Image

കളിച്ചു തീരാത്ത 20 -20 (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 31 December, 2020
കളിച്ചു തീരാത്ത 20 -20 (കവിത: രാജന്‍ കിണറ്റിങ്കര)
ഇനിയും
കളിച്ചു തീരാത്ത
20 -20 യുടെ
വദനത്തില്‍
അവസാന പകലിന്റെ
വിയര്‍പ്പുതുള്ളികള്‍

ചിരിയും കരച്ചിലും
വിങ്ങലും വിതുമ്പലും
മുഖാവരണത്തില്‍
ഉദിച്ചും അസ്തമിച്ചും
അവയ്ക്കിടയില്‍
തിരിച്ചറിയാതെ പോയ
ചില പൊയ്മുഖങ്ങളും

അതിജീവനത്തിന്റെ
നിശ്ശബ്ദ പോരാട്ടത്തില്‍
ഉയര്‍ന്നു കേള്‍ക്കുന്ന
ഹൃദയമിടിപ്പിന്റെ
ദ്രുതതാളങ്ങള്‍
അതില്‍ മുങ്ങിപ്പോയ
പുതുവര്‍ഷത്തിന്റെ
ശംഖൊലികള്‍

ഒരു വശം ചേരുമ്പോള്‍
മറുവശം തെറ്റുന്ന
ക്യൂബ് പോലെ
ജീവിതത്തിന്റെ
ഊഹക്കളികളില്‍
കണക്കുകള്‍ പിഴയ്ക്കുന്ന
നിഗമനങ്ങള്‍

വഴിയരികിലെ
ഭിക്ഷക്കാരനും
വൃദ്ധമന്ദിരത്തിലെ
അനാഥജന്മങ്ങളും
പുതുവര്‍ഷ സൂര്യനെ
കാണുന്നില്ല
കാലത്തിന്റെ ചുവന്ന സൂര്യന്‍
മനസ്സില്‍ അസ്തമയ -
ചൂടില്‍ തിളച്ചുരുകുന്നുണ്ട്

കളിച്ചു തീരാത്ത 20 -20 (കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക