Image

ബുദ്ധന്റെ കൂടുമാറ്റം (കവിത: വേണുനമ്പ്യാർ)

Published on 21 February, 2021
ബുദ്ധന്റെ കൂടുമാറ്റം (കവിത: വേണുനമ്പ്യാർ)
1

മദ്യക്കുപ്പിക്കുള്ളിൽ ബോധമറ്റ് വീഴാതിരിക്കാൻ
ബുദ്ധൻ നിലാവിൽ ഒരു നിറചഷകമായി ഒഴുകുന്നു
 
ആസക്തിയുടെ പടം പിടിക്കാനിറങ്ങാതെ
കേവലമൊരു പ്രകൃതിബോധഛായാഗ്രാഹകനായി
ബുദ്ധൻ  വീണ്ടും
പരിനിർവാണമടയുന്നു

2
 
"പുര പണിതവനെ  കണ്ടെത്തിക്കഴിഞ്ഞു. മേലിൽ അവൻ  എനിക്കായി   ഒരു പുരയും കെട്ടിപ്പൊക്കില്ല."      വചനങ്ങളുടെ  നെയ്ത്തുകാരനായ  ബുദ്ധൻ പാടുന്നു :  "സ്വന്തം  പുര കത്തിക്കാൻ മനസ്സുള്ളവർക്ക്   ഇവനെ  പിന്തുടരാം;
സ്വയം ഒരു  തീവെട്ടിയാകാം!"  
 
3

ഗൃഹമുണ്ടെങ്കിൽ  
ഗൃഹാതുരത്വമുണ്ട്
സ്നേഹത്തിന്റെ ഗൃഹപാഠമുണ്ട്
സ്വന്തം വീട്ടിലേക്കു ബുദ്ധൻ  തിരിച്ചു വന്നത്
വെറും കയ്യോടെയല്ല -
ഒക്കത്ത്     ആമത്തോട് പോലെയുള്ള  
ഭിക്ഷാപാത്രവുമുണ്ട്,
യശോധരയുടെ കണ്ണീർ ഏറ്റുവാങ്ങാൻ!  

4

ഓർമ്മ  കണ്ണീരും സ്നേഹവുമായി  
തെറ്റിപ്പിരിയുമ്പോൾ
ബുദ്ധൻ ശ്മാശാനത്തിലെ വിറകുപുരയുടെ  
തിണ്ണയിലിരുന്നു മുറിബീഡിയും വലിച്ചു ചിരിക്കുന്നു.

5

ഇടി മുഴങ്ങുമ്പോൾ
ബുദ്ധന്റെ സിംഹഗർജ്ജനം
അപാരതയ്ക്കപ്പുറത്തു നിന്നും
ഇപ്പോഴും ഇവിടെ.........  

6
 
വൈദ്യുതകാന്തതരംഗലഹരിയിൽ
ബുദ്ധപ്പറവ  ശൂന്യതയുടെ  ചക്രവാളങ്ങൾ താണ്ടുന്നു
വിപരീതങ്ങൾക്കതീതമായ ഒരു കനകബിന്ദുവിൽ
ബുദ്ധനിലെ വേട്ടപ്പക്ഷി  മെരുങ്ങുന്നു
അത് കൊക്കും നഖങ്ങളും
തിരമാലകളിലേക്ക് അഴിച്ചെറിയുന്നു.

7

ധ്യാനമുറിയിലെ  വാസനപ്പുകയിലൂടെ
ബുദ്ധൻ മേഘങ്ങളിലേക്ക് ചേക്കേറുന്നു
പിന്നെ ദാഹാർത്തന്റെ വറ്റിയ കിണറിലേക്ക്  
ഓർക്കാപ്പുറത്തൊരു കൂടുമാറ്റം!

8

മഴ മാറി തെളിഞ്ഞ ആകാശത്തിനു  കീഴെ
ബുദ്ധനുറുമ്പുകൾ വരി വരിയായി
ഭിക്ഷാടനത്തിനിറങ്ങി.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക