Image

ജോ ദേഖ്‌കർ ഭീ നഹീ ദേഖ്തേ (അംബിക ചന്തുവാരത്ത്)

Published on 01 December, 2020
ജോ ദേഖ്‌കർ ഭീ നഹീ ദേഖ്തേ (അംബിക ചന്തുവാരത്ത്)
"ചിലപ്പോഴൊക്കെ ഞാനെന്റെ സുഹൃത്തുക്കളെ, ഒന്നടുത്തറിയുവാൻ വേണ്ടി, ചെറിയ ചെറിയ പരീക്ഷണങ്ങൾക്ക് വിധേയരാക്കാറുണ്ട്.
ഈയടുത്ത്, എന്റെ ഒരു സ്നേഹിത, അവളുടെ മറ്റു കൂട്ടുകാരും കൂടി ഒരു കാടു മുഴുവൻ സന്ദർശിച്ച് തിരിച്ചു വന്നപ്പോൾ ഞാനവളോട് ചോദിച്ചു, കാട്ടിൽ എന്തൊക്കേയാണ് കണ്ടതെന്ന്.
അപ്പോൾ അവളുടെ മറുപടി,
"ഓ..., എന്ത് കാണാൻ.., nothing so special ", എന്നായിരുന്നു.
ഇതുപോലുള്ള മറുപടികൾ കേട്ടു ശീലമായ എനിക്ക് ചിരിയാണപ്പോൾ വന്നത്. കാരണം, അന്ധയാണെങ്കിൽപ്പോലും, എനിക്കു ചുറ്റുമുള്ള പതിനായിരക്കണക്കിന് വസ്തുക്കളെ, തൊട്ടു നോക്കി, അവയെ ഞാനെന്റെ മനക്കണ്ണാൽ കാണുന്നു.

ഗുൽമോഹർ വൃക്ഷത്തിനടിയിൽ പരന്നു കിടക്കുന്ന അതിന്റെ പൂക്കളെ തൊട്ടു തടവുമ്പോൾ ആ പൂക്കളുടെ മനോഹാരിത ഞാനറിയുന്നു.
മാവിൻ ചുവട്ടിൽ വന്നുനിന്ന് ആ മാവിൻ തടിയെ ആശ്ലേഷിക്കുമ്പോൾ മാമ്പൂമണം എനിക്കറിയാൻ കഴിയുന്നു.
കൊഴിഞ്ഞുപോയ ഇലകൾക്ക് പകരം നാമ്പിട്ട തളിരിലകളുടെ മൃദുത്വവും ഗന്ധവും ഞാനറിയുന്നു.
ആ മാവിൻ കൊമ്പുകളിൽ കൂടു കൂട്ടിയ കിളിയുടെ ശബ്ദം ഞാനടുത്തു കേൾക്കുന്നു. ആ കൂട്ടിനുള്ളിലുള്ള കുഞ്ഞിക്കിളികളുടെ മിതുവായ കരച്ചിൽ എന്നിലെ വാത്സല്യത്തെ തൊട്ടുണർത്തുന്നു.

ഏതോ ഒരു മരക്കൊമ്പിൽ, കാണാമറയത്തിരുന്നു കൂകുന്ന കുയിൽ നാദം എന്റെ മനസ്സിനെ കുളിരണിയിക്കുന്നു.ചിൽ ചിൽ  ശബ്ദമുണ്ടാക്കി മരച്ചില്ലകളിൽ ഓടിക്കളിക്കുന്ന അണ്ണാരക്കണ്ണനെ ഞാൻ കാണുന്നു.
തൊട്ടടുത്തുള്ള അരുവിയിലെ വെള്ളത്തെ സ്പർശിക്കുമ്പോൾ, ആ അരുവിയുടെ കള കള നാദം ഞാൻ കേൾക്കുന്നു.
ആദ്യമായി ഭൂമിയിൽ പതിക്കുന്ന മഴത്തുള്ളികളെ കൈകളാൽ തട്ടിക്കളിക്കുമ്പോൾ, പുതുമഴയുടെ ഗന്ധം ഞാനറിയുന്നു.

മാറിമറഞ്ഞു വരുന്ന ഋതുഭേദങ്ങളെ എനിക്കറിയാനാകുന്നു.
മരം കോച്ചുന്ന മഞ്ഞിൽ ദേഹമാസകലം കമ്പിളി വസ്ത്രങ്ങളാൽ മൂടിക്കിടക്കുമ്പോൾ, എന്റെ മനസ്സിൽ മഞ്ഞു പെയ്യുന്നത് ഞാനറിയുന്നു.

അന്ധയായിട്ടു പോലും ചുറ്റുമുള്ള വസ്തുക്കളെ എനിക്ക് കാണുവാനും അറിയുവാനുമാകുന്നു. അവയുടെ നിറം, മണം, ആകാരം ഇവയെല്ലാം ഞാനനുഭവിച്ചറിയുന്നു.എങ്കിലും ഒരു ചോദ്യം എന്നെ വല്ലാതെ അലട്ടുന്നു.., "കണ്ണുള്ളവർ ചുറ്റുമുള്ളവയെ കാണാത്തതെന്ത്" എന്ന്!

മനുഷ്യൻ അവന്റെ കഴിവുകളെ തിരിച്ചറിയുന്നില്ല. സ്വന്തം ഇച്ഛാശക്തി കൊണ്ട് നേടിയെടുക്കാനാകുന്നതാണ് പല കഴിവുകളും എന്ന തിരിച്ചറിവ് അവരിൽ ഉണ്ടാകാത്തതെന്തേ..?
തൊട്ടു മുന്നിലെ വിലപ്പിടിപ്പുള്ള പല വസ്തുക്കളേയും ഉപേക്ഷിച്ച്, കിട്ടാത്തതിനു വേണ്ടി കൈ നീട്ടുന്നതെന്തേ..?
"കാഴ്ചശക്തി", ഈശ്വരനാൽ നൽകപ്പെട്ട ഒരു വരദാനമാണെന്ന തിരിച്ചറിവു് എന്തുകൊണ്ട് അവർക്കുണ്ടാകുന്നില്ല..?
ആ തിരിച്ചറിവുണ്ടായിരുന്നെങ്കിൽ...., ജീവിതം എത്ര മനോഹരമായിരുന്നേനേ..!
പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുന്നതു തന്നെ എന്തുമാത്രം പുണ്യമാണ്!
ഈശ്വരൻ എനിക്കൊരു വരം അനുവദിച്ച് തന്നിരുന്നെങ്കിൽ..,
ഒരേ ഒരു ദിവസത്തിനു വേണ്ടി മാത്രം എനിക്ക് കാഴ്ചശക്തി നൽകിയിരുന്നെങ്കിൽ...!
എങ്കിൽ, പ്രകൃതിയെ ഒന്നു കൺകുളിർക്കെ  കാണാൻ കഴിഞ്ഞിരുന്നേനെ...!
പ്രകൃതിയെ മനംനിറയെ ഒന്നു വാരിപ്പുണരാൻ കഴിഞ്ഞിരുന്നേനെ....!
ചുറ്റുമുള്ള ശബ്ദകോലാഹലങ്ങളെ ഒന്നു കണ്ടറിയാനായിരുന്നേനെ..!
കാണാമറയത്തിരുന്ന് പാട്ടു പാടുന്ന കുയിലിനെ ഒരു നോക്കു കാണുവാനൊരു ശ്രമം നടത്തിയേനെ....!
ഞാനെന്നും കാണാൻ കൊതിച്ചിരുന്ന എന്റെ അമ്മയുടെ മുഖം കൺകുളിർക്കെ ഒന്നു കാണാൻ കഴിഞ്ഞിരുന്നേനെ....!"

(ഹെലൻ കെല്ലറുടെ കുറിപ്പ്
വിവർത്തനം-അംബിക ചന്തുവാരത്ത്‌) 
ജോ ദേഖ്‌കർ ഭീ നഹീ ദേഖ്തേ (അംബിക ചന്തുവാരത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക