Image

ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ വൈകാതെ; ഗവേഷണ തലവൻ മലയാളി ഡോ. മത്തായി മാമ്മൻ; ഒരു ഡോസ് മതി; താപനില പ്രശ്നമല്ല

Published on 14 January, 2021
ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ വൈകാതെ; ഗവേഷണ തലവൻ മലയാളി ഡോ. മത്തായി മാമ്മൻ; ഒരു ഡോസ് മതി; താപനില പ്രശ്നമല്ല
ന്യു ജേഴ്‌സി: നിലവിൽ ഫലപ്രദമായ രണ്ടു കോവിഡ് വാക്സിനുകൾക്കാണ് യു എസിൽ അടിയന്തര  ഉപയോഗാനുമതി ലഭിച്ചിട്ടുള്ളത്- ഫൈസറിന്റെയും മോഡേണയുടെയും വാക്സിനുകളുടെ വിതരണം ആരംഭിച്ചുകഴിഞ്ഞു. ഈ വാക്സിനുകൾ രണ്ട് ഡോസ് എടുക്കണമെന്നതുംകടുത്ത തണുപ്പിൽ സൂക്ഷിക്കണമെന്നതും വിഷമം തന്നെ.

എന്നാൽ തയ്യാറായിക്കൊണ്ടിരിക്കുന്ന ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഒറ്റ ഡോസ് മതി. സാധാരണ താപനിലയിൽ സൂക്ഷിക്കാം. വാക്സിൻ വികസിപ്പിക്കുന്ന വിഭാഗത്തിന്റെ തലവൻ ഡോ. മത്തായി മാമ്മൻ മലയാളി എന്നത് അഭിമാനം പകരുന്നു.

മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ എത്തിനിൽക്കുന്ന ജോൺസൺ ആൻഡ് ജോൺസൺ വാക്സിനെക്കുറിച്ച് ആളുകൾ അറിയാൻ ആഗ്രഹിച്ച കാര്യങ്ങളും സംശയങ്ങൾക്കുള്ള ഉത്തരങ്ങളും  കമ്പനിയുടെ ജൻസൺ റിസർച്ച് ആൻഡ്  ഡവലപ്പ്മെന്റ് ഗ്ലോബൽ ഹെഡും മലയാളിയുമായ ഡോ. മത്തായി മാമ്മൻ പങ്കുവയ്ക്കുന്നു.

ഫലപ്രദമായ ഒരു വാക്സിൻ വികസിപ്പിക്കാൻ വര്‍ഷങ്ങളുടെ  ഗവേഷണം വേണ്ടിവരാറുണ്ട്. എങ്ങനെയാണ് നിങ്ങളുടെ ശാസ്ത്രജ്ഞർ ഈ ഉദ്യമം ചുരുങ്ങിയ സമയപരിധിയിൽ പൂർത്തിയാക്കിയത്?

അഭൂതപൂർവമായ ഈ വേഗതയ്ക്ക് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ഗവണ്മെന്റ്, റെഗുലേറ്ററി അതോറിറ്റി, ലോകമെമ്പാടുമുള്ള ശാസ്ത്രസമൂഹം എന്നിവയുടെ സഹകരണവും പങ്കാളിത്തവും  എടുത്തുപറയാവുന്ന  ഘടകങ്ങളാണ്. സാമ്പത്തികത്തിന്റെ കാര്യത്തിലും അറിവിന്റെ കാര്യത്തിലും  ശക്തമായ പിന്തുണ ലഭിച്ചു . വാക്സിൻ വികസനരംഗത്തുള്ള മുൻകാല അനുഭവപരിചയവും സഹായിച്ചു. കോവിഡ് മൂലം ലോകം കഷ്ടപ്പെടുന്നത് കാണുമ്പോൾ എത്രയും വേഗം വാക്സിൻ കണ്ടെത്തണം എന്ന മനസ്സ് എല്ലാവര്‍ക്കും ഉണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം തന്നെ ചൈനയിൽ നിന്ന് കൊറോണ വൈറസിന്റെ സീക്വൻസിനെക്കുറിച്ചും ജനിതകഘടനയെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചിരുന്നു.
സീക്ക , എച്ച് ഐ വി വൈറസുകൾക്കെതിരെ വാക്സിൻ വികസിപ്പിക്കാൻ സഹകരിച്ചിരുന്ന ഡാൻ ബറോച്ചിനും സംഘത്തിനുമൊപ്പമായിരുന്നു ഗവേഷണപർവ്വം. 1  ബില്യണിലധികം ഡോളറിന് തുല്യമായി  ബയോമെഡിക്കൽ അഡ്വാൻസ്ഡ് റിസേർച് ആൻഡ്  ഡവലപ്മെന്റ് അതോറിറ്റിയുടെ സഹകരണവും  ഉണ്ടായിരുന്നു.

മാർച്ച്- ജൂൺ വരെ വിശദമായി  നടത്തിയ ഗവേഷണത്തിനൊടുവിൽ ജൂലൈയോടെ വാക്സിൻ കണ്ടെത്തി. രണ്ടുമാസംകൊണ്ടുതന്നെ  മരുന്ന് ആളുകൾക്ക് സുരക്ഷിതമാണോ എന്ന് ഞങ്ങൾക്ക്  അറിയണമായിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഒന്നാം  ഘട്ടം, രണ്ടാം ഘട്ടം എന്നിങ്ങനെ നടത്തുന്ന പതിവിൽ നിന്ന് വ്യത്യസ്തമായി രണ്ടും ഏകോപിപ്പിച്ച് ഫേസ് 1/ 2 എന്ന പുതിയ സമ്പ്രദായമാണ് അവലംബിച്ചത്. സാധാരണരീതി  പിന്തുടർന്നിരുന്നെങ്കിൽ ഒരു വര്‍ഷം വരെ  പിടിക്കുമായിരുന്നു. 

യൂറോപ്യൻ കമ്മീഷൻ അംഗീകരിച്ച എബോള വാക്സിന് വേണ്ടി പ്രവർത്തിച്ച പരിചയംകൊണ്ട്  വാക്സിൻ സാങ്കേതിക വിദ്യ,  ടീമിന് നന്നായി അറിയാം. ഡോസിനെ സംബന്ധിച്ചും കൃത്യമായ ധാരണ അനുഭവ പരിജ്ഞാനത്തിൽ നിന്നാണ് ആർജ്ജിച്ചത് . ഫേസ് 1/2   ട്രയൽ കഴിഞ്ഞ് നേരെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. വാക്സിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും വിശദമായി വിശകലനം ചെയ്യുന്നത് മൂന്നാം ഘട്ടത്തിലാണ്. എത്ര അധികം ആളുകളെ പരീക്ഷണവിധേയമാക്കാൻ സാധിക്കുന്നുവോ, അതേ വേഗത്തിൽ കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ കഴിയും . 

ഒരൊറ്റ ഡോസ് മതി എന്ന നിഗമനത്തിൽ മൂന്നാം ഘട്ടത്തിൽ എങ്ങനെ എത്തിച്ചേർന്നു?

ഫേസ് 1/ 2 പൂർത്തിയാക്കി സെപ്തംബര്‍ അവസാനം  മുതൽ മൂന്നാം ഘട്ട ട്രയൽ  നടന്നുവരികയാണ്. എം ഐ ടിയുടെ സഹകരണത്തോടെ ഞങ്ങളുടെ ഡാറ്റ സയൻസ് ടീം ഇതിനു പിന്നിലുണ്ട്. മുതിർന്ന 45,000 പേരിൽ നടത്തിയ പരീക്ഷണം തൃപ്തികരമായിരുന്നു. 'എൻസെംബിൾ' എന്ന ഈ വാക്സിൻ തന്നെയാണ് ജോൺസൺ ആൻഡ് ജോൺസന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ട്രയലുകൾ പൂർത്തീകരിക്കുന്നത്. നാല് മാസംകൊണ്ട് ഞങ്ങൾക്ക് ഇത്രയധികം ആളുകളെ പരീക്ഷണത്തിൽ പങ്കെടുക്കാൻ ലഭിച്ചു. 

വിവിധ  മെഡിക്കൽ പശ്ചാത്തലമുള്ള പല പ്രായക്കാരായ  വ്യത്യസ്ത  വർഗ-വർണ-വംശജരിൽ മരുന്ന് ഫലപ്രദമാണെന്ന് ഉറപ്പുവരുത്താൻ പങ്കെടുത്തവരിലും ആ വൈവിധ്യം പുലർത്താൻ ശ്രദ്ധ ചെലുത്തി. ജാൻസെനിൽ ഞങ്ങളുടെ എല്ലാ ഗവേഷണങ്ങൾക്കും വൈവിധ്യം പ്രധാനമാണെങ്കിലും, അന്വേഷണാത്മക കോവിഡ് 19 വാക്സിന്റെ കാര്യത്തിൽ ഇത് വളരെ നിർണായകമായി കണ്ടു. ബ്ലാക്ക്, ലാറ്റിൻ വിഭാഗങ്ങളെ  വൈറസ് കൂടുതൽ ബാധിച്ചതുകൊണ്ട് ഞങ്ങളുടെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഈ വിഭാഗക്കാരെ കൂടുതൽ ഉൾപ്പെടുത്താൻ പ്രതിജ്ഞാബദ്ധരായി. 

പ്ലസിബോ നൽകിയും ഒരു ഡോസ് വാക്സിൻ നൽകിയും നടത്തിയ ക്ലിനിക്കൽ ട്രയലിൽ, ചിലർക്ക് വാക്സിൻ സ്വീകരിച്ച് 14 ദിവസങ്ങൾക്കുള്ളിൽ ഫലപ്രാപ്തി കണ്ടു. മറ്റു ചിലരിൽ 28 ദിവസത്തിന്  ശേഷവും.

എൻസെംബിളിന്റെ തന്നെ രണ്ടു ഡോസ് നൽകിക്കൊണ്ടുള്ള  പഠനവും നടക്കുന്നുണ്ടല്ലോ?

ജോൺസൺ ആൻഡ് ജോൺസന്റെ ഓരോ ചുവടും ശാസ്ത്രത്തിൽ ഊന്നിയാണ്. 'എൻസെംബിൾ 2' എന്ന പേരിൽ രണ്ടു ഡോസ് വാക്സിൻ ആളുകൾക്ക് രണ്ടുമാസത്തെ ഇടവേളയിൽ നൽകുന്നതാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാമതൊരു പഠനംകൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു ഡോസും കൂടി ലഭിച്ചാൽ കൂടുതൽ ഫലപ്രാപ്തിയും ദീർഘകാല പ്രതിരോധവും ഉണ്ടാകുമോ എന്നറിയുകയാണ്. 

എത്ര ശതമാനം ഫലപ്രാപ്തിയാണ് നിങ്ങളുടെ വാക്സിൻ ഉറപ്പുനൽകുന്നത്?

90 ശതമാനത്തിൽ അധികമാണ് കോവിഡ് വാക്സിൻ നിർമ്മാതാക്കൾ  അവകാശപ്പെട്ടിരുന്നത്. ഞങ്ങളും വളരെ ഉയർന്ന ഫലപ്രാപ്തി തന്നെ പ്രതീക്ഷിക്കുന്നു. വളരെ സാവധാനം സമയമെടുത്ത് എല്ലാവിധ സുരക്ഷയും ഉറപ്പാക്കി 1,40,000 പേരിൽ ഒറ്റ ഡോസുകൊണ്ട് പരീക്ഷണം നടത്തി  വിജയിച്ച ആത്മവിശ്വാസവും ധൈര്യവും ഞങ്ങൾക്കുണ്ട്. 

എൻസെംബിളിന്റെ സാങ്കേതിക വിദ്യയും മറ്റു വിവരങ്ങളും?

മറ്റു വാക്സിനുകളിൽ എം ആർ എൻ എ ആണ് ഉപയോഗിച്ചിരിക്കുന്നത്. മെസഞ്ചർ  ആർ എൻ എ ഒരു പ്രോടീൻ ഉത്പാദിപ്പിച്ച് ശരീരത്തിൽ പ്രതിരോധ സംവിധാനം ഏർപ്പെടുത്തുന്ന രീതി.

എന്നാൽ, ഞങ്ങളുടെ വാക്സിനിൽ അഡിനോ വൈറസിനെയാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ജലദോഷം ഉണ്ടാക്കുന്ന  വൈറസാണിത്. അഡിനോ വൈറസ് അതിന്റെ പകർപ്പ്  ഉണ്ടാക്കില്ല. അഡിനോ വൈറസിനൊപ്പം മനുഷ്യകോശങ്ങളിലേക്ക് കോറോണ വൈറസിൽ നിന്നൊരു ജീൻ  കയറ്റിവിടും. അത് പിന്നീട് കൊറോണ വൈറസ് സ്‌പൈക്ക്  പ്രോടീൻ ഉത്പാദിപ്പിക്കും. ഈ സ്‌പൈക്ക്  പ്രോടീനാണ് പിന്നീട് രോഗം ബാധിക്കുമ്പോൾ കൊറോണ  വൈറസുമായി ഏറ്റുമുട്ടി പ്രതിരോധം തീർക്കുന്നത്.
 
അഡിനോ വൈറസ് ഉപയോഗിക്കാനുള്ള പ്രധാനകാരണം എല്ലാവർക്കും  ഇത് അറിയാം എന്നതുതന്നെയാണ്. എബോളയുടെയും എച്ച് ഐ വി യുടെയും ആർ എസ് വി യുടെയും വാക്സിനുകളിൽ ഞങ്ങളിത്  ഉപയോഗിച്ചിട്ടുമുണ്ട്. സുരക്ഷിതമാണെന്ന് അതിൽ നിന്ന് ബോധ്യമുണ്ട്. 

ഏത് താപനിലയിലും സൂക്ഷിക്കാം എന്നതാണ് മറ്റൊരു കാരണം. 

രണ്ടു വര്‍ഷം വരെ മൈനസ് 4 ഡിഗ്രി ഫറെൻഹീറ്റിൽ ഈ വാക്സിൻ സാങ്കേതിക വിദ്യയിലൂടെ മരുന്ന് സൂക്ഷിക്കാം. 34  മുതൽ  46 ഡിഗ്രി   ഫറെൻഹീറ്റിൽ മൂന്ന് മാസം വരെയും കേടുവരില്ല. അതായത് വീടുകളിലെ ഫ്രിഡ്ജിൽ  സൂക്ഷിക്കാം. നിശ്ചിത താപനില നിലനിർത്തിക്കൊണ്ട് ഷിപ്പിംഗിനു  വേണ്ടിവരുന്ന അധിക ചിലവും ബുദ്ധിമുട്ടും ഇതിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടാകില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക