Image

ലോകത്താദ്യമായി 'ലാബിലെ മാംസം'വിപണിയില്‍ വില്‍ക്കാന്‍ അനുമതി നല്‍കി സിംഗപ്പൂര്‍ സര്‍ക്കാര്‍

Published on 02 December, 2020
 ലോകത്താദ്യമായി 'ലാബിലെ മാംസം'വിപണിയില്‍ വില്‍ക്കാന്‍ അനുമതി നല്‍കി സിംഗപ്പൂര്‍ സര്‍ക്കാര്‍

സിംഗപ്പൂര്‍: ലോകത്താദ്യമായി ലബോറട്ടറിയില്‍ നിര്‍മിക്കുന്ന മാംസം വിപണിയില്‍ വില്‍ക്കാന്‍ അനുമതി നല്‍കി സിംഗപ്പൂര്‍ സര്‍ക്കാര്‍. യു.എസ് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പായ ഈറ്റ് ജസ്റ്റിനാണ് ലാബില്‍ നിര്‍മിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 


മൃഗങ്ങളെ അറുക്കാതെ മാംസം ഉത്പാദിപ്പിച്ച്‌ ഇറച്ചി വില്‍ക്കുന്ന ലോകത്തെ ആദ്യ കമ്ബനിയായി ഈറ്റ് ജസ്റ്റ് മാറി.

ആരോഗ്യ, പാരിസ്ഥിതിക കാരണങ്ങളും മൃഗങ്ങളോടുള്ള കരുതലും മൂലം ലാബില്‍ ഉത്പാദിപ്പിച്ച ഇറച്ചിയോടുള്ള ആഭിമുഖ്യം കൂടിവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 


സസ്യവിഭവങ്ങള്‍ ഉപയോഗിച്ച്‌ ഇറച്ചിയ്ക്ക് സമാനമായി നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്കും വിദേശത്ത് ഏറെ ആവശ്യക്കാരുണ്ട്. എന്നാല്‍ ലാബില്‍ നിര്‍മിക്കുന്ന മാംസം വിപണിയിലെത്തുന്നത് ഇതാദ്യമാണ്.


ലാബിലെ പ്രത്യേക സാഹചര്യങ്ങളില്‍ മൃഗങ്ങളുടെ മാംസപേശികള്‍ കൃത്രിമമായി നിര്‍മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിനു പരമ്ബരാഗത മാംസോത്പാദനത്തെ അപേക്ഷിച്ച്‌ ചെലവും കൂടുതലാണ്. ലോകത്താദ്യമായി തങ്ങളുടെ ഉത്പന്നം വിപണിയിലെത്തിക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ വിവരം ഈറ്റ് ജസ്റ്റ് കമ്ബനി തന്നെയാണ് പുറത്തു വിട്ടത്. 


കൃത്രിമമാംസം കൊണ്ടുണ്ടാക്കിയ നഗറ്റ്‌സ് ആയിരിക്കും വിപണിയിലെത്തിക്കുകയെന്നും ഇതിന് ഒരു പാക്കറ്റിന് 50 ഡോളര്‍ വില വരുമെന്നും കമ്ബനി അറിയിച്ചു. ഇത് സാധാരണ നഗറ്റ്‌സിന്റെ വിലയുടെ പത്തിരട്ടിയോളമാണ്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക