Image

കമലയുടെ കയ്യിൽ രണ്ട് ബൈബിൾ; ജസ്റ്റീസ് സോട്ടോമെയർ സത്യവാചകം ചൊല്ലിക്കൊടുക്കും 

മീട്ടു Published on 19 January, 2021
കമലയുടെ കയ്യിൽ രണ്ട് ബൈബിൾ; ജസ്റ്റീസ് സോട്ടോമെയർ സത്യവാചകം ചൊല്ലിക്കൊടുക്കും 

'ഞാൻ വലതുകൈ ഉയർത്തി നാളെ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, ശബ്ദം നഷ്ടപ്പെട്ട ജനതയ്ക്കുവേണ്ടി സംസാരിച്ച രണ്ട് ഹീറോസിനെ ഒപ്പം  കൂട്ടും- ജസ്റ്റിസ് തർഗൂഡ് മാർഷലും മിസിസ് ഷെൽട്ടണും.' വൈസ് പ്രസിഡന്റായി അധികാരമേൽക്കുന്നതിന് മണിക്കൂറുകൾ ശേഷിക്കെ കമല ഹാരിസ് ട്വിറ്ററിൽ കുറിച്ചു.

കമല ഹാരിസിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ നിർണ്ണായക സന്ദർഭങ്ങളിലെല്ലാം ഒരു കറുത്ത വർഗക്കാരിയുടെ ബൈബിൾ അവർ നെഞ്ചോട് ചേർത്തു പിടിച്ചിട്ടുണ്ട്. ഇടതുകൈ അതിന്മേൽ വച്ചാണ് കാലിഫോർണിയ അറ്റോർണി ജനറലായും പിന്നീട് സെനറ്ററായും കമല സത്യപ്രതിജ്ഞ ചൊല്ലിയത്. ' 
മിസിസ് ഷെൽട്ടൻ എപ്പോഴും എന്റെ കൂടെയുണ്ട്- 2019 ൽ ഒരു ലേഖനത്തിൽ കമല എഴുതി.

ബുധനാഴ്‌ച ഉച്ചയ്ക്ക് സ്ഥാനാരോഹണം നടക്കുമ്പോൾ ഷെൽട്ടന്റെ ബൈബിൾ ഒപ്പം കാണും. രണ്ടാമത്തെ ബൈബിൾ സിവിൽ റൈറ്റ്സ് പ്രതീകവും  സുപ്രീം കോടതി ജഡ്ജിയും  ആയിരുന്ന തർഗൂഡ് മാർഷലിന്റെതാണ്. ഹൊവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദമെടുക്കാനും  തുല്യത  നേടിയെടുക്കാൻ നിയമം ആയുധമാക്കാമെന്ന ചിന്ത രൂപപ്പെടുത്തുന്നതിനും അദ്ദേഹം വഹിച്ച പങ്ക് കമലയുടെ മനസ്സിൽ എന്നുമുണ്ട്. കറുത്തവർഗക്കാരുടെ ഐതിഹാസിക യൂണിവേഴ്സിറ്റിയായ ഹൊവാർഡിൽ നിന്നാണ് മാർഷലും ബിരുദം നേടിയത്. ഹൊവാർഡിൽ നിന്ന് ട്രെയിൻ മാർഗം വൈറ്റ് ഹൗസിലേക്ക് അധിക ദൂരമില്ല. 

മിസിസ് ഷെൽട്ടണെന്ന് കമല ഹാരിസ് വിശേഷിപ്പിക്കുന്നത് കാലിഫോർണിയയിലെ ഓക്‌ലൻഡിൽ മൂന്ന് വീടുകൾ സ്വന്തമായുണ്ടായിരുന്ന റെജീന ഷെൽട്ടനെന്ന കറുത്തവർഗ്ഗക്കാരിയെയാണ്. അതിൽ ഒരു വീട്ടിൽ ഷെൽട്ടൻ, നഴ്സറി സ്‌കൂൾ നടത്തിയിരുന്നു.  മാതാപിതാക്കളായ ശ്യാമള ഗോപാലനും ഡൊണാൾഡ് ഹാരിസും വിവാഹമോചനം നേടിയ ശേഷമാണ് കമല ഷെൽട്ടനെ പരിചയപ്പെടുന്നത്. 

കമലയെയും സഹോദരി മായയെയും താൻ ജോലിക്കു പോകുമ്പോൾ പരിപാലിക്കാൻ ഒരാളെയും താമസിക്കാൻ ഒരു വീടും അന്വേഷിച്ചാണ് ഷെൽട്ടന്റെ അപ്പാർട്മെന്റിൽ അമ്മ ശ്യാമള ആദ്യം എത്തുന്നത്. ആ ബന്ധം വളരെ വേഗം വളരുകയും കമലയ്ക്ക് ഷെൽട്ടൻ രണ്ടാമത്തെ അമ്മയായി തീരുകയും ചെയ്തു. 

'ഓക്‌ലൻഡിലെ  ബാപ്ടിസ്റ്  ദേവാലയത്തിൽ ഞായറാഴ്ച്ച തോറും ഷെൽട്ടനൊപ്പം  കൊച്ചുകമലയും  മായയും പോയിരുന്നു. പള്ളിയിൽ പോകുമ്പോൾ ഷെൽട്ടന്റെ കയ്യിൽ എപ്പോഴും ഒരു ബൈബിൾ കാണും. ആ ബൈബിളിൽ കൈവച്ചാണ് കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്തും തുറന്നു പറയാനുള്ള കഴിവുനൽകുന്ന മാന്ത്രികച്ചരടുപോലെയാണ് കമല ആ ബൈബിളിനെ കരുതുന്നത്.' ഷെൽട്ടന്റെ അനന്തരവൻ ഓബ്രി ലാബ്രി യാഹൂ ന്യൂസിനോട് തന്റെ അറിവ് പങ്കുവച്ചു. 

കമല ഹാരിസിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വേറാരു ചരിത്രം കൂടി രചിക്കപ്പെടും. വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ആദ്യ ഇന്ത്യക്കാരിയും  ആദ്യ ബ്ലാക്ക് അമേരിക്കനും ആദ്യ വനിതയുമായ കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് യു എസ്  സുപ്രീം കോടതിയിലെ ആദ്യ ലാറ്റിന ജഡ്ജിയായ സോണിയ സോട്ടോമേയറാണ്. ചരിത്രങ്ങളുടെ പുതിയ ഏടുകൾ ഇനിയും ഇടം നേടി മാറ്റങ്ങൾ വരട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക