Image

കോവിഡിനെതിരെ ആന്റിബോഡി കോക്ക്ടെയിൽ 100 % ഫലപ്രദമെന്ന് പഠനം 

Published on 27 January, 2021
കോവിഡിനെതിരെ ആന്റിബോഡി കോക്ക്ടെയിൽ 100 % ഫലപ്രദമെന്ന് പഠനം 

ന്യു യോർക്ക്: കോറോണവൈറസ് ബാധിതർക്ക് ആന്റിബോഡി കോക്ക്ടെയിൽ നൽകി  ചികിത്സിച്ചത് 100 ശതമാനം ഫലപ്രദമായെന്ന് ചൊവ്വാഴ്‌ച റീജെനീറോൺ പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നു. 

കോവിഡ് രോഗിയുമായി ബന്ധപ്പെട്ട 400 പേരെയാണ് ചികിത്സയിൽ പങ്കെടുപ്പിച്ചത്. ഇൻഫെക്ഷൻ നിരക്ക് 50 ശതമാനം ആളുകളിലും കുറയ്ക്കാൻ സാധിച്ചു.1 10 പേർ വീതം കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെങ്കിലും ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല. 

മൂന്നാം ഘട്ട പരീക്ഷണങ്ങൾ കൂടി വിജയകരമായാൽ ഇതൊരു 'പാസീവ് വാക്സിനായി' ചികിത്സാരംഗത്ത് പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് വെസ്റ്റ് ചെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോടെക്‌നോളജി  ഭീമൻ. പാസീവ് വാക്സിൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വൈറസിനോട് പോരാടാൻ കഴിവുള്ള ആന്റിബോഡികൾ ശരീരത്തിലേക്ക് കയറ്റിവിട്ട് സ്വന്തമായി ആന്റിബോഡികൾ വികസിപ്പിച്ച് പ്രതിരോധം ഏർപ്പാടാക്കുന്ന രീതിയാണ്.

നവംബറിൽ  റീജെനീറോൺ തെറാപ്പി നേരിയ തോതിൽ കോറോണവൈറസ് ബാധിച്ച മുതിർന്നവർക്കും കുട്ടികൾക്കും ഉപയോഗിക്കുന്നതിന് എഫ് ഡി എ പച്ചക്കൊടി കാണിച്ചിരുന്നു. 

യു എസിലെ വരുമാന  അസമത്വം കോവിഡിൽ എങ്ങനെ പ്രതിഫലിച്ചു?

യു എസിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച 2020 ജനുവരി 22 മുതൽ 2020 ഓഗസ്റ്റ് 8 വരെയുള്ള 200 ദിവസങ്ങളിലെ 3141 കൗണ്ടികളിലെ കണക്കുകളാണ്  ഇല്ലിനോയി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പഠന വിധേയമാക്കിയത്. 

ഒരു കൗണ്ടിയിൽ കറുത്തവർഗ്ഗക്കാർ 1 ശതമാനം കൂടുതൽ ആണെങ്കിൽ അതിനനുസൃതമായി  ശരാശരി രോഗബാധ 1.9 ശതമാനവും മരണനിരക്ക് 2.6 ശതമാനവും വർധിക്കുന്നതായി പഠനത്തിൽ കണ്ടു.
ഒരു കൗണ്ടിയിൽ ഹിസ്പാനിക് വിഭാഗം  1 ശതമാനം കൂടുതൽ ആണെങ്കിൽ അതിനനുസൃതമായി ശരാശരി രോഗബാധ 2.4 ശതമാനവും മരണനിരക്ക് 1.9  ശതമാനവും വർധിക്കുന്നതായി പഠനത്തിൽ പറയുന്നു.
കൗണ്ടിയിലെ വരുമാന അസമത്വം 1 ശതമാനം കൂടിയാൽ രോഗബാധ 2 ശതമാനവും മരണനിരക്ക് 3 ശതമാനവും ഉയരുന്നതായും കണ്ടെത്തി.

വംശീയതയെക്കാൾ വരുമാനത്തിലെ അസമത്വമാണ് രോഗബാധ കൂടാനും മരണനിരക്കുയരാനും കാരണമാകുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 

കാനഡയിലുള്ള കാസിനോ ഉടമയും  നടിയായ ഭാര്യയും വാക്സിനു വേണ്ടി വേഷം മാറിയെത്തി പിടിയിലായി 

യുക്കോൺ കമ്മ്യൂണിറ്റിയിലെ നിവാസികൾക്ക് വാക്സിൻ സ്വീകരിക്കാൻ ഒരുക്കിയ അവസരത്തിലാണ് സംഭവം നടന്നത്.  കനേഡിയൻ കാസിനോ ഉടമ   റോഡ്‌നി ബേക്കറും (55)  പത്നിയും നടിയുമായ ഏകാ ടെറിനയും (32) മോട്ടൽ തൊഴിലാളികളുടെ വേഷത്തിൽ  മോഡേണ  വാക്സിൻ എടുക്കാമെന്ന് ധരിച്ച് ജനുവരി 21 ന് പ്രൈവറ്റ് വിമാനത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. 

ധനികരായ ദമ്പതികൾ, തങ്ങളുടെ താമസ സ്ഥലം സംബന്ധിച്ചും ജോലിയെക്കുറിച്ചും ക്ലിനിക് അധികൃതർക്ക് തെറ്റായ വിവരങ്ങളാണ് നൽകിയിരുന്നത്. അന്വേഷിച്ചപ്പോൾ, അവരുടെ പേരിൽ ആരും മോട്ടലിൽ ജോലി ചെയ്യുന്നില്ലെന്ന വിവരം ലഭിച്ചു. ക്ലിനിക്കൽ സ്റ്റാഫ് ഇത് അധികൃതർക്ക് കൈമാറി. 
വാക്സിൻ ലഭിക്കാൻ ആളുകൾ ഇത്രയൊക്കെ സാഹസം ചെയ്യുമോ എന്ന അത്ഭുതമാണ് അധികൃതർ പങ്കുവച്ചത്. 

1,150 ഡോളർ വീതം പിഴയും 6 മാസത്തെ ജയിൽ വാസവും കിട്ടാവുന്ന കുറ്റമാണ് ഇവരുടെ പേരിൽ എടുത്തിരിക്കുന്നത്. 

2019 ൽ 10.6 മില്യൺ ഡോളർ നേടിയ ബേക്കർ,  ഗ്രേറ്റ് കനേഡിയൻ ഗെയിമിംഗ് കോർപറേഷൻ സി ഇ ഓ സ്ഥാനത്തുനിന്ന് ഞായറാഴ്‌ച രാജിവച്ചു. 

വാക്സിൻ എടുത്ത ശേഷവും കോവിഡ് വ്യാപിക്കാമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

ജനീവ : ഭാവിയിൽ കൂടുതൽ ആളുകൾ പ്രതിരോധ കുത്തിവയ്‌പ്പെടുത്താൽ പോലും കോറോണവൈറസ് വ്യാപനം തുടരുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ  മുന്നറിയിപ്പ്.

എമർജൻസി പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ റയാനാണ് ലോകത്തുനിന്ന് വൈറസിന്റെ ഉന്മൂലനം സാധ്യമാണെന്ന് താൻ കരുതുന്നില്ലെന്ന് അറിയിച്ചത്. സമീപ ഭാവിയിൽ വ്യാപനം ഇല്ലാതാകുന്ന അളവിലേക്ക് വാക്സിനേഷൻ സാധ്യമാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു.

'വിജയിച്ചു എന്ന് പറയാറായിട്ടില്ല. വിജയം സാധ്യമാകണമെങ്കിൽ വൈറസ് ഇനിയും ആളുകളുടെ ജീവൻ അപഹരിക്കാതാകണം, ആശുപത്രികളിൽ കോവിഡ് രോഗികൾ ഇല്ലാതാകണം. നമ്മുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതങ്ങൾ മെച്ചപ്പെടണം. 2021 ൽ വൈറസിനെ തുടച്ചുനീക്കാൻ കഴിയില്ല.' രോഗബാധിതർ 100 മില്യൺ കടന്ന അവസരത്തിലാണ് റയാന്റെ ഈ മുന്നറിയിപ്പ് എത്തുന്നത്.  

see also

കമല ഹാരിസ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചു; സ്റ്റേറ്റുകൾക്ക് കൂടുതൽ വാക്സിൻ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക