Image

ഹൂസ്റ്റണില്‍ വീടിനു തീപിടിച്ചു മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളും മരിച്ചു

പി പി ചെറിയാന്‍ Published on 22 February, 2021
ഹൂസ്റ്റണില്‍ വീടിനു തീപിടിച്ചു മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളും മരിച്ചു


ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ വീടിനു തീപിടിച്ച് മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളും മരിച്ചു. വീടിന് തീ  പിടിച്ചതെങ്ങനെയെന്ന് കണ്ടെത്താനാകാതെ പൊലീസ്. ടെക്‌സസിലെ ഷുഗര്‍ലാന്‍ഡിലായിരുന്നു സംഭവം. കഴിഞ്ഞ ആഴ്ചയിലെ കനത്ത ഹിമപാതത്തില്‍ വൈദ്യുതി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ പ്ലേയ്‌സ് കത്തിച്ചു വീടിന്റെ മുകളിലെ നിലയില്‍ കിടന്നുറങ്ങാന്‍ പോയതായിരുന്നു മുത്തശ്ശിയും 11ഉം എട്ടും, അഞ്ചും വയസ്സുള്ള കുട്ടികളും. 

തണുപ്പ് രൂക്ഷമായതോടെ അഞ്ചു മൈല്‍ അകലെയുള്ള വീട്ടില്‍  നിന്നും മുത്തശ്ശി മകളുടെ വീട്ടില്‍ എത്തിയതായിരുന്നു. സംഭവ ദിവസം വൈകിട്ട് 9 വരെ അമ്മ കുട്ടികളുമായി കാര്‍ഡ് കളിച്ചിരുന്നതായി കുട്ടികളുടെ മാതാവ് പറഞ്ഞു. പിന്നീടാണ് ഉറങ്ങാന്‍ പോയത്.
അര്‍ദ്ധരാത്രിയിലാണ് വീടിനു തീപിടിച്ചത്. താഴത്തെ നിലയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടികളുടെ മാതാവ് ജാക്കി പാം തീ ആളിപടരുന്നത് കണ്ട് മുകളിലേക്ക് ഓടികയറുവാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. താഴെ നിന്നും നിലവിളിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയില്ല. പൊള്ളലേറ്റ് ഇവരും ആശുപത്രിയിലായിരുന്നു. മൂന്നു മക്കളുടെയും അമ്മയുടെ മരണം താങ്ങാനാവാതെ കഴിയുകയാണ്  ജാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക