Image

എലോൺ മസ്‌ക് ബിൽ ഗെയ്റ്റിസിനെ മറികടന്ന് സമ്പന്നരിൽ രണ്ടാം സ്ഥാനത്ത്

Published on 24 November, 2020
എലോൺ മസ്‌ക് ബിൽ ഗെയ്റ്റിസിനെ മറികടന്ന്  സമ്പന്നരിൽ രണ്ടാം സ്ഥാനത്ത്
ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ല ഓഹരിവിപണിയിൽ കുതിപ്പ് തുടരുന്ന സാഹചര്യത്തിൽ, ഉടമ എലോൺ മസ്‌ക് ബിൽ ഗെയ്റ്റിസിനെ മറികടന്ന് ലോകത്തെ ഏറ്റവും സമ്പന്നരിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. 

തിങ്കളാഴ്ച ടെസ്ലയുടെ ഓഹരി വില 6.5 ശതമാനം ഉയർന്നതോടെ 7.2 ബില്യൺ ഡോളറിന്റെ ഭാഗ്യം കടാക്ഷിച്ച് മസ്കിന്റെ ആകെ ആസ്തി 127.9 ബില്യണിൽ എത്തി. 127.7 ബില്യൺ  ആസ്തിയുള്ള ബിൽ  ഗേറ്റ്സ് അതോടെ മൂന്നാം സ്ഥാനത്തായി.

ലോകത്തെ അതിസമ്പന്നരായ 500 പേർക്കിടയിൽ നാല്പത്തിയൊൻപതുകാരനായ മസ്ക്, ഫേസ്ബുക് സി ഇ ഒ സുക്കെർബെർഗിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി ഒരാഴ്ച തികയുന്നതിന് മുമ്പേയാണ് രണ്ടാം സ്ഥാനത്തേക്കുള്ള കുതിച്ചുചാട്ടം. സൗത്ത് ആഫ്രിക്കൻ വംശജനായ ഈ സംരംഭകന് മുന്നിൽ ഒന്നാം സ്ഥാനത്തിരിക്കുന്നത് 182 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ആമസോൺ സി ഇ ഓ ജെഫ് ബിസോസ് മാത്രമാണ്. 

ഈ വർഷമാണ് മസ്കിന്റെ സമ്പാദ്യം 100 ബില്യൺ ഡോളർ കടന്നത്.  ആസ്തിയിലെ ഏറിയപങ്കും ഈ വർഷം  നേടിയതാണ്. സിലിക്കൺ വാലിയിലെ സ്ഥാപനത്തിന്റെ വിപണിമൂല്യം 500 ബില്യൺ ഡോളറിനോട് അടുത്തതോടെ വാഹനലോകത്തെ ഏറ്റവും വിലപിടിച്ച പേരായി ടെസ്ല മാറിക്കഴിഞ്ഞു.  ഓഹരി മൂല്യം 28 ശതമാനമാണ് കഴിഞ്ഞ ആഴ്ച ഉയർന്നത്. 

വലിയ നിക്ഷേപകർ ടെസ്ലയുടെ പ്രകടനം കൃത്യമായി ട്രാക്ക് ചെയ്യുന്നതിന് ഓഹരികൾ വാങ്ങാനുള്ള സാധ്യത പരിഗണിക്കുമ്പോൾ ഡിസംബർ 21 വരെ ഈ മുന്നേറ്റം തുടരും. 

വര്‍ഷങ്ങളോളം ലോകത്തെ ഏറ്റവും സമ്പന്നന്റെ സ്ഥാനത്തു തുടർന്ന  ബിൽ ഗേറ്റ്സിൽ(65) നിന്ന് ജെഫ് ബിസോസ് ഒന്നാം സ്ഥാനത്തെത്തുന്നത് 2017 ലാണ്. 2006 മുതൽ തന്റെ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രവർത്തനത്തിനായി ബിൽ ഗേറ്റ്സ് മുടക്കുന്ന ഭീമമായ തുക കണക്കിലാക്കിയാൽ അദ്ദേഹത്തിന് ഒന്നാം സ്ഥാനത്ത് ഒരുപക്ഷെ തുടരാമായിരുന്നു. 

കൊറോണ മഹാമാരിയെ എലോൺ മസ്‌ക് നിസാരമായി  കാണുന്നെന്ന് ജൂലൈയിൽ  ബിൽ  ഗേറ്റ്സ് വിമർശിച്ചിരുന്നു. ടെസ്‌ലയിൽ നിന്ന് വാങ്ങാതെ പോർഷിന്റെ ഇലക്ട്രിക്ക് കാർ വാങ്ങിയതിനെത്തുടർന്ന് ,ഇരുവരും തമ്മിലത്ര രസത്തിലല്ലെന്ന് ഫെബ്രുവരിയിൽ മസ്ക് വെളിപ്പെടുത്തിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക