Image

കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധന; ഐസക്കിനെ തള്ളി സി.പി.എം സെക്രട്ടേറിയറ്റ്

Published on 01 December, 2020
കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധന; ഐസക്കിനെ തള്ളി സി.പി.എം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധന വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക് പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനു പിന്നാലെ അതിരൂക്ഷമായ പരസ്യ വിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു.


കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയത് സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സി.പി.എം. സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.


വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 


കെ..എസ്.എഫ്.ഇ. പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍ അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.- പ്രസ്താവന പറയുന്നു.


കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും അഭിപ്രായ വ്യത്യാസമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാശ്രമമാണെന്നും പ്രസ്താവനയില്‍ സി.പി.എം. വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക