Image

നടന്‍ ബാലാ സിങുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ സംവിധായകന്‍ നിര്‍മല്‍

Published on 01 December, 2020
നടന്‍ ബാലാ സിങുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ സംവിധായകന്‍ നിര്‍മല്‍
തമിഴ് ചലചിത്ര മേഖലയ്‌ക്കുണ്ടായ തീരാത്ത നഷ്ടം തന്നെയായിരുന്നു ബാലാ സിംഗ് എന്ന നടന്റെ വിയോഗം. ബാലാ സിംങിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്‌ക്കുകയാണ് മലയാളി സംവിധായകന്‍ നിര്‍മല്‍ ബേബി വര്‍ഗീസ്. കലിപ്പ് എന്ന മലയാളം സിനിമയുടെ സെറ്റിലെ അനുഭവങ്ങളാണ് നിര്‍മല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിയ്‌ക്കുന്നത്.

നിര്‍മലിന്റെ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.. “ഞാന്‍ സ്പോട്ട് & അസ്സോസിയേറ്റ് എഡിറ്ററായിരുന്ന കലിപ്പിന്റെ സെറ്റില്‍ വെച്ച്‌ അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ (2017) ആരാണെന്ന് അറിയില്ലായിരുന്നു. ആരോ പറഞ്ഞ് കേട്ട പേര് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌തപ്പോഴാണ്‌ ആളിന്റെ വലിപ്പം മനസ്സിലായത്. 1983 ലെ 'മലമുകളിലെ ദൈവം' എന്ന ചിത്രത്തില്‍ തുടങ്ങി തുടങ്ങി തമിഴിലും, മലയാളത്തിലും, തെലുങ്കിലുമായി നൂറോളം ചിത്രങ്ങള്‍.. ഒരു സീനിയര്‍ നടനായിട്ട് പോലും വിശ്രമവേളകളില്‍ അടുത്ത് വന്നിരുന്ന് എഡിറ്റിംഗ് സ്‌ക്രീനിലേയ്‌ക്ക് കൗതുകത്തോടെ നോക്കിയിരുന്ന അദ്ദേഹത്തെ നന്നായി മിസ്സ് ചെയ്യുന്നുണ്ട്.”

1983 ല്‍ മലമുകളിലെ ദൈവം എന്ന മലയാളസിനിമയിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം 1995 ല്‍ നാസ്സര്‍ സംവിധാനം ചെയ്‌ത അവതാരം എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. തമിഴിലും മലയാളത്തിലുമായി നൂറ് കണക്കിന് സിനിമകളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളില്‍ പ്രശസ്തനായിരുന്ന ബാലാസിംഗ് കമല്‍ ഹാസന്റെ ഇന്ത്യന്‍, ഉല്ലാസം, സിമ്മരാസി, ധീന, വിരുമാണ്ടി, സാമി, കണ്ണില്‍ മുത്തമിട്ടാല്‍, പുതുപേട്ടൈ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പുതുപ്പേട്ടൈയിലെ വില്ലന്‍ കഥാപാത്രമാണ് ബാല സിങിന്റെ ഏറ്റവും മികച്ച വേഷമായി കണക്കാക്കുന്നത്. ജംഗിള്‍ ബോയ്, തടവറയിലെ രാജാക്കന്മാര്‍, കേരള ഹൗസ് ഉടന്‍ വില്‍പനയ്‌ക്ക്‌, മണിയറക്കള്ളന്‍, മുല്ല എന്നിങ്ങനെ ഒന്‍പത് മലയാള സിനിമകളിലും ബാല സിങ് വേഷമിട്ടു. ജെസ്സെന്‍ ജോസഫ് സംവിധാനം ചെയ്‌ത 2019 ല്‍ പുറത്തിറങ്ങിയ കലിപ്പ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ അവസാന മലയാള ചിത്രം. 2019 നവംബര്‍ 27 ന് ചെന്നൈയിലെ വിജയ ആശുപത്രിയില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. സൂര്യയുടെ എന്‍ജികെ, ആര്യയുടെ മാഗമുനി എന്നിവയാണ് അവസാനസിനിമകള്‍.

വയനാട്ടിലെ കാവുംമന്ദം സ്വദേശിയായ നിര്‍മല്‍ 2016 ല്‍ സംവിധാനം ചെയ്‌ത 'മിറര്‍ ഓഫ് റിയാലിറ്റി', 'മാറ്റം: ദി ചേഞ്ച്' എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ ഈ വര്‍ഷം ആമസോണ്‍ പ്രൈമിലും ആപ്പിള്‍ ടി വി യിലും റിലീസ് ചെയ്തിരുന്നു. തുടര്‍ന്ന് ചില ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. 2019 ല്‍ റിലീസ് ചെയ്‌ത കലിപ്പ് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്ന നിര്‍മല്‍ ചില സിനിമകള്‍ക്ക് പി. ആര്‍. ഓ. ജോലികളും പോസ്റ്റര്‍ ഡിസൈനും ചെയ്തിട്ടുണ്ട്. വയനാട്ടിലെ സ്വര്‍ണ്ണ ഖനന ചരിത്രത്തെ പ്രമേയമാക്കി ‘തരിയോട്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്‌തിട്ടുണ്ട്‌. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ വഴിയെ ആണ് പുറത്തിറങ്ങാനുള്ള ചിത്രം. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ലോകപ്രശസ്‌ത സിനിമാ താരം റോജര്‍ വാര്‍ഡ് ഉള്‍പ്പടെ ഹോളിവുഡില്‍ നിന്നടക്കമുള്ള പല വിദേശ താരങ്ങളും ഭാഗമാകുന്ന തരിയോട്: ദി ലോസ്റ്റ് സിറ്റി എന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ സംവിധായകന്‍ കൂടിയാണ് നിര്‍മല്‍. തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രത്തിന്റെ സിനിമാറ്റിക് റീമേക്കാണ് ഈ ചിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക