Image

നന്ദിപേടകം (താങ്ക്സ് ഗിവിംഗ് -സുധീര്‍ പണിക്കവീട്ടില്‍)

Published on 25 November, 2020
നന്ദിപേടകം (താങ്ക്സ് ഗിവിംഗ്  -സുധീര്‍ പണിക്കവീട്ടില്‍)
കാലുകളുള്ള താക്കോല്‍. എന്നാല്‍ ഒരു പൂട്ടും തുറക്കാന്‍ കഴിയാത്തത്. ഇതാണ് ടര്‍ക്കികളെക്കുറിച്ചുള്ള ഫലിതം. ഈ താങ്ക്‌സ് ഗിവിംഗ് കാലത്ത് കാലുകളുള്ള മനുഷ്യര്‍ അവര്‍ക്ക് പ്രിയപ്പെട്ടവരുടെ അടുത്ത് പോകാന്‍ കഴിയാതെ അവരില്‍ നിന്നും അകലം പാലിച്ച് നില്‍ക്കേണ്ടിവരുന്ന അവസ്ഥയിലാണ്. എന്നാലും സ്‌നേഹാശംസകള്‍ കൈമാറാന്‍ കഴിയുന്നു. നന്ദി അറിയിക്കാന്‍ കഴിയുന്നു. കൊറോണ മൂലം ആഘോഷങ്ങള്‍ക്ക് മങ്ങല്‍ ഏല്‍ക്കുമെങ്കിലും എഴുത്തുകാരുടെ രചകള്‍ക്ക് സ്വാഗതം.
ഇ-മലയാളി.

നന്ദിപേടകം

എന്റെ നന്ദിപേടകം ശൂന്യമാണ്. നന്മകള്‍ മാത്രം ചെയ്തിട്ടും  അതിന്റെ ഫലം അനുഭവിച്ചവര്‍ ഒരു നന്ദി പോലും പറഞ്ഞില്ല. അതു സാരമില്ല. ഫലം പ്രതീക്ഷിക്കാതെ കര്‍മ്മം ചെയ്തു്‌കൊണ്ടിരിക്കുന്നതില്‍ ഞാന്‍ ആനന്ദം കൊണ്ടു. എന്നാല്‍ ഒരു "നന്ദി'' പോലുമില്ലാത്ത ഈ പേടകം എന്തിനു സൂക്ഷിക്കുന്നു എന്നു കരുതി അതു കളയാനെടുത്തപ്പോള്‍ അതിനുള്ളില്‍ ഒരു പാമ്പ്.

പാമ്പിനെ കളയാന്‍ നോക്കിയപ്പോള്‍ അതു പോകില്ലെന്ന് പറയുന്നു. പാമ്പ് സംസാരിക്കുകയെന്നു പറഞ്ഞാല്‍ സംഗതി ഗൗരവമാണ്്. പറുദീസ നഷ്ടപ്പെടാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. എന്നില്‍ അതു് ഒരു ഉള്‍ക്കിടിലം ഉണ്ടാക്കി.. പാമ്പിന്റെ ഭാഷ മലയാളമായതുകൊണ്ട് ആശയവിനിമയം സുഗമമായിരുന്നു.

ഏദന്‍തോട്ടത്തില്‍ വച്ച് പാമ്പ് സംസാരിച്ച ഭാഷ മലയാളമായിരുന്നു. അതുകൊണ്ടാണു് അതു ശ്രേഷ്ഠഭാഷയായത്. അതും പാമ്പിന്റെ ചതിയായിരുന്നുവത്രെ. വാസ്തവത്തില്‍ വളരെ നിഗൂഡതയുള്ള ഒരു ഭാഷ വേറേയില്ലെന്ന് അറിയുന്ന പാമ്പ് കള്ളന്മാര്‍ക്ക് കാശുണ്ടാക്കാന്‍ അതിനെ ശ്രേഷ്ഠഭാഷയാക്കിയതാണ്. ഈ ഭാഷയിലാണു സാധാരണ തട്ടിപ്പുകളും, നാനാര്‍ത്ഥങ്ങളും ഉള്ളത്. ചിലകാര്യങ്ങള്‍ കേട്ടു നമ്മള്‍ വിശ്വസിക്കുകയും പിന്നെ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. അതു ഭാഷയുടെ കളി.

പൂവ്വാലന്മാരെപോലെ വേലിക്കരികില്‍ നിന്ന് ഹവ്വയെ നോക്കി പാമ്പ് ചോദിച്ച് പോലും.
"ഹവ്വമ്മേ, ഒരു ആപ്പിള്‍ വേണോടി''
"അയ്യോ അച്ചായാ അതു തിന്നാന്‍ പാടില്ല''.
 "കുഴപ്പമില്ല കൊച്ചേ നീ തിന്നോ".
എന്തെങ്കിലും വന്നാലോ?
ഒന്നും വരുകയില്ല. ഇപ്പോഴും കാമുകി-കാമുകന്മാര്‍ തമ്മിലുള്ള സംസാരത്തിനു ആ സംഭാഷണത്തിന്റെ ഒരു സാദ്രുശ്യമുണ്ട്. ഭാഷയുടെ വക്രത ഉപയോഗിച്ച് പാമ്പ് പാവം ഹവ്വയെ വഞ്ചിച്ചു.  ആദിമാതാവിനെ ചതിച്ച ഭാഷയായതുകൊണ്ടാണു അതുപയോഗിക്കുന്ന നാട്ടില്‍തന്നെ അതിന്റെ നിലനില്‍പ്പ് പരുങ്ങലിലായത്. അമേരിക്കന്‍ മലയാളികള്‍ മലയാളഭാഷയോട് കൂറും സ്‌നേഹവും പുലര്‍ത്തുന്നതുകൊണ്ട് അവരൊക്കെ എഴുത്തുകാരായതും പാമ്പിന്റെ കൗശലമായിരിക്കാം.
എന്റെ പേടകത്തിലെ പാമ്പിനോട് ഞാന്‍ അപേക്ഷിച്ചു. "പൊന്നു പാമ്പേ എന്നെ വെറുതെ വിടൂ. ഞാന്‍ ഒരു ദ്രോഹവും ചെയ്തില്ലല്ലൊ. പിന്നെന്തിനാണു എന്റെ പേടകത്തില്‍ കയറിയിരിക്കുന്നതു. പ്രത്യേകിച്ച് അമേരിക്കയില്‍ ഈ വാരത്തിലെ ഒരു ദിവസം നന്ദിപറയാനുള്ളതാണു. ആരുമറിയാതെകഴിഞ്ഞ നിങ്ങളെ ജനമദ്ധ്യത്തിലേക്ക്് കൊണ്ടുവന്നതിനു എന്നോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. ഉപകാരസ്മരണയില്ലാത്തവര്‍ അനവധിയുണ്ടാകും. എന്നാല്‍ ഉപകാരം ചെയ്തവനെ ഉപദ്രവിക്കുന്ന മനുഷ്യരെ പാമ്പിനോടുപമിക്കുന്നതാണു ശരി.

പാമ്പില്‍നിന്നും ക്രുതഘ്‌നതയുടെ വിഷം ചീറി വന്നു. "നന്ദികേടിന്റെ പ്രതീകമായ ഞാന്‍ ചിരജ്ഞീവിയാണു. നിന്റെ മരണം വരെ ഞാന്‍ നിന്നെ ഉപദ്രവിക്കും. നിനക്ക് നന്മ അര്‍പ്പിക്കാന്‍ വരുന്നവര്‍ക്കും വിഷം കൊടുത്തു ഞാന്‍ എന്റെ ഭാഗത്തുചേര്‍ക്കും. തന്നെയുമല്ല നിഷ്ക്കളങ്കയായ ഒരു സര്‍പ്പകന്യകയെകൊണ്ട് ഞാന്‍ നിന്നെ ചീത്ത വിളിപ്പിക്കും. വേലിയില്‍കിടന്ന പാമ്പിനെയെടുത്തു മനുഷ്യശരീരത്തിലെ  വളരെ പ്രധാനപ്പെട്ട സ്ഥലത്ത് വച്ചു എന്നു ശ്രേഷ്ഠഭാഷയായ മലയാളത്തില്‍ ചൊല്ലു വരും. ആ ഭാഗം ഏതാണെന്നു പറയാന്‍ ചങ്കുറപ്പില്ലാതെ നിങ്ങളും നിങ്ങളുടെ ഭാഷയും നാണിക്കും. എന്റെ വിഷം തീണ്ടിയവരാല്‍ ഈ സമൂഹം നിറയും അവിടെയൊന്നും പോകാന്‍ പറ്റാതെ നീ ഒറ്റയാകും''.ഏത് നേരത്താണൂ ഈ പാമ്പിനെ അന്വേഷിച്ചു നടന്ന് അതിനു ഗുണം ചെയ്യാന്‍ പോയതു എന്നാലോചിച്ച് വിഷമിച്ചപ്പോള്‍ ഒരു കഥ ഓര്‍മ്മ  വന്നു.

ഇസ്രായേലിലെ ശൈത്യകാലത്തെ ഒരു പ്രഭാതം. മഞ്ഞുകണങ്ങള്‍ അപ്പോഴും തൂങ്ങി നില്‍ക്കുന്ന ആ സമയത്ത് വിജനമായ വീഥിയിലൂടെ ഒരു മലയാളി നടന്നു പൊയ്‌ക്കൊണ്ടിരുന്നു. വഴിയരുകില്‍ മഞ്ഞില്‍പുളഞ്ഞു ഒരു പാമ്പ് കിടക്കുന്നു. അതിനു അനങ്ങാന്‍ നിവര്‍ത്തിയില്ല. വഴിപോക്കനു അനുകമ്പതോന്നി. പാമ്പ് ചത്തോ ജീവിച്ചിരിക്കുന്നോ എന്നറിയാന്‍ ആ മനുഷ്യന്‍ അതിനെ എടുത്ത് കയ്യിലിട്ടു തിരുമ്മി ചൂട് കൊടുത്തു. ചൂട് കിട്ടാന്‍ തുടങ്ങിയപ്പോള്‍ പാമ്പ് അനങ്ങാന്‍തുടങ്ങി. സൂര്യകിരണങ്ങള്‍ അയാളുടെ സല്‍പ്രവര്‍ത്തി കണ്ടു ഒന്നുകൂടി ശോഭിച്ചു. തണുപ്പില്‍നിന്നും അയാള്‍ക്കും ആശ്വാസം ലഭിച്ചു.  ഒരാള്‍ നന്മചെയ്യുമ്പോള്‍ ഈശ്വരസാന്നിദ്ധ്യം അവിടെയുണ്ടാകുന്നു എന്നു അയാള്‍ കരുതി. ഇതിനിടയില്‍ പാമ്പ് ക്ഷീണമെല്ലാം മാറി ഒരു മലയാളി കുട്ടപ്പനായി. മലയാളിയുടെ സ്വഭാവം കാണിക്കാന്‍ തുടങ്ങി.

പാമ്പ് അയാളുടെ കയ്യില്‍ചുറ്റി അയാളെ കടിക്കുമെന്ന് പറഞ്ഞു. അതുകേട്ട് അത്ഭുതസ്തബ്ധനായ ആ മനുഷ്യന്‍ ചോദിച്ചു,. പാമ്പേ ആ മഞ്ഞില്‍കിടന്നു ചത്തുപോകേണ്ട നിന്നെ രക്ഷിച്ചതിനു എന്നെ കടിക്കയോ? ഇതെന്തുന്യായം. ന്യായമോ അന്യായമോ എനിക്കറിയണ്ട. എന്റെ വായില്‍ വിഷം നിറഞ്ഞുകഴിഞ്ഞാല്‍ നിന്നെ ഞാന്‍ കടുിക്കും.

അന്നു ജ്ഞാനിയായ സോളമന്റെ രാജ്യഭരണമായിരുന്നു. ആ മനുഷ്യനും പാമ്പും സോളമന്റെ മുന്നില്‍ സങ്കടമുണര്‍ത്തിച്ചു. ബുദ്ധിമാനായ സോളമന്‍ ബഹുഭാഷാ പണ്ഡിതനുമായിരുന്നിരിക്കണം. പാമ്പ് സോളമനോടു പറഞ്ഞു. സ്ര്തീ പ്രസവിച്ച ആരുടെയും ഉപ്പുകുറ്റിയില്‍ കടിക്കുക എന്നത് എന്റെ മൗലികാവകാശമാണു്. അതു ദൈവം കല്‍പ്പിച്ചതാണ്്.  ഉപ്പുകുറ്റി ലോത്തിന്റെ ഭാര്യയല്ലേ എന്നു സോളമന്‍ ആദ്യം സംശയിച്ചെങ്കിലും അങ്ങനെയുള്ള പ്രയോഗങ്ങളാല്‍ സമ്രുദ്ധമക്ലേ സുഗന്ധവ്യജ്ഞ്‌നങ്ങള്‍ കയറ്റിഅയക്കുന്ന നാട്ടിലെ ഭാഷ എന്ന് സമാധാനിച്ചു.  എന്തായാലും പാമ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ പറ്റാത്തതാണെന്ന് മനസ്സിലാക്കിയ സോളമന്‍ ചോദിച്ചു.

സ്ര്തീ പ്രസവിക്ലവന്റെ മേല്‍കയറിയിരുന്ന് അവനെ കടിക്കാന്‍ ദൈവം കല്‍പ്പിച്ചിട്ടില്ലല്ലോ? അതുകൊണ്ട് നീ താഴെയിറങ്ങു. പാമ്പ് താഴെയിറങ്ങുന്നതിനു മുമ്പ് സോളമന്‍ പാമ്പിനെ കൂട്ടി വന്നയാളോട് പറഞ്ഞു.  പാമ്പിനെകണ്ടാല്‍ സ്വന്തം മടമ്പുകൊണ്ടു അതിനെ ചവുട്ടി അരയ്ക്കുക എന്നാണു ദൈവകല്‍പ്പന. പാമ്പ് താഴെ ഇറങ്ങിയപ്പോള്‍ അയാള്‍ പാമ്പിനെ ചവുട്ടിഅരച്ചു. രണ്ടുകാലില്‍ നിവര്‍ന്നുനടക്കുന്നവന്റെ മുന്നില്‍ ഇഴഞ്ഞുനടക്കുന്ന ജീവിക്ക് എന്തു ചെയ്യാന്‍ കഴിയും.  ഉപദ്രവകാരികള്‍ അപകടത്തില്‍പ്പെട്ടു കിടന്നാലും അവരെ സഹായിക്കേണ്ട കാര്യമില്ലെന്നു ഈ കഥ പഠിപ്പിക്കുന്നു. അഥവാ സഹായം എത്തിച്ചാലും സ്വരക്ഷക്ക് വേണ്ട മുന്‍കരുതല്‍ എടുക്കുക. നന്മകള്‍ ചെയ്തുകൊണ്ടേയിരിക്കുക. നന്ദിയില്ലാത്തവരെ നന്ദിയുള്ളവരാക്കാനൊന്നും നമുക്ക് കഴിയില്ല.

നന്ദി ചൊക്ലാന്‍ ഒരുദിവസമെങ്കിലും ഉപയോഗപ്പെടുത്തുന്നതു അനുഗ്രഹീതമാണു്. പരസ്പരം സഹായസഹകരണങ്ങള്‍ ചെയ്യുക.  ദൈവത്തില്‍ നിന്നും മനുഷ്യരില്‍ നിന്നും കിട്ടുന്ന നന്മകള്‍ക്ക് നന്ദിയുള്ളവരായിരിക്കുക.

എല്ലാവര്‍ക്കും അനുഗ്രഹപ്രദമായ സന്തോഷപ്രദമായ "താങ്ങ്‌സ് ഗിവിംഗ്'' നേരുന്നു.
ശുഭം
Join WhatsApp News
കൺഫ്യൂഷൻ ആകെ കൺഫ്യൂഷൻ! 2020-11-25 03:36:06
കൺഫ്യൂഷൻ ആകെ കൺഫ്യൂഷൻ! എന്തെല്ലാമോ നിഗൂഡത ഒളിച്ചിരിക്കുന്ന അമ്പുകൾ, താങ്കൾ തന്നെ ഇതിനു വിശധീകരണം എഴുതിയാലേ പിടികിട്ടുകയുള്ളു. -നാരദൻ
Well wisher 2020-11-25 17:30:22
ഇപ്പോൾ താങ്കൾക്കും തോന്നുണ്ടോ വേലിയിൽ ഇരുന്ന സാധനം എടുത്ത് വേണ്ടാത്തിടത്ത് വച്ചതുപോലെയായി എന്നു.... ഈ ലോകത്ത് നന്മ ചെയ്തു കൊടുത്തിട്ട് ഒരുകാര്യവും ഇല്ല. ആവശ്യം കഴിഞ്ഞാൽ കറുവേപ്പില....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക