Image

പ്രൊഫസർക്ക് റിട്ടയർമെന്റ് ഉപഹാരമായി ശിഷ്യരുടെ കലാനിഘണ്ടു

Published on 28 December, 2020
പ്രൊഫസർക്ക് റിട്ടയർമെന്റ് ഉപഹാരമായി ശിഷ്യരുടെ കലാനിഘണ്ടു
ശ്രീ സംസ്കൃത സർവകലാശാല കാലടി, മലയാള വിഭാഗത്തിൽ നിന്ന് കഴിഞ്ഞ മെയ് അവസാനം വിരമിച്ച ഡോ.എൻ.അജയകുമാർ മാഷിനോടുള്ള സ്നേഹോപഹാരമാണ് 'സൂത്രവാക്കുകൾ' എന്ന കലാനിഘണ്ടു. അവിടെത്തെ പൂർവ വിദ്യാർത്ഥികളായ ആദർശ് സി, രാജേഷ് എം ആർ എന്നിവരാണ് ഈ നിഘണ്ടുവിന്റെ എഡിറ്റർമാർ.

സമകാലികമായ ആശയലോകത്തെ പരമാവധി അഭിമുഖീകരിച്ചുകൊണ്ടുള്ള കലാസൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പദകോശമാണ് സൂത്രവാക്കുകൾ എന്ന ഈ പുസ്തകം.കലയെക്കുറിച്ചുള്ള ചിന്ത, ചരിത്രം, സൗന്ദര്യശാസ്ത്രം എന്നിവ എന്ത്, എങ്ങനെ, എന്തുകൊണ്ട് എന്നുള്ള അന്വേഷണമാണ് ഈ കൃതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലെ കുറിപ്പുകൾ പരമാവധി ശ്രമിക്കുന്നതും ഈ ചോദ്യത്തെ പൂരിപ്പിക്കാനാണ്. അതേസമയം സാമ്പ്രദായികമായ കലാസങ്കല്പത്തിനു പുറത്തായ ധാരാളം കലാമാതൃകകളെയും ഇതിൽ ഉൾച്ചേർത്തിരിക്കുന്നു. പാഠകം പോലുള്ള ഒരു പ്രകടനത്തെ കലയായി പരിഗണിക്കുമ്പോൾ രാപ്രഭാഷണം (വഅള്), പാടിപ്പറച്ചിൽ എന്നിവ കൂടി ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്.

പാചകവും ട്രോളും വരെ ഇതിൽ വിഷയമാണ്. ഉർവ്വരതയും ഞാറ്റുവേലയും മുതൽ ഫാഷനും ഗ്രാഫിക് ഡിസൈനും വരെ സൂത്രവാക്കുകളാകുന്നു. അതേസമയം ക്ലാസ്സിക്കൽ കലകളും ഫോക്‌കലകളും ആധുനികചിത്രകലാസങ്കേതങ്ങളും സാഹിത്യസങ്കല്പങ്ങളും സിനിമയും വരെ ഇതിൽ ഉള്ളടങ്ങിയിരിക്കുന്നു. പ്രമേയപരമായ സമഗ്രത അവകാശപ്പെടുന്ന വിജ്ഞാനകോശദൗത്യമല്ല, സങ്കല്പനപരമായ സമീപനമാണ് ഈ കൃതി പുലർത്തുന്നത്.

കാലടി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മലയാളവിഭാഗം പ്രൊഫസ്സറായി വിരമിച്ച ഡോ. എൻ. അജയകുമാറിനോടുള്ള അവിടത്തെ പൂർവ്വവിദ്യാർത്ഥികളുടെയും ഗവേഷകരുടെയും സ്നേഹോപഹാരമായ ഈ കൃതിയുടെ സങ്കല്പത്തെ സാക്ഷാത്കരിക്കാൻ ഒരുപാട് എഴുത്തുകാർ ഇതിൽ എഴുതിയിട്ടുണ്ട്. സച്ചിദാനന്ദൻ, ആർ.നന്ദകുമാർ, സുനിൽ പി ഇളയിടം, പി.എൻ.ഗോപീകൃഷ്ണൻ, ജി.ഉഷാകുമാരി, കവിതാ ബാലകൃഷ്ണൻ, കെ.എം.അനിൽ, അജു കെ നാരായണൻ, സുധീഷ് കോട്ടേമ്പ്രം ,ഏറ്റുമാനൂർ കണ്ണൻ എന്നിങ്ങനെ പ്രശസ്തരായ എഴുത്തുകാരും കേരളത്തിലും കേരളത്തിനുപുറത്തുമുള്ള സർവ്വകലാശാലകളിലെ യുവഗവേഷകരും ഇതിൽ പങ്കാളികളായിട്ടുണ്ട്.

ഇരുനൂറോളം വാക്കുകളും നൂറ്റിപതിനേഴു എഴുത്തുകാരും ഈ നിഘണ്ടുവിൽ സമ്മേളിച്ചിരിക്കുന്നു. ഗയ പുത്തകച്ചാലയാണ് ഇതിന്റെ പ്രസാധകർ. ക്രൗൺ സൈസിൽ പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തിന് എണ്ണൂറ് രൂപയാണ് വില.കേരളീയ കലാ സാംസ്കാരിക പഠനത്തിന് വലിയൊരു മുതൽക്കൂട്ടാകും സൂത്രവാക്കുകൾ എന്ന ഈ കലാനിഘണ്ടു.

സൂത്രവാക്കുകൾ കലാസൗന്ദര്യശാസ്ത്രത്തിലേക്കൊരു പദകോശം

    സൂത്രവാക്കുകൾ എന്ന കൃതി കലാ സൗന്ദര്യ ശാസ്ത്ര മണ്ഡലത്തിലെ ഇരുന്നൂറോളം സൂത്രവാക്കുകൾ ചേർത്ത വിവരണാത്മക പദകോശമാണ്. ആദർശ് സി, രാജേഷ് എം ആർ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത ഈ കൃതിയിൽ നൂറ്റിപതിനേഴോളം പേർ എഴുതിയിരിക്കുന്നു. ഈയൊരു തലക്കെട്ടിൽ ഒരു നിഘണ്ടു തയ്യാറാക്കുമ്പോൾ നിശ്ചയമായും പലതരത്തിൽ ഇതിന്റെ മേഖലയെ നിശ്ചയിക്കേണ്ടിവരും, സൂക്ഷ്മമായി നിർണയിക്കേണ്ടിയും വരും. എന്താണ് കല? ഏതുതരം കലകളെയാണ് ഇവിടെ ഉൾപ്പെടുത്തുന്നത്? കലയെക്കുറിച്ച് ഏതുതരം പറച്ചിലാണ് പറയാൻ പോകുന്നത്? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഉന്നയിക്കപ്പെടാം. പദകോശമാണോ വിവരണാത്മക നിഘണ്ടുവാണോ വിജ്ഞാനകോശം പോലെയാണോ എന്നിങ്ങനെ ഘടനയെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടാകാം. ചിന്തയെ സംബന്ധിച്ചും ചരിത്രത്തെ സംബന്ധിച്ചും സൗന്ദര്യശാസ്ത്രത്തെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടാകാം. മേൽപ്പറഞ്ഞ ചോദ്യങ്ങളിൽ നിന്നുകൊണ്ടുതന്നെയാണ്  ഈ കൃതിയെ വിഭാവനം ചെയ്യേണ്ടിവരിക. നിലവിലെ ആശയലോകത്തുനിന്നുകൊണ്ട് അതിനെ അതിക്രമിക്കുന്ന (Transgression) ഒന്നായി മാറണം എന്നതാണ് ഇത്തരം ഒരു കൃതികൊണ്ട്  അർത്ഥമാക്കേണ്ടത്. 

ഒന്ന്
    കേവലം ഒരു പദകോശം എന്ന നിലയിലല്ല, അകാരാദിക്രമത്തിൽ പരിശോധിക്കാനുള്ള ഘടനാക്രമം എന്ന നിലയിൽ മാത്രമാണ് ഈ കൃതി നിഘണ്ടുവാകുന്നത്. സാമാന്യമായ ഒരു നിഘണ്ടു എന്നതിനപ്പുറം ആശയതലത്തെ വിവരിക്കുകയും വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാവുന്ന തരത്തിലുള്ള വാക്കുകളാണ് ഇതിലുള്ളത്. കേവലം മൂർത്തമായ വസ്തുക്കളുടെ വിവരണം എന്നതിനപ്പുറം കലയുടെ സൗന്ദര്യാത്മകതലത്തെ വിശകലനം ചെയ്യാൻ സാധിക്കുന്ന വാക്കുകളുടെ ശേഖരം എന്ന മട്ടിലാണ് ഇതിന്റെ ഉള്ളടക്കം സംവിധാനം ചെയ്തിരിക്കുന്നത്. അതാകട്ടെ കലയുടെ ദർശനചരിത്രത്തെയും പരിണാമചരിത്രത്തെയും അനുഭൂതിചരിത്രത്തെയും വിവരിക്കുന്നതുമാണ്. കലയെ ഒരു സാംസ്‌കാരികപ്രക്രിയയായി കാണാൻ സാധിക്കുന്നു എന്നതാണ് ഇങ്ങനെ  ചെയ്യുമ്പോഴുള്ള നേട്ടം. 

രണ്ട്
    ഇതിൽ കല എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?. 'കല' എന്നതുകൊണ്ട് സവിശേഷമായി ലളിതകല (Fine Arts) എന്നതുമാത്രമാണ് ഉദ്ദേശിക്കാറ്, പക്ഷേ സാമാന്യമായി എന്തും കലയായി മാറാം. എന്നാൽ ഈ കൃതി ഉദ്ദേശിക്കുന്നത് വിശാലാർത്ഥത്തിലുള്ള കലയെത്തന്നെയാണ്. എന്നാൽ അത് നിലവിൽ പ്രബലമായ കലാരൂപങ്ങൾ എന്നർത്ഥത്തിലല്ല എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ക്ലാസ്സിക്കൽ കലകൾ, ഫോക് കലകൾ, അനുഷ്ഠാനകലകൾ എന്നിങ്ങനെ പറയുന്നവ നേരിട്ട് ഈ കൃതിയുടെ വിഷയമല്ല. പക്ഷേ ഇവയെല്ലാം മുന്നോട്ടുവെക്കുന്ന കലാചിന്ത ഇതിന്റെ ഭാഗമാകുകയും ചെയ്യുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ മഹാശിലാസ്മാരകങ്ങൾ മുതൽ, ഗ്രാഫിക് ഡിസൈൻ വരെയും, പ്രകൃതിദത്തമായ 'സൗന്ദര്യ'വസ്തുക്കൾ മുതൽ മനുഷ്യനിർമ്മിതമായ ചേരിപ്രദേശങ്ങൾ വരെയും ഇവിടെ കലയുടെ പരിധിയിൽ വരും. അഥവാ കലയുടെ പരിധിയിൽ വരാത്തവയൊന്നുമില്ല എന്നും പറയാം. അതുപക്ഷേ എന്തു കുത്തിനിറയ്ക്കാവുന്ന ഒരു ചാക്ക് എന്ന നിലയിലല്ല, ദർശനപരമായി മുന്നോട്ടുവെക്കാവുന്ന ഒരു രൂപം എന്ന നിലയിൽ മാത്രം. 
    ഉദാഹരണമായി മഹാശിലാസ്മാരകങ്ങളെ സാമാന്യമായി കലയായി കാണാറില്ല. (കല എന്ന് വ്യവഹരിക്കപ്പെടുന്ന നമ്മുടെ ഒരു കലയും കേവലം 'കല' മാത്രമായി നിൽക്കുന്നില്ല എന്നതും ഓർക്കണം). എന്നാൽ നടുകല്ലുകൾ മുതൽ കുടക്കല്ലുകൾ വരെയുള്ള മരണാനന്തര സ്മാരകങ്ങൾ മനുഷ്യമരണത്തിന്റെ കലാത്മകമായ ആവിഷ്‌കാരത്തിന്റെ പരിണാമചരിത്രമാണെന്നുകൂടി കാണാം. നടുകല്ലുകൾ കേവലം ശിലകൾ കുത്തിനിർത്തുകയാണ് ചെയ്യുന്നത്. അതിൽ കലാത്മകമായ പരിണാമങ്ങൾ വരുത്തിയാണ് തൊപ്പിക്കല്ലുകൾ, പിന്നീട് കുടക്കല്ലുകൾ, വീരക്കല്ലുകൾ എന്നീ രൂപങ്ങൾ ഉണ്ടായത്. ലഭ്യമായ നിർമ്മാണസാമഗ്രികളും മറ്റും ഇവയെ സ്വാധീനിക്കുന്നുണ്ട്. ശില്പകലയുടെ ഒരു തുടക്കമായിത്തന്നെ ഇതിനെക്കാണാം. മാത്രമല്ല മനുഷ്യന്റെ ജീവിതകാലമല്ല കലാവിഷ്‌കാരത്തിന്റെ മാനദണ്ഡം, മരണാനന്തര ഓർമ്മയാണ് എന്നതും ചിന്താപരമായി ചർച്ചചെയ്യേണ്ടുന്ന ഒന്നാണ്. ഇങ്ങനെ ചർച്ചചെയ്യുമ്പോൾ അവയുടെ 'കലാത്വത്തി'ന് ഒരു പേരുകൊടുക്കാൻ സാധിക്കുകയും അതിനെ വിശദീകരിക്കാൻ സാധിക്കുകയും ചെയ്യും. ഇതു ഈ കൃതിയിലെ ഏറ്റവും ഭാവനാത്മകമായി ചെയ്ത ഒരു തലം മാത്രമാണ് എന്നു കരുതാം. സ്വാഭാവികമായും നിലവിലുളള കലാസങ്കേതങ്ങളെ കേരളീയമായി വിശകലനം ചെയ്യാനും അവയെ സങ്കേതം എന്ന നിലയിൽ പ്രാഥമികമായി പരിചയപ്പെടുത്താനുമുള്ള ഒന്നായിക്കൂടി വേണം ഈ കൃതിയെ കാണാൻ. അതോടൊപ്പം എത്രമേൽ ഭാവനാത്മകമായി, സൗന്ദര്യാത്മകമായി ഇതിനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്നതുകൂടി  ഓർക്കുകയും ശ്രമിക്കുകയും വേണം. ഇതാണ് ഇതിലെ കലയെക്കുറിച്ചുള്ള സങ്കല്പം.ഇത്തരം കാഴ്ചപ്പാടോടുകൂടിയാണ് ഇതിലെ ഓരോ വാക്കുകളെയും പൊതുവെ എഴുത്തുകാർ സമീപിച്ചിരിക്കുന്നത്.

മൂന്ന്
    മറ്റൊന്ന് എങ്ങനെ വിശദീകരിക്കണം എന്നുള്ളതാണ്. ശുദ്ധമായ കല എന്ന പാരമ്പര്യസങ്കല്പം കയ്യൊഴിഞ്ഞുകൊണ്ട് കലയുടെ വൈവിധ്യത്തെ, വൈചിത്ര്യങ്ങളെ, വൈരുദ്ധ്യങ്ങളെ ഏറ്റെടുക്കുകയും അവയുടെ സൗന്ദര്യശാസ്ത്രത്തെ വിശകലനം ചെയ്യുന്ന രീതിയാണ് ഇവിടെ സമീപിച്ചിരിക്കന്നത്. ഇവിടെ സൗന്ദര്യശാസ്ത്രമെന്നതും ഏകമാനമായതല്ല, വൈയക്തികവുമല്ല. മറിച്ച് സൗന്ദര്യത്തിന്റെ സാമൂഹിക, സാസ്‌കാരിക, ജ്ഞാനശാസ്ത്ര വിശദീകരണങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്. ആധുനികാനന്തര ചിന്തയുടെയും സംസ്‌കാരപഠനത്തിന്റെയും വിശകലനപദ്ധതി എന്നും ഇതിനെ പറയാവുന്നതാണ്. ആ അർത്ഥത്തിൽ കലയുടെ ആസ്വാദനം, പരിണാമം, ആശയമാതൃക എന്നിവയെല്ലാം സാംസ്‌കാരികമായും അതിലൂടെയുണ്ടാകുന്ന സൗന്ദര്യശാസ്ത്രത്തിലൂന്നിയുമാണ് ഇവിടെ വിശദീകരിക്കുന്നതെന്ന് പറയാം.അനിമേഷൻ, ഇസ്ലാമിക പാചക കല, കാരികേച്ചർ, ഖവ്വാലി, ഗാലറി, ജിംഗിൾ, ട്രോൾ, പച്ചക്കുത്ത്, ബാണി; മുഖത്തെഴുത്ത്, തവായഫ്, വീഡിയോ ആർട് ,ബിനാലെ, വെളിച്ചപ്പാട്, സൈബർ കല, ഹീബ്രു കാലിഗ്രാഫി, സൂഫിസം എന്നിങ്ങനെ നിരവധി വാക്കുകൾ ഇവിടെ വിശകലനം ചെയ്യുന്നുണ്ട്. 

    നാല്
    ഇങ്ങനെ ഈ കൃതിയുടെ ഘടന, ഉള്ളടക്കം, വിശകലനരീതി എന്നിവയെ ഏതാണ്ട് ഇങ്ങനെ നിർണയിക്കാം എന്നു വിചാരിക്കുന്നു. കലാചരിത്രത്തെ ഒരു പ്രക്രിയ (Process)യായി കാണുകയാണ് വേണ്ടത്. ഇങ്ങനെ ഈ കൃതിയെ വിഭാവനം ചെയ്യുന്നതിലൂടെ മൂന്നു ലക്ഷ്യങ്ങൾ പൂരിപ്പിക്കപ്പെടുന്നു.
    ഒന്ന് - പൂർവ്വമാതൃകകൾ ഇല്ലാത്ത ഒരു വൈജ്ഞാനികകൃതിയായി സൂത്രവാക്കുകൾ മാറുന്നു.
    രണ്ട് - മലയാളത്തിന്റേതായ, കേരളീയമായ ഒരു വിജ്ഞാനമാതൃക രൂപപ്പെടുത്താൻ ഇവിടെ ശ്രമിക്കുന്നു.
    മൂന്ന് - ഏതെങ്കിലും ഒരു വ്യക്തിയുടെ കൃതി എന്നതിലുപരി കൂട്ടായ്മയുടെ കൃതി എന്ന നിലയിൽ ഒരു സംഘം ആളുകളെ ഉൾപ്പെടുത്താനും അതിലൂടെ വിജ്ഞാനത്തിന്റെ വൈവിധ്യത്തെ പ്രയോഗവത്കരിക്കാനും സാധിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക