Image

നാട്ടിലിത് വോട്ടെടുപ്പ് കാലം: സിൽജി ജെ ടോം

Published on 04 December, 2020
നാട്ടിലിത് വോട്ടെടുപ്പ്  കാലം: സിൽജി ജെ ടോം
ജനാധിപത്യത്തിന്റെ ഏറ്റവും താഴെ തട്ടിലേക്ക്,  തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാണ് കേരളത്തിലെങ്ങും .  രാഷ്ട്രീയ പോരാട്ടത്തിനിടയിൽ കോവിഡ്  പോരാട്ടവും സജീവമായതിനാൽ ഇക്കുറി  തിരഞ്ഞെടുപ്പ് ആരവങ്ങൾക്ക് മുമ്പത്തെപ്പോലെ  നിറക്കൊഴുപ്പും പകിട്ടുമില്ല. എന്നിരുന്നാലും പോരാട്ടത്തിന് ചൂടും ചൂരും തെല്ലും കുറവില്ല. നോട്ടീസ് വിതരണം, സമൂഹ മാധ്യമങ്ങളിലെ പ്രചാരണം, ഫോണിലും നേരിട്ടും വോട്ടറെ കണ്ടു വോട്ട് ചോദിക്കൽ തുടങ്ങിയവയൊക്കെ ഊർജിതമായി നടക്കുന്നു. ഈ ലേഖനം തയ്യാറാക്കുന്നതിനിടയിൽ തന്നെ എന്റെ ഫോണിലേക്ക്  ഞങ്ങളുടെ വാർഡ് മെമ്പർ ഉണ്ണികൃഷ്ണന്റെ(ബി ജെ പി ) സന്ദേശമെത്തി, ദേശീയ ജനാധിപത്യ  സഖ്യം അയ്മനം പഞ്ചായത്ത് സ്ഥാനാർഥി സംഗമം ഉദ്‌ഘാടനത്തിനായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ശനിയാഴ്ച ഞങ്ങളുടെ 'പരിപ്പ്'  ഗ്രാമത്തിൽ എത്തുന്നുവെന്ന്. 

 ആരവങ്ങളും ആഘോഷങ്ങളും  കാണാനില്ലെങ്കിലും പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ പതിവ് തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് ഓടിയെത്തുന്നുണ്ട് നാട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന   സെമി ഫൈനൽ വിജയിക്കാനുള്ള പോരാട്ടത്തിലാണ് മുന്നണികൾ . ഇടതു വലതു മുന്നണികൾക്കൊപ്പം  താമര  കൂടുതലായി വിരിയിച്ചെടുക്കാൻ സകല അടവും പയറ്റി ബി ജെപിയും സജീവമായി  രംഗത്തുണ്ട് . എന്നിരുന്നാലും കോവിഡ് സാഹചര്യത്തിൽ തീപ്പൊരി പ്രസംഗങ്ങളും റാലികളും ഇല്ലാത്തൊരു തിരഞ്ഞെടുപ്പിനാണ് ഇതാദ്യമായി സംസ്ഥാനം വേദിയാകുന്നത് .

  1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ്  മത്സരം. മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നില്ല.

ആകെയുള്ള 2,71,20,823 വോട്ടർമാരിൽ 1,41,94,725 വനിതാ വോട്ടർമാരും 1,29,25,766 പുരുഷ വോട്ടർമാരും 282 ട്രാൻസ്ജെൻഡർമാരുമാണുള്ളത്.  

തിരഞ്ഞെടുപ്പിൽ 50 ശതമാനം സംവരണ സീറ്റുകളാണ് വനിതകൾക്കായി മാറ്റിവച്ചിട്ടുള്ളത്.  അതുകൊണ്ടുതന്നെ എവിടെ നോക്കിയാലും വനിതകളുടെ ചിരിക്കുന്ന മുഖങ്ങൾ കാണാം . പകുതിയിലേറെ സ്ഥാനാർത്ഥികളും യുവാക്കളാണ് അതിലേറെ പേരും വനിതകളുമാണ് .  ജനറൽ സീറ്റുകളിൽ പോലും വനിതകൾ മത്സരിക്കുന്നു.  എന്റെ സുഹൃത്തുക്കളായ അഡ്വ .രാജി പി റോയ് (വിജയപുരം- എൽ ഡി എഫ് ), റെനി ജോളി (അയ്മനം-യു ഡി എഫ് ), മേഴ്‌സി റെൻ (നെടുംകുന്നം-യു ഡി എഫ് ) , റോസമ്മ സോണി(അതിരമ്പുഴ-യു ഡി എഫ് ) തുടങ്ങിയവരൊക്കെ മത്സര രംഗത്തുണ്ട്. ഞങ്ങളുടെ അയ്മനം  പഞ്ചായത്തിലെ 5 ജനറൽ സീറ്റിലും വനിതകൾ  മത്സര രംഗത്തുണ്ട്.


പ്രചാരണം അന്തിമഘട്ടത്തിലേക്കു കടക്കുമ്പോഴും  താര പ്രചാരകരില്ലാതെയാണ് ഇടതുമുന്നണിയിൽ കാര്യങ്ങൾ പുരോഗമിക്കുന്നത് . കോവിഡ് സാഹചര്യം  കണക്കിലെടുത്ത് നേരിട്ട് വോട്ട് തേടാൻ മുഖ്യമന്ത്രി  രംഗത്തില്ല. ഓൺലൈൻ പ്രചാരണത്തിൽ അദ്ദേഹം സജീവമാണ് .ചികിത്സയുടെ പേര് പറഞ്ഞു പാർട്ടി സെക്രട്ടറി പദവിയിൽ നിന്ന് അവധിയെടുത്ത കോടിയേരി ബാലകൃഷ്ണനാകട്ടെ ഓൺലൈൻ പ്രചാരണത്തിനുമില്ല.  നിലവിൽ സെക്രെട്ടറിയുടെ ചുമതല വഹിക്കുന്ന വിജയ രാഘവനും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുമാണ് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായുള്ളത് .

 സി പി ഐ സംസ്ഥാന സെക്രട്ടറി കാനം  രാജേന്ദ്രനാവട്ടെ ചികിത്സയിലും വിശ്രമത്തിലുമാണ് . 

യു ഡി എഫിന് വേണ്ടി ഉമ്മൻ  ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പ്രചാരണരംഗത്തുണ്ട്. 

ബി ജെ പിയിലാവട്ടെ കേന്ദ്രമന്ത്രി മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സജീവമാണ് .

 വോട്ടർമാരെ  നേരിൽ കണ്ടു വോട്ട് ചോദിക്കാൻ സ്ഥാനാർത്ഥികൾ വീണ്ടും വീണ്ടും വീടുകൾ തോറും എത്തുന്നുണ്ട്. ഇത് എഴുതുന്നതിനിടെ തന്നെ യു ഡി എഫ്, എൽ ഡി എഫ് , ബി ജെ പി സ്ഥാനാർത്ഥികൾ വീട്ടിൽ വന്നുപോയി. 

 ചുവരെഴുത്തുകളും പോസ്റ്റർ ഒട്ടിക്കലുമെല്ലാം പൂർത്തിയായിരിക്കുന്നു. മൂന്നു മുന്നണികളും രണ്ടും മൂന്നും റൗണ്ട് പ്രചാരണം പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി പ്രചാരണം കാതോട് കാതോരം. മാതൃകാ ബാലറ്റും സ്ലിപ്പും നൽകാൻ വീണ്ടും പ്രവർത്തകരെത്തും. 

മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ചുള്ള സ്ഥാനാർഥി സംഗമങ്ങളും കുടുംബ സംഗമങ്ങളും ഓൺലൈൻ യോഗങ്ങളും നടക്കുന്നുണ്ട്, താഴെ തട്ടിലെ വാർഡ് കമ്മിറ്റികളാണ് പ്രധാനമായും തിരഞ്ഞെടുപ്പ് കാര്യങ്ങൾ നോക്കിനടത്തുന്നത്. 

ഡിസംബർ 8 ന്  ആദ്യഘട്ട വോട്ടെടുപ്പ്  നടക്കുന്ന 5 ജില്ലകളിൽ പ്രചാരണം  പാരമ്യത്തിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, ഇടുക്കി ജില്ലകളാണ് ആദ്യം പോളിംഗ് ബൂത്തിലേക്ക് നീങ്ങുക . രണ്ടാം ഘട്ടം– ഡിസംബർ 10ന്  കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്. മൂന്നാം ഘട്ടം 14ന്  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്. ഡിസംബർ 16നാണ്  വോട്ടെണ്ണൽ. 

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനൽ ആണെന്നിരിക്കെ ജില്ലാ പഞ്ചായത്ത് പിടിക്കുക മുന്നണികൾക്ക് അഭിമാന പ്രശ്നമാണ് . 

തിരുവനന്തപുരം, കൊല്ലം കോര്പറേഷനുകൾ നിലനിർത്താനുള്ള ശ്രമത്തിലാണ് എൽ ഡി എഫ്.  തലസ്ഥാനത്ത് ബി ജെ പി ശക്തമായി രംഗത്തുള്ളതിനാൽ ത്രികോണമത്സരമാണിവിടെ .

യു ഡി എഫ് വിട്ട് കേരള കോൺഗ്രസ് (എം) എൽ ഡി എഫിൽ എത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് എന്നതിനാൽ   ഈ മാറ്റം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുറപ്പാണ്.  അവസരവാദ രാഷ്ട്രീയത്തിനും സ്ഥാപിത താല്പര്യങ്ങൾക്കും വേണ്ടി എൽ ഡി എഫിനൊപ്പം പോയ കേരള കോൺഗ്രസിന്റെ (എം)നിലപാട് തുറന്നുകാട്ടുമെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. കേരള കോൺഗ്രസിന് സ്വാധീനമുള്ള പത്തനംതിട്ട, ഇടുക്കി ജില്ലാ പഞ്ചായത്തുകൾ  നിലനിർത്തേണ്ടത്  യു ഡി എഫിനെ സംബന്ധിച്ചിടത്തോളം അഭി മാനപ്രശ്നമായിരിക്കുന്നു. 

കോട്ടയത്തെ സംബന്ധിച്ചിടത്തോളം കേരള കോൺഗ്രസ് എം പോയാലും യു ഡി എഫ് കോട്ട തകരില്ലെന്നു കോൺഗ്രസിന് തെളിയിക്കേണ്ടതുണ്ട് .  ജോസ് കെ മാണി വിഭാഗംപോയെങ്കിലും യു ഡി എഫിലുള്ള  ജോസഫ് വിഭാഗത്തിന് നേട്ടമുണ്ടാക്കാനായാൽ യഥാർത്ഥ കേരളകോൺഗ്രസ് തങ്ങളാണെന്ന് ജോസഫ് വിഭാഗത്തിന് തെളിയിക്കാം . 

ഇടതുമുന്നണിയിലാകട്ടെ  കേരള കോൺഗ്രസ് എം ന് കൂടുതൽ സീറ്റ് നൽകിയതിൽ സി പി ഐ ക്കു മുറുമുറുപ്പുണ്ട് .കേന്ദ്രസർക്കാരിന്റെ ജനക്ഷേമപദ്ധതികളുടെ നേട്ടം പറഞ്ഞാണ് എൻ ഡി എ പോരാട്ടത്തിലുള്ളത് . 

വോട്ടെടുപ്പിന് ദിനങ്ങൾ അടുത്തതോടെ പോളിംഗ് മുന്നൊരുക്കങ്ങൾക്കൊപ്പം കോവിഡ് മുന്നൊരുക്കങ്ങളും  തകൃതിയിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലാണ് പോളിങ് ഉദ്യൊഗസ്ഥരും പോലീസും  . കോട്ടയം ജില്ലയിൽ മാത്രം   ഒരു പോളിംഗ് ബൂത്തിൽ 7  ലിറ്റർ എന്ന കണക്കിൽ 16,324 ലിറ്റർ സാനിറ്റൈസർ ആണ് തിര ഞ്ഞെടുപ്പു നടത്തിപ്പിന് വേണ്ടിവരിക. 

പൊതുയോഗങ്ങൾ നടത്താനാവാത്ത സ്ഥിതി ആയതിനാൽ തീപ്പൊരി പ്രസംഗകർക്കു ഇത്തവണ വേദികളില്ല. തിരഞ്ഞെടുപ്പ്  ചെലവും പൊതുവെ കുറഞ്ഞിട്ടുണ്ട് .  മുൻപൊക്കെ 4 പൊതുയോഗങ്ങൾ എങ്കിലും നടത്തിയിരുന്നുവെന്ന്  സ്ഥാനാർത്ഥികൾ പറയുന്നു. ഒരു യോഗത്തിനു 5000 രൂപയോളം ചെലവ് വരും . ഇതുപോലെ തന്നെ കോർണർ മീറ്റിങ്ങുകളും അനൗൺസ്‌മെന്റും എല്ലാം കൂടി പോക്കറ്റ് കാലിയാക്കിയിരുന്നു , കലാശക്കൊട്ടിന് പതിനായിരമെങ്കിലും  ചിലവായിരുന്നു. ഇത്തവണ അനൗൺസ്‌മെന്റുകൾ പോലും കേൾക്കാനില്ല , ഉണ്ടെങ്കിൽ തന്നെ അവസാന ദിനങ്ങളിലാവും അത് . 

അത്യാവശ്യം ഫ്ലെക്സ്‌, പോസ്റ്ററുകൾ, സാനിറ്റൈസർ, മാസ്ക് ചെലവുകൾ, കുടുംബയോഗങ്ങൾ, ഭക്ഷണ ചെലവുകൾ ഇതൊക്കെയേ സ്ഥാനാർത്ഥികൾക്ക് ഇക്കുറി വേണ്ടിവരുന്നുള്ളു.  

രാഷ്ട്രീയ പോർക്കളം ഒരുങ്ങിക്കഴിഞ്ഞു ,ആരൊക്കെ വീഴുമെന്നും ആരൊക്കെ ജയിക്കുമെന്നും കാത്തിരുന്നു കാണുകതന്നെ . 
നാട്ടിലിത് വോട്ടെടുപ്പ്  കാലം: സിൽജി ജെ ടോം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക