Image

കമലാ ഹരീസിനെപോലെ നീരാ ടണ്ഠൻ: ദാരിദ്ര്യത്തെ നേരിട്ട ടണ്ഠന്റെ ബാല്യം

Published on 03 December, 2020
കമലാ ഹരീസിനെപോലെ നീരാ ടണ്ഠൻ: ദാരിദ്ര്യത്തെ നേരിട്ട ടണ്ഠന്റെ ബാല്യം
ദാരിദ്ര്യത്തിൽ നിന്നെങ്ങനെ അധികാരത്തിലേക്ക് പറന്നുയരാമെന്ന്  ബജറ്റ് ചീഫ് ആയി ബൈഡൻ തിരഞ്ഞെടുത്ത നീര ടണ്ടൻ വിവരിക്കുന്നു. കമല ഹാരിസിന്റെ ജീവിതകഥയുമായി ഏറെ സാമ്യമുണ്ട് ടണ്ടന്റേതും. ഇന്ത്യയിൽ നിന്ന് ഒരുപാട് സ്വപ്നങ്ങളുമായി അമേരിക്കയിലേക്ക് ചേക്കേറിയവരാണ് ഇരുവരുടെയും അമ്മമാർ. ബാല്യത്തിൽ പിതാവ് പകരുന്ന സുരക്ഷിതത്വം നിഷേധിക്കപ്പെട്ട് അമ്മയുടെ തണലിലാണ് ഇരുവരും  വളർന്നുവന്നത്. കരുത്തരായ അമ്മമാരുടെ ദൃഢനിശ്ചയമാണ്  ആ പെണ്‍മക്കള്‍ക്ക്  അധികാര സ്ഥാനങ്ങളിലേക്ക് പറന്നുയരാൻ ചിറകുകൾ നൽകിയത്. ഇരുവരുടെയും കഥകൾക്ക് ഗതിമാറ്റം സംഭവിക്കുന്നത് അച്ഛനമ്മമാർ ദാമ്പത്യബന്ധം വേർപിരിഞ്ഞതോടെയാണ്. ടണ്ടന്റെ  ഏഴാം  വയസ്സിലും ഹാരിസിന്റെ  അഞ്ചാം  വയസ്സിലും അമ്മയായി ഏക ആശ്രയം. ആഫ്രിക്കൻ ജമൈക്കൻ ഭർത്താവ് ഡൊണാൾഡ് ഉപേക്ഷിക്കുമ്പോൾ, കമലയുടെ അമ്മ മെഡിക്കൽ ഗവേഷകയായതിനാൽ രണ്ടു പെണ്മക്കളുമായുള്ള ജീവിതം ക്ലേശകരമായിരുന്നില്ല. എന്നാൽ, നീരയുടെ അമ്മ മായ ജോലി പോലുമില്ലാതെ മക്കളെ വളർത്താൻ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്.

താഴെത്തട്ടിൽ നിന്നാണ് ടണ്ടൻ എത്തുന്നത്. അമ്മയുടെ ദൃഢനിശ്ചയവും അമേരിക്കയുടെ ഉദാരതയുമാണ് തന്റെ ജീവിതം രൂപപ്പെടുത്തിയതെന്ന് അവർ പറയുന്നു. 

"നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലനെപ്പോലെ എന്റെ അമ്മ മായയും ഇന്ത്യയിലാണ് ജനിച്ചത്. ഏതൊരു തലമുറയിൽപ്പെട്ട ലക്ഷോപലക്ഷം ആളുകളെയുംപോലെ, അവരും അമേരിക്കയിലേക്ക് വന്നത് ജീവിതം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ആഗ്രഹത്തോടെയാണ്. " ഓഫീസ് ഓഫ് മാനേജ്‌മന്റ് ആൻഡ് ബജറ്റ് (ഒ എം ബി) ഡയറക്ടർ സ്ഥാനത്തേക്കുള്ള ബൈഡന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് വിൽമിങ്ങ്ടണിലെ വേദിയിൽ നീര തന്റെ മനസ്സ് തുറന്നു.

" എന്നെ ഇവിടെ എത്തിച്ചതിന് അമ്മയുടെ മനക്കരുത്തിന് ആദ്യമേ നന്ദി പറയട്ടെ. അവരുടെ മാനവികതയിലെ നിക്ഷേപങ്ങളിലും ഞങ്ങളുടെ സ്വപ്നങ്ങളിലും വിശ്വാസമർപ്പിച്ച  ഈ മഹാരാജ്യത്തോടും ഞാൻ കടപ്പെട്ടിരിക്കുന്നു. രണ്ടു മക്കളുമായി ഒരു ജോലി പോലുമില്ലാതെ നിന്ന എന്റെ അമ്മയ്ക്കുമുന്പിൽ രണ്ടേ രണ്ട് വാതിലുകളേ ഉണ്ടായിരുന്നുള്ളു. ഒന്ന് ഇന്ത്യയിലേക്ക് മടങ്ങിപ്പോകാൻ, മറ്റൊന്ന് അമേരിക്കയിൽ തുടരാൻ. വിവാഹബന്ധം വേർപെടുത്തിയെന്നത് വലിയൊരു അപരാധമായി കണ്ടിരുന്ന ഇന്ത്യൻ സമൂഹത്തിലേക്ക് പോകാൻ അമ്മ താല്പര്യപ്പെട്ടില്ല. അവിടെ അവസരങ്ങൾ പരിമിതമാണെന്ന തിരിച്ചറിവും ഉണ്ടായിരുന്നു. സ്വപ്നം കണ്ട അമേരിക്കയിലേക്കുള്ള വാതിൽ അമ്മ തിരഞ്ഞെടുത്തു. 

പ്രതിസന്ധി ഘട്ടത്തിൽ അമേരിക്കയാണ് അമ്മയ്ക്ക് കൂട്ടായി നിന്നത്. ദരിദ്രർക്കുവേണ്ടിയുള്ള സോഷ്യൽ സർവീസ് പ്രോഗ്രാമുകളെ  ആശ്രയിച്ചാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. ഭക്ഷണത്തിനുള്ള സൗജന്യ വൗച്ചറുകളും സർക്കാർ നൽകിയിരുന്ന വാടക സബ്‌സിഡിയുമെല്ലാം ഉപയോഗപ്പെടുത്തിയ കാര്യം പറയുന്നതിൽ എനിക്കൊരു സങ്കോചവുമില്ല. സ്വന്തം കാലിൽ നിൽക്കുന്നതുവരെയും ഇത്തരത്തിലായിരുന്നു ജീവിതം നീങ്ങിയത്. താഴെത്തട്ടിലുള്ള  സമൂഹത്തിനും സാമാന്യം നല്ലൊരു സാധ്യത ഈ രാജ്യം നൽകുന്നു എന്നതിന്റെ ഉദാഹരണമാണ് അമ്മ. അമ്മയ്ക്ക് ആദ്യം ലഭിക്കുന്നത് ഒരു ട്രാവൽ ഏജന്റിന്റെ ജോലിയാണ്. ആ വരുമാനത്തിൽ നിന്നവർ ബെഡ്ഫോർഡിൽ ഒരു വീട് വാങ്ങി, ഞങ്ങൾക്ക് കോളജ് വിദ്യാഭ്യാസവും അതിനപ്പുറവും നൽകുകയും ചെയ്തു.

ഞാൻ ഇന്നിവിടെ നിൽക്കുന്നതിൽ ഈ രാജ്യത്തെ സോഷ്യൽ  സർവീസ് പ്രോഗ്രാമുകൾക്ക് വലിയ പങ്കുണ്ട്. ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് സ്വന്തം ജീവിതാനുഭവങ്ങൾ തന്നെ മികച്ച തിരഞ്ഞെടുപ്പുകൾ സാധ്യമാക്കാൻ എന്നെ സഹായിക്കും. എന്റെ അമ്മയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ച അമേരിക്കയുടെ സർക്കാരിനുവേണ്ടി പ്രവർത്തിക്കാനുള്ള അവസരമാണ് കിട്ടിയിരിക്കുന്നത്. അമ്മയ്ക്ക് ലഭിച്ച ന്യായമായ അവസരത്തിന് അത് പോലുള്ള എല്ലാവരും അർഹരാണ്. അതിന് സഹായകമാകുന്ന പദ്ധതികൾ ബജറ്റിൽ ഉൾക്കൊള്ളിച്ച് ഓരോ അമേരിക്കക്കാരനെയും അതിലൂടെ അവരിൽ വിശ്വാസമർപ്പിച്ച കുടുംബത്തെയും  ഉയർത്തിക്കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു."  നീര ടണ്ടൻ നയം വ്യക്തമാക്കി.

" വെളുത്തവർക്കിടയിൽ നിന്നല്ലാതെ ഈ സ്ഥാനത്തെത്തുന്ന  ആദ്യ വനിതയും ആദ്യ സൗത്ത് ഏഷ്യൻ അമേരിക്കൻ വംശജയുമാണ് നീര ടണ്ടൻ. വൈറസിനെ നിയന്ത്രണവിധേയമാക്കുന്നതിനും നിലവിലെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കുന്നതിനും മെച്ചപ്പെട്ട ജീവിതം സാധ്യമാകുന്നതിനും സഹായകമാകുന്ന ബജറ്റ് രൂപീകരിക്കുന്ന ചുമതല ഞാൻ ഇവരെയാണ് ഏൽപ്പിക്കുന്നത്" . നീര ടണ്ടനെ സ്വാഗതം ചെയ്തുകൊണ്ട് ബൈഡൻ പറഞ്ഞു. 

ടണ്ടൻ താണ്ടിയ ദാരിദ്ര്യപർവ്വത്തെക്കുറിച്ച് ബൈഡൻ അവരെ വിശേഷിപ്പിച്ച വരികളിലൂടെ വായിച്ചെടുക്കാം -" സർക്കാർ നയങ്ങളെ കുറിച്ചുള്ള  പ്രായോഗിക പരിചയവും അനുഭവവും ഏറ്റവും ഉചിതമായ നയരൂപീകരണം സാധ്യമാക്കും".
 
ഏകദേശം 5 ട്രില്യൺ ഡോളറിന്റെ ബജറ്റ് രൂപകല്പനയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഈ സ്ഥാനം ഏറ്റവും ശക്തമായ ഒന്നാണ്. നിരവധി ഏജൻസികളുടെ ഉത്തരവാദിത്വം ഏൽക്കുകയും കോൺഗ്രസ്സുമായി നിരന്തരം ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടതുമായ തസ്തികയാണിത്.

യേലിൽ നിന്ന് നിയമബിരുദം നേടിയിട്ടുള്ള ടണ്ഠൻ, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ പ്രചാരണത്തിൽ സജീവമായിരുന്നു. അതിലൂടെയായിരുന്നു അവരുടെ വൈറ്റ് ഹൗസ് പ്രവേശനം.  ഹിലരി ക്ലിന്റന്റെ ഉപദേശകയും ആഭ്യന്തര നയങ്ങളുടെ അസ്സോസിയേറ്റ് ഡയക്ടറുമായിരുന്നു അന്ന്.

ടണ്ഠൻ ഡെപ്യൂട്ടി ക്യാമ്പയിൻ മാനേജർ  ആയിരുന്ന ഇലക്ഷനിൽ വിജയം നേടിയാണ് ഹിലരി സെനറ്റിൽ എത്തുന്നത്. തുടർന്ന്, നീരയെ അവരുടെ ലെജിസ്ലേറ്റീവ് ഡയറക്ടർ ആക്കി. ഹിലരി ക്ലിന്റനെ പ്രസിഡൻഷ്യൽ സ്ഥാനത്ത് മത്സരിക്കാൻ ഉപദേശംകൊടുത്തതും നീര ടണ്ഠൻ ആയിരുന്നു. അവർ വിജയിച്ചിരുന്നെങ്കിൽ , വൈറ്റ് ഹൗസിലെ ഉയർന്ന ഒരു തസ്തിക നീരയ്ക്ക് ലഭിക്കുമായിരുന്നു. 

ഒബാമയുടെ കാലയളവിൽ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിന്റെ മുതിർന്ന ഉപദേശകയായും പ്രവർത്തന പരിചയമുണ്ട്.

റിപ്പബ്ലിക്കന്മാരിൽ നിന്ന് കടുത്ത എതിർപ്പാണ് നീര ടണ്ടന്റെ നിയമനത്തെ സംബന്ധിച്ച്  ഉയരുന്നത്. ഇതുവരെ നാമനിർദ്ദേശം ചെയ്യപ്പെട്ടവരിൽ ഏറ്റവും മോശം സ്ഥാനാർഥി എന്നാണ് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ അഭിപ്രായപ്പെട്ടത്.  കഴിഞ്ഞ മാസം ആയിരത്തോളം ട്വീറ്റുകൾ നീര നീക്കം ചെയ്തതായി  ഡെയിലി ബീസ്റ്റ് റിപ്പോർട്ട് ചെയ്തു.
കമലാ ഹരീസിനെപോലെ നീരാ ടണ്ഠൻ: ദാരിദ്ര്യത്തെ നേരിട്ട ടണ്ഠന്റെ ബാല്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക