Image

ജാലകം തുറക്കവേ!(കവിത: രമ പ്രസന്ന പിഷാടരി ബാംഗ്ലൂര്‍)

രമ പ്രസന്ന പിഷാടരി ബാംഗ്ലൂര്‍ Published on 30 November, 2020
ജാലകം  തുറക്കവേ!(കവിത: രമ പ്രസന്ന പിഷാടരി ബാംഗ്ലൂര്‍)
ഓര്‍മ്മകള്‍
വിളക്കണച്ചിരുന്ന
 സത്രങ്ങളിലേതിലാ-
ണേതില്‍ മാഞ്ഞു
കൃഷ്ണപക്ഷമേ നീയും!
ലോകരാശികള്‍
 ഗണിച്ചെഴുതാന്‍
ദൂരെ സൗര താരകാ
 ദ്വീപില്‍ ചെന്ന
പേടകങ്ങളില്‍ നിന്ന്
കുതറിത്തെറിച്ചോടി-
പ്പോയൊരു കാലത്തിനെ കുരുക്കിച്ചുരുക്കിയ
മൃത്യുകോശത്തിന്നുള്ളില്‍
നീയേത് നിലാവിന്റെ
 ചില്ലകള്‍ താഴ്ത്തി-
 കണ്ണിലോടിയ  നക്ഷത്രങ്ങള്‍ കെടുത്തി 
 ചിരിക്കുന്നു
ആരെയോ വാതില്‍പ്പടി
കാത്തിരിക്കുന്നു പക്ഷെ
ദൂരെയാ താഴ്വാരങ്ങള്‍
മരണം പുതയ്ക്കുന്നു
പ്രണയം പകുത്തോരു
പനിനീര്‍ദലങ്ങളെ
നിലച്ച പ്രാണന്‍ മെല്ലെ
ഉറക്കിക്കിടത്തവെ!
രാവിന്റെ തൊട്ടില്‍
മെല്ലെ തലോടും 
 കാറ്റില്‍ നിന്ന് 
വേതാളം ചോദിച്ചൊരു 
ചോദ്യം പോല്‍ തീരം നില്‍ക്കേ 
കിഴക്കേ വാനത്തില്‍ 
വന്നടുക്കുകൊട്ടിപ്പോയ 
ചരിത്രം വീണ്ടും 
യുദ്ധ ഗന്ധകം 
നേദിക്കവെ 
ജീവന്റെ ഘനശ്രുതി
തെറ്റിയ  മഴക്കാലം
പാഴ് മുളം തണ്ടില്‍ 
വന്നു  നിറയും 
 പ്രതീശ്രുതി
ജാലകം തുറക്കവെ 
പുസ്തകതോപ്പില്‍  നിന്ന് 
പ്രാണനെയാശ്ലേഷിക്കും 
കുഞ്ഞിളം കിളിക്കൂട്ടം

ജാലകം  തുറക്കവേ!(കവിത: രമ പ്രസന്ന പിഷാടരി ബാംഗ്ലൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക