Image

പതിയിരിക്കുന്ന അപകടം: ന്യൂയോർക് സബ്‌വേ യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (ബാബു പാറയ്ക്കൽ)

Published on 24 November, 2020
പതിയിരിക്കുന്ന അപകടം: ന്യൂയോർക് സബ്‌വേ  യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (ബാബു പാറയ്ക്കൽ)

കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം ന്യൂയോർക് സബ്‌വേ പ്ലാറ്റ്‌ഫോമിൽ പുറകിൽ നിന്നും ആരോ തള്ളി ട്രാക്കിലേക്കിട്ടത് മൂന്നു പേരെയാണ്. നമ്മൾ ഒന്നുമറിയാതെ ട്രെയിൻ കാത്തു പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോൾ പുറകിൽ നിന്ന് ആരോ നമ്മെ തള്ളി ട്രാക്കിലേക്കിട്ടാൽ നമുക്ക് പ്രതിരോധിക്കാൻ സമയമില്ല. ആ സമയത്തു ട്രെയിൻ വന്നാൽ ബാക്കി പറയേണ്ടതില്ല. ഭാഗ്യത്തിനു വീഴുന്നതു ട്രാക്കിൻറെ നടുവിൽ കുഴിയുള്ള ഭാഗത്താണെങ്കിൽ അനങ്ങാതെ കിടന്നാൽ രക്ഷപെട്ടേക്കാം. 

എന്നാൽ ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരു ഇരയാവാതിരിപ്പാൻ നാം എന്ത് ചെയ്യണം എന്നാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.
 
ന്യൂയോർക്ക് സിറ്റി സബ്‌വേ സ്റ്റേഷനുകളിൽ ഹോംലെസ്സ് ആളുകളുടെ സാന്നിധ്യം മിക്ക സ്ഥലങ്ങളിലുമുണ്ട്. ഇതിൽ തന്നെ പലരും മാനസിക രോഗികളാണ്. അല്ലെങ്കിൽത്തന്നെ ഇവർക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നുള്ള തോന്നൽ ഉള്ളവരാണ്. അതുകൊണ്ടു നമ്മൾ സബ്‌വേയിൽ യാത്രചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കാത്തു നിൽക്കുമ്പോൾ ട്രാക്കിലൂടെ ട്രെയിൻ വരുന്നുണ്ടോ  എന്നറിയാൻ ഏങ്ങി വലിഞ്ഞു  ദൂരേക്കു നോക്കിനിൽക്കുന്നവരാണ് അധികവും. നമ്മൾ നോക്കിയാലും ഇല്ലെങ്കിലും ട്രെയിൻ അതിൻ്റെ സമയത്തു മാത്രമേ വരികയുള്ളൂ എന്ന സത്യം നമ്മൾ മനസ്സിലാക്കുന്നില്ല.

പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോൾ അതിൻ്റെ ഏറ്റവും മുൻപിൽ വരമ്പത്തു പോയി നിൽക്കാതിരിക്കുക. മധ്യഭാഗത്തു നിന്നാലും ട്രെയിനിൽ കയറുവാൻ സമയമുണ്ട് എന്ന സത്യം നമ്മൾ മനസ്സിലാക്കുക.

പ്ലാറ്റ്‌ഫോമിൽ ഇരുമ്പു തൂണിൽ ചാരി ട്രാക്കിലേക്ക് പുറം തിരിഞ്ഞു നിൽക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ രീതി. അതെപ്പോഴും സാധ്യമാകില്ലല്ലോ. പ്ലാറ്റ്‌ഫോമിൽ എവിടെ നിന്നാലും ട്രാക്കിലേക്ക് പുറം തിരിഞ്ഞു മാത്രമെ നിൽക്കാവൂ. ആരെങ്കിലും നമ്മുടെ മുൻപിലേക്ക് ഓടിയടുത്താൽ നമുക്ക് അവരെ കാണാൻ സാധിക്കും.

ഇനി എന്തെങ്കിലും കാരണവശാൽ ട്രാക്കിലേക്ക് വീണുപോയാൽ ആദ്യം ചെയ്യേണ്ടത് ട്രെയിൻ വരുന്നുണ്ടോ എന്ന് നോക്കുകയാണ്. തിരിച്ചു തനിയെ പ്ലാറ്റുഫോമിലേക്കു കയറുക എന്നത് എളുപ്പമല്ല. അധികം ഉയരമില്ലെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ ഇതു തോന്നൽ മാത്രമാണ്. ഏതാണ്ട് നാലടിയേ ഉയരമുള്ളെങ്കിലും പിടിക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് കയറുക ആയാസകരമായ കാര്യമാണ്. 

സഹായമില്ലെങ്കിൽ പ്ലാറ്റുഫോമിന്റെ അറ്റത്തേക്ക് ഓടുകയാണ് വേണ്ടത്. അങ്ങനെ ഓടുമ്പോൾ സിഗ്നലിന് അഭിമുഖമായി ഓടുക. കാരണം ട്രെയിൻ വന്നാലും അതിന്റെ ഡ്രൈവർക്ക്  ബ്രേക്ക് ചെയ്യാൻ അല്പംകൂടി സമയം കിട്ടുമല്ലോ. ഓടുന്നതിനിടയിൽ ട്രെയിൻ വരുന്നത് ശ്രദ്ധയിൽ പെടുകയും ഓടിയെത്താൻ പറ്റില്ലെന്നു മനസ്സിലാകുകയും ചെയ്‌താൽ സുരക്ഷിതമായി ഒളിക്കാൻ സ്ഥലം നോക്കുകയാണ് വേണ്ടത്. 

ട്രെയിൻ ഓടുന്ന ട്രാക്കിന്റെ വശത്തായി ഉള്ള 'തേർഡ് റെയിൽ' മാരകമായ വോൾടേജ് ഉള്ളതാണ്. യാതൊരു കാരണവശാലും അതിൽ സ്പർശിക്കാനിട കൊടുക്കരുത്. പ്ലാറ്റഫോമിന് എതിർവശത്തുള്ള ടൈൽസ് ഒട്ടിച്ചിട്ടുള്ള ഭിത്തിയിൽ ഇടവിട്ട് ചില കുഴികൾ ഉണ്ട്. ഇതിൽ രണ്ടു ടൈൽസ് ഉള്ളിലേക്ക് കുഴിയുള്ള സ്ഥലം സുരക്ഷിതമാണ്. 

അതുലഭിക്കുന്നില്ലെങ്കിൽ പിന്നെയുള്ളത് അടുത്തുള്ള സിഗ്നൽ പോസ്റ്റ് ആണ്. അധികം വണ്ണമില്ലത്തവരാണെങ്കിൽ ആ പോസ്റ്റിന്റെ വശത്തായി നിൽക്കാം. അതും സുരക്ഷിതമാണ്. വലിയ പാള പോലെയുള്ള ജാക്കറ്റ് ഉണ്ടെങ്കിൽ ഊരി എറിയാൻ സാധിച്ചാൽ നല്ലത്. ഭിത്തിയിൽ ചുവപ്പും വെള്ളയും ഇടകലർത്തിയുള്ള വരകൾ ഇട്ടിരിക്കുന്ന സ്ഥലം 'നോ ക്ലിയറൻസ്' ആണ്. അവിടെ നിൽക്കരുത്.

ഇനി എക്സ്പ്രസ്സ് ട്രാക്കിന്റെ സൈഡിലേക്കാണ് വീഴുന്നതെങ്കിൽ ഒരുകാരണവശാലും അടുത്തുള്ള ട്രാക്കിലേക്ക് ഓടി കയറരുത്. അതിലേ ട്രെയിൻ വരാനുള്ള സാധ്യത കൂടുതലാണ്. രണ്ടു ട്രാക്കുകൾക്കും ഇടയിലുള്ള ഇരുമ്പു തൂണുകളിൽ രണ്ടു കൈകളും അമർത്തി അനങ്ങാതെ നിൽക്കുകയോ തൂണിനഭിമുഖമായി മുട്ടുകുത്തി തല മുട്ടിൽവച്ചു രണ്ടു കൈകളും തലയ്ക്കു പുറകിൽ വച്ച് ഇരിക്കുകയോ ചെയ്യണം. എക്സ്പ്രസ്സ് ട്രാക്കിൽ കൂടി അതിവേഗം പോകുന്ന ട്രെയിൻ സൃഷ്ടിക്കുന്ന വായുശൂന്യതയുടെ ചുഴിയിൽ വീഴാതിരിക്കാനാണിത്.

രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ പ്ലാറ്റഫോം പലപ്പോഴും വിജനമായിരിക്കും. അങ്ങനെയുള്ള  സമയത്തു പ്ലാറ്റഫോമിലുള്ള ട്രാൻസിറ്റ് എമർജൻസി അസ്സിസ്റ്റൻസിനുള്ള ടെലിഫോണിനു സമീപം നിൽക്കുക. അടിയന്തിര സാഹചര്യങ്ങളിൽ വെറുമൊരു ബട്ടൺ അമർത്തിയാൽ മതി. നമുക്ക് പോലീസിന്റെ സഹായം ലഭിക്കും.

പ്ലാറ്റുഫോമിൻറെ വരമ്പത്തുള്ള മഞ്ഞ വര യാതൊരു കാരണവശാലും ക്രോസ്സ് ചെയ്ത് അരികിലേക്ക് പോകാതിരിക്കുക. ട്രെയിൻ എപ്പോഴെങ്കിലും വരട്ടെ.

അതുപോലെ പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോൾ നാം ഫോണിൽ മെസ്സേജ് നോക്കിയായിരിക്കും നിൽക്കുക. അപ്പോഴാണ് ട്രെയിൻ പിടിക്കാൻ വേണ്ടി ഒരുത്തൻ ഓടിവന്ന് നമ്മുടെ കയ്യിൽ ഒന്നാഞ്ഞു തട്ടിയിട്ട് ഓടി പോകുന്നത്. നമ്മുടെ കയ്യിലുണ്ടായിരുന്ന ഫോൺ നിമിഷനേരം കൊണ്ട് തെറിച്ചു ട്രാക്കിൽ വീണിരിക്കും. നാം പരിഭ്രാന്തരായി ട്രാക്കിലേക്ക് ചാടരുത്. ഫോൺ പോയെങ്കിൽ പോകട്ടെ, ജീവനാണ് പ്രധാനം. 

അങ്ങനെയുള്ള സാഹചര്യങ്ങളിൽ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന ട്രാൻസിറ്റ് ജോലിക്കാരെ അറിയിക്കുക. അവർ അതെടുത്തു തന്നുകൊള്ളും.

അതുപോലെ തന്നെ രാത്രിയിൽ വളരെ വിരളമായി മാത്രം യാത്രക്കാരുള്ളപ്പോൾ കണ്ടക്ടർ ഉള്ള കാറിൽ യാത്ര ചെയ്യാൻ ശ്രമിക്കുക. പലപ്പോഴും നാം ഇറങ്ങുന്ന സ്ഥലത്തു കുറച്ചു മാത്രം നടന്നാൽ മതിയല്ലോ എന്ന് കരുതി അവസാനത്തെ കാറിലോ ഇടയ്ക്ക് ഏതെങ്കിലും കാറിലോ ആയിരിക്കും സൗകര്യാർത്ഥം നാം കയറുക. ഇത് പലപ്പോഴും നമ്മെ വിഷമവൃത്തത്തിലാക്കുന്ന സാഹചര്യത്തിലെത്തിച്ചേക്കാം. കാരണം കൂടുതലും ഹോംലെസ്സുകൾ കിടക്കുന്നത് അവസാനത്തെ കാറിലോ അതിനടുത്ത കാറുകളിലോ ആയിരിക്കും. 

പ്ലാറ്റ്‌ഫോമിൽ നടുഭാഗത്തായി സീബ്രാ ലൈൻ വരച്ചിട്ടുള്ള ഒരു ചെറിയ ബോർഡ് മുകളിൽ തൂക്കി ഇട്ടിട്ടുണ്ടായിരിക്കും. ഇവിടടെയാണ് കണ്ടക്ടർ ഉള്ള കാർ വന്നു നിൽക്കുന്നത്. ഈ കാറിൽ നിങ്ങൾ യാത്ര ചെയ്യുമ്പോൾ എന്തെങ്കിലും അടിയന്തിര സഹായം ആവശ്യമായി വന്നാൽ കണ്ടുക്ടറുടെ വാതിലിൽ മുട്ടിയാൽ മതി. പോലീസ് സഹായം ആവശ്യമായി വന്നാൽ അടുത്ത സ്റ്റേഷനിൽ ചെല്ലുമ്പോൾ അവിടെ പോലീസ് കാത്തു നിൽക്കുന്നുണ്ടാവും. 

നമുക്കോ മറ്റു യാത്രക്കാർക്കോ വൈദ്യസഹായം ആവശ്യമായി വന്നാൽ അവിടെ ആംബുലൻസ് ടീം കാത്തു നിൽക്കും. എന്തെങ്കിലും കാരണവശാൽ കണ്ടക്ടർ സഹകരിക്കുന്നില്ലെങ്കിൽ പുറത്തിറങ്ങിയിട്ടു പരാതി നൽകിയാൽ കർശന നടപടിയുണ്ടാകും. നിങ്ങൾ യാത്ര ചെയ്യുന്ന കാറിൽ രണ്ടറ്റത്തും വശങ്ങളിലായി അതിൻ്റെ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു നാലക്ക നമ്പർ ആണ്. കണ്ടക്ടറുടെ   പേര് അറിയേണ്ട ആവശ്യമില്ല. അവർ കണ്ടുപിടിച്ചുകൊള്ളും.

മറ്റൊരുകാര്യം യാചകരാണ്. ചിലർ മുടന്തിയും ഇഴഞ്ഞും വരും. ചിലർ മ്യൂസിക് വച്ച് ഡാൻസ് ചെയ്യും. ചില അത്ലെറ്റിക് പ്രകടനങ്ങൾ കാഴ്ചവയ്ക്കും. ഇവരെയൊന്നും യാതൊരു കാരണവശാലും നാം പ്രോത്സാഹിപ്പിക്കരുത്. സഹാനുഭൂതി നല്ലതാണ്. പക്ഷെ സബ്‌വേയിൽ ഇവർക്ക് പണം നൽകരുത്. ഇവരെ സഹായിക്കുമ്പോൾ ഇങ്ങനെയുള്ളവരെ കൂടുതലായി നമ്മൾ വിളിച്ചുവരുത്തുകയാണ്. ഇതിൽ പലരും മയക്കുമരുന്നിനടിമപ്പെട്ടവരാണെന്നുള്ള സത്യവും നാം മനസ്സിലാക്കണം. 

പ്ലാറ്റ്‌ഫോമിൽ ചിലയിടത്തു ലൈറ്റ് ഇല്ലായിരിക്കാം. അവിടെ നിൽക്കരുത്. ഇത് പലപ്പോഴും മനപ്പൂർവം കേടാക്കുന്നതാണ്.

ഇനി നമുക്ക് സ്‌നോ സീസൺ വരികയാണ്. സ്റ്റേഷനിലേക്ക് ഇറങ്ങുന്ന പടികൾ വളരെ വഴുക്കലുള്ളതായിരിക്കും. കൈവരികളിൽ പിടിച്ചു പതുക്കെ മാത്രമേ ഇറങ്ങാവൂ. ട്രെയിൻ പ്ലാറ്റഫോമിലുണ്ടെന്നു കരുതി ഓടരുത്. ഓടി ട്രെയിൻ പിടിക്കാൻ ശ്രമിക്കുന്ന പലരും എത്തുന്നത് ആശുപത്രികളിലായിരിക്കും. നമ്മുടെ സുരക്ഷ നമ്മളാണ് ശ്രദ്ധിക്കേണ്ടത്.

പതിയിരിക്കുന്ന അപകടം: ന്യൂയോർക് സബ്‌വേ  യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (ബാബു പാറയ്ക്കൽ)
Join WhatsApp News
democRats 2020-11-25 17:39:22
വർഷങ്ങളായി ഡെമോക്രറ്റുകൾ ഭരിക്കുന്ന സ്ഥലങ്ങളിൽ എല്ലാംതന്നെ ഇതാണ് സ്ഥിതി. ജീവനും സ്വത്തിനും ഒരു സംരക്ഷണവും ഇല്ല.അക്രമികളോടൊപ്പം ഫിഫ്ത് അവന്യുയിൽ പെയിന്റ് അടിക്കുന്ന ഒരു മേയറാണ് ഇപ്പോഴുള്ളത്.അതുകൊണ്ടു ആളുകളെല്ലാം ജീവനുംകൊണ്ട് ന്യൂയോർക് നഗരം വിട്ടു പോകുന്നു. ഡിങ്കിൻസ് കാലത്തേക്കാൾ മോശമാണ് ഇപ്പോഴത്തെ സ്ഥിതി.അത് നേരെയാക്കാൻ പുതിയ ഒരു ജൂലിയനി വരേണ്ടിയിരിക്കുന്നു.
BV 2020-11-25 21:36:41
അമേരിക്കയിലെ ഏത് സുരക്ഷിതമായ സ്ഥലത്താണ് താമസിക്കുന്നത് അങ്ങോട്ട് താമസം മാറ്റാനാണ്. ന്യൂ യോർക്കിൽ എത്രാ ഇന്ത്യന് നേരെ ആക്രമണം നടക്കുന്നത്, മറ്റു ചില അമേരിക്കൻ ചുവന്ന നഗരങ്ങളിൽ നടക്കുന്നതുപോലെ. ഇത്ര നല്ല ജൂലിയാനി ഇപ്പോൾ വളരെ ബിസി ആണ് തെരെഞ്ഞെടുപ്പ് ഫലം തിരിച്ചു മറിച്ചു അദ്ദേഹത്തിന്റെ ബോസിനെ സന്തോഷിപ്പിക്കാൻ.ജനവിധി അംഗീകരിക്കാൻ പറ്റാത്ത ഇവനെയൊക്കെ വാഴ്ത്തുന്നവനെ സമ്മതിക്കണം.
DemocRats 2020-11-26 04:35:23
ഞാൻ ന്യൂയോർക് നഗരത്തിൽ താമസിക്കുന്ന വ്യക്തി ആണ് .ഡിങ്കിൻസിന്റെ കാലത്തു നഗരം എങ്ങനെ ആയിരുന്നെന്നും ജൂലിയനി എങ്ങനെയാണ് അത് നേരെയാക്കിയതെന്നും ഇപ്പോളത്തെ സ്ഥിതി എന്താണെന്നും വ്യക്ത്തമായി അറിയാം .മേയർ ആയിരുന്ന ജൂലിയാനിയെപ്പറ്റിയാണ് ഞാൻ പറഞ്ഞത് .അല്ലാതെ ഇപ്പോഴത്തെ കാര്യമല്ല .പിന്നെ ഇലക്ഷന് റിസൾട്ടിനെപ്പറ്റി പരാതി പറയുന്ന ആദ്യത്തെ ആളൊന്നുമല്ല ട്രംപ് .അൽഗോറിനെപ്പറ്റി കേട്ടിട്ടുണ്ടോ?2000 ലെ എലെക്ഷൻ കഴിഞ് 37 ദിവസം കഴിഞ്ഞാണ്‌ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് .അതോ അദ്ദേഹം ഡെമോക്രാറ്റ് ആയിരുന്നതുകൊണ്ട് മറന്നുപോയതാണോ .
SP Thomas 2020-11-26 22:04:41
ആർക്കും ഡെമോക്രറ്റിന്റെ നഗരമായ ന്യൂ യോർക്ക് ഇഷ്ടമല്ലാ പക്ഷേ ഇവിടുത്തെ സബ്‌വേയിലെ ജോലിയും വേണം. എന്തിനാണ് ഇത്ര ബുദ്ധിമുട്ടി ഇവിടെ കഴിയുന്നതു വല്ല ചുവന്ന നഗരങ്ങളിൽ പോയി താമസിക്കരുതോ? 2000 ഫ്ലോറിഡ ഇലക്ഷൻ രാത്രി ബുഷിനെ 1784 വോട്ടിന്റെ ലീഡും റീകൗണ്ട് കഴിഞ്ഞപ്പോൾ 537 വോട്ടുമായി കുറഞ്ഞു. 2020 ലെ ഇലെക്ഷനിൽ എല്ലാ ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റിലും പതിനായിരം വോട്ടുകൾക്ക് മുകളിൽ ബൈഡൻ വിജയിച്ചത്, ഒരുതരത്തിലും 2020 ലെ ഇലക്ഷനെ 2000 ലെ മായി താരതമ്യം ചെയ്യാൻ കഴിയാത്തില്ല. 154188 വോട്ടുകൾക്ക് ഭൂരിപക്ഷമുള്ള മിഷിഗൻ, 80555 വോട്ടുകൾക്ക്ഭൂ രിപക്ഷമുള്ള പെന്സില്വാനിയയിലെയും ജനവിധി അംഗീകരിക്കാൻ പറ്റാത്തവരെക്കുറിച്ചു എന്തു പറയാനാണ്. ഇതെല്ലാം അമേരിക്കൻ ജനതയ്ക്ക് വേണ്ടി മാത്രമാണ്! അമേരിക്ക ഫസ്റ്റ് !
Proud Boys 2020-11-26 23:13:39
I know some Malayalees voted for Trump. Thanks for that . But you never look like one among us. So, be careful.
RatTrap 2020-11-27 03:21:43
ന്യുയോർക്ക് നഗരത്തിൽ താമസിക്കുന്ന വ്യക്തി എന്ന് പറയാതെ . ന്യുയോർക്ക് നഗരത്തിന്റ അടിയിലുള്ള വലിയ ഓടയിൽ പൊത്തുണ്ടാക്കി അതിലാണ് സാധാരണ Rat കൾ താമസിക്കാറുള്ളത് .നാടിനും നാട്ടാർക്കും നിരന്തരം ശല്യമുണ്ടാക്കുന്ന നിന്നെയൊക്കെ പിടികൂടേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക