Image

ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് മുന്നേറുന്നു; ബിജെപി മുന്നാം സ്ഥാനത്ത്

Published on 04 December, 2020
ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് മുന്നേറുന്നു; ബിജെപി മുന്നാം സ്ഥാനത്ത്

ഹൈദരാബാദ് | ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തെലങ്കാന ഭരിക്കുന്ന ടിആര്‍എസിന് മുന്നേറ്റം. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമാണ്.


ചന്ദ്രശേഖര്‍ റാവു നേതൃത്വം നല്‍കുന്ന തെലങ്കാന രാഷ്ട്ര സമിതി 57 സീറ്റുകളിലും എഐഎംഐഎം 30 സീറ്റുകളിലും ബിജെപി 28 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ലീഡ് നേടിയ ബിജെപി പിന്നീട് കുത്തനെ താഴെ പോകുകയായിരുന്നു.


ഹൈദരബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 46.55 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 74.67 ലക്ഷം വോട്ടര്‍മാരില്‍ 34.5 ലക്ഷം പേര്‍ മാത്രമാണ് വോട്ട് ചെയ്യാന്‍ എത്തിയത്.


കൊവിഡ് കാരണം ബാലറ്റ് പേപ്പറിലാണ് ഇത്തവണ വോട്ടിംഗ് നടന്നത്. ഇതിനാല്‍ പൂര്‍ണ ഫലം പുറത്തുവരുമ്ബോള്‍ ഇനിയും വൈകും.


തെലുങ്കാന സംസ്ഥാനത്തെ 25 നിയമസഭാ മണ്ഡലങ്ങളിലെ 150 ഡിവിഷനുകള്‍ ചേര്‍ന്നതാണ് ഹൈദരാബാദ് കോര്‍പറേഷന്‍. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി തന്നെ നിര്‍ണയിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പായാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ വിലയിരുത്തപ്പെടുന്നത്. 


ദേശീയ നേതാക്കളെ കൂട്ടത്തോടെ എത്തിച്ച്‌ ബി ജെ പി നടത്തിയ വലിയ പ്രചാരണമാണ് ഇത്തവണത്തെ വോട്ടെടുപ്പ് ശ്രദ്ധേയമാക്കുന്നത്.

2016ല്‍ ഭരണകക്ഷിയായ ടി ആര്‍ എസ് 99 സീറ്റുകളിലും ഉവൈസിയുടെ പാര്‍ട്ടി 44 സീറ്റിലും വിജയിച്ചിരുന്നു. ബി ജെ പി നാല് സീറ്റുകളിലാണ് വിജയിച്ചിരുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക