Image

കരുതലും കരുത്തുമായ തമ്പിച്ചായൻ: തമ്പി പൊടിപാറ അനുസ്മരണ : മുരളീധര കൈമൾ

Published on 02 December, 2020
  കരുതലും കരുത്തുമായ തമ്പിച്ചായൻ: തമ്പി പൊടിപാറ അനുസ്മരണ : മുരളീധര കൈമൾ
രാവിലെ മുതൽ കോളേജിൽ അടക്കം പറച്ചിൽ കേൾക്കാമായിരുന്നു....
ഇന്ന്  ടൗണിൽ നിന്ന്  അവർ വരും.. നിങ്ങൾ ഒക്കെ അവരുടെ അടി മേടിക്കും....
അടിയന്തിരാവസ്ഥയിലെ പ്രീഡിഗ്രീ കാലം....
അതു കൊണ്ട് തന്നെ D. C യിലേക്ക് വിളിച്ച് പറഞ്ഞത് ആര് എന്ന് ഓർമ്മയില്ല...
പക്ഷേ അന്തരീക്ഷത്തിൽ ഒരു പിരിമുറുക്കം... 
കലഹം മണക്കുന്ന കാറ്റാണ് കോളേജിന്റെ താഴെ സെമിത്തേരിയിൽ നിന്ന് വീശി വരുന്നത്....കോളേജ് ഗേറ്റ് കാണാവുന്ന ചൂളമരച്ചോട്ടിൽ ഇരിക്കുമ്പോഴും, കൂടെ പി.പി കുര്യനും, രമേഷും. താന്നിക്കരിയും, നമ്പൂതിരിയും ഒക്കെ ഉണ്ടെങ്കിലും ഉള്ളിലെ അങ്കലാപ്പ്...വിട്ടുമാറുന്നില്ല..
പെട്ടന്നാണ് കോളേജ് ഗേറ്റിൽ ഒരു ഓട്ടോറിക്ഷാ വന്നു നിന്നത്...

ഒന്നു കണ്ണ് അടച്ചാൽ ഇപ്പോഴും ആ രംഗം തെളിയും..

ആറടിയിൽ കൂടുതൽ ഉയരം ഉള്ള ആളാണ് ആദ്യം ഓട്ടോയിൽ നിന്ന് പുറത്ത് ഇറങിയത്... ഓട്ടോയുടെ ടോപ്പിനു  മുകളിൽ കൈ നിവർത്തി വച്ച് ഓട്ടോ കൂലിനൽകി.. കൂടെ ഉള്ള താടിക്കാരനെ പെട്ടന്ന് തിരിച്ചറിഞ്ഞു.... . K. R എന്ന സ്നേഹത്തോടെ ഞങൾ വിളിക്കുന്ന KSYF നേതാവ് അരവിന്ദാക്ഷൻ.. പിന്നെ മെലിഞ്ഞ് ഉണങ്ങിയെങ്കിലും തീപ്പൊരിയായ P. J. സെബാസ്റ്യൻ...
ഉയരം കൊണ്ട് ഉള്ളിൽ കടന്നു കയറിയത് പക്ഷേ തമ്പി... എന്ന പൊടിപാറ തമ്പിയായിരുന്നു...
രക്ഷകൻ....
ഒറ്റ പാച്ചിലിൽ എല്ലാവരും ഓട്ടോയുടെ അടുത്ത്..

എന്താ എന്തെങ്കിലും പ്രശനം ഉണ്ടോ?.... ഒന്നും.. പേടിക്കണ്ട....
തമ്പിച്ചായന്റ സ്വരം..

അഴകിന്റെ ആൺ രുപമായ ആ തലയെടുപ്പ് , അറടിക്ക് മുകളിലായിരുന്നു.
ഒരു കരുതലും ,തുണയുമായി.. പിന്നെ എത്ര നാൾ.. ആ ശബ്ദം കരുത്ത് ആയി....
കുറെ നേരം കോളേജിന്റെ വാതലിൽ നിന്ന് ,പുറത്ത് നിന്ന് ആരും വന്ന് ഞങ്ങളെ ഉപദ്രവിക്കില്ല എന്ന് ഉറപ്പാക്കിയിട്ടാണ് അവർ മടങ്ങിയത്..
പിന്നീടാണ് അറിഞ്ഞത് ഇവരെ കണ്ടിട്ട്, ചന്തയിൽ നിന്ന് ഞങളെ ഉപദ്രവിക്കാൻ വിമൻസ് ഹോളിന്റെ കവാടം വരെ എത്തിയവർ മടങി പോയി എന്ന്..

ചില രൂപങ്ങൾ പകരുന്ന കരുത്ത് ചില്ലറയല്ല...
ഊർന്ന് പോകും എന്ന് തോന്നുന്ന മുണ്ടിന്റെ കോന്തല ചിലപ്പോൾ ഉയർത്തി പിടിച്ച്, തേച്ച് അലക്കിയ കോട്ടൺ ഷർട്ടിട്ട അദ്ദേഹം പൊടിപാറ തമ്പിയാണ് എന്നും, അറിഞ്ഞപ്പോൾ വിസ്മയമായി.
പിതൃസഹോദരൻ കോൺഗ്രസ്സിന്റെ  MLA,  പുരാതന കത്തോലിക്കാ കുടുംബത്തിന്റെ ജനുസ്സനുസരിച്ച് പ്ലാസിഡ് പൊടിപാറയച്ചന്റെ കുടുംബാംഗം... പക്ഷേ സഹവാസം.. 
കമ്യൂണിസറ്റ് കാരോടൊപ്പം...
പാടത്ത് പണി എടുക്കുന്നവന്റെ കുലി തർക്കത്തിൽ ഇടപെട്ട്.പോലീസ് തേടി നടന്നപ്പോൾ..
തമ്പിക്ക് ഒളിയിടങ്ങൾ ഒരുക്കിയത് പാവപ്പെട്ടവന്റെ ഓലക്കുരകളിൽ ആയിരുന്നു..

പറഞ്ഞ കേട്ട കഥകളിൽ പൊടിപാറക്കുടുംബ ചരിത്രവുമുണ്ട്.
 തകർന്ന ബിസ്സിനസ് തമ്പിച്ചായനെ എൽപ്പിച്ചാണ് പിതാവ് വില്ലുന്നി പള്ളി സെമിത്തേരിയിൽ അന്ത്യ വിശ്രമത്തിന് പോയത്..
മൈസൂരിലെ വിദ്യാഭ്യാസത്തിനിടയിൽ സർവ്വകലാശാല നീന്തൽ താരമായിരുന്ന തമ്പി അതൊക്കെ വിട്ടാണ് നാട്ടിലെത്തിയത്.
കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്ന കൂടെ തന്നെ ആർപ്പൂക്കര പഞ്ചായത്തിന്റെ പ്രസിഡന്റായി.. കോട്ടയം മെഡിക്കൽ കോളേജ് ശൈശവദശയിൽ ആർപ്പൂക്കരയിൽ മുട്ടിൽ ഇഴയുന്ന കാലത്തു തമ്പി എന്ന പ്രസിഡന്റിന്റെ ദീർഘ വീക്ഷണമുള്ള നടപടികൾ.. ബസ് സ്റ്റാന്റായും, പഞ്ചായത്ത് മന്ദിരമായും ഇന്നും തല ഉയർത്തി നിൽക്കുന്നു.

വീട്ടിലെ അരക്ഷിത സാമ്പത്തിക സ്ഥിതിയാവാം റബർ വ്യവസായ മേഖലക്ക് നട്ടെല്ലായി കെ.കെ.റോഡിൽ ,ശീമാട്ടി ക്ക് അടുത്ത്
തമ്പി & കമ്പിനി എന്ന സ്ഥാപനം ഉയർന്നത്...
റബ്ബർ ബ്രോക്കിംഗ് മേഖലയിൽ മേൽ വിലാസമുള്ള , ആദർശമുള്ള ഒരു സ്ഥാപനമായി അതിനെ വളർത്താൻ തമ്പിച്ചായനായി.
കുടുംബത്തിലെ ജോജോ കുട്ടനും , തൊമ്മച്ചനും, ആപ്പിച്ചനുമൊക്കെ റബ്ബർ ബ്രോക്കിംഗിന്റെ ബാല പാഠങൾ അഭ്യസിച്ച കളരിയായി ആ സ്ഥാപനം.
കൂടപ്പിറപ്പായി തമ്പിച്ചായൻ കരുതിയ , ജെയ്മി എന്ന ജയിംസ് ചേട്ടായി സ്ഥാപനം നോക്കി നടത്തുന്ന ആത്മ വിശ്വാസത്തിൽ തമ്പിച്ചായൻ നാട്ടുകാരിലേക്ക് വീണ്ടും ഇറങ്ങി.
തമ്പി& കമ്പനി ഇടതു തീവ്രവാദികളടെ അടക്കം ഇരിപ്പിടമായി.. അഭയ സങ്കേതമായി..
ഭക്ഷണം കഴിച്ചോ.... എന്നതായിരുന്നോ വിശന്നു വരുന്നവോരാട്  ഉള്ള ആദ്യ ചോദ്യം..
ഇതിനിടെ BCM കോളേജിൽ പഠിക്കാൻ എത്തിയ കാഞ്ഞിരപ്പള്ളിയിലെ ഉന്നതകുലജാതക്ക് ഹൃദയം പകുത്ത് നൽകിയ കാമുകനുമായി തമ്പിച്ചായൻ മാറിയിരുന്നു..
പക്ഷേ തമ്പിച്ചായനുമായി കുടുതൽ അടക്കാൻ താമസം ഉണ്ടായി.
ബാലരമയിലെ മോഹൻ ചേട്ടനുമൊത്ത് പഴയ പൊടിപാറ തറവാടിന്റെ പടിപ്പുര കടന്ന് തമ്പിച്ചായെന്റെ  വീട്ടിലെ തീൻമേശയിലെ അതിഥി ആയി മാറിയപ്പോൾ മുതലായിരുന്നു ഇഴയടുപ്പമുള്ള അടുപ്പത്തിലേക്ക് എത്തി ചേരാൻ കഴിഞ്ഞത്.
സ്വന്തം ആദർശങ്ങളും , തീരുമാനങളും ഉറക്കെ പറയാൻ കഴിഞ്ഞ സംഘാടകനെ കണ്ടെത്തിയത് കൂടെ നിന്ന അരവിന്ദനും, സെബാസ്റ്റ്യനും വഴി മാറിയപ്പോഴാണ് . താൻ ഉയർത്തി പിടിച്ച സി.പി.ഐ. എമ്മിന്റെ കൊടി ശരിയുടെ പക്ഷമാണ് എന്ന് ഉറക്കെ പറയുകയും, ചാഞ്ചാട്ടമുള്ളവരെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്ന തമ്പിച്ചായനെ ആക്കാലത്താണ് കണ്ടത്. അതുകൊണ്ട് തന്നെ പുന്ന പ്ര വയലാർ സമര നായകൻ സഖാവ് വി.എസ്സിന് തമ്പി ഏറെ പ്രിയങ്കരനായി.
വിചിത്രങളായ ചില ശീലങ്ങളുമുള്ള തമ്പിച്ചായൻ പലപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു. പ്രമാണിമാരുടെ വിവാഹ വിരുന്നുകളിൽ പോകുമെങ്കിലും അവിടെ നിന്ന് കഴിവതും ഭക്ഷണം കഴിക്കാറില്ല. അവിടെ നൽകുന്ന തിളക്കമുള്ള പാനിയങളും , വിലയേറിയ ഭക്ഷണവും ഒഴിവാക്കി അടുത്തുള്ള വൃത്തിയുള്ള ചെറുകിട വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ദോശയോ നാടൻ പലഹാരമോ   കഴിക്കും. 
കൃത്യ സമയത്ത് ആഹാരം കഴിക്കേണ്ട ,ഡയബറ്റിക്ക് രോഗത്തിന് മരുന്ന് കഴിക്കുന്ന രോഗിയാണ് ഇത് ചെയ്തിരുന്നത്.
എന്നാൽ ഒറ്റമുറി പുരയുളള സഖാവിന്റെ വീടിന്റെ സിമന്റ് തേച്ച തിണ്ണയിൽ ഇരുന്നു കട്ടൻ കാപ്പി ചോദിച്ച് വാങ്ങി കുടിക്കുന്നതിനും സാക്ഷിയാകാൻ കഴിഞ്ഞു.

ഒരിക്കലും സ്വന്തം കൈയ്യിൽ പേഴ്സ് സൂക്ഷിക്കുന്നു തമ്പിച്ചായനെ കണ്ടിട്ടില്ല. തന്റെ ശരീരത്തിന്റെ ഭാഗമായി കരുതിയിരുന്ന ഡ്രൈവർ തങ്കന്റെ കയ്യിലായിരുന്നു എന്നും തമ്പിച്ചായന്റെ പേഴ്സ്. തന്നോട് ഒപ്പം നിൽക്കുന്നവരിൽ   വിശ്വാസവും സേന്ഹവും അർപ്പിക്കുന്ന സ്വഭാവ വൈശിഷ്ട്യമായിരുന്നു അത്. ജീവനക്കാരനെ മനസാക്ഷി സൂക്ഷിപ്പുക്കാരനാക്കി മാറ്റിയ ആ രീതി തങ്കമണി ആ ജോലി ഏറ്റെടുത്തപ്പോഴും 
തമ്പിച്ചായൻ അവസാനം ദിവസം  വരെ തുടർന്നു.

വീട്ടിൽ വിളിച്ച് ,ആദരിച്ച് ഭക്ഷണം കൊടുക്കുന്നത് തന്റെ കടമയായി കരുതുകയും, അതിൽ ആനന്ദം കൊളളുകയും ചെയ്യുന്ന ഗ്രഹനാഥനായിരുന്നു അദ്ദേഹം . 
സമുന്നതനായ സഖാവ്  വി.എസ്സ് മുതൽ പാർട്ടിയിലെ ഏറ്റവും താഴ്ന്ന ഘടകത്തിലെ അംഗത്തിനും അവിടെ ഭക്ഷണം ഒരുങ്ങി. പത്രാധിപന്മാർ ,ഉദ്യോഗസ്ഥർ, സാഹിത്യകാരന്മാർ . മെഡിക്കൽ കോളേജിലെ ഡോക്ടർമാർ , ജീവനക്കാർ, പോലീസ് മേധാവികൾ  തുടങ്ങി സമൂഹത്തിലെ സമസ്ത മേഖലകളിൽ ഉള്ളവരും തമ്പിച്ചായന്റെ അതിഥികളായി.
തമ്പിച്ചായൻ നേതൃത്വം നൽകിയ ചുണ്ടൻ വളളം നെഹ്റു ട്രോഫി നേടിയപ്പോൾ  യശശരീരനായ കവി വിനയചന്ദ്രൻ അതിഥിയായി എത്തി. നുരയുന്ന ഗ്ലാസിന് ഒപ്പം എത്തിയ ടച്ചിംഗിന്  വെജിറ്റേറിയൻ  ചമ്മന്തി തരുമോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയായി അഞ്ചു തരം ചമ്മന്തി നിമിഷങൾക്കകം നൽകി തമ്പിച്ചായന്റെ പത്നി കൊച്ചു മോൾ അതിഥിയുടെ പ്രശംസ പിടിച്ചുപറ്റി.
വൃക്കരോഗം ഡയാലിസിന് വഴി മാറിയപ്പോൾ  പതറി കണ്ടില്ല. കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു തമ്പിച്ചായൻ ഡയാലിസിന് പോയിരുന്നത്.
അവിടെ ജീവിത സായ്ഹാന ത്തിൽ ഒരു വരുമാനവും ഇല്ലാതെ ഡയാലിസിന് എത്തുന്നവരെ സഹായിക്കാൻ ഒരു സഹായ നിധി ആരംഭിച്ച് തുടങുമ്പോഴാണ് അദ്ദേഹം നമ്മെ വിട്ടു  പോകുന്നത്.
സ്വന്തം സഹോദരന്റെ കുട്ടികളുടയോ , സ്വന്തം 
മക്കളുടെ വിവാഹത്തിനോ അൾത്താരക്ക് മുന്നിൽ നിന്ന് ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. 
പക്ഷേ വളരെ പ്രതിസന്ധിയിലായിരുന്ന ഒരു സന്യാസിനി സമൂഹത്തിന്റെ പ്രശ്നങൾ തീർക്കാൻ എന്നെ വിളിച്ച് വരുത്തി.ബാങ്കിൽ നിന്ന് അവർക്ക് ന്യായമായ പലിശക്ക് ലോൺ നൽകാൻ എല്ലാം ചെയ്തതും അദ്ദേഹം തന്നെയായിരുന്നു.
മറ്റൊരു സന്യാസിനി 
മOത്തിന്റെ അരികിൽ  നിയമാനുസ്രതമല്ലാതെ കെട്ടി പൊക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ ചുടു കട്ടകൾ രണ്ടു കതോലിക്കാ സന്യാസിനി മാരുടെ ജീവൻ കവർന്നെടുത്ത സംഭവത്തിൽ ഉള്ളുരുകി സംസ്ഥാന മുഖ്യമന്ത്രിയോട് സംസാരിക്കുന്ന തമ്പച്ചായനെയും ഞാൻ കണ്ടു. സർക്കാരിൽ നിന്ന് അവരുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത സഹായം വാങ്ങി കൊടുത്ത തമ്പിച്ചായന്റെ അന്ത്യ യാത്രയിൽ പുരോഹിതന്റെ അസാന്നിദ്ധ്യത്തിനും ഞാൻ സാക്ഷിയായി. 
ഡിസംബർ രണ്ട് എത്തുന്നത് തമ്പി പൊടിപാറ നമ്മെ വിട്ടു പിരിഞ്ഞ സ്മരണകൾ ഉയർത്തി കൊണ്ടാണ്.
തമ്പിച്ചായൻ മനുഷ്യനെയും , അവന്റെ വേദനകളെയും തന്റേത് എന്ന് കരുതിയിരുന്നു.

അതുകൊണ്ട് തന്നെ നാളെ,( 3-12-2020) രാവിലെ വില്ലൂന്നി കവല ഒരു സ്നേഹ സ്മരണക്ക് സാക്ഷ്യം വഹിക്കും. തമ്പിച്ചായന്റെ ചിത്രത്തിൽ പുവുകൾ അർപ്പിച്ച് അദ്ദേഹത്തെ സ്നേഹിച്ച സുരേഷ് കുറുപ്പും, ഷാജിയും , ലാലും , കെ.എൻ. രവിയും മറ്റ് സഖാക്കളും സുഹൃത്തുക്കളും ഒത്തു ചേരും.

ഷാജിക്കും, ലാലിനും സ്വന്തം ഭൂമി നൽകി, അവർക്ക് അടച്ച് ഉറപ്പുള്ള വീട് നൽകാൻ രോഗശയ്യയിലായപ്പോഴും അദ്ദേഹം ശ്രദ്ധിച്ചു.

ഡി.ജി.പി. ആയി വിരമിച്ച സ്വന്തം സഹോദരന്റെ സ്ഥാനമാനങൾ ഒരിക്കലും തമ്പിച്ചായൻ ഉപയോഗിച്ചിട്ടില്ല.മറിച്ച് ജോർജ് സി. പൊടി പാറ എന്ന ആ എട്ടന്റെ രോഗ നാളുകളിലെ ഒരു ദിവസം ഓർമ്മയിൽ എത്തുന്നു. 
തിരുവനന്തപുരത്ത് ആർ. സി. സി .യിൽ ചേട്ടൻ കിടക്കുമ്പോൾ തമ്പിച്ചായൻ കാണാൻ പോയി. തമ്പി ച്ചായന്റെ സഹോദരൻ ആശുപത്രിയിൽ ഉണ്ട് എന്ന് അറിഞ്ഞ് അഭ്യന്തര വകുപ്പ് മന്ത്രി  തിരുവഞ്ചൂർ രാധാകൃഷ്ണൻ അവിടെ എത്തി. ചേട്ടനെയും തമ്പി ച്ചായനെയും കണ്ട് എറെ നേരം സംസാരിച്ച് പിരിഞ്ഞു.
 ഏട്ടനോട് യാത്ര പറയുന്ന തമ്പിച്ചായന്റെ ഉളളിലടക്കിയ കദനം കണ്ണിൽ നിറഞ്ഞു തുളുമ്പുന്നത് കണ്ടു. ആറടിക്ക് മേൽ ഉയരമുള്ള, ദീർഘകായനായ തമ്പി സ്വന്തം എട്ടന്റെ മുന്നിൽ വിതുമ്പുന്നത് ഒഴിവാക്കാൻ വേഗം ആശുപത്രി  ഇടനാഴിയിൽ ഇറങ്ങി നടന്നു നീങ്ങി.

തമ്പിച്ചായന് ഡയാലിസിസ്കളുടെ എണ്ണം കൂടിയ കാലത്ത് ഞാൻ ജോലി ചെയ്തിരുന്നത് ബംഗാളിലായിരുന്നു. കാലിന്റെ വേദനയും , അസ്വസ്ഥതകളും തെല്ല് കുറയുമ്പോൾ തമ്പി ച്ചായന്റെ വിളി എന്നെ തേടി എത്തുമായിരുന്നു. പലപ്പോഴും രാവേറെ ചെന്ന ആ വിളികളായിരുന്നു നമ്മുടെ നാടിന്റെ  , നാട്ടുകാരുടെ പ്രസ്ഥാനത്തിന്റെ യഥാർത്ഥ ചിത്രം എനിക്ക് നൽകിയിരുന്നത്.

ഞങ്ങളുടെ കുടുംബത്തിലെ ചെറിയ അഘോഷങളിൽ വന്നെത്താൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. 

ഒരു ചെറിയ കേക്കിന് ചുറ്റും എന്റെ കൊച്ചു മകൾ ഗൗരിയുടെ രണ്ടാം പിറന്നാളിന് ഒത്തുകൂടിയ തമ്പിച്ചായൻ ഇന്നും വില്ലുന്നിയിലെ  , മാവുകൾ കാവൽ നിൽക്കുന്ന വീട്ടിൽ ഉണ്ടെന്നാണ് അവൾ വിശ്വസിക്കുന്നത്.
 അവൾക്ക് അഞ്ചു വയസ്സു തികഞ്ഞ  കഴിഞ്ഞ മേയ് മാസത്തിലും തമ്പിച്ചായന്റെ അനുഗ്രഹത്തിന്റെ കരസ്പർശം അവളുടെ ശിരസ്സിൽ അമർന്നിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പാണ്.

മുരളീ കൈമൾ 

parunith@gmail.com

  കരുതലും കരുത്തുമായ തമ്പിച്ചായൻ: തമ്പി പൊടിപാറ അനുസ്മരണ : മുരളീധര കൈമൾ   കരുതലും കരുത്തുമായ തമ്പിച്ചായൻ: തമ്പി പൊടിപാറ അനുസ്മരണ : മുരളീധര കൈമൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക