Image

കറുത്ത ചുണ്ടുകളുള്ള പെൺകുട്ടി (കഥ: പുഷ്പമ്മ ചാണ്ടി )

Published on 18 January, 2021
കറുത്ത ചുണ്ടുകളുള്ള പെൺകുട്ടി (കഥ: പുഷ്പമ്മ ചാണ്ടി )
റെയിൽവേ സ്റ്റേഷനിൽ 
ട്രെയിൻ കാത്തുനില്ക്കുമ്പോൾ അവൾ എല്ലാവരെയും വീക്ഷിക്കുകയായിരുന്നു, തന്നേപ്പോലെ...കാത്തു നില്ക്കുന്നവർ, 
യാത്രയയക്കാൻ വന്നവർ.., ചിലരുടെ മുഖത്തു സന്തോഷം, 
ചിലർ വിഷണ്ണർ, മറ്റുചിലർ  ഫോണിൽ നിന്നും കണ്ണെടുക്കാതെ... 
പക്ഷേ...അവരിലാരും തൻ്റെയത്രയും കറുത്ത നിറമുള്ളവരല്ല.. .
"കറുപ്പിന് ഏഴഴകാണ്" എന്നൊക്കെ പറയും, പക്ഷേ.. കല്യാണക്കമ്പോളത്തിൽ,
കറുത്ത നിറക്കാരിക്ക് ഡിമാൻഡു കുറവ്..
എല്ലാവരും ചോദിക്കുന്നത് വെളുത്ത പെണ്ണിനെയാണ്.
അമ്മയുടെ കാലത്തൊന്നും ഈ കറുപ്പുനിറം ഒരു 
പ്രശ്നമല്ലായിരുന്നോ.. ? അല്ലെങ്കിൽ, ഒരുവിധം വെളുത്ത 
എന്റെയച്ഛനെങ്ങനെ അമ്മയെ കെട്ടി ..? അച്ഛന്റെ മരണം വരെ അമ്മയെ അച്ഛൻ 
പൊന്നുപോലെ നോക്കിയിരുന്നു., സ്നേഹിച്ചിരുന്നു....

താനിച്ചിരി 
ഇരുണ്ടിട്ടാണെന്ന് ചെറുപ്പത്തിലേ എല്ലാവരും പറയുമായിരുന്നു...
ഇപ്പോൾ ഒന്നുകൂടെ ഇരുണ്ടിട്ടുണ്ടോ
എന്നറിയില്ല.
പെണ്ണുകാണാൻ വരുന്നവർ പറയുന്നു, പെണ്ണ് കറുത്തിട്ടാണെന്ന്.
കുറെ നാളായി ഇതുതന്നെ.. കേട്ടു മടുത്തു ....
അപ്പോഴെല്ലാം,അവൾ അയാളെ വെറുതെ ഓർത്തപോകും... ഒരാൾക്കും നടന്നെത്താൻ
കഴിയാത്ത ദൂരത്തിൽ,
ഒരു കൊടുംകാട്ടിൽ തന്നെ ഉപേക്ഷിച്ചവൻ,
അതും അവന്റെ വീട്ടുകാർ പറയുന്നത് കേട്ട്,
"പെണ്ണ് കാക്കക്കറുമ്പിയാണ്,
ഉണ്ടാകാൻ പോകുന്ന മക്കളും കറുത്തനിറക്കാരായിരിക്കും, ആ കുട്ടിയുടെ അമ്മയും കറുത്തിട്ടാണ്... ."

വല്ല ആഫ്രിക്കൻ രാജ്യത്തും ജനിച്ചാൽ മതിയായിരുന്നു, 
അവിടെയാവുമ്പോൾ എല്ലാവരും ഒരേ നിറക്കാർ..

ഈ ഇന്ത്യയിൽ മാത്രം എന്താണോ ഇങ്ങനെ വിവിധ വർണ്ണക്കാർ ...
എന്നാലും ഇടയ്ക്കവനെ ഓർക്കും,  
അവൻ തന്നെ, ഒരിക്കൽ  സ്നേഹിച്ചതിന്റെ,  ഈ കറുത്ത ചുണ്ടിൽ ചുംബിച്ചതിന്റെ കാരണമെന്തായിരുന്നു...
ഒരിക്കൽ പോലും വീണ്ടും ഓർക്കാത്ത വിധം 
മറക്കാൻ ശ്രമിക്കും... പക്ഷേ..  വീണ്ടും വീണ്ടും അവനെത്തന്നെയോർമ്മിക്കും.. വീണ്ടും  മറക്കാൻ നോക്കും .....
ഒന്നു കാണാൻ കഴിയാതെ, ഒന്ന് മിണ്ടാൻ സാധിക്കാതെ...  മനസ്സിൽ    പ്രണയം നിറച്ചുവച്ച്.. എന്നെ മറന്നവനെ  ഞാൻ ഓർമ്മയിൽ സൂക്ഷിക്കുന്നതാണ് യഥാര്‍ത്ഥ  പ്രണയം എന്നങ്ങ് ആശ്വസിക്കും....
എന്നാലും, തൻ്റെ കറുപ്പിനെ അത്രമേലിഷ്ടമായി
ആരെങ്കിലും വന്നിരുന്നെങ്കിൽ... മോഹിക്കും..

     ട്രെയിൻ വന്നു നിന്നു കഴിഞ്ഞു..,പെട്ടന്ന് അകത്തുകയറി  സീറ്റുപിടിക്കാനുളള വെപ്രാളം.
എല്ലാവരും കയറി കഴിഞ്ഞാണ് അവൾ കയറിയത്..
 ചെയർ കാറിൽ, തൻ്റെ സീറ്റിൽ ആരും ഇരിക്കില്ല...,
പിന്നെന്തിനു തിരക്കു കൂട്ടണം.. ?
ബാഗ് മുകളിലെടുത്തു വെച്ച്  അവൾ ഇരുന്നു.  കൈയ്യിൽ കരുതിയ വെള്ളം ഒരു കവിൾ കുടിച്ചു. ..അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിടാൻ
തുടങ്ങിയിരുന്നു... 
ടി .ടി . ടിക്കറ്റ് ചെക്ക് ചെയ്തതും, അവൾ കണ്ണടച്ചൊന്ന് മയങ്ങാൻ നോക്കി..
അപ്പോഴും അവൻ കയറി വന്നു,  മനസ്സിന്റെ വാതിൽ തള്ളി തുറന്നുകൊണ്ട്.., തന്നെ ഒറ്റയ്ക്കിരുത്തില്ലെന്ന 
വാശിയോടെ.. 
ഓർമ്മകൾ ഒന്നിനു പിറകെ
ഒന്നായി വന്നു...പോയി...
പട്ടണങ്ങളും, ഗ്രാമങ്ങളും കടന്നു., 
തനിക്കിറങ്ങേണ്ടിടത്തു വണ്ടിയെത്തി.. അവസാനത്തെ 
സ്റ്റേഷനാണ്, എന്നിട്ടും ട്രെയിനിൻ നിന്നിറങ്ങാനും തിരക്കു കൂട്ടുന്നവർ... അവൾ പതിവുപോലെ, എല്ലാവരും 
ഇറങ്ങിക്കഴിഞ്ഞിട്ടേ ഇറങ്ങിയുളളൂ.. .
ഹോസ്റ്റലിൽ എത്തിയപ്പോൾ റൂംമേറ്റ്സ് ഉറങ്ങാതെയിരിക്കുന്നു..
തന്നെ കണ്ടതും അവൾ പതിവ് ചോദ്യം ചോദിച്ചു.. 
" എന്തായി "?
" കറുപ്പായിപ്പോയി.. "
അവൾ അത് കേട്ടെന്നു നടിക്കാതെ പറഞ്ഞു, 
" പോയി, കുളിച്ചിട്ടു വരൂ , തനിക്കായി ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു, അത്താഴം കഴിക്കാൻ "
" എനിക്ക് തീരെ വിശപ്പില്ല " 
" ഓ പിന്നെ, വിശപ്പില്ല, ഒന്നും വേഗം കുളിച്ചിട്ടു വാടോ.."
ഉറങ്ങാൻ കിടക്കുമ്പോൾ ആരോടെന്നില്പാതെ
അവൾ പറഞ്ഞു..

" ഒരു കൂട്ട് വേണമെന്നു തോന്നുമ്പോഴാണ്, നമ്മൾ ഒറ്റപെട്ടന്നോർക്കുന്നത്,"
 "താൻ അങ്ങനെ വിചാരിക്കാതെ, ആരും വേണ്ട തനിക്കെന്നങ്ങു കരുതൂ, 
അപ്പോൾപ്പിന്നെ ഒരു പ്രശ്‌നവുമില്ല "
അവൾ പിന്നെയും എന്തൊക്കെയൊ പറഞ്ഞു..
അവളുടെ ചിന്തകൾ 
മറ്റെന്തിലോ തറച്ചു നിന്നു.
കിട്ടുമോ കിട്ടില്ലേയെന്ന് ഉറപ്പില്ലാത്ത ഒന്നിനോട് വല്ലാത്ത ആസക്തി ആയിരിക്കും.. പറ്റിക്കപ്പടുമ്പോഴും ന്യായീകരിക്കാൻ മനസ്സ് നൂറു കാര്യങ്ങൾ കണ്ടു പിടിക്കും.
ചില പ്രണയങ്ങൾ അങ്ങനെയാണ് ഹൃദയത്തിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടാകും, കാരണം ആ നഷ്ടപ്പെടലിനേപ്പോലും അവർ പ്രണയിക്കുന്നു...
 .
രാവിലെ.. അവൾ അയാളുടെ ഓഫീസിലേക്ക് കയറിച്ചന്നു, 
അവസാനം, അവന്റെ വായിൽ നിന്നു തന്നെ കേൾക്കണം, അവൻ എന്നെ സ്നേഹിച്ചിരുന്നില്ലാ യെന്ന്..
എന്തിനും ഒരു പരിസമാപ്തി വേണമല്ലോ.. ?
തന്നെ കണ്ടതും അയാൾ എഴുന്നേറ്റു വന്നു കയ്യിൽ മൃദുലമായി പിടിച്ചു.. .
" രണ്ടു ദിവസമായി തന്നെ ഞാൻ എത്ര പ്രാവശ്യം വിളിച്ചു,  എന്താ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുന്നത് ?"
അപ്പോഴാണ്,  ഫോൺ ചാർജ് ചെയ്തിട്ട് കുറെ ദിവസമായെന്ന കാര്യം അവളോർത്തത്..
" എന്തിനാ വിളിച്ചത് ?"
" ഞാൻ ഒരു കാര്യം തീരുമാനിച്ച വിവരം പറയാൻ, 
ഞാൻ, തന്നെയാണ് സ്നേഹിച്ചത്, തൻ്റെ നിറത്തെയല്ല .. 
ഒരു കുക്കർ അപ്രതീക്ഷമായി പൊട്ടിത്തെറിച്ചാൽ മതി.. എല്ലാവരുടെയും മുഖത്തെ നിറമൊക്കെ മാറാൻ.. നിന്നെ ഞാൻ കെട്ടിക്കഴിഞ്ഞാണ് അങ്ങനെയെന്തെങ്കിലും സംഭവിക്കുന്നതെങ്കിൽ, നിന്നെ ഉപേക്ഷിക്കുമോ.  ? 
അല്ല, തിരിച്ച്  എനിക്കാണ് അപകടം സംഭവിക്കുന്നതെങ്കിൽ താൻ എന്നെ ഉപേക്ഷിക്കുമോ.. ?"
അവൾ  അയാളുടെ കൈയ്യിൽ ഒന്നുകൂടി മുറുകെപ്പിടിച്ചു... .
" എനിക്കറിയാം ഞാൻ തന്നെ എൻ്റെ പൊട്ടത്തരം കൊണ്ട് ഒരുപാട് വേദനിപ്പിച്ചെന്ന്.... , അതങ്ങ് വിട്ടുകളയെടോ.. വേണമെങ്കിൽ,  താൻ  തൻ്റെ ഇടതു കൈ കൊണ്ട് എൻ്റെ വലതു കരണം നോക്കി ഒന്ന് പൊട്ടിച്ചോ .."
"എനിക്ക് ഇടുതു കൈക്കാണ് പാങ്ങ്...,ഞാൻ ഒരു ലെഫ്റ്റ് ഹാൻഡർ അല്ലെ.. ?"
അടിച്ചില്ലെങ്കിലും   അവൾ തൻ്റെ ഇടതു കൈ വെച്ച് നല്ലയൊരു നുള്ള് അയാളുടെ കൈത്തണ്ടയിൽ കൊടുത്തു..

Join WhatsApp News
Sushama nedooli 2021-01-18 06:05:27
മനസ്സിൽ മഴവില്ലിന്നഴകുള്ളവരെ കണ്ടെത്താനാവുന്നത് മഹാഭാഗ്യം. കഥ ശുഭപര്യവസാനിയായതിൽ സന്തോഷം. നല്ല രചന.🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക