Image

അയല്‍വാസിയുടെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

Published on 29 November, 2020
അയല്‍വാസിയുടെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍
മുളന്തുരുത്തി : അയല്‍വാസിയായ സുഹൃത്തിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമ്പല്ലൂര്‍ ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകള്‍ സൂര്യയെയാണ് (28) സുഹൃത്ത് പുത്തന്‍മലയില്‍ അശോകിന്റെ (29) വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണം ആണെന്നാണു പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ഇന്നലെ രാവിലെ വീട്ടിലെത്തിയ സൂര്യ കിടപ്പുമുറിയില്‍ കയറി വാതിലടച്ചെന്നും, വിവരം സൂര്യയുടെ വീട്ടില്‍ അറിയിച്ച ശേഷം വാതില്‍ തകര്‍ത്തു കയറിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെന്നുമാണ് അശോക് നല്‍കിയ മൊഴി. കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹമെന്നും ദേഹത്തും മുറിയിലും വെള്ളം ഒഴിച്ചിരുന്നതായും ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ ബന്ധുവായ അംബുജാക്ഷന്‍ ആരോപിച്ചു.

ഒരേ കോളജില്‍ പഠിച്ചിരുന്ന ഇരുവരും 4 വര്‍ഷം മുന്‍പു വരെ ഒന്നിച്ച് ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നു. ഡിസംബറില്‍ 15ന് അശോകിന്റെ വിവാഹം നിശ്ചയിച്ചിരിക്കെയാണു സംഭവം. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു സംസ്കാരം നടത്തും. അന്വേഷണം നടക്കുകയാണെന്നു പൊലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക