Image

എഴുത്തച്ഛന്‍ പുരസ്കാരം സക്കറിയയ്ക്ക് സമ്മാനിച്ചു

Published on 27 January, 2021
എഴുത്തച്ഛന്‍ പുരസ്കാരം സക്കറിയയ്ക്ക് സമ്മാനിച്ചു
കൊച്ചി: എഴുത്തച്ഛന്‍ പുരസ്കാരം ദര്‍ബാര്‍ ഹാളില്‍ വച്ച്‌ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹിത്യകാരന്‍ സക്കറിയയ്ക്ക് സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് സക്കറിയയ്ക്ക് പുരസ്‌കാരം നല്‍കിയത്.

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ലോകനിലവാരത്തിലുള്ള കഥകളിലൂടെ വായനക്കാരുടെ മനസില്‍ പ്രതിഷ്ഠ നേടിയ കഥാകാരനാണ് സക്കറിയ. സലാം അമേരിക്ക(1988), ഒരിടത്ത്, ആര്‍ക്കറിയാം (1988), ഒരു നസ്രാണിയുവാവും ഗൌളി ശാസ്ത്രവും, ഭാസ്കരപട്ടേലരും എന്റെ ജീവിതവും(1988), എന്തുണ്ടു വിശേഷം പീലാത്തോസേ?(1996), കണ്ണാടികാണ്മോളവും(2000), സക്കറിയയുടെ കഥകള്‍(2002), പ്രെയ്‌സ് ദ ലോര്‍ഡ്, ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം?, ഇഷ്ടികയും ആശാരിയും, ഇതാണെന്റെ പേര് തുടങ്ങിയവയാണ് സക്കറിയയുടെ ശ്രദ്ധേയമായ കൃതികള്‍.

കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് (ഒരിടത്ത്)1979, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (സഖറിയയുടെ ചെറുകഥകള്‍), 2004, ഒ.വി. വിജയന്‍ പുരസ്കാരം (അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്കാരവും) 2012, കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2013 എന്നീ അംഗീകാരങ്ങള്‍ക്കും സക്കറിയ അര്‍ഹനായിട്ടുണ്ട്.

1945 ജൂണ്‍ അഞ്ചിന് മീനച്ചില്‍ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് മുണ്ടാട്ടുചുണ്ടയില്‍ കുഞ്ഞച്ചന്‍റെയും ത്രേസ്യാക്കുട്ടിയുടെയും മകനായാണ് സക്കറിയയുടെ ജനനം.   ബാംഗ്ലൂര്‍ എം ഇ എസ് കോളജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലും അധ്യാപകനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക