Image

നീലച്ചിറകുള്ള മൂക്കുത്തികൾ -- 46 - സന റബ്സ്

Published on 02 January, 2021
നീലച്ചിറകുള്ള മൂക്കുത്തികൾ -- 46 - സന റബ്സ്
രാത്രി.....
റായ് വിദേതന്‍ദാസിന്‍റെ  വെണ്ണക്കല്‍ കൊട്ടാരം ആകാശത്തെ വാര്‍തിങ്കളോട് മാറ്റുരച്ചുകൊണ്ട് ഇരുണ്ട രാത്രിയില്‍ തലയുയര്‍ത്തിനിന്നു. 
 വഴിയിലെമ്പാടും അലങ്കാരദീപങ്ങള്‍ കൊളുത്തിയിരുന്നു. മട്ടുപ്പാവില്‍ നിന്നാല്‍ ഏതു വാഹനം വരുന്നതും  പോകുന്നതും കാണുന്നരീതിയിലായിരുന്നു ആ വീടിന്റെ നിര്‍മ്മാണചാരുത.
വീട്ടിലേക്കുള്ള വഴിയിലേക്ക് ദാസിന്റെ  കാറുകളുടെ നീണ്ട നിരതന്നെ ഒഴുകിവന്നുകൊണ്ടിരുന്നു.
ദാസ്‌ കൈനീട്ടി  തന്റെ ബൈനോകുലര്‍ എടുത്തു മട്ടുപ്പാവിലേക്കുനോക്കി. അയാളുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. ഇന്നത്തെ രാത്രിയെ വരവേല്‍ക്കാന്‍ നക്ഷത്രരാജകുമാരിയായി  തനൂജ അണിഞ്ഞൊരുങ്ങിയിരിക്കുന്നു! പുറകിലേക്ക് നീണ്ടുകിടക്കുന്ന വസ്ത്രാഞ്ചലം കാറ്റില്‍ പറന്നുയരുന്നു. 
കാറ്റിനെതിരെ പ്രതിരോധിക്കാൻ വെമ്പുന്ന പായ്ക്കപ്പലിന്റെ കൊടിക്കൂറപോലെ!

അതിഥികളായി ആ വീട്ടിൽ ആരുമില്ലായിരുന്നു. ദാസ്‌ അമ്മയുടെ മുറിയിലേക്കു കയറിച്ചെന്നു. താരാദേവി  വെള്ളച്ചുമരിൽ വരച്ച  പച്ചത്തണ്ടുള്ള വലിയ റോസാപ്പൂക്കളുടെ ചിത്രം നോക്കി നില്‍ക്കുന്നു!!

“അമ്മാ....” 
വിളികേട്ടു താരാദേവി തിരിഞ്ഞു.

“ആഹാരം കഴിച്ചില്ലേ... വരൂ ഒരുമിച്ചു കഴിക്കാം... ഒരുപാട് വിഭവങ്ങള്‍ താഴെ മേശയില്‍....  തനൂജയും കാത്തിരിക്കുന്നു.”

“വേണ്ട വിദേത്, നിങ്ങള്‍ കഴിക്ക്, തനൂജ വളരെനേരമായി നിന്നെ കാത്തിരിക്കുന്നു. അതിഥികള്‍ ആരും വേണ്ട, ഈ ദിവസം നിങ്ങൾക്കുമാത്രമായി ആഘോഷിക്കണം എന്നവള്‍ പറഞ്ഞിരുന്നു. നീ വൈകി...” മഴ നനഞ്ഞാല്‍ ഉണ്ടാകുന്ന ചിലമ്പല്‍പോലെ അവരുടെ വാക്കുകള്‍ ഇടറിയിരുന്നു.

“അമ്മ വരൂ.... അമ്മയില്ലാതെ എന്താഘോഷമാണ്...” ദാസ്‌ അവരുടെ കൈകള്‍ പിടിച്ചു.

“ഇല്ല, നീ പോ... ഞാനൊന്നു കിടക്കട്ടെ... ക്ഷീണം....” പറഞ്ഞുകൊണ്ട് അവര്‍ പതുക്കെ നടന്നുചെന്നു കട്ടിലിലേക്ക് ഇരുന്നു. അമ്മയ്ക്ക് പെട്ടെന്നു പ്രായം ബാധിച്ചതുപോലെ ദാസിനു തോന്നി. 
ഉന്മേഷം കൊഴിഞ്ഞുപോയിരിക്കുന്നു. മുടി അഴിഞ്ഞു കിടക്കുന്നു. 
കൈകളിൽ വിറ പടരുന്നത് അമ്മ അറിയുന്നില്ലേ... 
 ദാസ്‌ തിരിഞ്ഞുനടന്നു. ചുവന്ന കര്‍ട്ടനുകള്‍ വലിച്ചിട്ടു അയാള്‍ വാതില്‍ ചാരി.

വലിയ തീൻമേശയില്‍ തനൂജയും ദാസും മുഖാമുഖമിരുന്നു.  പരിചാരകര്‍ നടക്കുന്ന ശബ്ദവും ഭക്ഷണം വിളമ്പുന്ന ചലനങ്ങളും മാത്രം നിറഞ്ഞ മെഴുതിരിയത്താഴം! ക്ഷണം നിറഞ്ഞ കണ്ണുകളോടെ തനൂജ അയാളെത്തന്നെ നോക്കിയിരിക്കവെ ദാസ്‌ കണ്ണിറുക്കി ചിരിച്ചു.

തനൂജ മുകളിലേക്ക് പോയി അരമണിക്കൂർ  കഴിഞ്ഞപ്പോള്‍ ദാസ്‌ താഴെ തന്റെ മുറിയിലേക്ക് കയറി സാമിയെ വിളിച്ചു. സാമി അകത്തേക്ക് വരുമ്പോഴേക്കും ദാസ്‌ കരീബിയന്‍ കാസ്കിലിന്റെ മൂടി പൊട്ടിച്ചിരുന്നു!

“സാബ്....”

“എന്താടോ.......?"

സാമി അനങ്ങിയില്ല.

“ഉം....? "മൂന്ന് ഗ്ലാസുകളില്‍ മദ്യം പകര്‍ന്നു ഓരോ ഗ്ലാസ് വീതം ദാസ്‌ വായിലേക്ക് കമിഴ്ത്തി അയാൾ  സാമിയെ നോക്കി.

“സാബ്.... ഞാനൊരു കാര്യം പറയട്ടെ....”

“നോ....നെവെര്‍.... ഇപ്പോള്‍ ഞാന്‍ പറയുന്നത് താന്‍ കേട്ടാല്‍ മതി. പോയി കൊണ്ടു  വാ .... വേഗം...."

സാമി പിന്തിരിഞ്ഞു. ദാസ്‌ അപ്പോഴേക്കും ഗ്ലാസ് ഒഴിവാക്കി ബോട്ടില്‍ അപ്പാടെ ചുണ്ടോടു ചേര്‍ത്തിരുന്നു. തൊണ്ടയിലൂടെ ആ ദ്രാവകം ഇറങ്ങുമ്പോള്‍ കഴുത്തിലെ പച്ച ഞരമ്പുകള്‍ തുടിക്കുന്നു!

സാമി വീണ്ടും കയറിവന്നു. കയ്യില്‍ കുറച്ചു പേപ്പറുകള്‍ ഉണ്ടായിരുന്നു.

ദാസ് അയാളെനോക്കി ചെറുതായി ചിരിച്ചു. 
 “ശരി, തന്റെ ജോലി കഴിഞ്ഞു. പോ...പോയിക്കിടന്നു സുഖമായി ഉറങ്ങ്‌....”

സാമി അയാളെത്തന്നെ നോക്കിനിന്നു. അയാള്‍ക്കെന്തോ പറയാനുണ്ട്. ദാസ്‌ ചിരിച്ചു. “പോയിക്കിടന്നു ഉറങ്ങെടോ....”

“സാബ്... എനിക്ക് പറയാന്‍ അര്‍ഹതയില്ല....എന്നാലും...” സാമിയുടെ മുഖവുര കേട്ട് ദാസ്‌ പൊട്ടിച്ചിരിച്ചു. “എന്നാ പറ...പറഞ്ഞിട്ട് പോയിക്കിടന്നു സമാധാനമായി ഉറങ്ങ്‌... പറ  പറ പറ....” സാമിയുടെ തൊട്ടരികിലെത്തി ദാസ്‌ ആ കണ്ണുകളിലേക്കു നോക്കി.

“സാബ്...എന്തായാലും ഇത്രയുമായി. സാബ് തനൂജയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാണല്ലോ നിശ്ചയം നടന്നത്. വീണ്ടും....?”

“വീണ്ടും.....?” ദാസിന്‍റെ ഒച്ച ഉയര്‍ന്നിരുന്നു. “പറയെടോ...എന്ത് വീണ്ടും....?”

“അല്ല, വീണ്ടും ഈ പേപ്പറുകള്‍....അതിലെ കാര്യങ്ങള്‍....സാബിനു വിഷമം ഉണ്ടാകരുതെന്ന ആഗ്രഹം എനിക്കുണ്ട്. പത്തിരുപത്തഞ്ചു കൊല്ലമായി ഞാന്‍ കൂടെ നടക്കുന്നു. അതുകൊണ്ട്....”

ദാസ്‌ തിരികെ നടന്നു. അടുത്ത ബോട്ടില്‍ എടുത്തു മൂടി തുറന്നു  ഗ്ലാസ്സിലേക്കൊഴിച്ചു വായിലേക്ക് കമിഴ്ത്തി.
 “അതുകൊണ്ട് ഞാന്‍ തനൂജയോട് ക്ഷമിച്ചു അവളുടെ ശരീരത്തില്‍ കമിഴ്ന്നുവീണു ഇനിയുള്ള കാലം സെറ്റില്‍ ചെയ്യണം എന്ന് അല്ലേ.... അവളുടെ മോതിരത്തില്‍ ഒളിച്ചിരിക്കുന്ന പുകയുന്ന ജിന്നായി ഞാന്‍ മാറണം എന്ന് അല്ലേ....” ദാസിന്റെ പുരികങ്ങള്‍ കൂട്ടിമുട്ടി.

“മിസ്റ്റര്‍ നാരായണസാമി, നിങ്ങൾക്ക്  പോകാം....” ഘനഗംഭീരസ്വരത്തില്‍ ദാസ് ആജ്ഞാപിച്ചപ്പോള്‍ സാമി നടുങ്ങിപ്പോയി. തിരിഞ്ഞുനോക്കാതെ അയാള്‍ വാതിലടച്ചുകൊണ്ട് ഇറങ്ങിപ്പോയി.

 ദാസ്‌ മെലിഞ്ഞു നീണ്ട ഒരു വൈന്‍ഗ്ലാസ്സിലേക്ക്‌ റെഡ് വൈന്‍ ഒഴിച്ച് ഒരുകൈകൊണ്ട് സാമി കൊടുത്ത പേപ്പറുകളും എടുത്തു മുകളിലേക്കുപോയി.  ദാസിന്റെ മുറിയിലേക്കുള്ള ഇടനാഴികളും തൂണുകളും വളവുകളും എല്ലാം നാനാതരം പൂക്കളാലും  വിളക്കുകളാലും നിറഞ്ഞിരുന്നു. രാജാക്കന്മാരുടെ അറയിലേക്ക് പ്രവേശിച്ചതുപോലെ ദാസിന്റെ മുറിയില്‍ നിഴലും നിലാവും പരിമളവും ഇടകലര്‍ന്നു. റോസാപൂക്കളുടെ നനവിലും മൃദുലതയിലും അയാളുടെ കാലുകള്‍ പൂഴ്ന്നു.

“വരൂ.... ഇവിടെ വന്നിരിക്കൂ താരകാറാണീ....” അയാള്‍ തനൂജയെ ക്ഷണിച്ചുകൊണ്ട് ബെഡ്ഡിലേക്കിരുന്നു.
തനൂജ തന്റെ മുടിയിഴകൾ മാറിലേക്കിട്ടു അയാളെ നോക്കി. തന്റെ കൈവിരലുകളിൽ പൂശിയ സുഗന്ധത്തിലേക്കു മൂക്കുകൾ അടുപ്പിച്ചു അവൾ ദാസിനെ വശ്യതയോടെ നോക്കി. 
ഒരു പുരികം മാത്രമുയർത്തി ദാസ് അവളെ ക്ഷണിച്ചു. 
തനൂജ ഒഴുകിയാണ് വന്നത്. അവളുടെ കാലുകള്‍ നിലം തൊടുന്നില്ലെന്നു തോന്നി. അവളെ ചുറ്റിപ്പിടിച്ചുകൊണ്ട് അയാള്‍ അരികിലേക്ക് അണച്ചുപിടിച്ചു.  ആ മുടിയിഴകളിലൂടെ ആ മുഖവും മൂക്കും  ഉരുമ്മിക്കയറി.

“വാവ്....എന്തൊരു ഗന്ധമാണീ മുടിയിഴകള്‍ക്ക്‌... പറയൂ എന്തിന്റെയാണ് ഈ ഗന്ധം...?” തനൂജയുടെ കണ്ണുകളില്‍നോക്കിയായിരുന്നു ചോദ്യം.

“റായ്....റായുടെ ഗന്ധമല്ല എന്തായാലും...എങ്ങനെയാണ് റായിയെ എപ്പോഴും ചോക്ലേറ്റ് മണക്കുന്നത്...? അതുപോലെ കാട്ടുതേനും....ങ്ങ്....ചിലനേരത്ത് റോസാപ്പൂവിന്റെയും....എല്ലാം കൂടെ....എന്താണീ രഹസ്യം....” തനൂജ അയാളുടെ കവിളിലേക്ക്  മുഖമടുപ്പിച്ചു.

ദാസ്‌ ഉച്ചത്തില്‍ ചിരിച്ചു. “അത് പറയാം, ആദ്യം നീ ഈ രഹസ്യം പറ...” മുടിയിഴകള്‍ കൈകളില്‍ എടുത്തു അയാള്‍  മണപ്പിച്ചു. തനൂജയുടെ പുറത്തുകൂടെ ഇഴഞ്ഞ കൈകള്‍ പിന്‍കഴുത്തിലൂടെ ആ മുഖത്തെ മലര്‍ത്തി.

“പറ...എന്താണീ ഗന്ധം....” മിഴികള്‍ പൂട്ടിയിരുന്ന തനൂജ കണ്ണുകള്‍ തുറന്നു. ദാസിന്റെ സ്വരവും അവളുടെ കഴുത്തിലെ പിടിയും വല്ലാതെ മുറുകിയിരുന്നു.

"പറയെടീ....  എന്ത്‌ വിഷമാണെടീ ഈ ഗന്ധം?"
ദാസ്‌ ഊക്കോടെ അവളെയൊരു തള്ളുതള്ളി. പൂക്കള്‍ നിറഞ്ഞ ബെഡ്ഡിലേക്ക് തനൂജ അലച്ചുവീണു. നാലിലൊരു നിമിഷംകൊണ്ട് ഉടുപ്പിലേക്ക് എത്തിപ്പിടിച്ചു അയാള്‍ അവളെ വലിച്ചെഴുന്നേല്‍പ്പിച്ചു. വലിച്ച ഭാഗത്തെ ഗൌന്‍ കീറിപ്പോയി!

“റായ്.....” അമ്പരപ്പോടെയും വേദനയോടെയും തനൂജ വിളിച്ചു.

“അതേ, റായ്... റായ് വിദേതന്‍ ദാസ്!  പേര് നീ മറക്കാന്‍ പാടില്ലായിരുന്നു. ഇത് റായ് ആണെന്ന് ഒരിക്കലും നീ മറക്കരുതായിരുന്നു.” തനൂജയുടെ രണ്ടു കൈയ്യും പിടിച്ചയാള്‍ പുറകിലേക്ക് തിരിച്ചു. ശക്തിയായി കുതറിയ തനൂജ അയാളെ തള്ളിമാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിന്നു. “വിട് വിടാനാണ് പറഞ്ഞത്. വാട്ടീസ് ദിസ്‌... "

ദാസ്‌ അവളുടെ കൈകള്‍ സ്വതന്ത്രമാക്കി. “ഓ മൈ ഡിയര്‍ ലേഡീ... ഇത് റായുടെ സാമ്രാജ്യമാണ്. ഇവിടെ ആരുടെയൊക്കെ ശബ്ദം വെളിയില്‍ കേള്‍ക്കണമെന്നും ഇവിടെനിന്നും  എന്തൊക്കെ പുറത്തുപോകണമെന്നും ഞാനാണ് തീരുമാനിക്കുകയെന്നും നീ മറക്കരുതായിരുന്നു മൈ ലേഡി ബേര്‍ഡ്... നീ ഉറക്കെ നിലവിളിക്കണം....നിനക്ക് ഏതെല്ലാം കോശത്തില്‍ ജീവനുണ്ടോ ആ ജീവനെല്ലാം നിന്റെ പരാജയം ആഘോഷിച്ചു നിലവിളിക്കാന്‍ തുടങ്ങുന്നതല്ലേയുള്ളൂ....”

അയാളവളുടെ അരികിലേക്ക് വന്നു മുടിയിഴകളില്‍ പിടുത്തമിട്ടു. തന്റെ നൈറ്റ്‌ഡ്രസ്സിന്റെ പോക്കറ്റില്‍നിന്നും അയാളൊരു കത്രികയെടുത്തു  വിരലുകളിൽ കറക്കി. തനൂജയുടെ കണ്ണിലൊരു മിന്നലുണ്ടായി.

“ശക്തി കാണിച്ചാല്‍ നിന്റെ തലമുടി മാത്രമല്ല നിന്റെ തലയും ഇവിടെ ചിതറിവീഴും. കാണണോ നിനക്ക്?” ദാസ്‌ മുരണ്ടു.

തനൂജ കിതച്ചു. അവള്‍ വാതില്‍ക്കലേക്ക് നോക്കി.  ദാസ് ചിരിച്ചു. 
“എന്താണ് തനൂജാ മാഡം... പുറത്തുപോകണോ....അല്പം കൂടി ക്ഷമിക്കൂ.... സമയമായില്ലല്ലോ......” 
അവളുടെ തലമുടിയില്‍നിന്നും കുറച്ചു മുടിയിഴകള്‍ താഴേക്ക്‌ വീണു. ബ്രൌണ്‍ നിറത്തിലുള്ള മുടി പാമ്പ്പോലെ താഴെ വളഞ്ഞു കിടന്നു.

“നീയെന്തു കരുതി എന്നെക്കുറിച്ച്? നീ മാത്രം ബുദ്ധിമതി, ഞാന്‍ സര്‍ക്കസ് കൂടാരത്തില്‍നിന്നും നിന്നെ ചിരിപ്പിക്കാന്‍ ഇറങ്ങിവന്ന കോമാളിയാണെന്നോ... നീയെവിടെവരെ കളിക്കുമെന്ന് കാണാന്‍ ഞാന്‍ പതുങ്ങിയാതാണെന്ന് നീ ഈ നിശ്ചയനാടകത്തിലെങ്കിലും മനസ്സിലാക്കണമായിരുന്നു മൈ ഹോനേ വാലീ പത്നീ...”

ഒരു അഭ്യാസിയെപ്പോലെ കാലുകൾകൊണ്ട്  ആ മുടിയിഴകള്‍ മുകളിലേക്കു തട്ടി ദാസ്  പിടിച്ചു. എന്നിട്ട് തനൂജയുടെ മുഖത്തിന്‌ ചുറ്റും രണ്ടുവട്ടം ആട്ടി. 
“ഇതിനുമുന്‍പ് മുടിയിഴകളില്‍ വിഷംപുരട്ടി ഒരു രാത്രി  എന്റെയരികില്‍ വന്നത് നിനക്കോര്‍മ്മയില്ലേ? ഓർക്കുന്നില്ലേ ഐപിഎല്‍ കളിയുടെ കൊല്‍ക്കത്തയിലെ അവസാനദിവസം നീയെന്നെ ചതിച്ചുവീഴ്ത്തിയത്?   ഫോണ്‍ എടുത്തുമാറ്റി പിറ്റേന്ന് ഞാനെവിടെയോ മറന്നുവെച്ചു എന്നും പറഞ്ഞു നീ തകർത്തഭിനയിച്ചത്...?”

തനൂജ പുറകിലേക്കുനീങ്ങി അവളുടെ ഫോണ്‍ കൈക്കലാക്കി.  ദാസ്‌ അപ്പോഴും ചിരിച്ചു. “നിനക്ക് ആ ഫോൺ ഇപ്പോൾ  ഉപയോഗിക്കാന്‍ കഴിയില്ല തനൂജാ... നീ ഇത്രയും വലിയ കാവ്യം രചിക്കുമ്പോള്‍ ഞാനൊരു ചെറിയ തിരക്കഥയെങ്കിലും എഴുതിയില്ലെങ്കില്‍ മോശമല്ലേ...”

“മിലാന്‍റെ നമ്പരിലേക്കുള്ള എന്‍റെ ഫോണ്‍കോളുകള്‍ നിശ്ചിതസമയം ഡയ്‌വേര്‍ട്ട് ചെയ്തുവെച്ചു ആ രാത്രിയില്‍ നീയെന്നെ ചതിച്ചു. നിന്‍റെ ദേഹത്തും വിരലുകളിലും മുടിയിലും വശ്യഗന്ധത്തിലൊളിപ്പിച്ച ഫിറോമോണും ക്ലോറോഫോമും കൂട്ടിചേര്‍ത്തു നീയെന്നെ മൂന്നാല് മണിക്കൂറുകള്‍ തടവിലാക്കി. ശാശ്വതമായ മോഹവലയം തീര്‍ക്കാന്‍ നീ മറന്നുപോയി തനൂജ്ജാ...” 

മുറിവേറ്റ വന്യമൃഗത്തിന്റെ മുരള്‍ച്ചയില്‍ ആ  മുറിയില്‍ മാറ്റൊലികള്‍ ഉണ്ടായി!

“നിനക്കൊരു കാര്യമറിയാമോ? ഞാന്‍ ഇഷ്ടപ്പെട്ടും എന്നെയിഷ്ടപ്പെട്ടും അനേകമാളുകള്‍ എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്‌. ഒരു രാത്രിക്കുവേണ്ടി അഭിനിവേശത്തോടെ  ഞാന്‍ സ്വന്തമാക്കിയവരുമുണ്ട്. പക്ഷെ ഇവരാരേയും അവരുടെ സമ്മതമില്ലാതെ  ഞാന്‍ ദേഹത്ത് തൊട്ടിട്ടില്ല. അവരാരും എന്റെ സമ്മതമില്ലാതെ എന്റെ വിരല്‍ത്തുമ്പിൽ പോലും  സ്പര്‍ശിച്ചിട്ടില്ല. അറിയാമോ നിനക്ക്?” 

അയാളവളുടെ തൊട്ടരികിലെത്തി ആ വിരലുകളില്‍ പിടിച്ചു ഞെരിച്ചു. കത്രിക ആ വിരലുകളിലേക്കു കയറി മുറുകി. നഗ്നമായ കൈത്തണ്ടയിലൂടെ പിന്നീട് മുകളിലെത്തി തുറന്നുകിടന്ന മാറിടത്തിന് നടുവിലൂടെ അയാളൊരു വര വരച്ചു!

തനൂജയുടെ കണ്ണുകളിലെ ആദ്യത്തെ അമ്പരപ്പു  മാറി അവിടെയൊരു കൂസലില്ലായിമ പ്രത്യക്ഷപ്പെട്ടു. അവളൊന്നു ചിരിച്ചു. “ഒരുപാടു  ബുദ്ധിമുട്ടിയല്ലോ ഇതെല്ലാം കണ്ടെത്താന്‍... എങ്കില്‍ പ്രതികാരം തുടങ്ങാം. ആയുധം വെച്ചുതന്നെ ആവാമല്ലോ ആദ്യസ്റ്റെപ്..”

ദാസ്‌ കത്രിക തിരിച്ചെടുത്തു. അയാളുടെ സ്വരം അപരിചിതമായി.
 “അതേ, പ്രതികാരം ഈ നിമിഷമല്ല തുടങ്ങിയത്. നീയറിഞ്ഞത് ഈ നിമിഷത്തിലാണെന്നുമാത്രം. ആ നടുക്കം ഇപ്പോഴും ഇതാ ആ കണ്ണുകളില്‍ ഞാന്‍ കാണുന്നുണ്ട്. നിന്നെ ഈ വീട്ടിലേക്ക്‌ കൊണ്ടുവരാന്‍ ഞാന്‍ തീരുമാനമെടുത്ത നിമിഷം മുതല്‍ നിന്റെ കൌണ്ട്ഡൌണ്‍  തുടങ്ങിക്കഴിഞ്ഞു. നീ കേട്ടിട്ടില്ലേ ഇരയെ തന്റെ മടയില്‍ വരുത്തി വേട്ടയാടുന്ന സിംഹരാജന്റെ കൌശലത്തെപ്പറ്റി...അത്രേയുള്ളൂ....”

അയാള്‍ പേപ്പറുകള്‍ അവളുടെ നേരെയെറിഞ്ഞു. “ഇതാ നീ കളിച്ച കളികളുടെ ലാബ് റിസള്‍ട്ടുകള്‍. എന്തെല്ലാമാണ് നീയന്നു ഹോട്ടല്‍ മുറിയില്‍ നിറച്ച പൂക്കളിലും നിന്‍റെ ദേഹത്തും പുരട്ടിയുരുട്ടിയെടുത്തതെന്ന് ഇതിലുണ്ട്. ഇതെന്റെ മുന്നിലെത്തിയിട്ടു ദിവസങ്ങളായി. പക്ഷെ നീയറിയാത്ത ഒരു കാര്യമുണ്ട്.  ഒരാളെ വശീകരിച്ചു കിടക്കയിലേക്ക് വരുത്താന്‍ ഫിറോമോണിനു കഴിയും. അതേ ആളെ മയക്കിക്കെടുത്താന്‍ ക്ലോറോഫോം ഉപയോഗിക്കുമ്പോള്‍ ക്ലോറോഫോമിന്‍റെ കപാസിറ്റി അല്‍പസമയമേ നില്‍ക്കൂ എന്ന്! രണ്ടും ഒരുമിച്ചു ഉപയോഗിക്കുമ്പോൾ ക്ലോറോഫോം അല്പം കഴിഞ്ഞാൽ നിർവീര്യമാകുമെന്നു നിന്നെ ഈ കളി പഠിപ്പിച്ചവർ പറഞ്ഞുതന്നില്ലേ?"

വിരല്‍ചൂണ്ടിക്കൊണ്ടയാള്‍ വീണ്ടും പറന്നുവന്നു. “നിനക്കറിയാമോ ജീവനുതുല്യം സ്നേഹിക്കുന്ന പെണ്ണിന്റെ ഗന്ധം ഏതു മയക്കത്തിലും പുരുഷന്‍ തിരിച്ചറിയുമെന്ന്...? നിനക്കറിയാമോ സ്നേഹിക്കുന്നവളുടെ സ്പര്‍ശം അവനു മനസ്സിലാക്കാന്‍ കഴിവുണ്ടെന്ന്...? എങ്ങനെ നീയറിയും? വെട്ടിപ്പിടിച്ചല്ലേ നിനക്ക് ശീലമുള്ളൂ...”
 ദാസിന്റെ പരിഹാസം മൂർച്ചിച്ച വാക്കുകള്‍ കേട്ടിട്ടും തനൂജയില്‍ യാതൊരു ഭാവഭേദവുമുണ്ടായില്ല. അവളുടെ കൂസലില്ലായിമ അയാളെ മുച്ചൂടും ക്രൂരനാക്കി മാറ്റുന്നുണ്ടായിരുന്നു.

കുതിച്ചുചെന്നയാള്‍ ആ മുടിയില്‍ വീണ്ടും പിടിത്തമിട്ടു. "എന്റെ ജീവിതത്തിൽ  യാതൊരു റോളും ഇല്ലാത്ത കരോലിനെ നീയിതിലേക്ക് വലിച്ചിഴച്ചത് ഞാന്‍ ക്ഷമിച്ചേനേം... ഹോട്ടല്‍ മുറികളിലെ നെയിംകാര്‍ഡുകള്‍ മാറ്റിവെച്ച് എന്നെയും  കരോലിനെയും ഒരേ കിടപ്പറയില്‍ എത്തിച്ചതും, അവളെ ഈ വീട്ടില്‍ വെച്ച് അപായപ്പെടുത്താന് ശ്രമിച്ചതും ഞാന്‍ ക്ഷമിക്കുമായിരുന്നു, ബിസിനസ് തകര്‍ക്കാന്‍ നീ നടത്തിയ ഓരോ ശ്രമവും ഞാന്‍ ക്ഷമിക്കുമായിരുന്നു....എന്തിന്... നീ നടത്തിയ ഓരോ ചതിയും ഞാന്‍ കണ്ടില്ലെന്നു വെയ്ക്കുമായിരുന്നു, നീയവിടംകൊണ്ട് നിറുത്തി എന്റെ ബിസിനസ് പാര്‍ട്ട്ണര്‍ മാത്രമായി നിലനിന്നിരുന്നെങ്കില്‍... നിന്റെ ഉദ്ദേശ്യം വെറും ബിസിനസിലെ വിജയങ്ങള്‍ മാത്രമായിരുന്നെങ്കില്‍....എന്റെ അനേകം എതിരാളികളില്‍ ഒരാളായി നിന്നെ ഞാന്‍ എഴുതിത്തള്ളുമായിരുന്നു. എങ്ങനെയാണെന്ന് നിനക്കറിയണോ? അറിയാമോടീ ബ്ലഡി ബിച്ച്...” ദാസിന്‍റെ കൈത്തലം അവളുടെ കവിളത്താഞ്ഞു വീണു.

 മുഴുവന്‍ ഊര്‍ജ്ജവും ആവാഹിച്ച അടിയായിരുന്നു അത്.
ചതിക്കപ്പെട്ടവന്റെ... ഓരോ ചതിയിലും നിസ്സഹായാനാക്കപ്പെട്ടവന്റെ  ഊര്‍ജ്ജം....
സ്നേഹത്തിന്റെ വിളുമ്പില്‍ വെച്ചു  താഴേക്ക്‌ ചാടേണ്ടിവന്നവന്റെ അമര്‍ഷം...
വിരല്‍ത്തുമ്പില്‍നിന്നും സ്വപ്നജീവിതം ഊര്‍ന്നുപോയവന്റെ രോഷം....
സ്നേഹിച്ചവള്‍ തള്ളിപ്പറഞ്ഞതിന്റെ.... ആത്മാഭിമാനം വ്രണപ്പെട്ടവന്റെ... നിരാകരിക്കപ്പെട്ടവന്റെ ക്രോധം.....
നാട്ടുക്കൂട്ടത്തില്‍ അപമാനിക്കപ്പെട്ടു തലതാഴ്ത്തി നില്‍ക്കേണ്ടിവന്ന ഗതികേടിന്റെ പര്‍വത്തിലെ അരനിമിഷം.... എല്ലാം ആ കൈത്തലങ്ങളിലേക്ക് ഇരമ്പിക്കയറിവന്നു!

തനൂജ രണ്ടുവട്ടം കറങ്ങിച്ചുറ്റി  താഴേക്കുവീണു.

ദാസിനു തന്റെ ശരീരത്തെ നിയന്ത്രിക്കാന്‍ വളരെയേറെ പണിപ്പെടേണ്ടിവന്നു. അവളെ ചവിട്ടാനായി കാലുയര്‍ത്തിയ അയാള്‍ വായുവില്‍ വെച്ചുതന്നെ തന്റെ കാല്‍ പിന്‍വലിച്ചു അടുത്തുകിടന്ന ഗ്ലാസിട്ട മേശയില്‍ ആഞ്ഞുചവിട്ടി.
 മേശ ഛിന്നഭിന്നമായിപ്പോയി!

“നിന്നോട് ഞാന്‍ ക്ഷമിക്കുമായിരുന്നു, നീയീ  അവസാനത്തെ നാടകം കളിച്ചില്ലായിരുന്നെങ്കില്‍....” രക്തം ഇരച്ചുകയറി ചെന്തീയായിമാറിയിരുന്നു ദാസിന്റെ മുഖം. അയാളവളുടെ മുടിയില്‍ കുത്തിപ്പിടിച്ചു എഴുന്നേല്‍പ്പിച്ചു.

തനൂജയുടെ മൂക്കില്‍നിന്നും കനച്ച രക്തം കിനിഞ്ഞിറങ്ങി. വസ്ത്രത്തോടെ അയാള്‍ അവളുടെ വയറില്‍ കുത്തിപ്പിടിച്ചു.

“നീ ഈ നാടകം കളിച്ചില്ലായിരുന്നെങ്കില്‍....എന്റെ കുഞ്ഞിനെ നീ ഗര്‍ഭം ധരിച്ചെന്ന കള്ളം പറഞ്ഞിരുന്നില്ലെങ്കില്‍....നിന്നോട് ഞാന്‍ ക്ഷമിക്കുമായിരുന്നു.”

ദാസ്‌ അവളിലെ പിടിവിട്ടു. അവളില്‍നിന്നല്‍പ്പം അകലേക്ക്‌ മാറി ആ വയറിലേക്ക് വിരല്‍ചൂണ്ടി. “ഒരു കുഞ്ഞെന്ന എന്റെ അത്യാഗ്രഹത്തില്‍ നീ കത്തി വെച്ചില്ലായിരുന്നെങ്കില്‍... ഈ ഒറ്റക്കാര്യം മതിയായിരുന്നു എനിക്കു നിന്നെ പടിയടച്ചു പിണ്ഡം വയ്ക്കാന്‍... ഈ ഒറ്റ നുണ മതിയായിരുന്നു നിന്നെ നിന്റെ കുടുംബത്തിലും സമൂഹത്തിലും ഒറ്റുകാരിയെന്നു മുദ്ര കുത്തപ്പെടാന്‍...സമൂഹവും  നിന്റെ തൊഴില്‍മേഖലയും നിന്‍റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പാന്‍... അറിയാമോടീ ബ്ലഡീ റയ്ഡിംഗ് റോബിന്‍ഹൂഡ്?”

തനൂജ ചുണ്ടിലേക്ക്‌ ഒലിച്ചുവന്ന ചോര തുടച്ചു അയാളെയൊന്നു നോക്കി. അവളുടെ ചുണ്ടിന്കോണില്‍ പരിഹാസച്ചിരി മിന്നി.

 “പരാജയത്തിന്റെ അവസാനത്തെ തുള്ളിയിലെ നിന്റെയീ വിജയച്ചിരിയുണ്ടല്ലോ, അതെനിക്കിഷ്ടപ്പെട്ടു. എനിക്കറിയാം കുഞ്ഞുണ്ട്‌ എന്ന് പറഞ്ഞപ്പോള്‍ യാതൊരു വൈമനസ്യവും  പറയാതെ നിന്നെ സ്വീകരിച്ചതില്‍ അന്ധാളിച്ചു  നീ പഴുതുകള്‍ അടച്ചുള്ള കൂട് എനിക്കായി ചമയ്ക്കുമെന്ന്... വേണ്ടിവന്നാല്‍ ഡിഎന്‍ഇ ടെസ്റ്റ്‌ നടത്തി നിന്‍റെ ഭാഗം തെളിയിക്കാന്‍ അണിയറയില്‍ നീ എന്റെ വിയര്‍പ്പിന്റെയും രക്തത്തിന്റെയും സാമ്പിള്‍ വരെ ശേഖരിച്ചുവെച്ച് കൃത്രിമത്വം കാണിക്കുമെന്ന്...”

അയാള്‍ ചുവന്ന വൈന്‍ നിറച്ച ഗ്ലാസ്സെടുത്ത്‌ അവളുടെ നേരെ വീശിയെറിഞ്ഞു. തനൂജ കൈകൊണ്ടു തടുത്തു. അവളുടെ നെഞ്ചില്‍ ചാലുകളുണ്ടാക്കി വൈന്‍ താഴോട്ടോഴുകി.

അയാള്‍ സ്വന്തം നെഞ്ചിൽ ഒരടിയടിച്ചു. “നിനക്കറിയാമോ മിലാന്‍ എനിക്കാരാണെന്ന്... അവള്‍ എനിക്കെന്താണെന്ന്....
വിവാഹത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്നവള്‍ പറഞ്ഞതിനാല്‍.... അവള്‍ക്ക് കൃത്രിമഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഇഷ്ടമില്ലാത്തതിനാല്‍.... അവള്‍ക്കുവേണ്ടി കുഞ്ഞുങ്ങളെ വേണ്ടെന്നു വെച്ചവനാണ് ഞാന്‍. എന്റെ പ്രിയപ്പെട്ടവള്‍ക്കു വേണ്ടി. എനിക്ക് കുട്ടികള്‍ ഉണ്ടാവില്ല.”

ഒരഗ്നിപര്‍വതം പൊട്ടിത്തെറിച്ചുകഴിഞ്ഞാല്‍ ഉണ്ടാകുന്ന നിശബ്ദത!!!

അയാള്‍ താന്‍ വാസക്ടമി സര്‍ജറി ചെയ്തതിന്റെ രേഖകള്‍ അവളുടെ മുന്നിലേക്കെറിഞ്ഞു.

“നീ കണ്ണും മനസ്സും നിറഞ്ഞു കാണ്... 
പിന്നെ ഈ നുണകള്‍ കേട്ടിട്ടും നിന്നെയെന്തിനു  സ്വീകരിച്ചു എന്ന് ചോദ്യമുണ്ട് ....” ദാസ്‌ മൂര്‍ച്ചയോടെ തിരിഞ്ഞു. “നിന്നെ എനിക്ക് ഇവിടെ ഈ തട്ടകത്തില്‍ കിട്ടാന്‍ വേണ്ടി, എന്റെ കാല്‍ച്ചുവട്ടില്‍ കിട്ടാന്‍ വേണ്ടി... പുറത്തുനിര്‍ത്തി നിന്‍റെ വേരുകള്‍  വെട്ടുന്നതിലും  നല്ലത് എന്റെ പൂന്തോട്ടത്തില്‍ നിന്നെ ബോണ്‍സായിയാക്കി നിറുത്തുന്നതാണ്. മുരടിച്ചുപോയ നിന്റെ വളര്‍ച്ച നോക്കി നിനക്കിനി ബാക്കികാലം നെടുവീർപ്പിടാം.. ”

കരോളിന്റെ കയ്യില്‍ താന്‍ മിലാന് കൊടുത്തു വിട്ട ഫോട്ടോയും സമ്മാനവും തനൂജ അയാൾക്കു  സമ്മാനിച്ച ഷൂവും മാത്രമല്ല ഇന്നേവരെ തനൂജ നടത്തിയ എല്ലാ ഗൂഡാലോചനകളും അടങ്ങിയ പ്ലാനുകളും ദാസ്‌ നിലത്തേക്കെറിഞ്ഞു.

“നീയെന്തുകരുതി? എന്റെയും കരോളിന്റെയും വെട്ടിയൊട്ടിച്ച വീഡിയോ ക്ലിപ്പുകള്‍ കണ്ടു എന്നെ തള്ളിക്കളയുന്നവളാണ് മിലാന്‍ എന്നോ? നിന്നെ എന്റെ കിടപ്പറയില്‍ തുണിയില്ലാതെ കണ്ടാല്‍ ഭ്രാന്തെടുത്തു ഓടുന്നവളാണ് മിലാന്‍ എന്നോ...? നിനക്ക് തെറ്റി. നിന്റെയീ ഗര്‍ഭനാടകം അവള്‍  അറിയുംവരെയേ നിനക്കീ വീട്ടില്‍ സ്ഥാനമുള്ളൂ... ബാക്കി അവള്‍ക്കറിയാം എന്തു  വേണമെന്ന്....”

തരിച്ചു നില്‍ക്കുന്ന തനൂജയുടെ അടുത്തേക്ക് ദാസ്‌ നടന്നടുത്തു. അവളുടെ കാതോടു ചെവിയടുപ്പിച്ചു അയാള്‍ പതുക്കെ പറഞ്ഞു. “മൈ സ്വീറ്റ് ഹാര്‍ട്ട്‌, ഒരു റെസ്പോണ്‍സിബിലിറ്റികൂടി നിനക്കുണ്ട്‌. നീ പത്തുമാസം കഴിഞ്ഞാല്‍ പ്രസവിച്ചേ പറ്റൂ...അത് ഈ വീട്ടിലെ ഡ്രൈവറുടെയോ വേലക്കാരന്റെയോ  പട്ടിയുടെയോ  പൂച്ചയുടെയോ കുഞ്ഞായാലും  നീ പ്രസിവിച്ചേ മതിയാകൂ. കാരണം റായ് വിദേതന്റെ കുഞ്ഞിനെ വയറ്റില്‍ ഇട്ടിട്ടുണ്ട് എന്ന മെലോഡ്രാമയിലാണല്ലോ നീയിങ്ങോട്ടു കയറിയത്. ഇല്ലെങ്കില്‍ നിന്റെ പൂച്ച് പുറത്താകും. സൊ ട്രൈ മൈ ഡിയര്‍....ഓള്‍ ദി ബെസ്റ്റ്...”

അയാളവളുടെ മുടിയിഴകള്‍ ഒതുക്കികൊടുത്തു. കവിളില്‍ പതുക്കെ തട്ടി “മറ്റൊന്നുകൂടി നീയറിയാനായി പറയുന്നു. എന്നെയും  എന്റെ പാരമ്പര്യത്തെയും  നേടാനാണല്ലോ നീയിതെല്ലാം ചെയ്തത്. ഒബ്സെഷന്‍ ആവാം, പക്ഷെ അതിനു അര്‍ഹതയുണ്ടോ എന്നു  സ്വയം വിലയിരുത്തണം. എന്റെ ശരീരമോ എന്റെ സ്നേഹമോ എന്റെ വെളുത്ത രക്തതുള്ളികളുടെ അധികാരമോ നിനക്ക് ഒരുകാലത്തും ലഭിക്കില്ല.  നീയീ വീട്ടില്‍ എന്റെ ഭാര്യാപദവിയില്‍തന്നെ തുടര്‍ന്നാലും ഒരിക്കലും നിനക്ക് എന്റെ ശരീരമോ മനസ്സോ സ്വന്തമാവില്ല. ഓര്‍ത്തുകൊള്ളുക!!”

 വാതിൽ തുറന്നയാൾ പുറത്തേക്കിറങ്ങി.  നടക്കുംമുന്‍പേ തിരിഞ്ഞു ഇത്രയും കൂടി പറഞ്ഞു. “അതുകൊണ്ട് എന്റെ പട്ടമഹിഷി നന്നായി ഒന്നുറങ്ങിക്കോ ഈ രാത്രി. ഇനി മുതല്‍ നിനക്കങ്ങോട്ടു ഉറക്കമില്ലാത്ത രാത്രികളാവുമല്ലോ....വെരി വെരി സ്വീറ്റ് ഗുഡ്നൈറ്റ്‌ മൈ സ്വീറ്റ്  ലിറ്റിൽ ഹാര്‍ട്ട്‌.....”

നീണ്ട ഇടനാഴിക്കപ്പുറത്തേക്ക് റായ് വിദേതന്‍ നടന്നുപോകുന്നതും നോക്കി കര്‍ട്ടനുകള്‍ക്കപ്പുറം   താരാദേവി നിന്നു. അവരുടെ രണ്ടു മിഴികളും നിറഞ്ഞൊഴുകുകയും തീപ്പന്തങ്ങള്‍പോലെ ജ്വലിക്കുകയും ചെയ്തുകൊണ്ടിരുന്നു.

                               (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 46 - സന റബ്സ്നീലച്ചിറകുള്ള മൂക്കുത്തികൾ -- 46 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക