Image

കടലാസ്പ്പൂക്കള്‍ (കഥ :ജിസ പ്രമോദ് )

ജിസ പ്രമോദ് Published on 30 December, 2020
കടലാസ്പ്പൂക്കള്‍ (കഥ :ജിസ പ്രമോദ് )
ഗേറ്റിനു മുകളില്‍  ആര്‍ച്ചുപോലെ പടര്‍ന്നു പന്തലിച്ചു നിറയെ പൂത്തു നില്‍ക്കുന്ന കടലാസ് പൂക്കളെ വെറുപ്പോടെ അവള്‍ നോക്കി. എത്ര വട്ടം അച്ഛനോട് താന്‍ പറഞ്ഞതാണ് അവ വെട്ടികളയാന്‍. അച്ഛന് നാട്ടിലെ തറവാട് വീടിന്റെ ഓര്‍മ്മയാണത്രെ അവ. ജനവാതിലുകള്‍ക്കപ്പുറം ബോഗന്‍ വില്ല പൂക്കളെ നനച്ചു കൊണ്ട് വേനല്‍ മഴ പെയ്യുന്നുണ്ടായിരുന്നു. കടലാസുപ്പൂക്കളെ പോലെ വേനല്‍ മഴയെയും അവള്‍ വെറുത്തു. ഇങ്ങനൊരു വേനല്‍ മഴയത്താണ് തറവാട്ട് വീട്ടിലെ മാളിക മുറിയില്‍ അവളുടെ സ്വപ്നങ്ങള്‍ ചോരച്ചുവപ്പായി മഴയില്‍ കലര്‍ന്ന് ഒഴുകി പോയത്. ജനവാതില്‍ക്കാഴ്ചകളെ മറയ്ക്കാന്‍ അവള്‍ അവ വലിച്ചടച്ചു കുറ്റിയിട്ടു. പക്ഷെ അവളുടെ മനസ്സിന്റെ ജനവാതിലുകള്‍ എത്രവട്ടം കൊട്ടിയടച്ചിട്ടും ആ കാഴ്ചകളിലേക്ക് തന്നെ കണ്ണ് തുറന്നിരുന്നു. അവളുടെ മനസ്സിലെ ജനവാതിലുകള്‍ക്കപ്പുറം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളൊരു വേനല്‍മഴ പെയ്യാന്‍ തുടങ്ങി. 



റോസും വെള്ളയും ഇടകലര്‍ന്ന ബോഗന്‍ വില്ല ചെടികള്‍ ആര്‍ച്ചു പോലെ നില്‍ക്കുന്ന പടിയുള്ള  ഓടിട്ട ഒരു പഴയ തറവാട് വീട്. നിറയെ പൂത്ത ചെമ്പരത്തി ചെടികള്‍ അതിരിട്ട ആ വീടിന്റെ മുറ്റത്ത് ചെത്തിയും മന്ദാരവും പൂത്തു നിന്നിരുന്നു. 

പട്ടണത്തിലെ വിരസതയില്‍ നിന്ന് വേനലവധിക്ക് അങ്ങോട്ടെത്തിയ തനിക്ക്  ഒരു പുതുജീവന്‍ കിട്ടിയ ഉണര്‍വായിരുന്നു. 

പടി കടന്ന് ചെല്ലുമ്പോഴേ കണ്ടു ഉമ്മറത്ത് തങ്ങളെയും   പ്രതീക്ഷിച്ചു നില്‍ക്കുന്ന മുത്തശ്ശിയെ. ഇറയത്തെ ഇളംതിണ്ണയില്‍ വായനയില്‍ മുഴുകിയിരിക്കുന്ന ഹരിയേട്ടന്‍  അച്ഛനെയും തന്നെയും കണ്ട് എഴുന്നേറ്റു തൂണും ചാരി നിന്നു. 


'വന്നല്ലോ ന്റെ കുട്ടി, ഇനി രണ്ട് മാസം കഴിയാതെ വിടില്ലട്ടോ രാഘവ ഇവളെ ഞാന്‍ ' 

മുത്തശ്ശി തന്നെ കെട്ടി പിടിച്ചു നെറുകയില്‍ ചുംബിച്ചു  

ശബ്ദം കേട്ട് അങ്ങോട്ട് എത്തിയ അമ്മായി അകത്തേക്ക് തന്നെ കൂട്ടികൊണ്ട് പോവുന്നതിനിടയില്‍ പറഞ്ഞു. 

'വയസറിയിച്ചു കഴിഞ്ഞപ്പോ ന്റെ ഗായൂ സുന്ദരികുട്ടി ആയല്ലോ '

അതുകേട്ടു താന്‍ നാണിച്ചു തല താഴ്ത്തി, ഇടംകണ്ണിട്ട് ഹരിയേട്ടന്‍ കേട്ടുവോ എന്ന് നോക്കി. 

കേട്ടിട്ടുണ്ടാവും, അത് ശ്രദ്ധിക്കാതെ അച്ഛന്റെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കുകയാണ്. ഇനി മുതല്‍ പട്ടണത്തിലെ കോളേജിലാത്രേ പഠിക്കാന്‍ പോവുക. ഹോസ്റ്റലില്‍ നിന്ന് പഠിക്കണം പോലും. 


ഉച്ചക്കലത്തെ ഊണും കഴിഞ്ഞ് അച്ഛന്‍ മടങ്ങി. വൈകിട്ട് അമ്മായിയോടൊപ്പം ദീപാരാധന തൊഴാന്‍ അമ്പലത്തിലേക്ക് പോകും വഴി കണ്ടു ആല്‍ത്തറയില്‍ കൂട്ടുകാരോടൊപ്പം വെടിവട്ടം പറഞ്ഞിരിക്കുന്ന ഹരിയേട്ടനെ. വന്നിട്ടിത്ര നേരമായിട്ടും തന്നോടൊന്ന് മിണ്ടിയതു കൂടിയില്ല. വൈകിട്ട് അത്താഴം കഴിക്കുമ്പോള്‍ ആ പരാതി പരിഹരിക്കപ്പെട്ടു. ചിരപരിചിതനായ ഒരു ചങ്ങാതിയെ പോലെ കളിചിരികള്‍ പറഞ്ഞു ഹരിയേട്ടന്‍ തന്നോട് കൂട്ടായി. പിന്നെയങ്ങോട്ട് ഉല്ലാസത്തിന്റെ ദിവസങ്ങളായിരുന്നു. ഹരിയേട്ടന്റെ സൈക്കിളില്‍ നാടു മുഴുവന്‍ ചുറ്റി നടന്നു. പുഴയിറമ്പില്‍ പോയി മീന്‍ പിടിച്ചു. തനിക്ക് ആടാന്‍ തൊടിയിലെ തേന്മാവില്‍ ഊഞ്ഞാല്‍ കെട്ടി തന്നു. 

പിന്നെയെപ്പോഴാണ് ഒക്കെയും താളം തെറ്റിയത്. ഹൃദയം പൊട്ടി വരുന്ന കരച്ചില്‍ പുറത്തേക്ക് വരാതിരിക്കാന്‍ തലയിണയില്‍ മുഖമമര്‍ത്തി കിടന്ന ആ രാത്രി. അടുത്ത് മുത്തശ്ശി കിടപ്പുണ്ട്. ഒരു ചെറിയ അനക്കം മതി ഉണരാന്‍.അടക്കിപ്പിടിച്ച കരച്ചിലില്‍ നിറഞ്ഞൊഴുകിയ കണ്ണുനീര്‍ തലയണയെ നനച്ചു കൊണ്ടിരുന്നു. 

അന്ന് ഉച്ചയ്ക്കലത്തെ ആ നശിച്ച നിമിഷങ്ങള്‍ അതില്ലായിരുന്നെങ്കില്‍, അതു വെറും സ്വപ്നമായിരുന്നെങ്കില്‍, വ്യഥാ ആശിച്ചു. വേനല്‍മഴ ശക്തിയായി പെയ്യുന്ന

ഉച്ചയ്ക്ക് ഹരിയേട്ടന്റെ മുറിയിലേക്ക് പോകാന്‍ തോന്നിയ നിമിഷങ്ങളെ ശപിച്ചു.മുത്തശ്ശിയും അമ്മായിയും ഉച്ചമയക്കത്തിലായിരുന്നു. ഒറ്റയ്ക്കിരുന്ന് ബോറടിച്ചപ്പോഴാണ് ഹരിയേട്ടന്റെ മുറിയില്‍ നിന്ന് പുസ്തകം എന്തെങ്കിലും എടുത്ത് വായിക്കാം എന്ന് കരുതി മുകളിലേക്ക് കയറി ചെന്നത്.  

ഉറങ്ങി കിടന്ന ഹരിയേട്ടനെ  ഉണര്‍ത്താതെ ഷെല്‍ഫില്‍ പുസ്തകം തിരയാന്‍ തുടങ്ങുകയായിരുന്നു താന്‍. പെട്ടന്നാണ് രണ്ട് കൈകള്‍ പുറകില്‍ നിന്നും ഇറുകെ കെട്ടിപുണര്‍ന്നത്. എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കും മുന്‍പ് തന്നെ കിടക്കയിലേക്ക് വലിച്ചിട്ട് കവിളില്‍ അമര്‍ത്തി ചുംബിച്ചത്. 

എന്ത് ചെയ്യണമെന്നറിയാതെ അമ്പരന്നു പോയ തനിക്ക്  പിന്നെ നടന്നതൊരു സ്വപ്നം പോലെയായിരുന്നു. എല്ലാം തകര്‍ന്ന് മുറിയില്‍ നിന്നിറങ്ങി പോരുമ്പോള്‍ തനിക്ക് മനസ്സിലായിരുന്നു. വിലപ്പെട്ടതെന്തോ നഷ്ടമായിരിക്കുന്നു. ഉടുത്തിരുന്ന പാവാടയില്‍ ചോരചുവപ്പ് പടര്‍ന്നിരിക്കുന്നു. അരുതാതെന്തോ സംഭവിച്ചിരിക്കുന്നു.

ആ രാത്രി എങ്ങനെയോ വെളുപ്പിച്ചെടുത്തു. അന്ന് തന്നെ വാശിപിടിച്ചു അച്ഛനെ വിളിച്ചു വരുത്തി. 

എന്തെ പെട്ടെന്ന് മടങ്ങി പോകാന്‍ തോന്നാന്‍ എന്ന മുത്തശ്ശിയുടെയും അമ്മായിയുടെയും ചോദ്യങ്ങള്‍ കേട്ടില്ലെന്ന് നടിച്ചു. തിരിച്ചു പോകണം എന്ന വാശിയില്‍ തന്നെ ഉറച്ചു നിന്നു. വൈകിട്ടു അച്ഛനോടൊപ്പം മടങ്ങുമ്പോള്‍ കുറ്റബോധത്തോടെ തലകുനിച്ചു നിന്ന ഹരിയേട്ടനെ കണ്ടില്ലെന്ന് നടിച്ചു. 


പിന്നീടിന്നെവരെ ആ പടി കയറിയിട്ടില്ല താന്‍. വര്‍ഷങ്ങള്‍ എത്ര കടന്നു പോയി. മുത്തശ്ശി മരിച്ചപ്പോള്‍ പോലും പോകാന്‍ താന്‍ കൂട്ടാക്കിയില്ല. ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേട്ടു. അഹങ്കാരി എന്ന പേര് വരെ ഉണ്ട് ഇന്നും. ഒരു ബന്ധുക്കളുടെയും ഒരു പരിപാടിക്കും താന്‍ പോകാറില്ല. പോയാല്‍ ആ മുഖം വീണ്ടും കാണേണ്ടി വരുമോ എന്ന ഭയമായിരുന്നു. 

വരുന്ന വിവാഹാലോചനകള്‍ ഒക്കെ ഒഴിവാക്കി വിടുമ്പോള്‍, വേറെ അഫയര്‍ ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഒക്കെ താന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. അന്ന് മുതല്‍ ഇന്നുവരെയുള്ള രാത്രികള്‍ ആ നശിച്ച നിമിഷങ്ങളുടെ ഓര്‍മ്മയില്‍ നീറി നീറി കഴിയുകയായിരുന്നു. 

പക്ഷെ ഇന്ന് വന്ന ആലോചന അച്ഛന്‍ വന്ന് പറയുമ്പോള്‍ സത്യത്തില്‍ അമ്പരന്നു പോയി. 

ഹരിയേട്ടന്‍ വിളിച്ചിരുന്നു അച്ഛനെ.പട്ടണത്തില്‍ കോളേജില്‍ പ്രൊഫസര്‍ ആണത്രെ  ഹരിയേട്ടന്‍.ഹരിയേട്ടന് തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അച്ഛനെ വിളിച്ചു പറഞ്ഞിരിക്കുന്നു. പഴയ പാപത്തിന് പ്രായശ്ചിത്തം ആകും. താനോര്‍ത്തു 

കേട്ടപ്പോള്‍ അച്ഛനും സന്തോഷം. തന്റെ മറുപടി കിട്ടാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. 

'എനിക്ക് ഹരിയേട്ടനോടൊന്ന് സംസാരിക്കണം ' എന്ന് മാത്രമേ താന്‍ പറഞ്ഞുള്ളു. 


ഇന്നാണാ ദിവസം നഗരത്തിലെ പാര്‍ക്കില്‍ വച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ കാണാന്‍ പോകുന്നു. 

ഹരിയേട്ടന്റെ പ്രതികരണം ഊഹിക്കാവുന്നതേയുള്ളു. പക്വതയില്ലാത്ത പ്രായത്തില്‍ ചെയ്തുപോയൊരു തെറ്റ്. അത് തിരുത്താന്‍ ഒരവസരം. 

പക്ഷെ എന്തായിരിക്കും തന്റെ പ്രതികരണം.ഹരിയേട്ടനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ തനിക്കു സാധിക്കുമോ? അന്നത്തെ പ്രായത്തിന്റെ ചാപല്യം എന്ന് പറഞ്ഞു നിസാരവല്‍ക്കരിക്കാനും ക്ഷമിക്കാനും തനിക്കാവുമോ? 

അവള്‍ പലവട്ടം ആ ജനവാതിലുകള്‍ കൊട്ടിയടക്കാന്‍ ശ്രമിച്ചിട്ടും വേനല്‍ മഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റില്‍ അവ അടഞ്ഞും തുറന്നും ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. 


നഗരത്തിലെ പാര്‍ക്കില്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഗായത്രി നടന്നു. ഹരിയേട്ടന്‍ അവിടെ നില്‍ക്കാം എന്നാണ് പറഞ്ഞിരുന്നത്. അങ്ങോട്ടേയ്ക്ക് നടന്നടുക്കുമ്പോഴേ അവള്‍ കണ്ടു തണല്‍ മരത്തിനു താഴെ സിമന്റ് ബഞ്ചില്‍ ഹരി ഇരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടലാണ്. ഹരിയേട്ടന്‍ ഏറെ മാറിപ്പോയിരിക്കുന്നു. അന്ന് കണ്ട മീശമുളച്ചു വരുന്ന പയ്യനല്ല ഇന്ന് ജീന്‍സിലും ഷര്‍ട്ടിലും സുമുഖനായ ഒരു ചെറുപ്പക്കാരന്‍. കാലം എല്ലാത്തിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ടല്ലോ, മാറ്റങ്ങള്‍ അവ അനിവാര്യമാണ്. താനും ഇന്നേറെ മാറിയിരിക്കുന്നു. അന്നത്തെ പാവടക്കാരിയല്ലല്ലോ താനും. 


അവളെ കണ്ടതും ഹരി എഴുന്നേറ്റു. കുറച്ചു നിമിഷങ്ങള്‍ അവര്‍ക്കിടയില്‍ ഒരു മൗനം തളം കെട്ടി. ഗായത്രി തന്നെയാണ് ഒരു സംഭാഷണത്തിന് തുടക്കമിട്ടത്. 


'ഹരിയേട്ടന്‍ അച്ഛനെ വിളിച്ചിരുന്നു അല്ലെ '


'മം വിളിച്ചിരുന്നു. കാര്യങ്ങള്‍ അമ്മാവാന്‍ പറഞ്ഞിട്ടുണ്ടാവുമല്ലോ ഗായൂനോട് '


'മം പറഞ്ഞു '


'ഗായൂ എന്നോട് ക്ഷമിക്കണം, അറിയാത്ത പ്രായത്തില്‍ പറ്റിപോയൊരു തെറ്റ്, അതെനിക്ക് തിരുത്തണം '


ഗായത്രി അവന്റെ മുഖത്തേക്ക് നോക്കി. പിന്നെ പതിയെ ഒന്നു ചിരിച്ചു. 


'ഹരിയേട്ടാ,ഇപ്പൊ പറഞ്ഞ ആ തെറ്റ് ഒരുപാട് നാളുകള്‍ എന്റെ മനസ്സിനെ നീറ്റിയിരിന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ കുടുംബത്തില്‍ നിന്നും ഞാന്‍ അകന്നു നില്‍ക്കാന്‍ പോലും കാരണം അതായിരുന്നു. '


'ഗായൂ, ആ തെറ്റ് അതെനിക്ക് തിരുത്തണം. നമ്മള്‍ വിവാഹിതരായിക്കഴിഞ്ഞാല്‍ പിന്നെ ആ തെറ്റ് ഇല്ലാതാവുകയല്ലേ '


'ഹരിയേട്ടാ, ഇപ്പൊ ആ തെറ്റ് ഒരുതരത്തിലും എന്നെ അലട്ടുന്നില്ല എന്ന് കൂടി ഞാന്‍ പറയട്ടെ '


അതുകേട്ടു ഹരി അത്ഭുതത്തോടെ അവളെ നോക്കി. 


'നീ എന്താണ് പറയുന്നത് '


'ഹരിയേട്ടന്‍ അതൊക്കെ മറക്കണം. ഒരു ഭര്‍ത്താവായി ഒരിക്കലും എനിക്ക് ഹരിയേട്ടനെ കാണാനാവില്ല '


'അപ്പോള്‍, നീ '


അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. 


'ഞാന്‍ സന്ന്യാസം ഒന്നും സ്വീകരിക്കില്ല. പറ്റിയൊരാലോചന വരുമ്പോള്‍ ഞാന്‍ കല്യാണം കഴിക്കും '


'ഗായൂ എന്താണീ പറയുന്നത് ശരിക്കും ആലോചിച്ചോ? '


'ഇതില്‍ എന്താണിത്ര ആലോചിക്കാന്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് എപ്പോഴോ നടന്നൊരു ദു:സ്വപ്നം, അത്ര പ്രാധാന്യമേ ഞാനാ സംഭവത്തിനു നല്‍കുന്നുള്ളൂ '


'എനിക്ക് ശരിക്കും നിന്നെ ഇഷ്ടമാണ് ഗായൂ '


'എനിക്കും ഇഷ്ടമാണ് ഹരിയേട്ടാ, പക്ഷെ ഒരു കസിന്‍ ബ്രദറിനോടുള്ള ഇഷ്ടം '


'എനിക്ക് നിന്നെ മനസിലാവുന്നില്ല '


ഗായത്രി മനോഹരമായി ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു. 


'മനസ്സിലാക്കാനൊന്നുമില്ല, എനിക്ക് മനസ്സിനിഷ്ടപ്പെടുന്ന ഒരാളെ ഞാന്‍ വിവാഹം ചെയ്യും. അത് ഹരിയേട്ടന്‍ അല്ലെന്ന് മാത്രം '


'എനിക്കിനി ഒന്നും സംസാരിക്കാനില്ല ഗായൂ, ഞാന്‍ പോകുന്നു '


'ശരി ഹരിയേട്ടാ, നല്ലൊരു പെണ്‍കുട്ടിയെ കണ്ടുപിടിച്ചു വിവാഹം കഴിക്കൂ, ഞാന്‍ ഉറപ്പായും ഉണ്ടാകും കല്യാണം കൂടാന്‍ '


പിന്നെ ഒന്നും പറയാതെ ഹരി അവിടെ നിന്നും നടന്നു. 

ഗായത്രി അവന്‍ പോകുന്നത് നോക്കി ഒരു നിമിഷം നിന്നു. പിന്നെ വെള്ളയും ചുവപ്പും കടലാസുപൂക്കള്‍ പൂത്തുനില്‍ക്കുന്ന ബോഗന്‍ വില്ല ചെടികള്‍ക്കടുത്തെ ബഞ്ചില്‍ ഇരുന്നു. അവളുടെ മനസിലും അപ്പോള്‍ നിറമാര്‍ന്ന കടലാസുപൂക്കള്‍ വിടരാന്‍ തുടങ്ങിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക