Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 29

Published on 16 January, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ - 29
- അയാളെന്താ എന്റെ അമ്മാച്ചനാണോ ? ഞാൻ നന്നായി പണി ചെയ്തു. അതുകൊണ്ട് അയാൾ പൈസ ഉണ്ടാക്കി. ഡോളറെണ്ണി കൊടുത്തുതന്നെയാ കട വാങ്ങിച്ചത്.
- അതുകൊണ്ടല്ല. ആശുപത്രീ കെടക്കുന്ന പ്രായമായോരെ കണ്ടാ സങ്കടം വരും. ഇവിടത്തുകാരെ ഒന്നും കാണാൻപോലും ആരും വരുകേല. നമ്മളടുത്തു ചെന്നാ ചെലപ്പം കൈയേ മുറുക്കി പിടിച്ചേച്ചു പിന്നെ വിടത്തില്ല. ഒരു മനുഷ്യനെ തൊടാനുള്ള കൊതികൊണ്ടാ .
- അങ്ങനെ പലതും ഈ ലോകത്തിൽ കാണും. അതെല്ലാം നേരെയാക്കാൻ നടന്നാ നമ്മടെ കാര്യം ആരു നോക്കും? എന്റെ കുടുംബത്തിനു വേണ്ടുന്ന വക ഉണ്ടാക്കാനാ ഈ കെടന്നോടുന്നത്. ഞാൻ എന്റെ അമ്മേം അനിയനേം ഭാര്യേം മക്കളേം നോക്കുന്നുണ്ട്. അതിനിടയ്ക്ക് റഷ്യക്കാരന്റെ പൊറകേ നടക്കാനുംകൂടെ നേരമില്ല.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ നോവൽ
പാമ്പും കോണിയും കളിതുടരുന്നു ....
            ......       .....       ......

ഗ്യാസ് സ്‌റ്റേഷന്റെ വരവുചെലവുകൾ നോക്കി ജോയി രാത്രി രണ്ടു മണി വരെ ഇരുന്നു. മറ്റാർക്കും ഒന്നിലും ഉത്തരവാദിത്യം ഇല്ലാത്തതിൽ ജോയിക്ക് അമർഷം തോന്നി.കെ. മാർട്ടിൽ ജോലി ചെയ്യുമ്പോൾ കിട്ടിയിരുന്ന ശമ്പളത്തിൽ നിന്നും ഇരുപതു ഡോളർ വീതം ജോയി മാറ്റിവെച്ചിരുന്നു. രണ്ടാഴ്ച കൂടുമ്പോഴായിരുന്നു കെ. മാർട്ടിൽ ശമ്പളം കൊടുത്തിരുന്നത്.
ശമ്പളം കിട്ടിയത് ചെക്കായിട്ടാണ്. ആദ്യത്തെ ചെക്ക് ബാങ്കിൽ കൊണ്ടുപോയി ഡോളറാക്കി മാറ്റിയ നിമിഷം ജോയിയുടെ മനസ്സിൽ പച്ചയായി നിൽപ്പുണ്ട്. അതിൽ നിന്നും ഇരുപത് ഡോളർ ജോയി മേശയുടെ അടിയിലേക്ക് മാറ്റിവെച്ചു. അടുത്ത ശമ്പളത്തിൽനിന്നും അതിനടുത്ത ശമ്പളത്തിൽ നിന്നും ,അങ്ങനെ വളരുന്ന രഹസ്യ സമ്പാദ്യം അയാൾക്ക് ആവേശമായി. പിന്നെ ഓവർടൈം ചെയ്തു കിട്ടുന്ന പണം മുഴുവനായി അതിലേക്കു മാറ്റി. എന്നിട്ടും സാലിയുടെ ഒരു മാസത്തെ ശമ്പളത്തോളം എത്തിയില്ല ജോയിയുടെ സ്വകാര്യ സമ്പാദ്യം.
ഒരു വർഷം കഴിഞ്ഞപ്പോൾ ജോയി ഇരുപത് ഡോളറിൽനിന്നും രണ്ടാഴ്ചയിൽ അൻപതു ഡോളർ എന്ന നിരക്കിലേക്ക് സ്വകാര്യ സമ്പാദ്യത്തെ ഉയർത്തി. ജോയിക്ക് കടയിൽ നിന്നും ക്രിസ്തുമസ് സമ്മാനമായി കിട്ടിയ ചെറിയൊരു വെട്ടിയിലേക്ക് പെരുകിവരുന്ന നോട്ടുകളെ അയാൾ മാറ്റിക്കൊണ്ടിരുന്നു.
ആ പെട്ടിയിൽ പണമിട്ടതിന്റെ അടുത്ത ആഴ്ചയാണ് ഗ്യാസ് സ്റ്റേഷന്റെ മുന്നിലെ കടക്കാരൻ വ്ലാഡിമർ കട നടത്തുന്നതിന്റെ ബുദ്ധിമുട്ടിനെപ്പറ്റി ജോയിയോടു പറഞ്ഞത്. അയാളുടെ കടയിലെ പച്ചരി എവിടെനിന്നും വാങ്ങിയതാണെന്നു വേറെ തരം അരി കിട്ടുമോ എന്നും നാണം മറന്ന് ആ കുട്ടനാട്ടുകാരൻ അന്വേഷിച്ചു. പാർബോയിൽഡ് റൈസ് എന്ന കുത്തരി വാങ്ങാൻ ടൊറന്റോയോളം ഡ്രൈവു ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ആ ചോദ്യം.
സാധനങ്ങൾ വാങ്ങാൻ പോകുന്നതിന്റെയും സൂക്ഷിക്കുന്നതിന്റെയും മര്യാദയില്ലാതെ പെരുമാറുന്ന കസ്റ്റമേഴ്സിനെ നേരിടുന്നതിന്റെയും ബുദ്ധിമുട്ടുകൾ വ്ലാഡിമർ ജോയിയോടു പറഞ്ഞു. അങ്ങനെയാണ് അയാൾക്കു കടയിലേക്കു വേണ്ട സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന പണി ജോയി ഏറ്റെടുത്തത്. കടയിലെ തീരുന്ന സാധനങ്ങൾ വ്ലാഡിമർ കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ച് വാങ്ങിക്കൊണ്ടുവരിക, പുതിയ സാധനങ്ങൾ കണ്ടറിഞ്ഞ് സാമ്പിളായി കുറച്ച് വാങ്ങുക അങ്ങനെ പലതും വ്ലാഡിമറിനുവേണ്ടി ജോയി ചെയ്തു. ന്യായമായ ലാഭ ശതമാനത്തോടെ .അവിടെ നിന്നാണ് ജോയിയുടെ ബിസിനസ്സിന്റെ തുടക്കം. ക്രിസ്തുമസ് സമ്മാനമായി കിട്ടിയ പെട്ടിയുടെ ഐശ്വര്യമാണ് അതെന്ന് ജോയി ഉറച്ചുവിശ്വസിച്ചു. അതുകൊണ്ട് വർഷങ്ങൾ കഴിഞ്ഞ് ഗ്യാസ് സ്റ്റേഷൻ വാങ്ങുമ്പോഴും ജോയി ആ പെട്ടി കൂടെ കൊണ്ടു പോയി. ആദ്യത്തെ വരുമാനം അതിലേക്കാണു വീണത്.
ജോയിയുടെ മേൽനോട്ടത്തിൽ വ്ലാഡിമറിന്റെ കടയുടെ പ്രകൃതി മാറിവന്നു. റഷ്യയുടെ മരവിപ്പിലേക്ക് കേരളത്തിന്റെ വസന്തം കുടിയേറി, കെ - മാർട്ടിലെ തുച്ഛസ്ഥാനത്തുനിന്നും വ്ലാഡിമറിന്റെ കണ്ണിലെ ഉത്തരവാദിത്വമുള്ള പങ്കാളിയെന്നത് ജോയിയെ ആഹ്ളാദിപ്പിച്ചു. കെ - മാർട്ടിൽ നിർദ്ദേശമനുസരിച്ചാണ് ഓരോ കർമ്മവും ചെയ്യേണ്ടത്. ഏതൊക്കെ സാധനങ്ങൾ ഏത് ഷെൽഫിൽ എങ്ങനെയാണു നിരത്തി വെക്കേണ്ടതെന്ന് ഹെഡ് ഓഫീസിൽ നിന്നും ഓർഡറുണ്ട്.
വ്ലാഡിമറിന്റെ കടയിൽ ജോയി പലതും മാറ്റിയും മറിച്ചും വെക്കും. സമയമനുസരിച്ച് . കസ്റ്റമേഴ്സ് വരുന്നതനുസരിച്ച് . വേനൽക്കാലത്ത് ജോയി തണ്ണിമത്തങ്ങയും സ്ട്രോബറിയും കൊണ്ടുവന്നു. അതുകണ്ട് ആദ്യം വ്ലാഡിമർ ചിരിച്ചു.
- നിനക്കു ഭ്രാന്താണു ചെറുക്കാ. ഇതൊന്നും ഇവിടെ വിൽക്കാൻ തന്നെ നമുക്ക് അനുവാദമില്ല.
ആരെങ്കിലും ഇൻസ്പെക്ഷനു വന്നാൽ ഇതു നമ്മുടെ വീട്ടാവശ്യത്തിനു വാങ്ങിയതാണെന്നു പറഞ്ഞാൽ മതിയെന്ന് ജോയി തർക്കിച്ചു. ഓരോ കടകളിലും വിൽക്കാവുന്ന സാധനങ്ങൾക്ക് കണക്കുണ്ടെന്ന് അങ്ങനെയാണ് ജോയി അറിഞ്ഞത്. ഒരു കട ഉള്ളതു കൊണ്ട് എന്തും അവിടെ നിരത്തിവച്ചു വിൽക്കാനാവില്ല. കനേഡിയൻ ബിസിനസ്സ് നിയമങ്ങളുടെ ആദ്യപാഠം.
എന്നാൽ വ്ലാഡിമറിനെ അൽഭുതപ്പെടുത്തിക്കൊണ്ട് തണ്ണിമത്തങ്ങ അഞ്ചും വാങ്ങിയതിന്റെ ഇരട്ടി വിലയ്ക്കു വിറ്റുപോയി. സ്ട്രോബറിയോട് അത്രയ്ക്കിഷ്ടം ആരും കാണിച്ചില്ല. സ്ട്രോബറി പലരുടെയും വീടിനു പിന്നിൽ വിളയുന്ന ജൂൺ മാസമായിരുന്നു അത്. തന്നെയല്ല വലിയ ഗ്രോസറി കടകളിൽ അപ്പോൾ സ്ട്രോബറി സുലഭവുമായിരുന്നു. പക്ഷേ, ഒന്റേറിയോയിൽ തണ്ണിമത്തൻ വിളയാൻ മാസങ്ങൾ കഴിയണം. തണ്ണിമത്തന്റെ ലാഭം സ്ട്രോബറിയുടെ നഷ്ടത്തെ കവച്ചുവെച്ചു.
അങ്ങനെയാണ് ജോയി മാർക്കറ്റിങ് തന്ത്രങ്ങൾ പഠിച്ചത്. അയാൾ അടുത്തുള്ള ഗ്രോസറി കടകളിൽ കിട്ടാത്ത സാധനങ്ങളും വില കൂടിയ സാധനങ്ങളും ഏതൊക്കെയാണെന്നു കണ്ടുപിടിച്ചു . പിന്നെ ടൊറന്റോ മുഴുവൻ അന്വേഷിച്ചുനടന്ന് അതൊക്കെ കുറഞ്ഞ ചെലവിൽ വാങ്ങാനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിച്ചു..
വ്ലാഡിമറിനു സ്ഥിരം കസ്റ്റമേഴ്സ് വരാൻ തുടങ്ങി. പ്രായം കൂടിയ ഒറ്റപ്പെട്ട വൃദ്ധകൾ തണ്ണിമത്തങ്ങയും ചിലപ്പോൾ സ്റ്റാമ്പും അന്വേഷിച്ചു വന്നു - ജോയി അവർക്കു വേണ്ടി കവറുകളും കത്തെഴുതാനുള്ള മനോഹരമായ വർണ പേപ്പറുകളും കടയിൽ എത്തിച്ചു. കുട്ടികൾക്കുള്ള കളിക്കോപ്പായിരുന്നു കൂടുതൽ ലാഭം ഉണ്ടാക്കിയത്.
വില കുറഞ്ഞ ചെറിയ ട്രക്കുകളും കാറും കളിത്തോക്കും വേഗത്തിൽ വിറ്റുപോയി. മാത്രമല്ല കുട്ടികൾ തന്നെ അവർക്കു പരസ്യമായി മാറി. ഇവിടെനിന്നും മൈക്കിൾ വാങ്ങിയപോലുള്ള ട്രക്ക് , എമിലി വാങ്ങിയ മിഠായി എന്നൊക്കെ പറഞ്ഞു വന്ന കുട്ടികളുടെ രക്ഷിതാക്കളെ സന്തോഷിപ്പിക്കാനും ജോയി കഴിയുന്നത്ര ശ്രമിച്ചു കൊണ്ടിരുന്നു.
കട കൊണ്ടുനടക്കാൻ കഴിയാത്തതുപോലെ വ്ലാഡിമറിന്റെ ആരോഗ്യം തീർന്നു പോയപ്പോൾ അത് ജോയിക്കു വിൽക്കുന്നതിൽ അയാൾക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളു. കട വാങ്ങിക്കഴിഞ്ഞിട്ടും സാലി വ്ലാഡിമറിനെപ്പറ്റി ചോദിച്ചു കൊണ്ടിരുന്നു.
ഇടയ്ക്ക് അയാളെ പോയി കാണണമെന്നും എന്തെങ്കിലും കൊണ്ടു കൊടുക്കണമെന്നും സാലി പറയും.
- അയാളെന്താ എന്റെ അമ്മാച്ചനാണോ ? ഞാൻ നന്നായി പണി ചെയ്തു. അതുകൊണ്ട് അയാൾ പൈസ ഉണ്ടാക്കി. ഡോളറെണ്ണി കൊടുത്തുതന്നെയാ കട വാങ്ങിച്ചത്.
- അതുകൊണ്ടല്ല. ആശുപത്രീ കെടക്കുന്ന പ്രായമായോരെ കണ്ടാ സങ്കടം വരും. ഇവിടത്തുകാരെ ഒന്നും കാണാൻപോലും ആരും വരുകേല. നമ്മളടുത്തു ചെന്നാ ചെലപ്പം കൈയേ മുറുക്കി പിടിച്ചേച്ചു പിന്നെ വിടത്തില്ല. ഒരു മനുഷ്യനെ തൊടാനുള്ള കൊതികൊണ്ടാ .
- അങ്ങനെ പലതും ഈ ലോകത്തിൽ കാണും. അതെല്ലാം നേരെയാക്കാൻ നടന്നാ നമ്മടെ കാര്യം ആരു നോക്കും? എന്റെ കുടുംബത്തിനു വേണ്ടുന്ന വക ഉണ്ടാക്കാനാ ഈ കെടന്നോടുന്നത്. ഞാൻ എന്റെ അമ്മേം അനിയനേം ഭാര്യേം മക്കളേം നോക്കുന്നുണ്ട്. അതിനിടയ്ക്ക് റഷ്യക്കാരന്റെ പൊറകേ നടക്കാനുംകൂടെ നേരമില്ല.
സാലിക്ക് വല്ലാത്ത നിരാശ തോന്നും. അയാൾ ഏതെങ്കിലും ഓൾഡ് ഏജ് ഹോമിലാവും. ഒരുപക്ഷേ, മരിച്ചിട്ടുതന്നെ ഉണ്ടാവും എന്നൊക്കെ സാലിയുടെ മനസ്സ് അവളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. അപ്പോൾ വലിയ കണ്ണുള്ള ശാന്തിപ്പശുവിനെ ഒന്നു തൊടണമെന്ന് സാലിക്കു തോന്നും. ഉറക്കത്തിൽ മരിച്ചുപോയ അമ്മാളമ്മച്ചി ഭാഗ്യവതിയാണെന്ന് സാലി ഓർക്കും.
                     തുടരും ....
പാമ്പും കോണിയും - നിർമ്മല - നോവൽ - 29
Join WhatsApp News
Renu Sreevatsan 2021-01-19 16:19:19
വല്ലാത്തൊരു തിരക്കിൽ പെട്ടത് കാരണം പല ലക്കങ്ങൾ ഇന്നൊരുമിച്ചാണ് വായിച്ചത്. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന എഴുത്ത്. മുഴുവൻ നോവലും ഒന്നിച്ചു വായിച്ചാൽ പോലും തീരാതെ താഴെ വെക്കാൻ തോന്നില്ല..excellent going..waiting for the rest..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക