Image

പൂർണതയുടെ പര്യായം (ദിനസരി -29: ഡോ.സ്വപ്ന സി കോമ്പാത്ത്)

Published on 18 February, 2021
പൂർണതയുടെ പര്യായം (ദിനസരി -29: ഡോ.സ്വപ്ന സി കോമ്പാത്ത്)
" be the heroine of your life, not the victim "
Nora Ephron

ജീവിതത്തിൽ നമുക്ക് എവിടെയും എത്താനായില്ല എന്ന നിരാശയിൽ കഴിയുന്നവർക്ക് മുന്നിൽ    പോരാട്ടമുഖങ്ങളെ അതിജീവിച്ച കരുത്തുറ്റ ഒരു പെൺകുട്ടിയുടെ അതിശയകരമായ ജീവിതത്തെ അവതരിപ്പിക്കുകയാണ്   പൂർണ.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്സ്  കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി പൂർണാമലാവത്തിന്റെ ജീവചരിത്രമാണ്  മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച "പൂർണ "  എന്ന പുസ്തകം.

അപർണതോത്ത എഴുതിയ പൂർണ  മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് രശ്മി കിട്ടപ്പയാണ്. പതിമൂന്ന് വയസ്സിൽ എവറസ്റ്റിൽ   തുടങ്ങിയ ജൈത്രയാത്ര ഒന്നല്ല അഞ്ചു ഭൂഖണ്ഡങ്ങളിലെ  ഏറ്റവും ഉയരം കൂടിയ പർവതങ്ങളെ കീഴടക്കി ഇരുപതിലും നിർബാധം തുടരുന്ന പൂർണയെ തേടിയെത്താത്ത പുരസ്കാരങ്ങളില്ല . പ്രധാനമന്ത്രിയുടെ മോസ്റ്റ് ഇൻസ്പയറിങ്ങ് ഇന്ത്യൻ പുരസ്കാരം നേടിയ പൂർണയുടെ ജീവിതം നമ്മളറിഞ്ഞില്ലെങ്കിൽ പിന്നെ ആരറിഞ്ഞിട്ടെന്താണ്?  

പർവതത്തിനു മുകളിലേക്ക് പട്ടു പരവതാനി വിരിച്ച വഴിയിലൂടെ നടന്നു കയറിയവളല്ല പൂർണ. പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രതിനിധിയായ ഒരു പെൺകുട്ടി ദിനവും ചരിത്രങ്ങൾ കുറിക്കുന്നതും, ലോകത്തെ സ്വാധീനിക്കുന്നതും നിതാന്തമായ പരിശ്രമത്തിന്റെ ഫലമായാണ്. ഒരിക്കലും ചോരാത്ത ആത്മവിശ്വാസത്തിന്റെ കരുത്തിലാണ്. ഇല്ലാതെ പോയ പലതിന്റെ പേരിലും വൃഥാ വിലപിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ  മുന്നിലേക്കാണ് ആത്മവിശ്വാസവും കഠിനാധ്വാനവും മാത്രം കൈമുതലാക്കിയ ഒരു പെൺകുട്ടി ലോകത്തിന്റെ നെറുകയിലേക്ക് കയറിയെത്തുന്നത്.

ഒരു പുസ്തകം വായിക്കാതിരിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് ബോധ്യപ്പെടുത്തിയ കൃതിയാണ് പൂർണ.ഒരുവളെ അപൂർണയാക്കാൻ മത്സരിക്കുന്ന ജാതി, ദാരിദ്ര്യ , ലിംഗഭേദം എന്നിവയെ തൃണവത്ഗണിച്ചുകൊണ്ട് തന്നിൽ മാത്രം വിശ്വസിച്ച ,തന്റെ ആഗ്രഹങ്ങളെ, വിജയിക്കേണ്ട  ലക്ഷ്യങ്ങളാക്കി മാറ്റിയ പൂർണയെ മലയാളിക്ക് പരിചയപ്പെടുത്തിയ രശ്മികിട്ടപ്പയ്ക്ക് സ്നേഹഭിവാദ്യങ്ങൾ.


പൂർണതയുടെ പര്യായം (ദിനസരി -29: ഡോ.സ്വപ്ന സി കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക