Image

ട്രംപ് ഭരണകൂടത്തിന്‍െറ രണ്ട് എച്ച്‌വണ്‍ ബി വിസ നിയന്ത്രണങ്ങള്‍ കോടതി തടഞ്ഞു

Published on 03 December, 2020
ട്രംപ് ഭരണകൂടത്തിന്‍െറ രണ്ട് എച്ച്‌വണ്‍ ബി വിസ നിയന്ത്രണങ്ങള്‍ കോടതി തടഞ്ഞു
വാഷിങ്ടണ്‍: യു.എസ് കമ്പനികള്‍ക്ക് വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള സ്വാതന്ത്ര്യത്തിന് വിഘാതമാകുന്ന ട്രംപ് ഭരണകൂടത്തിന്‍െറ രണ്ട് 'എച്ച്‌വണ്‍ ബി' വിസ നിയന്ത്രണങ്ങള്‍ കോടതി തടഞ്ഞു. ഇത് പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് ആശ്വാസമാകും. സാങ്കേതിക മികവുവേണ്ട തൊഴില്‍മേഖലകളില്‍ കമ്പനികള്‍ക്ക് വിദേശ തൊഴിലാളികളെ നിയമിക്കാനുതകുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്‌വണ്‍ ബി. പ്രതിവര്‍ഷം 85,000 എച്ച്‌വണ്‍ ബി വിസകള്‍ വരെ അമേരിക്ക അനുവദിക്കാറുണ്ട്. ഈ വിസക്കാരില്‍ ഏറിയ പങ്കും ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്.

എച്ച്‌വണ്‍ ബി വിസക്കാര്‍ക്ക് കൂടുതല്‍ വേതനം നല്‍കണമെന്ന വ്യവസ്ഥയാണ് കാലിഫോര്‍ണിയ നോര്‍ത്ത് ഡിസ്ട്രിക്ട് ജഡ്ജി തടഞ്ഞത്.

യോഗ്യത സംബന്ധിച്ച നിബന്ധന ഭേദഗതിയും തടഞ്ഞു. ഇതോടെ ഡിസംബര്‍ ഏഴുമുതല്‍ നിലവില്‍ വരാനിരുന്ന തൊഴില്‍ സംബന്ധിച്ച 'ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തി'ന്‍െറ നിയമം അസാധുവായി.

വേതനം സംബന്ധിച്ച തൊഴില്‍ വകുപ്പിന്‍െറ നിയമവും (ഇത് ഒക്‌ടോബര്‍ മുതല്‍ പ്രാബല്യത്തിലുണ്ട്) ഇല്ലാതായി. കോവിഡ് മഹാമാരി രാജ്യത്തിന്‍െറ ആരോഗ്യ മേഖലയെയും പൗരന്മാരുടെ ധനകാര്യ സ്ഥിതിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും പുതിയ നിയന്ത്രണങ്ങള്‍ ഈ സാഹചര്യത്തില്‍ ഒട്ടും ആശാസ്യമല്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക