Image

തോമസ് ഐസക്കിന് വിദേശത്ത് സാമ്പത്തിക നിക്ഷേപമുണ്ടെന്ന് കെ. സുരേന്ദ്രന്‍

Published on 25 November, 2020
തോമസ് ഐസക്കിന് വിദേശത്ത് സാമ്പത്തിക നിക്ഷേപമുണ്ടെന്ന് കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് വിദേശത്ത് സാമ്പത്തിക നിക്ഷേപമുള്ള കാര്യങ്ങള്‍ തെളിഞ്ഞുവരികയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കിഫ്ബിയുടെ പേരില്‍ ധനമന്ത്രി ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു.

സംസ്ഥാനമന്ത്രിമാര്‍ക്ക് അന്യസംസ്ഥാനങ്ങളിലും വിദേശത്തും നിഷേപമുണ്ടെന്നാണ് വാര്‍ത്തകള്‍ വരുന്നത്. യു.ഡി.എഫ്. നേതാക്കളും മോശമല്ല. ഇവരെല്ലാം അഴിമതിയിലൂടെ ഉണ്ടാക്കിയ കോടികളാണ് വിദേശത്ത് നിക്ഷേപിക്കുന്നത്. തോമസ് ഐസക് വിദേശനിക്ഷേപത്തെക്കുറിച്ച് എന്താണ് മിണ്ടാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തുവരാന്‍ തുടങ്ങിയത്. കേന്ദ്രത്തില്‍ മോദിയുള്ളതുകൊണ്ടാണ് അന്വേഷണം നല്ലരീതിയില്‍ നടക്കുന്നത്. ബാര്‍ കോഴക്കേസ് അട്ടിമറിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ യു.ഡി.എഫ്. നേതാക്കള്‍ക്കെതിരായ എല്ലാ കേസുകളും ഒഴിവാക്കി. ബാര്‍ ഉടമകള്‍ പിരിച്ച പണം എവിടേക്ക് പോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരം എന്‍.ഡി.എ.യും എല്‍.ഡി.എഫും തമ്മിലാണെന്നും യു.ഡി.എഫ്. ചിത്രത്തിലില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക