത്തുനിന്നപ്പോൾ വിശപ്പു തോന്നിച്ചില്ല, 
ഇപ്പോൾ നന്നായി വിശക്കുന്നുമുണ്ട്..
ബാസ്ക്കറ്റിനുളളിൽ  അമ്മയ്ക്കു മാറിയുടുക്കാൻ രണ്ടു,മൂന്നു പഴയ സാരിയും ബ്ളൗസും, ഫ്ളാസിക്കിൽ ചൂടു വെളളവും,
ഇലപ്പൊതിയിൽ ചോറും ചമ്മന്തീം ഒരു മെഴുക്കുപുരട്ടീം...
വെളപ്പിനെ എഴുന്നേറ്റ് ഞനുണ്ടാക്കിയതാ..
അമ്മ, എന്നേക്കൊണ്ട് അല്ലറചില്ലറ വീട്ടുജോലികളൊക്കെ ചെയ്യിക്കുമായിരുന്നതുകൊണ്ട് അത്യാവശ്യം അടുക്കളപ്പണികൾ എനിക്കറിയാം.
"ഫ്ളാസ്ക്കിൽ കുറച്ചു 
ചൂടുവെളളവുംകൂടി മറക്കാതെ.എടുത്തോളണേ"
അമ്മയിന്നലെ ഫോൺവിളിച്ചപ്പോൾ പറഞ്ഞിരുന്നു ..
ആശുപത്രിപ്പരിസരത്ത് എല്ലാം വാങ്ങാൻ കിട്ടുമെങ്കിലും ഇന്നു ഞാൻ
ഏതായാലും ചെല്ലുന്ന ദിവസമായതു
കൊണ്ടാണങ്ങനെ പറഞ്ഞത്...

     ആശുപത്രീടെ നീണ്ട മതിലുകൾ വലംവയ്ക്കുകയാണ് ബസ്സ്..
സമയം പതിനൊന്നുമണിയായെന്ന് ഒരാളു പറഞ്ഞു.. 
അമ്മ കാത്തിരുന്നു വെപ്രാളപ്പെട്ടുകാണും...
എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്തീല്ലല്ലോയെന്ന വേവലാതിയോടെ...

       പേവാർഡ് നമ്പർ. 5..
വാതിലുകൾ മലർക്കെ
തുറന്നു കിടന്ന മുറിയിലേക്ക്
പെട്ടെന്നങ്ങു കയറിച്ചെന്നു...
ആരുമില്ല മുറിയിൽ....!
കിടക്ക മടക്കിവച്ചിരിക്കുന്നു...
ഇതെന്താണിങ്ങന?
പരിശോധനകൾക്കുവല്ലതും
കൊണ്ടുപോയതാവും...
അറ്റമില്ലാതെ നീണ്ടുകിടക്കുന്ന ഇടനാഴിയിലൂടെ കണ്ണു പായിച്ച് മുറിവാതുക്കൽ
അല്പനേരംകൂടി ഞാൻ നിന്നു.
വീട്ടീന്നു കൊണ്ടുവന്ന ഒരു സാധനവും മേശപ്പുറത്തോ, വലിപ്പിലോ,താഴത്തെ തട്ടിലോ ഇല്ലെന്ന കാര്യം അപ്പോഴാണു  ശ്രദ്ധയിൽപ്പെട്ടത്..
എന്റെ നെഞ്ചിലൂടെ എന്തോ
പാഞ്ഞുപോയി....
അകാരണമായ ഒരു ഭയം.
അരുതാത്തത് വല്ലതും സംഭവിച്ചുകാണുമോ..?
നേഴ്സുമാരുടെ മുറിയിലേക്ക് ഇടറുന്ന
കാൽവെപ്പോടെ നടന്നുചെന്നു..
"ആ മുറീലുണ്ടായിരുന്നോരൊക്കെ എവിടെപ്പോയതാ..?
"വീട്ടിൽ പോയല്ലോ.."
മോള്, അവരങ്ങെത്തുമുന്നേ 
തിരിച്ചല്ലേ..."
ഇന്നലെ രാത്രിയിൽ അമ്മ  വിളിച്ചപ്പോൾ വീട്ടിലേക്കു വരുന്ന കാര്യമൊന്നും പറഞ്ഞില്ല..
ഞാൻ വീണ്ടും ചോദിച്ചു..
"അസുഖമൊക്കെ കുറഞ്ഞാണോ പോയത്.."
"അതേ.."
"രാവിലെ മരിച്ചുപോയ ആളിന്റെ മോളാ..  "
വേറൊരു സിസ്റ്റർ ആരോടോ  അടക്കം പറയുന്നതു ഞാൻ കേട്ടു..

എന്റെ അച്ഛൻ മരിച്ചു..
അന്നേരം എനിക്ക് കരച്ചിലൊന്നും  വന്നില്ല...
വീട്ടിലേക്കു  തിരിച്ചു  പോകാനുളള ബസ്സുകൂലി  കയ്യിലില്ലല്ലോയെന്ന സത്യമാണ്  എന്നെ സങ്കടപ്പെടുത്തിയത്..

 "എനിക്കു വീട്ടിപ്പോവാൻ വണ്ടിക്കൂലിക്കു കാശില്ല..".
എല്ലാ സങ്കടവും അണപൊട്ടിയൊഴുകി..
വിതുമ്പലിനിടെ
ഞാൻ പറഞ്ഞു....

"സിസ്റ്ററു തരാം.". 
അവർ ബാഗിൽ നിന്ന്  മൂന്നു പത്തുരൂപാ നോട്ടുകളെടുത്തു
കയ്യിൽത്തന്നു....
"സൂക്ഷിച്ചു പോണേ"....
പാവം ...!

പടിക്കെട്ടുകൾ ഇറങ്ങിച്ചെല്ലുമ്പോൾ  വീടിനടുത്തുളള രണ്ടു ചേട്ടന്മാർ എനിക്കെതിരെ നടന്നു വരന്നതു ഞാൻ കണ്ടു..
എന്നെവിളിച്ചുകൊണ്ടു
പോകാൻ..
അവരെന്നോടൊന്നും പറഞ്ഞില്ല.  ഞാനവരോടൊന്നും
ചോദിച്ചുമില്ല.. 
അവരോടൊപ്പം നടന്നു ചെന്ന്
കാറിൽ കയറുമ്പോൾ 
മനസ്സു ശൂന്യമായിരുന്നു...
അച്ഛനുവേണ്ടി ഉണ്ടാക്കിക്കൊണ്ടുവന്ന
ഒരുപാടു തണുത്തു കഴിഞ്ഞ
പൊടിയരിക്കഞ്ഞി
നെഞ്ചോടു ചേർത്തുവച്ച
ബാസ്ക്കറ്റിനുളളിലെ ചോറ്റുപാത്രത്തിൽ തുളളിത്തുളുമ്പാതിരിക്കുന്നതിലായിരുന്നു എന്റെ ശ്രദ്ധ...
                .....        ......     .......



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക