Image

ബ്രിട്ടനില്‍ വാക്‌സീന്‍ വിതരണം ചൊവ്വാഴ്ച മുതല്‍, ഒരാള്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍

Published on 04 December, 2020
ബ്രിട്ടനില്‍ വാക്‌സീന്‍ വിതരണം ചൊവ്വാഴ്ച മുതല്‍, ഒരാള്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍
ലണ്ടന്‍:  കോവിഡ് വാക്‌സീന്റെ വിതരണം ബ്രിട്ടനില്‍ ചൊവ്വാഴ്ച ആരംഭിക്കും. സ്‌കോട്ട്‌ലന്‍ഡിലാവും വാക്‌സീന്‍ വിതരണത്തിന്റെ ഉദ്ഘാടനം. 95 %വും ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വാക്‌സീന്‍ ലഭിക്കാന്‍ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും. എന്നാല്‍ ചെറിയൊരു ശതമാനം പേര്‍, പെട്ടെന്ന് വികസിപ്പിച്ച വാക്‌സീന്റെ ഫലപ്രാപ്തിയില്‍ ആശങ്കയും രേഖപ്പടുത്തുന്നു.

വാക്‌സീന്‍ വരുന്നതു കൊണ്ട് എല്ലാം ഭദ്രമായി എന്നു കരുതരുതെന്നും മഹാമാരിയുടെ അന്ത്യം കുറിക്കാനുള്ള ആരംഭം മാത്രമാണിതെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെ അഭിപ്രായപ്പെടുന്നത്. ലോകത്ത് ആദ്യമായി വാക്‌സീന്‍ ലഭ്യമാക്കുന്ന രാജ്യമെന്ന ഖ്യാതിയില്‍ അഭിമാനം കൊള്ളുമ്പോഴും സ്വന്തമായി വികസിപ്പിക്കുന്ന ഓക്‌സ്ഫഡ് വാക്‌സീനു മുമ്പേ അമേരിക്കന്‍-ജര്‍മന്‍ കമ്പനികള്‍ ചേര്‍ന്നു നിര്‍മിച്ച  വാക്‌സീന്‍ വിതരണത്തിന് എടുക്കേണ്ടി വന്നതിന്റെ അല്‍പം സങ്കോചവും ബ്രിട്ടീഷ് നേതാക്കളുടെ വാക്കുകളില്‍ വ്യക്തമാണ്. മറ്റു രാജ്യങ്ങളേക്കാള്‍ മികച്ചതായതു കൊണ്ടാണ് ബ്രിട്ടനു ആദ്യം വാക്‌സീന്‍ വിതരണത്തിന് ലഭിച്ചതെന്ന വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്യംസിന്റെ വാക്കുകള്‍ തന്നെ ഇതിന് ഉദാഹരണം.
 
കെയര്‍ ഹോമുകളിലെ പ്രായം ചെന്ന അന്തേവാസികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമാണ് വാക്‌സീന്‍ വിതരണത്തില്‍ ഏറ്റവും മുന്തിയ പരിഗണന. എണ്‍പത് വയസ് കഴിഞ്ഞവര്‍ക്കും ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സ്റ്റാഫിനുമാണ് രണ്ടാമത്തെ പരിഗണന. മൂന്നാമതായി ലഭിക്കുക 75 വയസ് പൂര്‍ത്തിയായവര്‍ക്കാകും.

70 വയസ് കഴിഞ്ഞവര്‍ക്കും വിവിധ രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും രോഗം പിടിപെട്ടാല്‍ അപകട സാധ്യതയേറിയവര്‍ക്കുമാണ് പിന്നീടുള്ള പരിഗണന. അതിനു ശേഷം 65 വയസ് കഴിഞ്ഞവരെ പരിഗണിക്കും. പിന്നീട് 16നും 64നും മധ്യേ പ്രായമുള്ള രോഗികളെ ഉള്ളവരെ കണ്ടെത്തി വാക്‌സീന്‍ നല്‍കും. പിന്നീട് ഘട്ടങ്ങളായി 60,55,50 എന്നിങ്ങനെ പ്രായപരിധി നിര്‍ണയിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കും. ഇതിനെല്ലാം ശേഷമാകും 50 വയസില്‍ താഴെയുള്ള ആരോഗ്യമുള്ളവരെ വാക്‌സീനായി ക്ഷണിക്കുക.

മേല്‍പറഞ്ഞ മുന്‍ഗണനാ ക്രമത്തില്‍ രാജ്യത്തെ ഓരോരുത്തരുടെയും ഊഴമാകുമ്പോള്‍ അപ്പോയ്‌മെന്റിനായി ആരോഗ്യവകുപ്പില്‍നിന്നും അറിയിപ്പ് ലഭിക്കും.

ഒരാള്‍ക്ക് രണ്ട് ഡോസ് വാക്‌സീനാണ് നല്‍കേണ്ടത്. ഒന്നാമത്തെ വാക്‌സീന്‍ സ്വീകരിച്ച് 12 ദിവസത്തിനകം ശരീരത്തിന് വൈറസിനോടുള്ള ഇമ്മ്യൂണിറ്റി ലഭിക്കാന്‍ തുടങ്ങും.21 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസുകൂടി നല്‍കുന്നതോടെ വൈറസിനെതിരേ പൂര്‍ണമായ ഇമ്യൂണിറ്റി അഥവാ പ്രതിരോധശേഷി ലഭിക്കും. ചുരുക്കിപ്പറഞ്ഞാല്‍ 21 ദിവസത്തെ ഇടവേളകളില്‍ എടുക്കുന്ന രണ്ട് ഡോസ് കുത്തിവയ്പിലൂടെയാണ് ഫൈസര്‍ വാക്‌സീന്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചുതുടങ്ങുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക