Image

കലാശ്രീ ഡോ. സുനന്ദ നായർ - മോഹിനി ആട്ട ലാസ്യപ്പെരുമ (എസ്. കെ. വേണുഗോപാൽ)

Published on 26 January, 2021
കലാശ്രീ ഡോ. സുനന്ദ നായർ - മോഹിനി ആട്ട  ലാസ്യപ്പെരുമ (എസ്. കെ. വേണുഗോപാൽ)
മോഹിനി ആട്ടം എന്ന ലാസ്യ സുന്ദര നൃത്തരൂപത്തെ കേരളത്തിന്റെ തനതു കലയായി വികസിപ്പിച്ചെടുത്ത് ലോകപ്രശസ്തിയിലേക്കു എത്തിക്കുവാൻ ഒട്ടനവധി വിശിഷ്ട വൃക്തികളുടെ അശ്രാന്ത പരിശ്രമം കാരണഭൂതമായിട്ടുണ്ട്.  ചരിത്രത്തിന്റെ ഏടുകളിലേക്കൊന്നും ഞാൻ തിരച്ചിൽ നടത്താൻ തുനിയുന്നില്ല.

കേരള കലാമണ്ഡലം എന്ന സരസ്വതീ ക്ഷേത്രത്തിന്റെ, ആ മഹാവിശ്വവിദ്യാലയത്തിന്റെ ആരംഭം മുതലുളള സമയമെങ്കിലും ഈ നൃത്ത രൂപത്തെക്കുറിച്ചു പറയുമ്പോൾ   നാം സ്മരിക്കണം. മഹാകവി വള്ളത്തോൾ നാരായണ മേനോൻ, മുകുന്ദ രാജ എന്നിവരുടെ നേതൃത്വത്തിൽ നിളാ നദീ തീരത്തു സ്ഥാപിക്കപ്പെട്ട കേരള കലാമണ്ഡലം അന്നും ഇന്നും എന്നും മലയാളത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. 

കഥകളിക്കു വിശ്വപ്രസിദ്ധി ലഭിച്ചപ്പോഴും മഹാകവി വള്ളത്തോളിന്റെ മനസ്സിൽ മോഹിനി ആട്ടത്തിന്റെ വളർച്ചയെ ക്കുറിച്ചു എപ്പോഴും ഒരു വ്യാകുലത ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അതുകൊണ്ടാവാം   വള്ളത്തോളിന്റെ തന്നെ നിർബന്ധത്തിനു വഴങ്ങി മോഹിനി ആട്ടം പഠിക്കുവാനായി 1937 ൽ വിദ്യാർഥിനിയായെത്തിയ   ശ്രീമതി കല്യാണിക്കുട്ടി അമ്മ 1940 ൽ   അവിടെ നിന്നു പഠനം പൂർത്തിയാക്കി പോയിയെങ്കിലും വീണ്ടും താൻ രോഗാതുരനായി കിടക്കുന്ന അവസ്ഥയിൽ അവരെ വിളിപ്പിക്കുകയും മോഹിനി ആട്ടം, കഥകളിയെപ്പോലെ തന്നെ പുഷ്ടിപ്പെടുത്തി ഒരു സമ്പൂർണ നൃത്തരൂപമാക്കുവാൻ ചുമതലപ്പെടുത്തുകയും ചെയ്തത്. ആ നിയോഗം ശിരസാവഹിച്ചു ശ്രീമതി കല്യാണിക്കുട്ടി അമ്മ ഗവേഷണങ്ങളിലൂടെയും നിരന്തരമായ പരിശ്രമങ്ങളിലൂടെയും ആദ്യമായി ഈ നൃത്തരൂപത്തിനു ഒരു ശക്തമായ അടിത്തറയുണ്ടാക്കി. അനേകം അടവുകളും മറ്റും പുതുതായി ഉണ്ടാക്കുകയും വേഷത്തിലും ചലനങ്ങളിലും വേണ്ട മാറ്റങ്ങൾ വരുത്തുകയുമൊക്കെ ചെയ്തു കൊണ്ട് മോഹിനി ആട്ടത്തിൽ ഒരു കച്ചേരി സമ്പ്രദായം ആദ്യമായി ഉണ്ടാക്കപ്പെട്ടു. പിൽക്കാലത്തു കല്യാണിക്കുട്ടി അമ്മ ശൈലി എന്ന്   ഇതിനെ ആസ്വാദകർ വിശേഷിപ്പിച്ചു.

അതിനെത്തുടർന്ന് കേരള കലാമണ്ഡലത്തിൽ തന്നെ പഠിപ്പിച്ചിരുന്ന ശ്രീമതി ചിന്നമ്മു അമ്മയുടെ ശിക്ഷണത്തിൽ വിദ്യാർത്ഥിനിയും പിന്നീട് അധ്യാപികയുമൊക്കെ ആയി മാറിയ കലാമണ്ഡലം സത്യഭാമ ടീച്ചർ ചുരുങ്ങിയ കാലം കല്യാണിക്കുട്ടി അമ്മയുടെ കൂടി ശിഷ്യത്വം നേടിയ ശേഷം, അവരുടേതായ ഒരു ശൈലി കലാമണ്ഡലത്തിൽ സ്വീകരിച്ചു പോന്നു. അതിനെ കലാമണ്ഡലം ശൈലി എന്നും വിശേഷിപ്പിച്ചു.
കലാമണ്ഡലത്തിൽ നിന്ന് പഠിച്ചിറങ്ങിയ അനേകം പ്രശസ്തർ മോഹിനി ആട്ടത്തിന്റെ ഉന്നമനത്തിനു വേണ്ടി ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ലീലാമ്മ, കലാമണ്ഡലം ക്ഷേമാവതി, അങ്ങനെ ഒട്ടനവധി പേർ ഈ നൃത്തരൂപത്തെ ഇന്നത്തെ നിലയിലേക്ക് കൊണ്ടുവരുന്നതിന് പരിശ്രമിച്ചിട്ടുള്ളവരാണ്. അതുപോലെ തന്നെ കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെ മക്കളായ ശ്രീമതി കലാ വിജയൻ, ശ്രീദേവി രാജൻ എന്നിവരുടെ സംഭാവനകളും നാമോർമ്മിക്കണം. കല്യാണിക്കുട്ടി അമ്മ ശൈലിയിൽ തന്നെ മോഹിനി ആട്ടം പഠിച്ച് അതിൽ കൂടിയാട്ടത്തിന്റെ നയനാഭിനയ സൗന്ദര്യവും കൂടി ചേർത്ത് അതി പുരാതനമായ ദേശി നൃത്ത ഇനങ്ങൾ കൂടി മോഹിനിയാട്ടക്കച്ചേരികളിൽ ഉൾപ്പെടുത്തി പ്രശസ്തി നേടിയ ശ്രീമതി നിർമല പണിക്കർ നൽകിയിട്ടുള്ള സംഭാവനകളും വിസ്മരിക്കുന്നില്ല. പിന്നീട് ഇവരുടെയൊക്കെ ശിഷ്യ ഗണങ്ങളായി മോഹിനിയാട്ട നൃത്തവേദിക്ക് മുതൽക്കൂട്ടുകളായി മാറിയ അനേകം നർത്തകികൾ വേറെയും
അങ്ങനെ ഒട്ടനവധിപേർ നൽകിയിട്ടുള്ള സംഭാവനകൾ നിലനിൽക്കെ മോഹിനി ആട്ടം എന്ന നൃത്ത രൂപത്തെ കേരളത്തിനു പുറത്തും അന്തർദേശീയ അരങ്ങുകളിലും അവതരിപ്പിച്ച്‌ ലോക പ്രശസ്തമാക്കിയ മറ്റൊരു കലാകാരിയെ ക്കുറിച്ചാണ്‌ ഞാൻ ഇവിടെ ദീർഘമായി പരാമർശിക്കുവാൻ ആഗ്രഹിക്കുന്നത്. തൻറെ ബാല്യകൗമാര കാലത്തിന്റെ ഏറിയ പങ്കും നൃത്തത്തിന് വേണ്ടി നീക്കി വച്ച ഈ കലാകാരി, കഥകളി, ഭരതനാട്യം എന്നീ നൃത്തരൂപങ്ങളിൽ പ്രാവീണ്യം നേടിയതിനു ശേഷം മോഹിനി ആട്ടമാണ് തനിക്കേറ്റവും പ്രിയം എന്ന് തിരിച്ചറിയുകയും അതിനെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയുമാണുണ്ടായത്. പ്രായം കൊണ്ട് മുന്നേ വിവരിച്ചുപോയ പ്രശസ്തരെക്കാളും താഴെയാണെങ്കിലും വളരെ വേഗം തന്നെ മുൻനിരയിൽ എത്തി സ്വന്തം വ്യക്തിമുദ്ര കലാലോകത്തു പതിപ്പിച്ച ഈ വിശിഷ്ട കലാകാരി പുതിയൊരു ശൈലിയുമായാണ് മോഹിനി ആട്ടം അവതരിപ്പിച്ചു പോന്നിരുന്നത്. നിങ്ങൾക്ക് മനസ്സിലായിക്കാണും ആ കലാകാരി ആരാണെന്ന്‌. അതെ കലാശ്രീ ഡോ. സുനന്ദ നായർ.

സുനന്ദയെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾ അതേ ശ്വാസത്തിൽ പറയേണ്ടുന്ന ഒരു നാമമുണ്ട്. പദ്മഭൂഷൺ ഡോ. കനക് റെലെ. മഹാരാഷ്ട്രയിലാണ് അവരുടെ ജനനം. എന്നാൽ ബാല്യകാലം മുതൽ കേരളീയ കലകളോട് അവർ അഭിനിവേശം കാട്ടി. കഥകളിയോട് പ്രത്യേക മമത കാരണം ഗുരു കരുണാകരപ്പണിക്കരുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് ചില സുഹൃത്തുക്കളുടെ പ്രേരണ ഉൾക്കൊണ്ട് അക്കാലത്തു മുംബൈയിൽ എത്തിപ്പെട്ട കലാമണ്ഡലം രാജലക്ഷ്മി എന്ന നർത്തകിയുടെ ശിഷ്യത്വം സ്വീകരിച്ചു. എന്നാൽ പഠിച്ച അറിവുകൾ പൂർണമല്ല എന്ന തോന്നൽ കൊണ്ട് ആ നൃത്ത രൂപത്തിനെക്കുറിച്ചു ആഴത്തിൽ അറിയണം എന്ന് തീരുമാനിക്കുന്നു. ഫോർഡ് ഫൌണ്ടേഷൻ എന്ന N. G. O. യുടെ സഹായത്തോടെ അവർ കേരളത്തിലേക്ക് ഒരു ക്യാമറ ക്രൂവുമായി എത്തുന്നു. കുഞ്ഞിക്കുട്ടി അമ്മ, ചിന്നമ്മു അമ്മ എന്നീ വന്ദ്യവയോധികരായിരുന്ന ഗുരുക്കന്മാരെയും കൂടാതെ അക്കാലത്തു തന്നെ പ്രശസ്തയായിരുന്ന കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയെയും നേരിൽ കണ്ടു അവരുമായുള്ള അഭിമുഖങ്ങൾ, ചിത്രങ്ങൾ, പുറമെ മോഹിനി ആട്ടത്തിലെ നൃത്തയിനങ്ങളുടെ വിഡിയോകൾ എന്നിവ ശേഖരിക്കുകയും ചെയ്തു. അതൊക്കെ ഇന്നും നളന്ദ ഡാൻസ് റിസർച്ച് സെന്റർ ആർകൈവ്‌സിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് അവർ തന്നെ ഒരു അഭിമുഖ സംഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്.
അവിടം കൊണ്ടവസാനിപ്പിക്കാതെ ഡോ. കനക് റെലെ അവരുടേതായ രീതിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തി അടിസ്ഥാനപരമായി വലിയ മാറ്റങ്ങളൊന്നും വരുത്താതെ ശാരീരിക ഭാഷകളിൽ ചെറിയ വ്യതിയാനങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ശൈലി കൂടി മോഹിനി ആട്ടത്തിന് സമ്മാനിക്കുകയാണുണ്ടായത്. നളന്ദ ബാണി എന്ന് പിൽക്കാലത്തു ഈ ശൈലി അറിയപ്പെട്ടു   കൂടാതെ ശാസ്ത്രീയമായ രീതിയിൽ മോഹിനി ആട്ടം പഠിച്ചാൽ മാത്രം പോരാ അതിനു വേണ്ടുന്ന അംഗീകാരം ആധികാരികമായി ലഭിക്കുക കൂടി വേണം എന്ന ദൃഢ നിശ്ചയത്തോടെ നളന്ദ നൃത്യകലാ മഹാവിദ്യാലയ എന്ന സ്ഥാപനം മുംബൈ യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ മുംബൈയിൽ ആരംഭിക്കുകയും ചെയ്തു.  മോഹിനി ആട്ടം കൂടാതെ ഭരതനാട്യം, കഥക് എന്നീ വിഭാഗങ്ങളിലും ബിരുദവും ബിരുദാനന്തര ബിരുദവും നൽകുന്ന ലോക പ്രസിദ്ധി നേടിയ സർവ്വകലാശാലയായി ഇന്നത് മാറിയിരിക്കുന്നു.  
നമുക്ക് സുനന്ദ നായരിലേക്കു തിരികെ വരാം. കലാ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കുടുംബത്തിൽ ജനനം. അച്ഛൻ ശ്രീ ബാലകൃഷ്ണൻ ഒരു ഔഷധ നിർമാണ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു അമ്മ ഗൃഹ ഭരണത്തിൽ വ്യാപൃത. കേരളത്തിലെ പാലക്കാടു നിന്ന്   മുംബൈയിലേക്ക്‌ കുടിയേറിയ ഈ കുടുംബം മറ്റു പല മലയാളി കുടുംബങ്ങളെ പ്പോലെ മുംബൈ സ്വന്തം കർമ്മ ഭൂമിയാക്കിയവരാണ്. കുട്ടിക്കാലത്തു തന്നെ സുനന്ദയ്ക്ക് നൃത്തത്തിൽ താത്പര്യമുണ്ട് എന്ന് മനസ്സിലാക്കിയ അമ്മ ആറാം വയസ്സിൽ തന്നെ സുനന്ദയെ ഗുരു കലാമണ്ഡലം കൃഷ്ണൻകുട്ടി വാര്യരുടെ ശിഷ്യത്വത്തിൽ നൃത്താഭ്യാസത്തിനു വിടുകയും ചെയ്തു. കേരള കലാമണ്ഡലത്തിൽ ഗോപി ആശാനെയും സത്യഭാമ ടീച്ചറിനെയുമൊക്കെ അഭ്യസിപ്പിച്ചിട്ടുള്ള ഒരു മഹാ ഗുരുവിന്റെ ശിക്ഷണം ലഭിക്കുവാൻ അതും ചെറു പ്രായത്തിൽ തന്നെ യോഗമുണ്ടായത് സുനന്ദ ഒരു ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന് മുംബൈയിൽ വന്നു ചേരേണ്ട സാഹചര്യമുണ്ടായത് ഒരു നിയോഗമായി കരുതാം. ഭരതനാട്യത്തിൽ ആരംഭിച്ച്‌ 10 വയസ്സിൽ കഥകളിയും അഭ്യസിക്കാൻ തുടങ്ങിയ സുനന്ദ 15 വയസ്സുവരെ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ തുടർന്നു. 14 വയസ്സൊക്കെ ആയപ്പോഴേക്കും പ്രധാന ശിഷ്യ എന്ന നിലയിൽ മറ്റു കുട്ടികളെ പഠിപ്പിക്കുവാനും ചുമതല സുനന്ദയെ ഏൽപ്പിച്ചിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പം ഒരു സിനിമ കാണുവാനോ കൂട്ടുകാരോടൊപ്പം കളികളിൽ പങ്കെടുക്കുവാനോ അല്ല അക്കാലത്തു സുനന്ദ താത്പര്യം കാണിച്ചിരുന്നത്. കിട്ടുന്ന അവസരങ്ങളിലൊക്കെ ക്ലാസിലെത്തി നൃത്തം പരിശീലിക്കുക എന്നതായിരുന്നു ആ കുട്ടിയുടെ അന്നത്തെ ഇഷ്ട വിനോദം.    പ്രായാധിക്യം കൊണ്ട് വന്ദ്യ വയോധികനായ ഗുരു തന്റെ ക്ലാസ് തുടർന്നു നടത്തുവാൻ സുനന്ദയെ ഏൽപ്പിക്കുമ്പോൾ അവർക്കു വയസ്സ് 15. ശ്രുതിലയ എന്നപേരിൽ ഇപ്പോഴും ആ ക്ലാസുകൾ സുനന്ദ നടത്തിപ്പോരുന്നു.

ഗുരു മുഖത്ത് നിന്നൊരു ഉപദേശം കൂടി അവർക്കു ലഭിച്ചു. നൃത്തത്തിൽ ഉപരി പഠനം നടത്തുവാനും മറ്റിനങ്ങളിൽ കൂടി ശ്രദ്ധ ചെലുത്തുവാനുമായിരുന്നു ആ ഉപദേശം. തുടർന്നു ദീപക് മൂസുംധാർ എന്ന ശ്രദ്ധേയ ഭരതനാട്യം   നർത്തകനെ ഗുരുവായി സ്വീകരിച്ചു ഭരത നാട്യത്തിൽ ഉപരി പഠനം ആരംഭിച്ചു. അത് ബി കോം ബിരുദ പഠനം പൂർത്തിയാകുന്നത് വരെ തുടർന്നു. ആദ്യമായി ഒരു പൊതു പരിപാടിയിൽ നൃത്തം അവതരിപ്പിച്ചു ജനശ്രദ്ധ നേടിയത് മുംബൈയിലെ ചിനായ് കോളേജിൽ അവസാന വർഷം ബിരുദത്തിനു പഠിക്കുമ്പോഴാണ്. അതുവരെ ആരുടെയും ശ്രദ്ധയിൽ പെടാതെ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പോന്നിരുന്ന സുനന്ദയുടെ നൃത്തത്തിലുള്ള കഴിവുകൾ എങ്ങനെയോ തിരിച്ചറിഞ്ഞ ഒരു അധ്യാപികയുടെ ഇടപെടലാണ് ആ വർഷത്തെ കോളേജിലെ സെലെക്ഷൻ മത്സരത്തിൽ പേരുകൊടുക്കുവാനിടയായതു. കോളേജിൽ സ്ഥിരമായി സമ്മാനം വാങ്ങിയിരുന്ന കുട്ടി സുനന്ദയോട് മത്സരിക്കാൻ തയ്യാറാവാതിരുന്നത് മറ്റൊരു നിമിത്തം. കോളേജിനെ പ്രതിനിധീകരിച്ചു ആ വർഷത്തെ സർവകലാശാല യുവജനോത്സവത്തിൽ ഗോൾഡ് മെഡൽ നേടിയ സുനന്ദയുടെ ജൈത്രയാത്ര അവിടെ നിന്ന് ആരംഭിച്ചു.

ഏതാണ്ട് അതെ സമയത്തു് സുനന്ദ, യാദൃച്ഛികമായി ഡോ. കനക് റെലെയുടെ ഒരു നൃത്തപരിപാടി കാണുവാനിടയായി. ഒരു മലയാളിയായ താൻ എന്തുകൊണ്ട് ഇത്രയും മനോഹരമായ നൃത്തരൂപം ഇത്രയും നാൾ അഭ്യസിച്ചില്ല എന്ന തോന്നൽ മനസ്സിൽ ഉളവാക്കുന്ന അത്രയും ആഴത്തിൽ  സ്വാധീനിച്ച ഒരു അവതരണമാണ് സുനന്ദ അന്നവിടെ കണ്ടത്. എങ്ങനെയും ഡോ. കനക് റെലെയുടെ ശിക്ഷണം സ്വീകരിച്ചു മോഹിനി ആട്ടം അഭ്യസിക്കണം എന്ന ഉറച്ച തീരുമാനം കൈക്കൊണ്ടുകൊണ്ടു സുനന്ദ തന്റെ ഗുരുവായ ദീപക് മൂസുംധാറിനെ സമീപിച്ചു ആ ആഗ്രഹം അവതരിപ്പിച്ചു. അപ്പോഴേക്കും ബി. കോം ബിരുദം നേടി സുനന്ദ ജെ. സി കോളേജിൽ നിയമ പഠനത്തിന് ചേർന്നിരുന്നു (LLB).
ദീപക്‌ജി കനക് റെലെ മാഡത്തിനോട് ഇതേക്കുറിച്ചു പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ അവരതു സസന്തോഷം സമ്മതിക്കുകയാണുണ്ടായത്. പക്ഷേ നളന്ദ നൃത്യകലാവിദ്യാലയത്തിൽ മോഹിനി ആട്ടം ബിരുദ വിദ്യാർഥിനിയായി ചേർന്ന് പഠിച്ചാൽ മാത്രമേ തന്റെ ശിഷ്യയാവാൻ സാധിക്കുകയുള്ളു എന്ന് ഒരു നിബന്ധന കൂടി അവർ വച്ചു. സുനന്ദയെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമേ അല്ലായിരുന്നു. ഉടനെ തന്നെ വിദ്യാര്ഥിനിയായി നളന്ദയിൽ ചേർന്ന അവർ അതെ സമയം നിയമ വിദ്യഭ്യാസവും തുടർന്നുവെങ്കിലും മോഹിനി ആട്ടം മനസ്സിലും ശരീരത്തിലും ആത്മാവിലുമൊക്കെ ഒരു അനുഭൂതിയായി മാറിക്കൊണ്ടിരുന്ന ആ അവസ്ഥയിൽ മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂട്ടാക്കിയില്ല. നിയമവിദ്യാഭ്യാസം അതോടെ അവസാനിപ്പിച്ചു.  അങ്ങിനെ മോഹിനി ആട്ടത്തിൽ സർവകലാശാലാ ബിരുദവും, ബിരുദാനന്തര ബിരുദവും ഭാരതത്തിൽ ആദ്യമായി നേടിയെടുത്ത നർത്തകിയായി മാറി സുനന്ദ നായർ.

1991 ലാണ് മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് ഇൻ മോഹിനി ആട്ടം എന്ന ബിരുദാനന്തര ബിരുദം നേടുന്നത്.  തുടർന്നു നളന്ദയിൽ തന്നെ അധ്യാപികയായി മാറിയ അവർ കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല, സ്റ്റേജ് പ്രോഗ്രാം ചെയ്യുക, കൂടാതെ മോഹിനി ആട്ടത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഗുരുവിനോടൊപ്പം പങ്കു ചേരുക എന്നീ പ്രവർത്തനങ്ങളിൽ അങ്ങേയറ്റം വ്യാപൃതയായിരുന്നു.   തന്റെ ഗുരുവിന്റെ ഒട്ടനവധി നൃത്തനിർമ്മിതികളിൽ ഭാഗഭാക്കാവാനുള്ള ഭാഗ്യവും തനിക്കുണ്ടായിട്ടുണ്ട് എന്ന് സുനന്ദ തന്നെ പറയുന്നു. ഏതാണ്ട് അറുപതോളം നൃത്ത ഇനങ്ങൾ അങ്ങനെ നിർമിക്കപ്പെട്ടിട്ടുണ്ട് എന്നും അവയിൽ സോപാന സംഗീതം അധികരിച്ചുള്ള അനേകം കൃതികളും, സാമൂഹിക, പൗരാണിക കഥാപാത്രങ്ങളെ അധികരിച്ചുണ്ടാക്കിയ രചനകളുമൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നും നമുക്ക് മനസ്സിലാകും.  

ബിരുദാനന്തര ബിരുദം നേടിയ ശേഷം ഡോക്ടറേറ്റ് എടുക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ച സുനന്ദയെ ഗുരുവായ കനക് റെലെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചു. നൃത്ത രംഗത്തെ സുനന്ദയുടെ ഉയർച്ചയ്ക്ക് അതൊരു വിലങ്ങു തടിയാവാൻ പാടില്ല എന്ന ഉദ്ദേശത്തിലാണ് അവരങ്ങനെ ഉപദേശിച്ചത്. ബിരുദത്തിനു ചേർന്ന് അധികം താമസിയാതെ തന്നെ സുനന്ദയെ ഗുരു ഡോ. കനക് റെലെ അവരുടെ പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നു. ആദ്യകാലത്തെ അത്തരം ഒരു പരിപാടിയെ ക്കുറിച്ചു സുനന്ദ ഇപ്പോഴും ഓർക്കുന്നു. ഡൽഹിയിൽ വിഗ്യാൻ ഭവനിൽ ഗുരുവിനോടൊപ്പം പങ്കെടുത്തപ്പോൾ ‘പൂന്തേൻ നേർമൊഴി’ എന്ന സ്വാതി തിരുനാൾ പദം തനിയെ അവതരിപ്പിക്കാനുള്ള ഭാഗ്യം കിട്ടിയെന്നും അന്നത്തെ നിരൂപണ രംഗത്തെ കുലഗുരുവായിരുന്ന ഒരു പണ്ഡിതൻ ആ അവതരണത്തെ ഏറെ ശ്ലാഖിച്ച്‌ സംസാരിച്ചുവെന്നും മോഹിനി ആട്ടത്തിന്റെ ഭാവി സുരക്ഷിതമാണ് ഈ കുട്ടിയിൽ എന്ന് പറഞ്ഞുവെന്നുമൊക്കെ അവർ ഓർക്കുന്നു.  

ഏതാണ്ടൊൻപതു വര്ഷം അങ്ങിനെ കടന്നു പോയി. വീട്ടുകാരുടെ അഭിപ്രായപ്രകാരം വർഷം 2000 ൽ സുനന്ദ വിവാഹിതയായി. വരൻ ക്യാപ്റ്റൻ ആനന്ദ് നായർ (മർച്ചന്റ് നേവി). ജീവിതത്തിൽ ഒരു പ്രതിസന്ധി ഘട്ടം എന്ന് വേണമെങ്കിൽ പറയാവുന്ന ആ സമയത്തു സുനന്ദയ്ക്ക് ഭർത്താവിനോടൊപ്പം അമേരിക്കയിൽ ന്യൂ ഓർലീൻസ് നഗരത്തിലേക്ക് ചേക്കേറേണ്ടി വന്നു. താൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന തന്റെ നൃത്തത്തിലെ ഭാവിയെ ക്കുറിച്ചു ഏറെ ഉത്കണ്ഠപ്പെട്ടിരുന്നു അവർ ആ ഘട്ടങ്ങളിൽ. ന്യൂ ഓർലീൻസിലെ മലയാളി അസോസിയേഷനിലെ ചിലർ ആരോ പറഞ്ഞറിഞ്ഞു നൃത്തം അറിയാവുന്ന സുനന്ദ നായരെ ക്കുറിച്ചു. അവർ തന്നോട് തിരുവാതിരക്കളി അവരുടെ അംഗങ്ങൾക്കു പഠിപ്പിച്ചു കൊടുക്കാമോ എന്ന് ചോദിച്ചപ്പോൾ   മനസ്സൊന്നു പിടഞ്ഞെങ്കിലും അവർക്കു തന്നെ ക്കുറിച്ചു അറിവില്ലാത്തതുകൊണ്ടാണല്ലോ എന്ന് കരുതി അവരുമായി സഹകരിക്കുകയാണുണ്ടായത്. ഏതായാലും ആ പരിപാടിയുടെ ഇടയിൽ ഒരു നൃത്തം കൂടി അവതരിപ്പിച്ചോളൂ എന്ന നിർദ്ദേശം സ്വീകരിച്ചു ആദ്യമായി അമേരിക്കയിൽ അങ്ങിനെ ഒരു സ്റ്റേജ് തരപ്പെട്ടു. നൃത്തം കണ്ടു കഴിഞ്ഞപ്പോഴേക്കും ആവേശ ഭരിതരായ ആസ്വാദകർ എത്രയും വേഗം അവിടെ നൃത്ത വിദ്യാലയം ആരംഭിക്കണം എന്ന ആവശ്യം ഉന്നയിച്ചു. അങ്ങിനെ അവിടെ ആരംഭിച്ചു സുനന്ദയുടെ തുടർ ജൈത്രയാത്ര. ന്യൂ ഓർലീൻസിൽ നൃത്ത വിദ്യാലയം ആരംഭിച്ചുവെങ്കിലും 2005 ലെ കത്രിന ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ പെട്ട് അവർക്കു കുടുംബ സമേതം ഹ്യൂസ്റ്റണിലേക്കു താമസം മാറേണ്ടി വന്നു. 2005 ൽ തന്നെ ഹൂസ്റ്റണിൽ അവർ Sunanda 's Performing Art Centre (SPARC) സ്ഥാപിച്ചു. അനവധി കുട്ടികളും മുതിർന്നവരുമൊക്കെ വിദ്യാർഥിനികളായി ലഭിച്ച അവർ തന്റെ നൃത്ത സപര്യ വീണ്ടും തുടർന്നു .സാധാരണ കണ്ടുവരാറുള്ളതുപോലെ ബിരുദാനന്തര ബിരുദമൊക്കെ നേടി സ്വന്തം നൃത്ത വിദ്യാലയവും , കുടുംബകാര്യങ്ങളുമൊക്കെയായി ഒതുങ്ങി കൂടാതെ മോഹിനി ആട്ടത്തിൽ  തനിക്കുള്ള അവഗാഹത്തെ കൂടുതൽ പരിപോഷിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുക മാത്രമല്ല അതിലൂടെ ലോകമെമ്പാടും ആ നൃത്തരൂപത്തിന്റെ പ്രശസ്തിയെ വ്യാപിപ്പിക്കുക എന്നതും ജീവിത ലക്ഷ്യമായി ആ അനുഗൃഹീത കലാകാരി തന്റെ മനസ്സിൽ കുറിച്ചിടുകയും അതിനു വേണ്ടി പരിശ്രമങ്ങൾ തുടരുകയും ചെയ്തു.
അമേരിക്കയിൽ ആയിരുന്നു കുടുംബവും ജീവിതവും എങ്കിലും ഭാരതത്തിൽ വരുവാനും നൃത്ത മഹോത്സവങ്ങളിൽ പങ്കെടുക്കുവാനും മോഹിനി ആട്ടം എന്ന നൃത്ത രൂപത്തിനു പ്രചുര പ്രചാരമേകുന്നതിനും അവർ നന്നായി തന്നെ പരിശ്രമിച്ചു. ഖജുരാഹു ഫെസ്റ്റിവൽ (M.P), കൊണാർക് ഫെസ്റ്റിവൽ (ഒറീസ), സൂര്യ ഫെസ്റ്റിവൽ (തിരുവനന്തപുരം), ജയ്‌പൂർ, ഉദയ്‌പുർ, ജോധ്പുർ ഫെസ്ടിവലുകൾ, ഉജ്ജയിൻ കാളിദാസ് സമോവർ, ഗുജറാത്ത് മോഡേര ഫെസ്റ്റിവൽ, മൈസൂർ ദസറ ഫെസ്റ്റിവൽ എന്നിങ്ങനെ എല്ലാ നൃത്ത മഹോത്സവങ്ങളിലും അവർ പങ്കെടുക്കുക മാത്രമല്ല ആസ്വാദകരുടെയും നിരൂപകരുടെയും പ്രശംസയും അംഗീകാരവും നേടിയെടുക്കുകയും ചെയ്തു. ഭാരതത്തിലുടനീളം മാത്രമല്ല  U. S. A, സോവിയറ്റ് യൂണിയൻ, നോർത്ത് കൊറിയ, മിഡിൽ ഈസ്റ്റ്, U. A. E, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലും അവർ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ ലോകമാമെമ്പാടും മോഹിനി ആട്ടത്തിനു അംഗീകാരവും സ്വീകാര്യതയും നേടിക്കൊടുക്കുവാൻ പ്രയത്നിച്ച നർത്തകികളിൽ ഉന്നത സ്ഥാനീയയായി സമകാലിക മാധ്യമങ്ങളൊക്കെ തന്നെ ഈ വിശിഷ്ട കലാകാരിയെ അവരോധിച്ചു. ഗൂഗിൾ, വിക്കി പീഡിയ ഒക്കെ തിരഞ്ഞാൽ അവരുടെ നാമവും വിവരണങ്ങളും എളുപ്പത്തിൽ തന്നെ ലഭിക്കുന്നതായി കാണുവാൻ സാധിക്കും.

മുൻപ് പറഞ്ഞതുപോലെ സുനന്ദയുടെ ഡോക്ടറേറ്റ് നേടുവാനുള്ള ആഗ്രഹം ഈ തിരക്കുകളുടെ ഇടയിലും അതി തീവ്രമായി തുടർന്ന് പോരുകയും ഒടുവിൽ ഗുരു കനക് റെലെ തന്നെ ഗൈഡ് ആയിക്കൊണ്ട് 2012 ൽ ആ ഉദ്യമവും വളരെ ഭംഗിയായി പൂർത്തീകരിക്കാൻ അവർക്കു സാധിച്ചു. Intrinsic Lyrical Feminism in Mohini Attam '    എന്നതായിരുന്നു അവരുടെ തീസിസ്. ഇവിടെയും നിശ്ചിത സമയത്തിന് മുൻപ് തന്നെ തീസിസ് പൂർത്തിയാക്കുവാൻ അവർക്കു കഴിഞ്ഞു എന്നത് വളരെ ശ്ലാഘനീയമായ   കാര്യമാണ്. തിരക്കേറിയ നൃത്ത സപര്യ, കുടുംബ നായികയുടെ ഉത്തരവാദിത്വങ്ങൾ, അതിനിടെയുള്ള യാത്രകൾ ഇവയൊക്കെ ഉള്ളപ്പോഴാണ് സുനന്ദയുടെ ഈ നേട്ടം എന്നുകൂടി നാം സ്മരിക്കണം.

യാത്രകളെപ്പറ്റി പറയുമ്പോൾ ചില അവസരങ്ങളിൽ 18 മണിക്കൂറോളം യാത്ര ചെയ്തു അമേരിക്കയിൽ നിന്ന് മുംബയിൽ അതി രാവിലെ എത്തിയാൽ രണ്ടു മണിക്കൂർ മാത്രം വിശ്രമിച്ചു പക്കമേളക്കാരോടൊപ്പം റിഹേർസൽ ഒക്കെ ചെയ്തു അന്ന് വൈകുന്നേരം സ്റ്റേജിൽ പരിപാടി അവതരിപ്പിച്ചു അർധരാത്രി തന്നെ അമേരിക്കയ്ക്ക് തിരികെ പോകേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് അവരിൽ നിന്നറിയുമ്പോൾ നാം അത്ഭുത സ്തബ്ധരായി പ്പോകും. അതാണ് അവരുടെ നൃത്തത്തോടുള്ള പ്രതിബദ്ധത.

അനവധി അംഗീകാരങ്ങൾ അവരെ തേടിയെത്തി. അവയിൽ ചിലതു താഴെ കൊടുക്കുന്നു
കലാരത്നം -കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി 2016
കലാശ്രീ അവാർഡ് -കേരള സംഗീത നാടക അക്കാദമി 2011
നൃത്യസേവാമണി അവാർഡ് - ക്ളീവ്ലാൻഡ് ത്യാഗരാജ ഫെസ്റ്റിവൽ 2020
ഗ്ലോബൽ എക്സല്ലൻസ് അവാർഡ് ഫോർ പെർഫോമിംഗ് ആർട്സ്, 2019
ബാംഗ്ലൂർ ക്ലബ് ഓഫ് കഥകളി യുടെ സൈറ്റേഷൻ 2018
മുതിരായ് പതിത വിതഗർ, നാട്യാഞ്ജലി ഫെസ്റ്റിവൽ 2018
അനന്ത മാർഗശീർഷ നാട്യ പുരസ്‌കാരം, നായർ സംഗമം 2018 (NSSONA)    
നളന്ദ കനക നർത്തന പുരസ്കാർ- നളന്ദ ഡാൻസ് റിസർച്ച് സെന്റർ 2017

ഒരനുഗ്രഹീത കലാകാരിയായ സുനന്ദയുടെ പ്രത്യേകത അവർ രംഗത്ത് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മിഴിവ്, അനായാസ്യത, ദൃശ്യ ഭംഗി, സംഗീതവുമായി ഇഴുകി ചേർന്ന് സൃഷ്ടിക്കപ്പെടുന്ന അഭിനയ മുഹൂർത്തങ്ങൾ ഇവയൊക്കെയാണ്. മോഹിനി ആട്ടത്തിനു ഏറ്റവും യോജിച്ച ശരീര പ്രകൃതി, സൗന്ദര്യം ഇവയൊക്കെയാൽ അനുഗ്രഹിക്കപ്പെട്ട ഈ കലാകാരി മധ്യവയസ്സിലും തന്റെ മനസ്സും ശരീരവും അങ്ങേയറ്റം ശ്രദ്ധയോടെ പാകപ്പെടുത്തി, പരിപാലിച്ചു നൃത്ത കല അതിന്റെ എല്ലാ പരിശുദ്ധിയോടും പൂർണ്ണതയോടും അവതരിപ്പിച്ചു കൊണ്ട് മുന്നേറുന്നു. എത്ര തിരക്കുകൾ ഉണ്ടെങ്കിലും എല്ലാ വർഷവും ചുരുങ്ങിയത് രണ്ടു നൃത്ത മഹോത്സവങ്ങൾ സുനന്ദ'സ് പെർഫോമിംഗ് ആര്ട്ട് സെന്റർ (SPARC) ന്റെ കൊടിക്കീഴിൽ അവർ നടത്തി പ്പോരുന്നു. തന്റെ ഗുരുവിന്റെ ജന്മ ദിനത്തോടനുബന്ധിച്ചു നടത്തുന്ന കനക്    ഫെസ്റ്റിവൽ   മുംബൈയിലും, നർത്തകി എന്നപേരിൽ ഹ്യൂസ്റ്റണിലും. ഹൂസ്റ്റണിലെ നൃത്ത പഠന ക്ലാസ്സുകൾക്ക് പുറമെ, മുംബയിലെ ശ്രുതിലയയുടെ ക്ലാസ്സുകളും, കൂടാതെ ഗുരുവായൂരിൽ മറ്റൊരു ക്ലാസും ഇപ്പോഴും നടന്നു പോരുന്നു.
തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും നൃത്തത്തിന് വേണ്ടി ഉഴിഞ്ഞു വച്ച ഈ നർത്തകി ഒരു നല്ല കുടുംബിനി കൂടിയാണ്. രണ്ടു കുട്ടികളാണ് അവർക്കുള്ളത്. മകൻ അനിരുദ്ധ് കെമിക്കൽ എഞ്ചിനീയർ ആയി ജോലി നോക്കുന്നു. മകൾ സിയ ഹൈസ്‌കൂളിൽ പഠിക്കുന്നു. സിയയും ഒരു നല്ല നർത്തകിയാണ്. ഭരതനാട്യവും, മോഹിനി ആട്ടവും അഭ്യസിച്ചിട്ടുണ്ട്.    
     
 ഈ ലേഖനം അതിന്റെ പരിസമാപ്തിയിലേക്കെത്തുമ്പോൾ കലാശ്രീ ഡോ. സുനന്ദ നായർ എന്ന വ്യക്തിത്വത്തെ തിളക്കമാർന്ന നേട്ടങ്ങളിലേക്കു നയിച്ച സ്വഭാവ വിശേഷങ്ങൾ ചുരുക്കത്തിൽ ഒന്ന് കൂടി പറഞ്ഞു പോകാം. അചഞ്ചലമായ   ഗുരു ഭക്തി, നിശ്ച്ചയ ദാർഢ്യം, നൃത്തത്തോടുള്ള പ്രതിബദ്ധത, നൃത്തരംഗത്തെ മറ്റു കലാകാരികളുമായുള്ള ഊഷ്മള സൗഹൃദങ്ങൾ, സമൂഹത്തോടുള്ള പ്രതിബദ്ധത ഇവയൊക്കെയാണ് എടുത്തു പറയേണ്ടവ. സർവേശ്വരൻ തുടർന്നും എല്ലാ ഐശ്വര്യങ്ങളും നൽകി അവരെ അനുഗ്രഹിക്കുമാറാകട്ടെ എന്നാശംസിച്ചുകൊണ്ടു നിറുത്തുന്നു.                  

-  S.K. Venugopal

(ശ്രീ എസ്. കെ. വേണുഗോപാൽ എഞ്ചിനീയറിംഗ് പ്രോജെക്ടസ് സംബന്ധമായ ബിസിനസ് കൺസൽട്ടൻറ്. ആകാശവാണിയിൽ ലളിത ഗാന വിഭാഗത്തിലെ അംഗീകൃത ആർട്ടിസ്റ്, ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ യിൽ അംഗീകൃത സ്പീക്കർ, കൂടാതെ മോഹിനി ആട്ടം നൃത്ത രംഗത്ത് പശ്ചാത്തല ഗായകനും സംഗീത സംവിധായനും ഒക്കെയായി 4 ദശാബ്ദങ്ങളായി മുംബൈയിലും കേരളത്തിലും പ്രവർത്തിച്ചു വരുന്നു. മഹാകവി കെ. സി കേശവപിള്ളയുടെ പ്രപൗത്രൻ, ഭാഷാ  സാഹിത്യ ചരിത്ര കർത്താവും കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അവാർഡ് ജേതാവുമായിരുന്ന (1955)   ശ്രീ. ആർ. നാരായണ പണിക്കരുടെ പൗത്രൻ എന്ന പാരമ്പര്യവും ഇദ്ദേഹത്തിനുണ്ട്.)
കലാശ്രീ ഡോ. സുനന്ദ നായർ - മോഹിനി ആട്ട  ലാസ്യപ്പെരുമ (എസ്. കെ. വേണുഗോപാൽ)കലാശ്രീ ഡോ. സുനന്ദ നായർ - മോഹിനി ആട്ട  ലാസ്യപ്പെരുമ (എസ്. കെ. വേണുഗോപാൽ)കലാശ്രീ ഡോ. സുനന്ദ നായർ - മോഹിനി ആട്ട  ലാസ്യപ്പെരുമ (എസ്. കെ. വേണുഗോപാൽ)കലാശ്രീ ഡോ. സുനന്ദ നായർ - മോഹിനി ആട്ട  ലാസ്യപ്പെരുമ (എസ്. കെ. വേണുഗോപാൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക