Image

ഊരാളുങ്കല്‍ സൊസൈറ്റിയില്‍ റെയിഡ് നടന്നിട്ടില്ല; വിശദീകരണവുമായി സൊസൈറ്റി അധികൃതര്‍

Published on 30 November, 2020
ഊരാളുങ്കല്‍ സൊസൈറ്റിയില്‍ റെയിഡ് നടന്നിട്ടില്ല; വിശദീകരണവുമായി  സൊസൈറ്റി അധികൃതര്‍

വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്ഡ് നടത്തി എന്ന മട്ടില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.


ഇഡിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നു എന്നതു വസ്തുതയാണ്. ഇവരില്‍ കോഴിക്കോട് ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണു സൊസൈറ്റിയില്‍ പ്രവേശിച്ചത്. 


നിലവില്‍ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങുകയുമാണ് ഉണ്ടായത് കൂടാതെ സൊസൈറ്റിയുടെ ഇന്‍കം ടാക്സ് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെടുകയും അതു പരിശോധിച്ച്‌ കൃത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.


വസ്തുത ഇതുമാത്രം ആയിരിക്കെ റെയ്‌ഡ് എന്ന മട്ടില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് 13000-ത്തോളം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഉപജീവനത്തിന് ആധാരമായ ഒരു സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനേ സഹായിക്കൂ. 


കോപ്പറേറ്റീവ് നിയമങ്ങളും ഇന്‍കം ടാക്സ് നിയമങ്ങളും ഓഡിറ്റുകളും എല്ലാ കൃത്യമായ നടപടിക്രമങ്ങളും പാലിച്ചു നിയമവിധേയവും സത്യസന്ധവുമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുമുള്ള ശ്രമത്തില്‍നിന്നു പിന്തിരിയണമെന്ന് എല്ലാ മാദ്ധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു എന്നും പത്രകുറിപ്പില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക